•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാരകലഹരിയില്‍ മയങ്ങുന്നുവോ കേരളം?

ഹരിക്കെതിരേ പാലായില്‍നിന്നു മുഴങ്ങിയ സിംഹഗര്‍ജനമാണ് അതുവരെ അപകടത്തെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യാത്ത കേരളസമൂഹത്തെ ഉണര്‍ത്തിയത്. നമ്മുടെ മക്കള്‍ വിദ്യാലയങ്ങളിലേക്കു പോകുന്നതുപോലെയല്ല തിരിച്ചെത്തുന്നത്. ക്രാന്തദൃഷ്ടികളായ സാമൂഹികനേതാക്കന്മാര്‍ മുന്നറിയിപ്പു നല്‍കിയപ്പോഴെല്ലാം അതു തൃണവത്ഗണിക്കുകയായിരുന്നു. ഇതെല്ലാം പഴയ കഥകള്‍. അതു വിമര്‍ശിച്ചിട്ടു പ്രയോജനമൊന്നുമില്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുക, വരാനിരിക്കുന്ന മഹാവിപത്ത് സര്‍വശക്തിയോടെ തടയുക എന്നതുമാത്രമേ കരണീയമായുള്ളൂ. വൈകിയാണെങ്കിലും കേരളം ഈ മഹാവിപത്തിനെക്കുറിച്ചു ബോധമുള്ളവരായി. വര്‍ഷങ്ങള്‍ക്കുമുമ്പേ  പ്രഫഷണല്‍കോളജുകളില്‍ ലഹരി പ്രത്യക്ഷപ്പെട്ടിരുന്നു. 1970 കളില്‍ അതു പാരമ്യത്തിലെത്തി. ഉയര്‍ന്ന മാര്‍ക്കു ലഭിച്ച് പ്രഫഷണല്‍കോളജുകളിലെത്തിയ പലരും ലഹരിക്കടിപ്പെട്ട് പഠിപ്പു നിറുത്തിപ്പോവുകയും ഗഞ്ചസൈക്കോസിസിനു ചികിത്സതേടുകയും ചിലര്‍ ആത്മഹത്യചെയ്യുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എന്റെ പഠനകാലത്ത് വയനാടു സ്വദേശിയായ മധു (ശരിയായ പേരല്ല) ഞാന്‍ കോളജില്‍ ചേരാനെത്തുന്നതിനുമുമ്പുതന്നെ ഒരു മുറിയില്‍ ഒറ്റയ്ക്കു ജീവിച്ചിരുന്നു. സമ്പന്നകുടുംബത്തിലെ ഇളയമകന്‍. അവന്റെ ജ്യേഷ്ഠന്മാരാണ് അവരുടെ വിശാലമായ റബര്‍ എസ്റ്റേറ്റ് നോക്കിയിരുന്നത്. മെറിറ്റിലായിരുന്നു മധുവിന് അഡ്മിഷന്‍ ലഭിച്ചത്. ഫീസ് കൊടുക്കേണ്ട, ഭക്ഷണച്ചെലവുമാത്രം. അയ്യായിരം രൂപ പ്രതിമാസം മധുവിന് ജ്യേഷ്ഠന്മാര്‍ അയച്ചുകൊടുത്തിരുന്നു. അപ്രതീക്ഷിതമായി അടുത്തടുത്തായി അമ്മയും അച്ഛനും മരണപ്പെട്ടത് മധുവിനു ഷോക്കായി. അന്ന് കോഴിക്കോട് ടൗണ്‍, പ്രഫഷണല്‍ കോളജ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവുവ്യാപാരം നിലനിന്നിരുന്നു. മാതാപിതാക്കളുടെ മരണത്തില്‍ തകര്‍ന്നുപോയ മധു കഞ്ചാവിന് അടിമയായി. ക്ലാസ്സില്‍ പോകാതായി. സ്വന്തം ബാച്ചുകാര്‍ അതേ കോളജില്‍ അസിസ്റ്റന്റ്പ്രഫസര്‍ തസ്തികയിലെത്തിയിട്ടും മധുവിനു മൂന്നാംവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ബിരുദമെടുത്തു പോരുമ്പോഴും നരച്ച താടിയും മുടിയുമായി ഹോസ്റ്റലിലുണ്ട്. മെസ്സ് ഫീസും ഹോസ്റ്റല്‍റൂംവാടകയും കൃത്യമായി നല്‍കിക്കൊണ്ടിരുന്നതിനാല്‍ കോളജ് അധികാരികള്‍ ഈ വിദ്യാര്‍ഥിയുടെ കാര്യത്തില്‍ ഇടപെട്ടതുമില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അക്കാലത്ത് അതിബുദ്ധിമാന്മാരായ പലരും അല്പം കഞ്ചാവുപുക അകത്താക്കിയിരുന്നു. കുപ്രസിദ്ധമായ രാജന്‍ കേസിനുശേഷം കോളജുകളില്‍ പരിശോധന കര്‍ശനമാക്കിയതിനാല്‍ ലഹരിയുടെ ഉപയോഗം അല്പം കുറഞ്ഞു. 
