പ്രാചീനകാലംമുതല്‍ കേരളം ലോകരാജ്യങ്ങളുടെ മുമ്പില്‍ സംസ്‌കാരസമ്പന്നമായ ഒരു നാടായിരുന്നു. അതുകൊണ്ടുതന്നെ, കേരളത്തിലേക്കുള്ള ലോകസഞ്ചാരികളുടെ യാത്രയും കുറച്ചൊന്നുമായിരുന്നില്ല. യാത്രകള്‍ക്കു ജലവാഹനങ്ങളെ കൂടുതലായി ആശ്രയിച്ചുകൊണ്ടിരുന്ന അക്കാലത്ത് തുറമുഖങ്ങളായിരുന്നു ഒരു രാജ്യത്തിന്റെ പ്രധാന സാംസ്‌കാരികകേന്ദ്രം.
പുരാതനകേരളത്തിന്റെ സമ്പന്നമായ തുറമുഖപട്ടണമായിരുന്നു ഇന്നത്തെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന മുസിരിസ്. ദക്ഷിണേന്ത്യയില്‍ മുചിറി എന്നും ഇന്ത്യയ്ക്കുപുറത്ത് മുസിരിസ് എന്നും ഈ പട്ടണം അറിയപ്പെട്ടിരുന്നു. വിഭജിച്ചൊഴുകുക എന്നര്‍ത്ഥം വരുന്ന മുസിരി എന്ന തമിഴ്‌വാക്കില്‍നിന്നാണ് ഈ പേരു വന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് കൊടുങ്ങല്ലൂര്‍ഭാഗത്തുകൂടി ഒഴുകിയിരുന്ന പെരിയാര്‍ മൂന്നു കൈവഴികളായി പിരിഞ്ഞൊഴുകിയിരുന്നു. അതിനാലാണ് മുസിരി എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടാനിടയായത്.
ആദിചേരന്‍മാരുടെ ആസ്ഥാനമായിരുന്ന മുസിരിസ് അന്നത്തെ പ്രമുഖ വാണിജ്യകേന്ദ്രംകൂടിയായിരുന്നു. ഈ തുറമുഖം പിന്നീട് പെരിയാറ്റിലെ വെള്ളപ്പൊക്കത്തില്‍ കടലെടുത്തുപോയി എന്നും ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. മുസിരിസ് വലിയൊരു വ്യാപാരകേന്ദ്രമായി മാറിയപ്പോള്‍ ചാലക്കുടിയാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന കരൂര്‍ എന്ന സ്ഥലത്തേക്ക് രാജാക്കന്മാര്‍ താമസം മാറ്റി. മുസിരിസ് പിന്നീട് യൂറോപ്യന്‍സഞ്ചാരികളുടെ പ്രധാന കച്ചവടകേന്ദ്രമായി മാറി. അക്കാലത്തു കടലില്‍ക്കൂടിയുള്ള വാണിജ്യമായിരുന്നു കൂടുതല്‍ സമ്പത്ത് നേടിത്തന്നിരുന്നത്.
സംഘകാലത്തെ പല കൃതികളിലും വിദേശസഞ്ചാരികളുടെ കുറിപ്പുകളിലും കൃത്യമായി പരാമര്‍ശിക്കപ്പെട്ട സ്ഥലമാണ് കൊടുങ്ങല്ലൂര്‍. കേരളത്തിന്റെ ഒരു കാലത്തെ പ്രതാപചിഹ്നമായിരുന്ന കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പതനം അക്കാലത്തു നാട്ടുരാജ്യം ഭരിച്ചിരുന്ന ചേര-ചോള രാജാക്കന്മാരുടെ നാശത്തിന്റെ തുടക്കംകൂടിയായി. നമ്മുടെ നാട്ടില്‍ വ്യാപാരത്തിനു വന്നവരായിരുന്നല്ലോ വിദേശികള്‍. അന്ന് അവരെ ആകര്‍ഷിച്ചിരുന്നത് നമ്മുടെ നാണ്യവിളകളായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും കരകൗശലവസ്തുക്കളും കളിമണ്‍പാത്രങ്ങളും വന്‍തോതില്‍ അവര്‍ നമ്മുടെ രാജ്യത്തുനിന്നു വാങ്ങിക്കൊണ്ടുപോയി. ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ചൈനക്കാരും അറബികളും ഉള്‍പ്പെടെയുള്ള വ്യാപാരികളാണ് നമ്മുടെ നാടിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ചത്.
