•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പെണ്‍കരുത്തില്‍ ഇളകിമറിഞ്ഞ് ഇറാന്‍

''ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. അതു സഫലമാകുമ്പോള്‍ ഞങ്ങളുടെ  മുടിയിഴകള്‍ക്കിടയിലൂടെ മന്ദമാരുതന്‍ കടന്നുപോകും''

1979 ലെ ഇസ്ലാമികവിപ്ലവത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങളും ഏറ്റുമുട്ടലുകളുമാണ് ഇറാനില്‍ അരങ്ങേറുന്നത്. ''ഹിജാബ്'' അഥവാ ''ശിരോവസ്ത്രം'' ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാരപ്പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയെന്ന കുര്‍ദ്ദ് യുവതിയുടെ  മരണത്തെത്തുടര്‍ന്നാണ് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13-ാം തീയതി ഇറാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദ്ദിസ്ഥാനില്‍നിന്നും ടെഹ്‌റാനിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മഹ്‌സയും കുടുംബാംഗങ്ങളും. സഹോദരനോടൊപ്പം സഞ്ചരിക്കവെയായിരുന്നു മഹ്‌സ സദാചാരപ്പൊലീസിന്റെ കണ്ണില്‍പ്പെട്ടത്. ശരിയത് നിയമങ്ങള്‍ക്കനുസൃതമല്ല ഹിജാബ് ധരിച്ചതെന്ന കുറ്റം ചുമത്തി അവര്‍ മഹ്‌സയെ  ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. ഇറാനിയന്‍ സ്ത്രീകള്‍ കര്‍ശനമായി പാലിക്കേണ്ട നിയമങ്ങള്‍ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെത്തിച്ച മഹ്‌സയെ മൂന്നു ദിവസത്തിനുശേഷം 16-ാം തീയതി മരണപ്പെട്ട നിലയില്‍ ബന്ധുക്കളെ ഏല്പിക്കുകയായിരുന്നു. തലയ്ക്കുപിന്നില്‍ ലാത്തിയടിയേറ്റ ചതവുണ്ടായിരുന്നെന്നും, നെറ്റിയിലും തലയുടെ പാര്‍ശ്വങ്ങളിലുമുള്ള ആഴമേറിയ മുറിവുകള്‍ വാഹനത്തില്‍ തലയിടിപ്പിച്ചിട്ടുണ്ടായതാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. വാഹനത്തിലും സ്റ്റേഷനിലും പരിശീലനകേന്ദ്രത്തിലും മഹ്‌സ  കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി. പരിശീലനകേന്ദ്രത്തിനു പുറത്തു കാത്തുനിന്നിരുന്ന സഹോദരന്‍ കെട്ടിടത്തിനുള്ളില്‍നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ടിരുന്നുവെന്നു മൊഴി നല്‍കി. അകത്തുനിന്നും ഇറങ്ങിവന്ന അപരിചിതനായ ഒരാളാണ് സുരക്ഷാസേന ഒരു യുവതിയെ കൊന്നതായുള്ള വിവരം സഹോദരനെ അറിയിച്ചത്. പോലീസുദ്യോഗസ്ഥര്‍ മഹ്‌സയെ വധിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. മുമ്പേതന്നെയുണ്ടായിരുന്ന അസുഖങ്ങളാണ് അവളുടെ  ജീവനെടുത്തതെന്ന് ഫോറന്‍സിക് തെളിവുകള്‍ നിരത്തി സര്‍ക്കാര്‍ വാദിച്ചു. തലച്ചോറിലുണ്ടായിരുന്ന ട്യൂമര്‍ നീക്കാന്‍ മഹ്‌സയുടെ എട്ടാംവയസ്സില്‍ നടത്തിയ ഒരു ശസ്ത്രക്രിയ തെളിവായി ചൂണ്ടിക്കാട്ടിയ പൊലീസുദ്യോഗസ്ഥര്‍ ശ്വാസതടസ്സംമൂലം ആന്തരാവയവങ്ങള്‍ നിശ്ചലമായിരുന്നുവെന്നും ന്യായീകരിച്ചു.
പ്രതിഷേധാഗ്നി ആളിപ്പടരുന്നു
മഹ്‌സയുടെ കസ്റ്റഡിമരണം പുറത്തറിഞ്ഞതോടെ തടിച്ചുകൂടിയ ജനക്കൂട്ടം കുറ്റക്കാരെ ശിക്ഷിക്കണമെന്നും, മരണമടഞ്ഞ മഹ്‌സയുടെ കുടുംബാംഗങ്ങള്‍ക്കു നീതി നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. 