പിന്നെ ഈ മഹാവിപത്ത് തലപൊക്കിയത് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ലാറ്റിനമേരിക്ക, ഇന്ത്യയിലെ ഒറീസ്സ, മധ്യപ്രദേശ്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നു ടണ്‍കണക്കിനു കഞ്ചാവും മറ്റു ലഹരിമിശ്രിതങ്ങളും യുവജനങ്ങളുടെ കൈകളിലേക്കൊഴുകാന്‍ തുടങ്ങി. അധികാരികള്‍ക്കു ലാഭത്തിന്റെ പങ്കുലഭിക്കുന്നതുകൊണ്ടോ നേതാക്കള്‍ മത-രാഷ്ട്രീയ സങ്കരപ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുന്നതില്‍ പൂര്‍ണമായും മുഴുകിയതുകൊണ്ടോ ഇതൊന്നും കണ്ടതായി നടിച്ചില്ല. നാളെയുടെ വാഗ്ദാനങ്ങളായ കൗമാരയൗവനപ്രായക്കാര്‍ പെണ്‍കുട്ടികളടക്കം ഇവയുടെ അടിമകളും ചിലര്‍ വില്പനക്കാരുമായി. ജന്മദിനം, പരീക്ഷാവിജയം, മറ്റ് ആഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് പോലീസ് - കസ്റ്റംസ് അധികാരികളുടെ മറപിടിച്ച് ലഹരിപ്പാര്‍ട്ടികള്‍ റിസോര്‍ട്ടുകളിലും കടലില്‍ ആഡംബരനൗകകളിലും അരങ്ങുതകര്‍ത്തു. പണക്കാരുടെ മക്കളായതിനാല്‍ കേസ് തേച്ചുമായ്ച്ചു കളയാനും ബുദ്ധിമുട്ടില്ല. എന്തൊരു ദുരവസ്ഥ! സാധാരണ ജന്മദിനക്കൂട്ടായ്മകളില്‍പോലും ചില സ്ത്രീകളും പെണ്‍കുട്ടികളുംവരെ മദ്യം ഉപയോഗിക്കുന്നുണ്ട്. 
മദ്യപാനപ്പാര്‍ട്ടികളില്‍നിന്നു തുടങ്ങുന്ന ആസക്തി വൈകാതെ ലഹരിയിലേക്കു കടക്കുന്നു. അത്ര അത്യാവശ്യമില്ലാത്ത കൂടിച്ചേരലുകള്‍ അവസാനിക്കുന്നത് മാരകമായ ലഹരിയിലാണ്. ധാര്‍മികതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഈ അവസ്ഥയില്‍ മാതാപിതാക്കളുടെ സമ്മതംപോലുമില്ലാതെ കമിതാക്കള്‍ വിവാഹരജിസ്റ്ററില്‍ പേരുചേര്‍ക്കുന്നു; വൈകാതെ വിവാഹമോചനവും. ലഹരിയുടെ തേര്‍വാഴ്ചയില്‍ എത്ര കുടുംബങ്ങളാണ് തകര്‍ന്നടിയുന്നത്! അനാവശ്യകൂടിച്ചേരലുകള്‍ക്ക് മാതാപിതാക്കളും മക്കളും ഒരിക്കലും പോകരുത്. പക്ഷേ, മരണംപോലും ഇന്ന് ആഘോഷമാക്കുകയല്ലേ!!
