കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
''അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ മനുഷ്യന്റെ സാദൃശ്യത്തിലാവുകയും ചെയ്തു. അവന്‍ മനുഷ്യരൂപത്തിലായിരിക്കെ, തന്നെത്തന്നെ താഴ്ത്തി, മരണത്തോളം, അതേ, കുരിശുമരണത്തോളം അനുസരണമുള്ളവനായി'' (ഫിലിപ്പി. 2: 7-8).
ഇപ്രകാരം, വിശുദ്ധകുര്‍ബാന മിശിഹായുടെ ശൂന്യവത്കരണത്തിന്റെയും അനുസരണത്തിന്റെയും ദിവ്യരഹസ്യങ്ങളാണെന്ന് കര്‍ദിനാള്‍ സറാ ഓര്‍മിപ്പിക്കുന്നു. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തി പിതാവായ ദൈവത്തെ അനുസരിക്കുന്ന മിശിഹാതന്നെയാണ് അവിടുത്തെ തിരുശ്ശരീരരക്തങ്ങളില്‍ പങ്കുകാരാകുന്ന വിശ്വാസികള്‍ക്കു മാതൃകയാകുന്നത്. വിശുദ്ധ കുര്‍ബാന എന്ന കൂദാശയിലൂടെ സഭയില്‍ കര്‍ത്താവിന്റെ സജീവസാന്നിധ്യം ഉളവാകുന്നു. അപ്രകാരം സഭ ലോകത്തില്‍ കര്‍ത്താവിന്റെ സാന്നിധ്യമായി മാറുന്നുവെന്നും ഈശോമിശിഹായുടെ രക്ഷാകരസാന്നിധ്യം ലോകത്തില്‍ തുടരുന്നത് വിശുദ്ധ കുര്‍ബാനയാകുന്ന ബലിയിലൂടെയാണെന്നും കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു.
നമ്മള്‍ സ്തുതിയും കൃതജ്ഞതയും അര്‍പ്പിക്കുന്നതിനോടൊപ്പംതന്നെ കര്‍ത്താവിനെ നമ്മുടെ ജീവിതത്തിലേക്ക് അനുസരണയോടെ സ്വാഗതം ചെയ്യുകയും വേണം.
കുര്‍ബാനയര്‍പ്പണത്തിനു പുറമേയുള്ള ദിവ്യകാരുണ്യ സാന്നിധ്യം
വിശുദ്ധ കുര്‍ബാനസ്വീകരണംവഴി മിശിഹായുമായി ആരംഭിക്കുന്ന സ്‌നേഹസംഭാഷണം ഒരു തുടരനുഭവമാക്കുന്നതിന് അവിടുന്ന് ദിവ്യസക്രാരിയില്‍ സന്നിഹിതനായിരിക്കുന്നു.
നമ്മള്‍ വിശുദ്ധ കുര്‍ബാനയുടെ പൊതുവായ ആഘോഷത്തില്‍ വിശ്വാസികളോടൊപ്പം പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ, വിശുദ്ധ സക്രാരിയുടെ മുമ്പില്‍ ഏകാന്തതയിലും നിശ്ശബ്ദതയിലും ആരാധനയില്‍ ചെലവഴിക്കുന്നതും ആവശ്യകമാണ്. നമ്മുടെ ഹൃദയം ഈശോയുടെ ഹൃദയംപോലെയാകാന്‍ ദിവ്യകാരുണ്യസന്ദര്‍ശനം ഏറെ സഹായിക്കുന്നു. ഈശോയുമായുള്ള വ്യക്തിപരമായ ഒരു സ്‌നേഹബന്ധമായി വളരുന്നത് ഈ ദിവ്യകാരുണ്യസന്ദര്‍ശനത്തിലൂടെയാണ്. നമ്മോടുകൂടി ആയിരിക്കുകയെന്നത് ദൈവത്തിന്റെ ആഗ്രഹമാണ്.