മഹ്‌സയെ പ്രവേശിപ്പിച്ച ആശുപത്രിക്കുമുമ്പില്‍ പ്രതിഷേധിച്ച സ്ത്രീകളില്‍ ചിലര്‍ രോഷാകുലരായി തങ്ങളുടെ ശിരോവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളില്‍ കൂട്ടിയിട്ടു തീ വയ്ക്കുകയും, തലമുടി സ്വയം മുറിച്ച് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. പൊലീസുമായി ഏറ്റുമുട്ടിയ ജനക്കൂട്ടം 'ഏകാധിപതി തുലയട്ടെ' എന്നും 'ഖമെനെയ്ക്ക് മരണമാണു ശിക്ഷ' എന്നും അര്‍ഥം വരുന്ന മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രതിഷേധിച്ചത്.
ഇറാന്റെ ആധ്യാത്മികനേതാവ് അയത്തൊള്ള അലി ഖമെനെയിക്കും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കുമെതിരേയാണ് ജനരോഷം ആളിക്കത്തുന്നത്. ഇവര്‍ ഇരുവരുടെയും, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായിരുന്ന അയത്തൊള്ള റുഹല്ല ഖൊമേയ്‌നിയുടെയും ചിത്രങ്ങള്‍ തെരുവുകളിലിട്ടു കത്തിക്കുകയും മൂവരെയുംകുറിച്ച് നിന്ദാവാക്കുകള്‍ വിളിച്ചുപറയുകയും ചെയ്തു. ആധ്യാത്മികനേതാക്കളെ വിമര്‍ശിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണെങ്കിലും ആയിരക്കണക്കിനു സ്ത്രീകള്‍ മക്കളോടൊപ്പമാണ് സമരമുഖത്തെത്തിയത്.
പടിഞ്ഞാറന്‍ ഇറാനിലെ അല്‍ ബോര്‍സ് പ്രവിശ്യയില്‍ സറീന ഇസ്മയില്‍ സദേഹ് എന്ന 16 കാരി കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവവും വിവാദമായി. സറീനയുടെ മരണം ആത്മഹത്യയാണെന്നു പറഞ്ഞ് സര്‍ക്കാര്‍ കൈയൊഴിഞ്ഞെങ്കിലും സുരക്ഷാസേനയിലൊരാള്‍ ലാത്തികൊണ്ട് തലയ്ക്കുപിന്നില്‍ അടിച്ചതിനെത്തുടര്‍ന്നാണ് അവള്‍ താഴെവീണതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നു. സറീന അഞ്ചാം നിലയില്‍നിന്നു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രവിശ്യാ ഗവര്‍ണറും ചീഫ് ജസ്റ്റീസും തീര്‍പ്പുകല്പിക്കുകയും ചെയ്തു.
മറ്റൊരു പടിഞ്ഞാറന്‍ നഗരമായ ഖുറാനബാദില്‍നിന്നുള്ള നികാ ഷകരാമി എന്ന 16 കാരിയും കെട്ടിടത്തില്‍നിന്നു ചാടുകയായിരുന്നുവെന്ന് സര്‍ക്കാരുദ്യോഗസ്ഥര്‍ വാദിക്കുമ്പോള്‍, മകളുടെ തലയ്ക്കുപിന്നിലെ മാരകമായ ക്ഷതം പോലീസിന്റെ മര്‍ദനമേറ്റുണ്ടായതാണെന്ന് നികയുടെ മാതാവ് പറയുന്നു. സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്ന നികയെ സെപ്റ്റംബര്‍ 20 നു ശേഷം കണ്ടിരുന്നില്ലെന്നും 10 ദിവസത്തിനുശേഷം അവളുടെ മൃതദേഹമാണ് തങ്ങള്‍ക്കു കാണേണ്ടിവന്നതെന്നും മാതാവായ നസ്‌റീന്‍ ആരോപിച്ചു. നികയുടെ 40-ാം  ചരമദിനത്തില്‍ അവളുടെ ശവകുടീരത്തില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ ജനത്തിനു നേരേയും പോലീസിന്റെ അതിക്രമമുണ്ടായി.
തെക്കുകിഴക്കന്‍ ഇറാനിലെ സഹേദാന്‍ നഗരത്തില്‍ സെപ്റ്റംബര്‍ 30-ാം തീയതി നടന്ന ഏറ്റുമുട്ടലില്‍ 93 പേരാണു വെടിയേറ്റു മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പോലീസ് മേധാവി മാനഭംഗപ്പെടുത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധറാലിക്കു നേരേ പോലീസ് നിറയൊഴിക്കുകയായിരുന്നു. നൂറുകണക്കിനു  യുവതികളും സ്‌കൂള്‍/കോളജ് വിദ്യാര്‍ത്ഥിനികളും സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടി. തെരുവുകളിലെല്ലാം ഒറ്റയ്ക്കും കൂട്ടമായും സൈന്യത്തെയും പോലീസിനെയും നേരിടുന്നതിനാല്‍ കലാപം കെട്ടടങ്ങുന്നുമില്ല.