ഒത്തുചേരലുകളുടെ ദോഷഫലം വളരെ നന്നായി മനസ്സിലാക്കിയിട്ടും പിശാചിനെ ഇന്നാട്ടിലേക്കു കെട്ടിയിറക്കുന്ന പുതിയ ഒരു ആഘോഷം ഈ വര്‍ഷം ആധ്യാത്മികപാരമ്പര്യമുള്ള ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ് - ഹാലോവിന്‍ കാര്‍ണിവല്‍. സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമാണ് സാത്താന്റെ ചിത്രങ്ങളും പ്രതിമകളും മറ്റുമായി പാശ്ചാത്യരാജ്യങ്ങളില്‍ വലിയ തോതില്‍ ഇത് ആചരിച്ചിരുന്നത്. സഭ സംഘടിപ്പിക്കുന്ന സകല വിശുദ്ധരുടെയും തിരുനാളിന്റെ തിളക്കം കുറയ്ക്കുകതന്നെ ലക്ഷ്യം. കൊയ്ത്തുത്സവമായി ആരംഭിച്ച ആഘോഷം സാത്താന്‍ ആരാധനവരെ എത്തിനില്‍ക്കുന്നു. പക്ഷേ, ഇന്ത്യയില്‍ ഈ ആഘോഷം തലപൊക്കിയത് കൊവിഡിനുശേഷമുള്ള ഈ സീസണിലാണ്. നാമതു ഗൗരവമായി തടയേണ്ടതും മുളയിലേ നുള്ളിക്കളയേണ്ടതുമാണ്. ഗോവ, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ പരസ്യമായിത്തന്നെ ഈ വര്‍ഷം ഹാലോവിന്‍ പാര്‍ട്ടികള്‍ മദ്യം, ലഹരിനൃത്തം എന്നിവയോടെതന്നെയാണ് ആഘോഷിച്ചത്. ലഹരിയുടെ വിളയാട്ടം നരബലിയില്‍ എത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള ആഘോഷങ്ങള്‍ കേന്ദ്രസംസ്ഥാനസര്‍ക്കാര്‍ നിയന്ത്രിക്കുകയല്ല, നിരോധിക്കുകയാണു വേണ്ടത്. 
സാമൂഹികനിരീക്ഷണം ശ്രദ്ധയോടെ നടത്തുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാകും: രണ്ടു വര്‍ഷമായി കേരളത്തില്‍ കത്തിക്കുത്ത്, കൊലപാതകങ്ങള്‍, വ്യക്തികള്‍ തമ്മില്‍ വെടിവയ്പ്, ആളുകളുടെ അപ്രത്യക്ഷമാകല്‍, കാരണം വ്യക്തമാകാത്ത മരണങ്ങള്‍, ആത്മഹത്യ എന്നിവ ക്രമാതീതമായവിധം വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പിമ്പിലും കറുത്ത കരങ്ങള്‍തന്നെ. ലഹരിയുടെ ഏറ്റവും പ്രധാനപ്പെട്ട ദോഷം കുടുംബങ്ങളുടെ ശൈഥില്യംതന്നെ. ഇതിനെതിരായി സന്മനസ്സുള്ള സര്‍വമനുഷ്യരും അണിനിരന്നില്ലെങ്കില്‍ സര്‍വനാശമാണു ഫലം. 
ഏതായാലും പാലായില്‍നിന്നുയര്‍ന്ന പ്രവാചകശബ്ദത്തിന് ഇപ്പോള്‍ സര്‍ക്കാരില്‍നിന്നടക്കം പിന്തുണ ലഭിക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു.

(ലേഖകന്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപകഡയറക്ടറാണ്)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)