ലോകമെമ്പാടും വേരുകളുള്ള സ്‌കൗട്ട് പ്രസ്ഥാന ത്തിന്റെ ജനയിതാവായ ബേഡന്‍ പവ്വല്‍ ലണ്ടനിലാണു ജനിച്ചത്. ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ യുദ്ധകാലസേവനം ആഫ്രിക്കയിലെ കെനിയയിലായിരുന്നു. അവിടെവച്ചാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തെ അടക്കംചെയ്തിരിക്കുന്നതും അവിടെത്തന്നെയാണ്. ശവകുടീരത്തിലെ സ്മാരകശിലയില്‍ അദ്ദേഹത്തിന്റെതന്നെ താത്പര്യപ്രകാരം അടയാളപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
ലോര്‍ഡ് ബേഡന്‍ പവ്വല്‍
ജനനം: 22-2-1857
മരണം: 8-1-1941
സ്‌കോട്ടിഷ് ഭാഷയില്‍ ഇട്ടാല്‍ ആള്‍ ഇവിടെയില്ല, വീട്ടില്‍ പോയി എന്നാണര്‍ത്ഥം. ആ ഒരു കൊച്ചുവാക്യം ഒത്തിരിയേറെ ആലോചിക്കാന്‍ വക നല്കുന്നതാണ്. ആര്‍മി ഓഫീസര്‍ ലോര്‍ഡ് ബേഡന്‍ പവ്വലിന് അന്തിമനിമിഷങ്ങളിലും താന്‍ വീട്ടിലേക്കുതന്നെയാണു മടങ്ങുന്നതെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ആ ദിശാബോധമാണ് അങ്ങനെ രേഖപ്പെടുത്തുവാന്‍ നിര്‍ദേശം കൊടുത്തതിന്റെ കാരണം.
ധൂര്‍ത്തപുത്രന് ഒരവസരത്തില്‍ തിരിച്ചറിവുണ്ടായി (ലൂക്കാ. 15-17): താന്‍ വീട്ടില്‍നിന്ന് ഏറെ ദൂരെയാണ്. തിരിച്ചുപോകണം - പോയെങ്കിലേ ശാന്തിയും സന്തോഷവും കൈവരികയുള്ളൂ. അന്ധകാരം ചൂഴ്ന്നുനിന്ന രാത്രിയിലാണ് ജോണ്‍ ഹെന്റി ന്യൂമാന്‍ പ്രാര്‍ഥിക്കുന്നത്. താനും വീട്ടില്‍നിന്ന് ഏറെ ദൂരെയാണ്, ഇവിടെ തികഞ്ഞ അന്ധകാരവും.
""The night is dark and I am far from home.'
വീടുവിട്ടു വിദൂരത്തില്‍, ഈ ലോകത്തിലെ താത്കാലികവസതികളിലാണ് നാം ഓരോരുത്തരും - 'സമരക്കളത്തില്‍.' അങ്ങനെയല്ലേ വി. പൗലോസും പറയുന്നത്. എന്തൊക്കെയാണെങ്കിലും ശരി നിശ്ചയമായും ഒടുവില്‍ നാം തിരിച്ചുപോയേ തീരൂ. അതാണ്, എല്ലാ മനുഷ്യരെയും സംബന്ധിച്ചുള്ള ദൈവനിയോഗം.
ഗോള്‍ഡ് സ്മിത്തിന്റെ വിക്കര്‍ ഓഫ് ദി വെയ്ക്ക് ഫീല്‍ഡ് എന്ന നോവലിലെ പ്രധാന കഥാപാത്രം പ്രീംറോസ് എന്ന വികാരിയച്ചനാണ്. അദ്ദേഹം മരണത്തെ വിശേഷിപ്പിക്കുന്നത് 'സ്വന്തനാട്ടിലേക്കുള്ള ഒരു മടക്കയാത്ര' എന്നാണ്. ബേഡല്‍ പവ്വല്‍ ഉദ്ദേശിച്ചിടത്തുതന്നെയാണ് പ്രീംറോസ് എന്ന കഥാപാത്രവും എത്തിനില്ക്കുക.
ആ യാത്ര തനിച്ചാണ് - തികച്ചും ഒറ്റയ്ക്ക്... വിദേശത്തേക്കു യാത്രയാകുന്ന പലരെയും വിമാനത്താവളംവരെ അനുഗമിച്ചിട്ടുള്ളവരാണല്ലോ നമ്മില്‍ മിക്കപേരും. അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ തുടര്‍ന്നുള്ള യാത്ര ഒറ്റയ്ക്കത്രേ. അതുപോലെയാണ് ജീവിതയാത്രയുടെ കാര്യത്തിലും. മരണത്തിന്റെ വക്കിലെത്തിയാല്‍ പിന്നെ സഹയാത്രികര്‍ക്കൊക്കെ നിസ്സഹായരായി നോക്കിനില്ക്കാനേ സാധിക്കുകയുള്ളൂ. കാരണം, ഇനിയങ്ങോട്ടുള്ള യാത്രയില്‍ പങ്കുചേരാന്‍ മറ്റാര്‍ക്കും സാധിക്കുകയില്ല. അതാണ്, 1987 ല്‍ നോബല്‍ സമ്മാനം നേടിയ അലക്‌സാണ്ടര്‍ ബ്രോഡ്‌സ്‌കി ഇങ്ങനെയെഴുതിയത്:
""Though our life may be a thing to share
who is there to share our death''
ജീവിതത്തില്‍ പങ്കുചേരാന്‍, ജീവിതപങ്കാളികളാകാന്‍ പലരെയും കിട്ടിയെന്നിരിക്കും - ഭാര്യ, മക്കള്‍, മാതാപിതാക്കള്‍. പക്ഷേ, ജീവിതാന്ത്യംമുതലുള്ള യാത്ര നാം ഒറ്റയ്ക്കുതന്നെ ഏറ്റുവാങ്ങേണ്ടതാണ്. ഒരുത്തനും ഒന്നും ചെയ്യാന്‍ സാധ്യമല്ല. അതാണ് മൃതസംസ്‌കാരകര്‍മത്തില്‍ 'ഇനിയങ്ങോട്ട് നിന്നെ മാലാഖമാര്‍ അനുഗമിക്കട്ടെ' എന്നു കാര്‍മികന്‍ ചൊല്ലി അവസാനിപ്പിക്കുന്നത്.