സക്രാരി ബേഥനായിലെ ലാസറിന്റെയും സഹോദരിമാരുടെയും ഭവനംപോലെയാണ്. മര്‍ത്തായും മറിയവും ലാസറും എത്ര സ്വാഭാവികമായി ഈശോയോടു സംസാരിച്ചുവോ അപ്രകാരംതന്നെ നമുക്കും കര്‍ത്താവിനോടു സംസാരിക്കാന്‍ സാധിക്കണം.
ഏതുജോലിത്തിരക്കിലും വിശുദ്ധകുര്‍ബാനയുടെ മുമ്പില്‍ കുറച്ചു സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്താവുന്നതാണ്. മിശിഹായുടെ അഭിഷിക്തരായ പുരോഹിതന്മാര്‍ ഇക്കാര്യത്തില്‍ നിഷ്ഠയുള്ളവരായിരിക്കണമെന്നും ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.
വിശുദ്ധ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പാ 'വിശുദ്ധകുര്‍ബാനയില്‍നിന്നു സഭ' എന്ന ചാക്രികലേഖനത്തില്‍ അദ്ദേഹത്തിന്റെ തന്നെ ജീവിതാനുഭവം വിവരിക്കുന്നുണ്ട്: ''ദിവ്യകാരുണ്യ ആരാധനയില്‍നിന്ന് എത്രയോ പ്രാവശ്യം ശക്തിയും സാന്ത്വനവും തുണയും സഹായവും എനിക്കു ലഭിച്ചിട്ടുണ്ട്'' (നമ്പര്‍ 25).
വി. ജോണ്‍പോള്‍ രണ്ടാമന്‍ തന്റെ അവസാനത്തെ രണ്ടു തിരുവെഴുത്തുകളിലൂടെ (സഭ വിശുദ്ധകുര്‍ബാനയില്‍നിന്ന്, കര്‍ത്താവേ, ഞങ്ങളോടൊത്തു വസിച്ചാലും) ദൈവജനത്തെ വിശുദ്ധ കുര്‍ബാനയിലുള്ള വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. സഭാമക്കള്‍ എല്ലാവരുടെയും നാമത്തില്‍ വിശുദ്ധ പത്രോസിന്റെ വാക്കുകളില്‍ അദ്ദേഹം ഏറ്റുപറഞ്ഞു: ''എന്റെ കര്‍ത്താവേ, ഞങ്ങള്‍ ആരുടെ പക്കല്‍പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ടല്ലോ?'' (യോഹ. 6:68).
പരിശുദ്ധ പിതാവ് എഴുതുന്നു: ''നമ്മുടെ രക്ഷയുടെ ദിവ്യരഹസ്യമായ വിശുദ്ധ കുര്‍ബാന സഭയുടെ ഏറ്റവും വലിയ നിധിയാണ്.''
ആരാധനക്രമത്തിന്റെ യോഗ്യമായ ആഘോഷം
ഏറ്റവും വലിയ ആദരവോടെ വേണം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്. എല്ലാവരും, വളരെ പ്രത്യേകമായി മദ്ബഹായില്‍ വ്യാപരിക്കുന്നവര്‍ നടപ്പിലും ഇരുപ്പിലും കുമ്പിടുന്നതിലും കരങ്ങള്‍ വിരിച്ചുപിടിക്കുന്നതിലുമെല്ലാം അനുഷ്ഠിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങളോടുള്ള ആദരവും ബഹുമാനവും പ്രകടമാക്കണം. സഭ നിര്‍ദേശിക്കുന്ന എല്ലാ ക്രമങ്ങളും പാലിക്കുന്നതിനോടൊപ്പം കാര്‍മികന്റെ മനസ്സും ഹൃദയവും ദൈവത്തിലും മനുഷ്യനായിത്തീര്‍ന്ന ദൈവമായ മിശിഹായിലും കേന്ദ്രീകൃതമായിരിക്കണം.
ആരാധനക്രമത്തില്‍ ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളും തിരുപ്പാത്രങ്ങളും ഏറ്റവും വൃത്തി യുള്ളവയായിരിക്കുന്നതുപോലെ തന്നെ ഇതില്‍ പങ്കെടുക്കുന്നവരുടെ മനസ്സും ശുദ്ധിയുള്ളവയായിരിക്കണം.
