•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിഭ്രമാത്മകതയുടെ വിരുന്നുകാരന്‍

2022 ലെ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവായ സേതുവിന്റെ എഴുത്തുവഴികളിലൂടെ

ലയാളസാഹിത്യത്തില്‍ ആധുനികതാവാദം കത്തിനിന്ന ഒരു കാലത്താണ് കഥ പറച്ചിലിനു പുതിയൊരു ശൈലിയുമായി എ. സേതുമാധവന്‍ എന്ന സേതു രംഗപ്രവേശം ചെയ്തത്. വിഭ്രമാത്മകതയും ഭീതിയും അസ്വസ്ഥതയും ഛിന്നഭിന്നമായ മനസ്സുകളും എഴുത്തില്‍ സന്നിവേശിപ്പിച്ച സേതുവിന് മലയാളസാഹിത്യത്തില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ സാധിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പലതരത്തിലുള്ള തൊഴിലുകളിലേര്‍പ്പെട്ടിരുന്ന സേതുവിന്റെ ജീവിതാനുഭവങ്ങള്‍ കഥകളിലുടനീളം തെളിഞ്ഞുകാണാം. നാട്ടിന്‍പുറത്തെ നിഷ്‌കളങ്കജീവിതങ്ങളില്‍ പുരണ്ടിരിക്കുന്ന പച്ചമണ്ണിന്റെ ഗന്ധം മുതല്‍ തിരക്കുകളില്‍നിന്നു തിരക്കുകളിലേക്കു മുഖംപൂഴ്ത്തി നില്ക്കുന്ന മഹാനഗരത്തിന്റെ മടുപ്പിക്കുന്ന ഗന്ധംവരെ സേതുവിന്റെ അക്ഷരങ്ങളില്‍നിന്നു നമുക്കു വായിച്ചെടുക്കാം.
സേതുവിന്റെ രചനാലോകത്തിനു വ്യത്യസ്തമായ ഒരു ഘടനയുണ്ട്. ജീവിതത്തിന്റെ മൃദുലവികാരങ്ങളോ ഹൃദയബന്ധങ്ങളുടെ ചാരുതയോ ഹൃദ്യമായ ജീവിതാനുഭവങ്ങളോ ഒന്നും അധികമായി ആ എഴുത്തുവഴികളിലൂടെ കടന്നുവരുന്നില്ല. അടുക്കും ചിട്ടയുമുള്ള കൃത്യമായ നിയമങ്ങളിലധിഷ്ഠിതമായ ജീവിതസാഹചര്യങ്ങള്‍ ഒരിക്കലും സേതു അവതരിപ്പിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ വളരെപ്പെട്ടെന്ന് വിഭ്രമാത്മകതയുടെ മായാലോകത്തിലേക്ക് അവ കടന്നുചെല്ലും. ജീവിതമെന്ന മഹാപ്രവാഹത്തെ നിരുപാധികം നോക്കിക്കാണുന്ന ഒരു എഴുത്തുകാരനല്ല സേതു. സാധാരണമനുഷ്യജീവിതത്തിന്റെ അതിസാധാരണമായ ദുരന്തപരിണാമങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരുപക്ഷേ, സാഹിത്യലോകത്ത് ഏകപക്ഷീയമായ ഒരു വീക്ഷണമാണിത്. വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന മനുഷ്യജീവിതത്തിന്റെ വികാസപരിണാമങ്ങള്‍ ക്ലിപ്തസമയത്തിന്റെ കണ്ണാടിയില്‍കൂടി നോക്കിക്കാണുമ്പോള്‍ കഥാരചനയുടെ വ്യത്യസ്തമാനങ്ങള്‍ അന്വേഷിക്കേണ്ടിവരും. സേതു അതിന് ഒരു പരിധിവരെയെങ്കിലും ഫാന്റസിയെ ആശ്രയിക്കുന്നുണ്ട്. ഫാന്റസിയുടെ ഈ അതിപ്രസരം യഥാര്‍ഥജീവിതവിവരണത്തില്‍നിന്ന് സേതുവിന്റെ കഥകളെ അകറ്റിനിര്‍ത്തുന്നു.
സേതുവിന്റെ കഥകള്‍ പൊതുവെ ദുരന്താഭിമുഖ്യമുള്ളവയാണ്. ആദ്യകഥയായ 'ദാഹിക്കുന്ന ഭൂമിയില്‍' മാനവരാശി നേരിടേണ്ടി വരുന്ന ഒരു മഹാദുരന്തത്തെയാണ് അവതരിപ്പിക്കുന്നത്. അനതിവിദൂരഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു പ്രകൃതിദുരന്തത്തിന്റെ കൊടിയ കാഴ്ചകള്‍ ഗ്രാമീണാന്തരീക്ഷത്തില്‍ സേതു വരച്ചുവച്ചിരിക്കുന്നു. വരണ്ടുണങ്ങിയ പാടത്തിന്റെ നടുവില്‍നിന്ന് നെറ്റിയില്‍ കൈത്തലം ചേര്‍ത്ത് മാനത്തേക്കു നോക്കുന്ന ഗ്രാമവൃദ്ധന്‍ കാണുന്നത് കാലംതെറ്റിയെത്തുന്ന കാര്‍മേഘങ്ങളെയാണ്. കുന്നിനപ്പുറത്തെ വിളഞ്ഞുപാകമായി കൊയ്ത്തുകാരെ കാത്തിരിക്കുന്ന സ്വര്‍ണവര്‍ണമണിഞ്ഞ പാടങ്ങളെയോര്‍ത്തു തേങ്ങുന്ന അയാള്‍ വരാനിരിക്കുന്ന വറുതിയെ കണ്‍മുന്നില്‍ കാണുന്നു.