പൊലീസിന്റെ തോക്കിനിരയായ ഒന്‍പതു വയസ്സുകാരന്‍ കിയാന്‍ പിര്‍ഫലാക്കിന്റെ സംസ്‌കാരച്ചടങ്ങിന് തെക്കുപടിഞ്ഞാറന്‍ നഗരമായ ഇസെയിലെത്തിയ വമ്പിച്ച ജനക്കൂട്ടം 'ഖമെനെയ് തുലയട്ടെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. നെഞ്ചില്‍ വെടിയേറ്റ കിയാനോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന പിതാവിന്റെ മുതുകിലാണ് മൂന്നു വെടിയുണ്ടകള്‍ തറച്ചുകയറിയത്. ഇസെയിലെ മദ്രസയ്ക്കു തീയിട്ടതായി വാര്‍ത്തയുണ്ട്. മഹ്‌സയുടെ ജന്മസ്ഥലമായ കുര്‍ദ്ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വെസ് പട്ടണത്തിലും, ഇഷഹാന്‍, തബ്രിസ്, മഹബാദ് തുടങ്ങി ഇറാനിലെ 80 നഗരങ്ങളിലെങ്കിലും തുടരുന്ന പ്രക്ഷോഭം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര തീവ്രവും സുസംഘടിതവുമാണെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. 
ഇതിനുമുമ്പ് അരങ്ങേറിയ  വലിയ മൂന്നു പ്രക്ഷോഭങ്ങളിലും ഇത്രമാത്രം തീവ്രത അനുഭവപ്പെട്ടിരുന്നില്ല. 2009 ലെ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകളെച്ചൊല്ലി ഉയര്‍ന്നുവന്ന പ്രതിഷേധം നഗരകേന്ദ്രീകൃതമായിരുന്നു. സാമ്പത്തികരംഗം താറുമാറായതിനെച്ചൊല്ലിയായിരുന്നു 2017 ലെ കലാപം. 2019-20 കാലയളവില്‍ പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ 1,500 പേരെങ്കിലും കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമോ സാമ്പത്തികമോ അല്ലെന്നും സ്ത്രീകള്‍ക്കുമേലുള്ള പുരുഷമേധാവിത്വത്തിനെതിരേയാണെന്നുമുള്ള പ്രത്യേകതയുണ്ട്. ഈ പ്രതിഷേധപ്രകടനങ്ങള്‍ മതത്തിനെതിരേയല്ലെന്നും അറുപഴഞ്ചനായ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്പിക്കുന്ന മതനേതാക്കളുടെ കിരാതനയങ്ങള്‍ക്കെതിരേയുള്ള സ്ത്രീകളുടെ നിലവിളിയാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ''സാന്‍, സിന്തഗി, ആസാദി'' (''സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം'') എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സ്ത്രീകളുടെ മുന്നേറ്റം. ഹിജാബുകള്‍ വലിച്ചെറിഞ്ഞും കത്തിച്ചും, ''ഞങ്ങള്‍ക്ക് ഖുറാനും വേണ്ട, പള്ളിയും വേണ്ട'' എന്നും അവര്‍ വിളിച്ചുപറയുന്നു. ഈ പ്രതിഷേധങ്ങള്‍ മനുഷ്യമഹത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതാണെന്നും അവര്‍ വാദിക്കുന്നു.
ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തിയാലല്ലാതെ അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന സ്ഥിതിയാണ് ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്. പണക്കാരും പാവപ്പെട്ടവരും, മുതിര്‍ന്നവരും കുട്ടികളും, തുര്‍ക്കികളും കുര്‍ദ്ദുകളും മറ്റെല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചണിനിരക്കുന്ന വലിയ ജനമുന്നേറ്റമാണ് നടക്കുന്നത്. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും ഹിജാബ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും എതിര്‍ക്കുന്നവരെ 'നല്ല പാഠം' പഠിപ്പിച്ചുവിടണമെന്നുമുള്ള ഉത്തരവ് ഈ മാസം ആറാം തീയതി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
തലയും കഴുത്തും നെഞ്ചും മറയ്ക്കുന്ന വസ്ത്രമാണ് ഹിജാബ്. മുഖം മറയ്ക്കണമെന്നില്ല, പക്ഷേ, തല മൂടുമ്പോള്‍ മുടി മുഴുവനായും കഴുത്തും മാറിടവും പൂര്‍ണമായും മറഞ്ഞിരിക്കണമെന്നും കര്‍ശനനിര്‍ദേശമുണ്ട്. പ്രവാചകനായ മുഹമ്മദിന്റെ വീടും അദ്ദേഹത്തിന്റെ ഭാര്യമാരുടെയും മക്കളുടെയും താമസസ്ഥലങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു 'കര്‍ട്ടന്‍' അല്ലെങ്കില്‍ 'മറ' എന്നും ഹിജാബിനു വ്യാഖ്യാനമുണ്ട്. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും മാന്യമായി വസ്ത്രധാരണം ചെയ്തിരിക്കണമെന്നത് അല്ലാഹു പ്രവാചകനു നല്‍കിയ കല്പനകളിലൊന്നാണെന്ന് മുസ്ലീം മതപപണ്ഡിതന്മാര്‍ പറയുന്നു. 1983 മുതലാണ് ശരിയത് നിയമങ്ങളനുസരിച്ചുള്ള വസ്ത്രധാരണരീതി ഇറാനില്‍ കര്‍ക്കശമാക്കിയത്.
നഷ്ടപ്പെടാന്‍ വിലങ്ങുകള്‍
നിരാശയില്‍ മുങ്ങിയ മനസ്സുംപേറി നടക്കുന്ന ഒരു യുവതിയെ ബിബിസിയുടെ റിപ്പോര്‍ട്ടര്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെ: ''ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഭാവി അനിശ്ചിതമായി തുടരുന്ന ഒരു രാജ്യത്ത് എന്തു പ്രതീക്ഷിക്കാനാണ്? ഈ രാജ്യം എന്നെങ്കിലും നന്നാവുമെന്നു പ്രതീക്ഷിക്കാനും ഞങ്ങള്‍ക്കാവുന്നില്ല.'' 
ഇറാന്റെ പരമോന്നതനേതാവായ അയത്തൊള്ള അലി ഖമെനെയിയുടെയും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് പ്രക്ഷോഭം എല്ലാ പ്രൊവിന്‍സുകളിലേക്കും വ്യാപിച്ചുവെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ചിലയിടങ്ങളിലെങ്കിലും അക്രമാസക്തരായ ജനം സുരക്ഷാസേനയെ തോല്പിച്ചോടിക്കുകയും കൊലപ്പെടുത്തുകയും സൈനികവാഹനങ്ങള്‍ തീവച്ചുനശിപ്പിക്കുകയും ചെയ്തു. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ അയത്തൊള്ള റുഹൊല്ല ഖൊമേയ്‌നിയുടെ ജന്മസ്ഥലമായ ഖൊമെയ്ന്‍ പട്ടണത്തിലെ പുരാതനമായ ജന്മഗൃഹം അഗ്നിക്കിരയാക്കിയെന്നതാണ് ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്തകളിലൊന്ന്. 1989 ല്‍ മരണമടയുന്നതുവരെ അദ്ദേഹം താമസിച്ചിരുന്ന ഈ വസതി ഒരു ചരിത്രമ്യൂസിയമായി ഇറാന്‍ ഭരണാധികാരികള്‍ സംരക്ഷിച്ചുവരികയായിരുന്നു. അഗ്നിബാധയെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ എത്രയെന്നു കണക്കാക്കിവരുന്നതേയുള്ളൂ. 