ബാസല്‍ മിഷന്‍ പ്രവര്‍ത്തകനായിരുന്ന ഫോള്‍ബീറ്റ് നാഗല്‍ 1899 ല്‍ വിരചിച്ച ഒരു ഗാനം നമ്മുടെയൊക്കെ നാവിന്‍തുമ്പത്തുണ്ടല്ലോ:
''സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു''
നാം നിരന്തരം നീങ്ങിക്കൊണ്ടിരിക്കുകയാണ്, മറ്റാരും കൂട്ടിനില്ലാതെ, കൂട്ടത്തിലുണ്ടായിരുന്നവരെയൊക്കെ വിട്ടകന്ന് - തനിയെ. ആ ചിന്തയാണ് മരണത്തെ മാരകമാക്കുന്നത്, മനുഷ്യനെ ഭയപ്പെടുത്തുന്നത്. മരിക്കാതിരിക്കാന്‍ കഴിഞ്ഞെങ്കില്‍ - അതാണ് ഓരോരുത്തരുടെയും വ്യര്‍ഥമായ മോഹം.
ഈ ഏകാന്തയാത്രയില്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഒരൊറ്റയാളേയുള്ളൂ, നേരായ പാത താന്‍തന്നെയാണെന്നു വിളിച്ചു പറഞ്ഞ വ്യക്തി - യേശു. അവിടുന്നാണ് ''സത്യമായ, ജീവത്തായ പാത'' (യോഹ. 14-6). അവിടുന്നു പാത മാത്രമല്ല, പാഥേയം കൂടിയാണ് - പാതയുടെ പരമാന്ത്യമായ പിതാവിലെത്തിച്ചേരുവോളം നമ്മെ പിടിച്ചു നിറുത്തുവാന്‍ കഴിയുന്ന പാഥേയം. അതാണ്, യേശുവില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഓരോ ക്രൈസ്തവനും താത്പര്യപൂര്‍വം കഴിക്കുന്നത്. അത് അവനു ധൈര്യവും ശക്തിയും പ്രത്യാശയും പ്രദാനം ചെയ്യുന്നു - കാരണം, അതു കഴിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല, മരിച്ചാലും ജീവിക്കും (യോഹ. 6:25-59). അന്തിമമായ ആ പ്രത്യാശയിലെത്തിച്ചേരാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ് - അപരരെ എത്തിക്കാന്‍ കഴിയുന്നത് അതിലും വലിയ ഭാഗ്യം.
നവീന്‍ ചൗളയുടെ വിലപ്പെട്ടൊരു ഗ്രന്ഥമാണ് (1992) മദര്‍ തെരേസാ. അതിലൊരിടത്തു മദര്‍ തെരേസാ മരണത്തെക്കുറിച്ചു പറയുന്നുണ്ട് - 'മനോഹരമായ മരണം' എന്ന വിശേഷണക്കുറിപ്പോടെ. ഏതാണ്ട് 54,000 പേരെ മരണമാകുന്ന നിത്യയാത്രയ്ക്ക് ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് മദര്‍ കൃതാര്‍ഥതയോടെ അനുസ്മരിക്കുന്നത്. ലോകജീവിതത്തിലെ ഏറ്റവും വലിയ നേട്ടം സന്തോഷത്തോടും സമാധാനത്തോടും കൂടിയുള്ള ഒരു മരണമാണെന്നു മദര്‍ പറയുന്നത് ഒരു സത്യമല്ലേ?
എന്തെല്ലാം തേടിയാലും നേടിയാലും, അവസാനം ആധിയോടും ആകുലതയോടുംകൂടിയാണ് ഇവിടം വിട്ടുപോകേണ്ടി വരുന്നതെങ്കില്‍ എന്തു നേട്ടമാണുള്ളത്?
ആന്ധ്രയിലെ ഏലൂര്‍ രൂപതയുടെ മെത്രാന്‍ (ബിഷപ് ജോണ്‍ മുളകട) തന്റെ ഒരു ഇടയലേഖനത്തില്‍ മരണത്തെപ്പറ്റി നല്ലൊരു ആശയം അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മരണവും ഒരു കൂദാശയാണ് - എട്ടാമത്തെ കൂദാശ. സ്വര്‍ഗപ്രവേശനം തേടുന്നവരൊക്കെ ഈ കൂദാശ നിര്‍ബന്ധമായും സ്വീകരിച്ചേ തീരൂ.
മരണത്തെ തികഞ്ഞ തയ്യാറെടുപ്പോടെ സമീപിക്കാന്‍, സമാധാനത്തോടും സ്വസ്ഥതയോടുംകൂടെ സ്വീകരിക്കാന്‍, നമുക്കുവേണ്ടി മരണംപോലും ഏറ്റുവാങ്ങിയ യേശു നമ്മിലേക്കു കൃപാവരം വര്‍ഷിക്കുമാറാകട്ടെ.