സേതുവിന്റെ കഥാപാത്രങ്ങളെല്ലാംതന്നെ  നിന്ദിതരും പീഡിതരുമാണ്. അടിമത്തവും പീഡനങ്ങളും ബന്ധനവുമൊക്കെയാണ് തങ്ങളുടെ ജീവിതാവസ്ഥയെന്നു വിശ്വസിച്ചുപോരുന്നു അവര്‍. തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍വിധികള്‍ മനുഷ്യസൃഷ്ടമല്ലെന്നും അത് പ്രകൃതി ഒരുക്കിവച്ചതാണെന്നും അവര്‍ കരുതുന്നു. ദുരന്തങ്ങള്‍ അവര്‍ക്കു ജീവിതയാഥാര്‍ഥ്യങ്ങള്‍തന്നെയാണ്. അശോകന്റെ കുലത്തൊഴില്‍, ഒമ്പതാംനമ്പറിലെ ജാരന്‍ തുടങ്ങിയ കഥകളിലെല്ലാം അടിച്ചേല്പിക്കപ്പെടുന്നതും എന്നാല്‍, അവര്‍ മനസ്സിലാക്കാത്തതുമായ ഒരു ദുരന്തം നമുക്കു വായിച്ചെടുക്കാം. നിസ്സഹായതയുടെയും പീഡനങ്ങളുടെയും ആത്മനിന്ദയുടെയും മരണത്തിന്റെയും മുള്‍ക്കാട്ടില്‍പ്പെട്ടുപോകുന്ന ചില വിചിത്രകഥാപാത്രങ്ങള്‍. 
പല കഥകളിലും ഭ്രമാത്മകതയുടെ അതിപ്രസരമുണ്ട്. കഥാപാത്രസൃഷ്ടിക്കും അവതരണത്തിനുംവേണ്ടി സേതു കണ്ടെത്തുന്ന വഴിയാണിത്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനും പ്രതികരണങ്ങള്‍ക്കും വളരെയധികം വ്യത്യസ്തത കൊടുക്കുന്നുണ്ട്. സാധാരണ മനുഷ്യന്റെ പെരുമാറ്റത്തില്‍നിന്നു വ്യത്യസ്തമായി ഒരാള്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ കഥയുടെ പശ്ചാത്തലത്തിനു മാത്രമല്ല അന്തരീക്ഷത്തിനുപോലും മാറ്റം സംഭവിക്കുന്നുണ്ട്. ചില കഥകളില്‍ പറമ്പില്‍ നില്ക്കുന്ന തെങ്ങുപോലും ഭീതിയുണര്‍ത്തുന്ന കഥാപാത്രമായി മാറുന്നു.
സേതുവിന്റെ കഥകളിലെ പ്രധാനകഥാപാത്രം മരണമാണെന്നു വേണമെങ്കില്‍ പറയാം. മരണമെന്ന നിത്യസത്യത്തിന്റെ അപ്രതിരോധ്യതയും അജയ്യതയും സേതുവിന്റെ കഥകളില്‍ നിറയെ കാണാം. നിങ്ങള്‍ക്കുവേണ്ടി  ഒരു മരണം,  കര്‍ക്കിടകം എന്നീ കഥകളിലൊക്കെ ജീവിതത്തിനോ സ്വന്തം അസ്തിത്വത്തിനോ ഒരിക്കലും ഒരര്‍ത്ഥവും കാണാന്‍ കഴിയില്ലെന്നും മരണമാണ് നിത്യസത്യമെന്നും അത് അജയ്യവും അനിഷേധ്യവുമാണെന്നുമൊക്കെ നമുക്കു വായിക്കാം. സേതുവിന്റെ കഥകള്‍ വായനക്കാരെ അത്രയധികം അസ്വസ്ഥരാക്കുന്നതും ഇതേ കാരണംകൊണ്ടുതന്നെയാണ്. 
മനോഹരമായ ഒരു മിത്തിനെ സ്വപ്നസദൃശമായ ഭംഗി നല്കി വികസിപ്പിച്ചെടുക്കുന്ന അപൂര്‍വം എഴുത്തുകാരിലൊരാളാണ് സേതു. വിചിത്രമായ മനുഷ്യബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ കഥയാണ് 'പാണ്ഡവപുര'ത്തില്‍ സേതു അവതരിപ്പിക്കുന്നത്. ഒരിടത്തും താവളമുറപ്പിക്കാന്‍ കഴിയാതെപോകുന്ന ഒരു വിചിത്രദേശത്തിന്റെയും സങ്കല്പങ്ങളുടെ അനന്തവിഹായസ്സിലൂടെ അലഞ്ഞുതിരിയുന്ന നിസ്സഹായ മനസ്സുകളുടെയും മിശ്രണമാണ് ഈ നോവല്‍.
എറണാകുളം ജില്ലയിലെ ചേന്ദമംഗലം സ്വദേശിയായ സേതു സൗത്ത് ഇന്ത്യന്‍ബാങ്കിന്റെ ചെയര്‍മാനായാണ് ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ചത്. ഹിന്ദു, മുസ്ലീം, ജൂത മതവിഭാഗങ്ങള്‍ ഇടപഴകി ജീവിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍നിന്നു മഹാനഗരങ്ങളുടെ വര്‍ണക്കാഴ്ചകളുടെ ലോകത്തേക്കു നടന്നു കയറിയ സേതു മലയാളിക്കു പകര്‍ന്നു നല്കിയത് വ്യത്യസ്തമായ ഒരു വായനാനുഭവമാണ്.   

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)