പ്രക്ഷോഭകരോട് അനുഭാവം പ്രകടിപ്പിക്കാന്‍ ഹിജാബുകള്‍ മാറ്റിവച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ച ചലച്ചിത്രതാരങ്ങളായ ഹെന്‍ഗാമെ ഘസിയാനിയെയും കലയൂണ്‍ റിയാഹിയെയും ഈ മാസം 20-ാം തീയതി ഞായറാഴ്ച തടവിലാക്കിയതായി ഔദ്യോഗികവാര്‍ത്താഏജന്‍സിയായ 'ഇര്‍ന' റിപ്പോര്‍ട്ടു ചെയ്തു. രണ്ടു മാസം പിന്നിട്ടുകഴിഞ്ഞ ആഭ്യന്തരകലാപം തല്‍സമയം റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരില്‍ 18 പേരെങ്കിലും വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. 46 സുരക്ഷാഭടന്മാരും 56 കുട്ടികളടക്കം അഞ്ഞൂറോളം സാധാരണക്കാരും മരണമടഞ്ഞവരില്‍പ്പെടും. 17,000 ത്തോളം പേരെ വിവിധ കുറ്റങ്ങള്‍ ചുമത്തി തുറുങ്കിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിലെ സംഘര്‍ഷഭരിതമായ സംഭവവികാസങ്ങള്‍ അത്യന്തം ഉത്കണ്ഠയോടെയാണ് വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ നോക്കിക്കാണുന്നത്. ലിംഗസമത്വത്തിനും സ്ത്രീശക്തീകരണത്തിനുംവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ കമ്മീഷനില്‍നിന്ന് അംഗങ്ങളിലൊന്നായ ഇറാനെ പുറത്താക്കണമെന്ന് പാശ്ചാത്യരാജ്യങ്ങള്‍  ആവശ്യപ്പെട്ടു. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് ഇറാനിലെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുകയും ജനകീയപ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ രാജ്യത്തെ ആഭ്യന്തരകലാപങ്ങള്‍ക്കു പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്നും ഇറാനെ വിഭജിക്കാനോ നശിപ്പിക്കാനോ ആരെയും അനുവദിക്കില്ലെന്നും ഇറാനിലെ ഭരണാധികാരികള്‍ പറയുന്നു. 'ഇതു ലിബിയയോ സുഡാനോ അല്ല' എന്നും അവര്‍ ഓര്‍മിപ്പിച്ചു. ഇറാനിലെ ജനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചുവരുന്നു. മുസ്ലീംവിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടകസര്‍ക്കാരിന്റെ ഉത്തരവ് കോടതിയുടെ പരിഗണനയിലിരിക്കുന്നു.
ഈ മാസം 21-ാം തീയതി തിങ്കളാഴ്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇംഗ്ലണ്ടുമായി ഏറ്റുമുട്ടുന്നതിനായി ദോഹയിലേക്കു പുറപ്പെടുംമുമ്പ് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ച ഇറാന്‍ ടീമിന്റെ ക്യാപ്റ്റന്‍ എഹ്‌സാന്‍ ഹജ്‌സാഫി തന്റെ ദുഃഖം പങ്കുവച്ചതിങ്ങനെയായിരുന്നു: ''ഞങ്ങളുടെ രാജ്യം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത ദുഃഖഭാരത്തോടെയാണ് ഞങ്ങളുടെ യാത്ര. ഞങ്ങളുടെ രാജ്യത്തെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. കുട്ടികളടക്കം നിരവധി പേരാണ് തെരുവുകളില്‍ മരിച്ചുവീഴുന്നത്. അവരുടെയെല്ലാം വേര്‍പാടില്‍ ഞങ്ങള്‍ ഹൃദയപൂര്‍വം അനുശോചിക്കുന്നു.'' മത്സരത്തിനുമുമ്പുള്ള ദേശീയഗാനാലാപനസമയത്ത് മൗനം പാലിച്ച് താരങ്ങള്‍ അവരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇറാനിയന്‍ - കനേഡിയന്‍ സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹമെദ് ഇസ്മായേലിയോണ്‍ പ്രതിഷേധറാലികള്‍ക്കിടയില്‍ വിതരണം ചെയ്ത ലഘുലേഖയിലെ വരികള്‍ ജനങ്ങള്‍ക്ക് ആവേശം പകരുന്നവയാണ്: ''ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്, അതു സഫലമാകുമ്പോള്‍ ഞങ്ങളുടെ മുടിയിഴകള്‍ക്കിടയിലൂടെ മന്ദമാരുതന്‍ കടന്നുപോകും. അപ്പോള്‍, മധ്യകാലത്തിലെ അറുപഴഞ്ചന്‍ പ്രത്യയശാസ്ത്രങ്ങള്‍ പഠിക്കാന്‍ ഞങ്ങളുടെ മക്കള്‍ നിര്‍ബന്ധിക്കപ്പെടുകയില്ല. ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്, അതു സഫലമാകുമ്പോള്‍ ഞങ്ങളുടെ പെണ്‍മക്കള്‍ക്കു ഭയപ്പാടില്ലാതെ സ്‌കൂളുകളില്‍ പോകാനാകും. അപ്പോള്‍, ആരും അവരെ പിന്നില്‍നിന്ന് ആക്രമിക്കുകയില്ല.''
ആഫ്രോ-അമേരിക്കന്‍ വംശജനും പൗരാവകാശപ്രവര്‍ത്തകനുമായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയറിന്റെ ലോകപ്രശസ്തമായ പ്രസംഗത്തിലെ  ആദ്യവരികള്‍ക്കു  സമാനമായ വാക്കുകള്‍ കേട്ട് ആവേശഭരിതരായ ഇറാനിലെ സ്ത്രീസമൂഹം ഒന്നടങ്കം സമരരംഗത്തുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)