സാംസ്‌കാരികാനുരൂപണം
സാംസ്‌കാരികാനുരൂപണത്തിന്റെ പേരില്‍ ആരാധനക്രമത്തില്‍ കൂട്ടിച്ചേര്‍ക്കുന്ന നൃത്തവും മറ്റും ആരാധനക്രമത്തിനു യോജിച്ചതല്ലന്നാണ് കര്‍ദിനാള്‍ സറാ അഭിപ്രായപ്പെടുന്നത്. അദ്ദേഹം എഴുതുന്നു: ''ക്രിസ്ത്യന്‍ ആരാധനക്രമം പൂര്‍വികരുടെ സംസ്‌കാരത്തിന്റെ ഒരു പ്രദര്‍ശനവേദിയല്ല. അതു നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ആഘോഷമാണ്.''
ലിറ്റര്‍ജിപരിഷ്‌കരണത്തിന്റെ പേരില്‍ എന്തും കൂട്ടിച്ചേര്‍ക്കാമെന്ന ധാരണ തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ട് ബനഡിക്ട് പതിനാറാമന്റെ 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്:
''വിശ്വാസത്തിന്റെ പാരമ്പര്യത്തോടു ബന്ധിക്കപ്പെട്ടതാണ് മാര്‍പാപ്പായുടെ അധികാരം. ഇത് ആരാധനാക്രമത്തിന്റെ കാര്യത്തിലും ബാധകമാണ്. അധികാരികള്‍ മെനഞ്ഞെടുക്കുന്ന ഒന്നല്ല ലിറ്റര്‍ജി. മാര്‍പാപ്പായ്ക്കുപോലും ഇതിന്റെ നിയമപരമായ വികാസത്തിന്റെയും നിലനില്ക്കുന്ന സമഗ്രതയുടെയും അനന്യതയുടെയും എളിയ ദാസനായിരിക്കാനേ സാധിക്കുകയുള്ളൂ.'' (പേജ് 172).
ആവശ്യമായ ഏകാഗ്രതയും നിശ്ശബ്ദതയും പാലിച്ചുകൊണ്ടുവേണം ആരാധനക്രമം പരികര്‍മം ചെയ്യാനെന്ന് കര്‍ദിനാള്‍ സറാ എടുത്തുപറയുന്നുണ്ട്.
ആരാധനക്രമം ഒരു നാടകമല്ല
ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്ന മറ്റൊരപകടം ആരാധനക്രമത്തെ കാര്‍മികരിലേക്കു കേന്ദ്രീകരിക്കാനും അഭിനയമായി മാറ്റാനുമുള്ള പ്രവണതയാണ്. ഇതിനെ അദ്ദേഹം ശക്തിയുക്തം അപലപിക്കുന്നുണ്ട്.
തിരുക്കര്‍മങ്ങളുടെ ഇടയ്ക്കു ഫോട്ടോ എടുക്കുന്നതും ഫിലിം ചെയ്യുന്നതും പരസ്പരം സംസാരിക്കുന്നതുമെല്ലാം തിരുക്കര്‍മങ്ങളുടെ പരിശുദ്ധിക്കു ചേര്‍ന്നതല്ലെന്ന് കര്‍ദിനാള്‍ നിരീക്ഷിക്കുന്നു.
കുറച്ചാളുകള്‍ ഒന്നിച്ചുവന്ന് സാഹോദര്യത്തിന്റെ ഒരാഘോഷംമാത്രമായി ലിറ്റര്‍ജിയെ ചുരുക്കാനുള്ള പ്രവണത ഖേദകരമാണെന്ന് വി. ജോണ്‍പോള്‍ മാര്‍പാപ്പാ പ്രസ്താവിച്ചിട്ടുണ്ട്.
ലിറ്റര്‍ജി മിശിഹാകേന്ദ്രീകൃതമായി ആഘോഷിക്കാന്‍ വിശ്വാസത്തോടും സ്‌നേഹത്തോടുംകൂടി ഏവരും ശ്രദ്ധിക്കണമെന്നും ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.
