•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആഘോഷങ്ങളുടെ വില കുറഞ്ഞോ?

ജാതിമതഭേദമെന്യേ എല്ലാവരുംതന്നെ അവരുടെ ജീവിതത്തിലെ പല ദിവസങ്ങളും ആഘോഷിക്കാറുണ്ട്. ഒരു വ്യക്തി ജനിക്കുന്ന ദിവസം, കല്യാണദിവസം, മരണദിവസം ഇങ്ങനെ എത്രയോ ആഘോഷങ്ങളാണ്! കുഞ്ഞ് ഉണ്ടായാല്‍ ബന്ധുക്കളെയും അയല്‍ക്കാരെയും കൂട്ടുകാരെയുമെല്ലാം അറിയിക്കും. നിശ്ചിതദിവസം മാമ്മോദീസാ, അല്ലെങ്കില്‍ ഇരുപത്തെട്ടുകെട്ട്. അതെല്ലാം സ്വന്തം ഭവനങ്ങളിലാണ്. ബന്ധുക്കളും കൂട്ടുകാരുമൊക്കെ തലേദിവസംതന്നെ എത്തിത്തുടങ്ങും. സന്ധ്യയാകുമ്പോള്‍ അയല്‍ക്കാരുമെത്തും. കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍വരെ എല്ലാവരുംകൂടി സംസാരവും പാട്ടും കലാപരിപാടികളും അവതരിപ്പിക്കും. തുടര്‍ന്നു ഭക്ഷണം പാകം ചെയ്യും, ഒന്നിച്ചിരുന്നു കഴിക്കും. എത്രയോ നല്ല കാലമായിരുന്നു! കുഞ്ഞ് വലുതാകുന്തോറും ആദ്യകുര്‍ബാനയായി, വിവാഹമായി, തിരുപ്പട്ടസ്വീകരണമായി. പിന്നീട്, മരണം. എല്ലാംതന്നെ നമ്മള്‍ അതതിന്റെ പ്രാധാന്യത്തോടെ ആഘോഷിക്കുമായിരുന്നു. പ്രായമാകുന്തോറും സപ്തതി, നവതി. അങ്ങനെ പോകുന്നു ആഘോഷങ്ങള്‍. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അല്പം വിഷമത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. 
പണ്ടൊക്കെ വീടുകളില്‍ നടത്തിയിരുന്ന കല്യാണനിശ്ചയം, ജന്മദിനാഘോഷം തുടങ്ങിയവയെല്ലാം ഇന്ന് ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റിയിരിക്കുകയാണ്. മുമ്പ് വരന്റെ സ്വന്തം ഭവനത്തിലേക്കാണ് വിവാഹനിശ്ചയസമയത്ത് വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റും വന്നിരുന്നത്. തന്റെ മകള്‍ക്കു താമസിക്കാനുള്ള വീടും പരിസരവും സ്വത്തുക്കളുമെല്ലാം നേരിട്ടു കാണുന്നതിനാണ് വധുവിന്റെ മാതാപിതാക്കള്‍, വരന്റെ വീട്ടിലെത്തിയിരുന്നത്. ആ പതിവു മാറ്റി വലിയ ഹോട്ടലുകളിലാക്കി പരിപാടി. ഹോട്ടലില്‍ ഭക്ഷണം കഴിച്ചിട്ട് എല്ലാവരും മടങ്ങും. 
വിവാഹം കഴിഞ്ഞാല്‍ പെണ്ണിന് ഭര്‍ത്താവിന്റെ വീട്ടില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഉടനെ വിവാഹമോചനത്തിനായുള്ള ശ്രമങ്ങളാണ്. ന്യൂജനറേഷനെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. മാതാപിതാക്കള്‍തന്നെയാണ് ഹോട്ടല്‍ അറേഞ്ചു ചെയ്യുന്നത്. ചിലപ്പോള്‍ അവരുടെ വീട് വൃത്തിയാക്കാന്‍ മടിയായിരിക്കും. മറ്റു ചിലപ്പോള്‍ അധികം ആളുകളെ ക്ഷണിക്കാന്‍ താത്പര്യമില്ലായിരിക്കും. കൊവിഡ് കാലമാണെന്നു പറഞ്ഞ് തന്റെ ഭാഗം ശരിവയ്ക്കാനും ഇക്കൂട്ടര്‍ ശ്രമിക്കാറുണ്ട്. 
മാതാപിതാക്കളുടെ അറുപതും എഴുപതും തൊണ്ണൂറുമൊക്കെ ചില മക്കളെങ്കിലും ആഘോഷിക്കും. മാതാപിതാക്കള്‍ക്കാകട്ടെ, അവരുടെകൂടെ പഠിച്ചവരെയും ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം വിളിച്ച് ആഘോഷിക്കാനായിരിക്കും ഇഷ്ടം. എന്നാല്‍, മക്കള്‍ പ്രായമായ ഇവരെയുംകൊണ്ട് കുമരകം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുകയാണ്. നടക്കാനോ വെള്ളത്തില്‍ നില്‍ക്കാനോ വയ്യാത്ത ഇവര്‍ ബോട്ടിങിനു പോകുകയാണ്. എന്തൊരു വിരോധാഭാസം! എല്ലാ ആഘോഷങ്ങള്‍ക്കും അതതിന്റെ പവിത്രത ആവശ്യമാണ്.
മാതാപിതാക്കളുടെ വിവാഹത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നവരുണ്ട്. ദൈവത്തിന്റെ പ്രത്യേക കൃപയും കരുണയും ലഭിച്ചവരാണ് അമ്പതു വര്‍ഷം ഒരുമിച്ചുജീവിക്കുന്നവര്‍. ഈ ചടങ്ങുകളിലെല്ലാം നമ്മുടെ പരിസരങ്ങളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും അനാഥരെയും പങ്കെടുപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്. ഒരുപാടു ദാനധര്‍മങ്ങള്‍ ചെയ്യുന്നവരെപ്പറ്റി നമ്മള്‍ മനസ്സിലാക്കാറുണ്ട്. അവരെല്ലാം വലിയ അപകടങ്ങളില്‍നിന്നു രക്ഷപ്പെടുന്നതായും വീണ്ടും ജീവിതത്തിലേക്കു വരുന്നതായും നമുക്കറിയാം. എല്ലാ ആഘോഷങ്ങളിലും അര്‍ഹരായവരെ സഹായിക്കാനും സഹകരിപ്പിക്കാനും നമ്മള്‍ ശ്രദ്ധിക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)