ഏതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസനസ്രോതസ്സും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കാനും ജീവിക്കാനും അവസരവും സാഹചര്യവും ഒരുക്കുന്നതു ജീവന്റെ സംസ്‌കാരത്തിന്റെ സവിശേഷതയാണ്. സ്വാര്‍ഥതയുള്ള വ്യക്തികള്‍ക്കും ഉപഭോഗസംസ്‌കാരത്തിനും വരുംതലമുറയെ മുന്‍കൂട്ടിക്കാണാനും ആഗ്രഹിക്കാനും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കാനും സാധ്യമല്ല. രാജ്യത്തിന്റെ വികസനവും ജനസംഖ്യയും തമ്മില്‍ അേഭദ്യമായ ബന്ധമുണ്ടെന്ന് ആധുനികപഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. സ്‌നേഹസംരക്ഷണമനോഭാവമുള്ള സംസ്‌കാരത്തില്‍ മാത്രമേ വരുംതലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനുഷ്യരെക്കുറിച്ചുള്ള കരുതലും ഉണ്ടാകുകയുള്ളൂ.
ഇന്ത്യ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത് തീര്‍ച്ചയായും ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ ഇന്ത്യയ്ക്കു സ്ഥാനമുറപ്പിക്കാന്‍ കാരണമാകും. അതു സാമ്പത്തികമായും സാംസ്‌കാരികമായും സാമൂഹികപരമായും വ്യാവസായികമായും ഉയര്‍ച്ചതന്നെ ഇന്ത്യയ്ക്കു പ്രദാനം ചെയ്യും. ഇതു തിരിച്ചറിയാതെ ജനസംഖ്യ ബാധ്യതയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നാം തള്ളിക്കളയേണ്ടിയിരിക്കുന്നു. സാമ്പത്തികവിദഗ്ധര്‍ മനുഷ്യവിഭവശേഷിയെന്നത്, അല്ലെങ്കില്‍ ജനസംഖ്യയെന്നത് ഇന്ത്യയ്ക്ക് ഒരു ബാധ്യതയല്ല; മറിച്ച്, ആസ്തിയാണെന്നു വ്യക്തമാക്കുന്നു. ഓരോ കുഞ്ഞിന്റെ ജനനവും കുടുംബത്തിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഇടവരുത്തുന്നത്. ഓരോ വ്യക്തിയുടെയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ തലങ്ങളില്‍ സമൂഹത്തിലും ചലനങ്ങളുണ്ടാക്കുന്നു.
മക്കള്‍ ദൈവത്തിന്റെ ദാനമെന്നും ഉദരഫലം അനുഗൃഹീതമെന്നും വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളില്‍ മാതാപിതാക്കള്‍ അവരുടെ വിവിധ സാഹചര്യങ്ങളും ആരോഗ്യവും അവസ്ഥകളും ശരിയായി വിലയിരുത്തി കുടുംബത്തിനു രൂപം നല്‍കണം. കുട്ടികളെ വേണ്ടെന്നുവയ്ക്കുന്നതും കുറയ്ക്കുന്നതുമാണ് കുടുംബാസൂത്രണം എന്ന കാഴ്ചപ്പാടിനും പ്രചാരണങ്ങള്‍ക്കും മാറ്റംവരേണ്ടിയിരിക്കുന്നു.
ആഡംബരങ്ങളുടെയും ആസക്തികളുടെയും മനോഭാവം ശക്തമായ ചില രാജ്യങ്ങളില്‍ വിവാഹം, കുടുംബം എന്നിവയ്ക്കു വലിയ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ മാതൃത്വം, പിതൃത്വം, കുടുംബം എന്നിവയുടെ മഹനീയതയ്ക്കും പ്രാധാന്യത്തിനും അവിടെ അപചയം സംഭവിച്ചു. അത്തരം രാജ്യങ്ങള്‍ ജനസമ്പത്തും കാര്യശേഷിയുമുള്ള രാജ്യങ്ങളെ ഭയപ്പെടുന്നു. അതിന് അവര്‍ കണ്ടെത്തുന്ന അതിശയകരവും അടിസ്ഥാനമില്ലാത്തതുമായ വികലനയങ്ങളും പഠനങ്ങളും വേണ്ടതുപോലെ വിശകലനങ്ങള്‍ നടത്താതെ പ്രചരിപ്പിക്കപ്പെടുന്നു. ഭാരതം കൂടുതല്‍ ജനസമ്പത്തുള്ള രാജ്യമായി മാറുന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയണം. ജനങ്ങള്‍ സമ്പത്താണെന്ന കാഴ്ചപ്പാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാറ്റം വരണം. ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നു പറയുന്നതുപോലെ ജനങ്ങള്‍ സമ്പത്തായുള്ള രാജ്യം എന്നും വരുംകാലങ്ങളില്‍ ഭാരതത്തെക്കുറിച്ചു പറയുന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയും. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണെന്ന് എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ജനസംഖ്യയില്‍ യുവജനങ്ങളുടെ ഉയര്‍ന്നുനില്ക്കുന്ന ശതമാനമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. കേരളത്തിലെ ജനനനിരക്കില്‍ വലിയ കുറവു സംഭവിച്ചിട്ടുണ്ട്. ഇങ്ങനെപോയാലുള്ള അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുമ്പോള്‍ അവരെ അവഹേളിക്കുന്നതാണ് നമ്മുടെ രീതി. ജനസംഖ്യ വര്‍ധിക്കുന്നതാണ് ഏറ്റവും വലിയ അപകടമെന്ന തെറ്റുധാരണ പലരുടെയും മനസ്സുകളില്‍ നിറഞ്ഞുനില്ക്കുന്നതിനാലാണ് ഇങ്ങനെയുള്ള വാദങ്ങള്‍ ഉയരുന്നത്. കുഞ്ഞുങ്ങള്‍ രാജ്യത്തിനു ബാധ്യതയല്ല, സമ്പത്താണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ചൈനീസ്ഗവണ്‍മെന്റ് ജനനനിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. ഇപ്പോഴത്തെ നിയമമനുസരിച്ച് മൂന്നു കുട്ടികള്‍വരെയാകാം. മൂന്നാമത്തെ കുട്ടിക്കു ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി ഒരു മാസം നീട്ടി നല്‍കാനും ചൈനീസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ജനസംഖ്യ നിയന്ത്രിച്ചാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്ന വാദവുമായി നിന്നിരുന്ന ചൈനീസ് ഗവണ്‍മെന്റ് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെന്തായിരിക്കും? ഈ രീതിയില്‍ ജനനനിരക്ക് മുമ്പോട്ടുപോയാല്‍ സംഭവിക്കുന്ന അപകടത്തെക്കുറിച്ച് ഗവണ്‍മെന്റിനു മനസ്സിലായിക്കഴിഞ്ഞുവെന്നു വ്യക്തം. പഴയജനസംഖ്യാനയം സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുമെന്ന തിരിച്ചറിവാണ് പുതിയ തീരുമാനത്തിലേക്കു നയിച്ചത്. അതു തുറന്നുപറഞ്ഞാല്‍ ഇതുവരെയുള്ള വാദങ്ങള്‍ പൊളിയുമെന്നതിനാല്‍ മറ്റു ചില രീതിയില്‍ അവതരിപ്പിക്കുന്നു എന്നു മാത്രം. ഇതു ചൈനയ്ക്കു മാത്രമല്ല,എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്.