സമൂഹബലി
സമൂഹബലിയില്‍ ഓരോ വൈദികനും കാര്‍മികനാണ്. അവരുടെ അലക്ഷ്യമായ പെരുമാറ്റം അധികാരികള്‍ കര്‍ശനമായി തിരുത്തണമെന്ന് കര്‍ദിനാള്‍ സറാ നിര്‍ദേശിക്കുന്നു. തിരുവസ്ത്രങ്ങള്‍ മുഴുവന്‍ അണിയാതിരിക്കുന്നതും ഫോട്ടോ എടുത്തു നടക്കുന്നതും ഓര്‍ഗന്‍ വായിക്കാന്‍ പോകുന്നതുമെല്ലാം അനുചിതമാണെന്ന് അദ്ദേഹം ഇവിടെ പ്രസ്താവിക്കുന്നുണ്ട്. അവര്‍ കര്‍ത്താവിന്റെ പകരക്കാരനും മിശിഹാതന്നെയുമാണെന്നു വിസ്മരിക്കുകയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആരാധനക്രമത്തിന്റെ ദൈവികമാനങ്ങള്‍ മറന്നുകളഞ്ഞാല്‍ യോഗ്യമായവിധം അത് പരികര്‍മം ചെയ്യുക അസാധ്യമാണ്.
ദൈവവചനം ലിറ്റര്‍ജിയില്‍
ആരാധനക്രമത്തില്‍ ദൈവവചനത്തിന്റെ പ്രാധാന്യം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് എടുത്തുപറയുന്നുണ്ട്. പ്രാര്‍ത്ഥനയിലുടനീളം വിശുദ്ധഗ്രന്ഥത്തിലധിഷ്ഠിതമായ സൂചനകളാണുള്ളത്. ബൈബിളറിയാത്തവന്‍ ആരാധനക്രമത്തില്‍ പങ്കെടുക്കുമ്പോള്‍ അന്യദേശത്തെത്തിയ അനുഭവമായിരിക്കും.
വിശുദ്ധഗ്രന്ഥവായനയ്ക്ക്, പ്രത്യേകമായി സുവിശേഷവായനയ്ക്ക് വിശുദ്ധകുര്‍ബാനയിലുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. വിശുദ്ധഗ്രന്ഥത്തില്‍നിന്നല്ലാതെയുള്ള വായനകള്‍ അനുവദിച്ചിട്ടില്ല.
കര്‍ദിനാള്‍ മറ്റൊരു കാര്യം എടുത്തുപറയുന്നത്, അള്‍ത്താരയില്‍ ഈശോയുടെ തിരുരക്തശരീരങ്ങള്‍ക്കും ഏവന്‍ഗേലിയോനും മാത്രമേ സ്ഥാനമുള്ളൂ എന്നാണ്. കണ്ണാടി ഊരി വയ്ക്കുന്നതുപോലും ഒഴിവാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ദൈവവചനത്തിലും - പഴയ നിയമമായാലും പുതിയ നിയമമായാലും - കര്‍ത്താവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. വിശുദ്ധവാരത്തിലും മറ്റും വിശുദ്ധഗ്രന്ഥവായനകള്‍ വെട്ടിച്ചുരുക്കുന്നത് ശരിയല്ലെന്നു കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പേരില്‍ സഭാപാരമ്പര്യത്തെയും മുന്‍കാലപ്രബോധനങ്ങളെയും തള്ളിപ്പറയാനുള്ള പ്രവണത ഒട്ടും ആശാസ്യമല്ലെന്നു കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നുണ്ട്. പാരമ്പര്യത്തില്‍നിന്നകന്ന് സ്വന്തമായ ഒരാരാധനക്രമം മെനയുന്നത് വത്തിക്കാന്‍ സൂനഹദോസിനെ ഒറ്റിക്കൊടുക്കുന്നതിനും ദൈവജനത്തെ മിശിഹായില്‍നിന്ന് അകറ്റുന്നതിനും മാത്രമേ ഉപകരിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് കര്‍ദിനാള്‍ സറാ ഈ അധ്യായം ഉപസംഹരിക്കുന്നത്.