ഇന്ത്യയെ ടൂറിസംസാധ്യതയുള്ള ഒരു രാജ്യമാക്കി മാറ്റുന്നതില്‍ ചരിത്രസ്മാരകങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ മുസിരിസ് എന്ന അന്നത്തെ തുറമുഖപട്ടണം ഇന്നും ചരിത്രപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ദേശമാണ്. അന്നത്തെ മുസിരിസ് സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങള്‍ എല്ലാംതന്നെ ഇന്ന് സര്‍ക്കാര്‍ പൈതൃകസംരക്ഷണമേഖലയാക്കി തിരിച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, ചേന്ദമംഗലം, പള്ളിപ്പുറം, പട്ടണം, ചിറ്റേറ്റുകര എന്നീ പഞ്ചായത്തുകളും തൃശൂര്‍ ജില്ലയിലെ എരിയോട്, മതിലകം, ശ്രീനാരായണപുരം, വെള്ളങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു.
തൃശൂരില്‍ സ്ഥിതിചെയ്യുന്ന കരൂപടന്ന ചന്തയും കോട്ടപ്പുറം ചന്തയും മുസിരിസ് പ്രതാപകാലത്തെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളായിരുന്നു. തുറമുഖംവഴി എത്തിയിരുന്ന വിദേശസാമഗ്രികള്‍ ഈ ചന്തകളില്‍ക്കൂടിയാണ് വ്യാപാരം നടത്തിയിരുന്നത്.
നമ്മുടെ പൈതൃകചരിത്രത്തെക്കുറിച്ചു പ്രധാനമായും ബോധവത്കരണം നടത്തേണ്ടത് തദ്ദേശീയരായ ആളുകള്‍ക്കാണ്. ഈ നാടിനെക്കുറിച്ചുള്ള കൃത്യമായ അറിവും വിവരണങ്ങളും നല്‍കാനും ടൂറിസംസാധ്യത വര്‍ധിപ്പിച്ചു തൊഴിലവസരങ്ങള്‍ നേടാനും ഈ ബോധവത്കരണത്തിലൂടെ സാധിക്കും. നമ്മുടെ പൂര്‍വചരിത്രങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും പഠിപ്പിക്കണം.
സര്‍ക്കാര്‍ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന സമയമാണിത്. എന്തുകൊണ്ട് ടൂറിസവും ഒരു വിഷയമാക്കിക്കൂടാ? ചരിത്രം പഠിച്ചുവളരുന്ന ഒരു കുട്ടിക്ക് ചരിത്രത്തിലൂടെ അറിവും ഒപ്പം വരുമാനവും നേടാന്‍ സാധിക്കും.
വിദേശടൂറിസ്റ്റുകളെ മാത്രമല്ല, വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സ്വദേശടൂറിസ്റ്റുകളെക്കൂടി മുസിരിസ്‌പോലുള്ള ചരിത്രസ്മാരകങ്ങള്‍ വളരെയേറെ ആകര്‍ഷിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വ്യാപാരത്തിലൂടെ ധനസമ്പാദനം നടത്തിയിരുന്ന നാട്ടുരാജാക്കന്മാരുടെ മികവുകള്‍, ഒപ്പം ഇന്നത്തെ മാള്‍ സംസ്‌കാരംപോലെതന്നെ അന്നത്തെ ചന്തകള്‍, വിവിധ നാടുകളില്‍ നിലനിന്നിരുന്നതിന്റെ തെളിവുകള്‍ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍നിന്നു ലഭിച്ചിട്ടുണ്ട്.
(തുടരും)