പ്രകടമായ അനീതി നീക്കിക്കിട്ടാന്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം. വിരമിച്ചവരും വിരമിക്കാത്തവരുമായ കോടിക്കണക്കിനു ജോലിക്കാരുടെ വിഷയം. ഒടുവില്‍ പരമോന്നതകോടതിയുടെ വിധി വന്നു. അനീതിയുടെ ഭാഗം കോടതി പ്രത്യേകമായി പരാമര്‍ശിച്ചില്ല. സാങ്കേതികമായ പോരായ്മകളും നിയമപരമായ തെറ്റും മാത്രം തിരുത്തി. വിരമിച്ച ജീവനക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീതി അവര്‍ക്കു കിട്ടാന്‍ വഴിയില്ലെന്നായി.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പെന്‍ഷന്‍ സ്‌കീമിലെ (ഇപിഎസ് - 1995) അപാകതകളും തെറ്റുകളുമാണു വിഷയം. സര്‍ക്കാരിതരമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി ഉണ്ടാക്കിയ സാമൂഹിക സുരക്ഷാപദ്ധതിയാണിത്. സര്‍ക്കാരില്‍ പിഎഫും സ്റ്റാച്യൂട്ടറി പെന്‍ഷനുമുണ്ട്. അതില്ലാത്തവര്‍ക്കായി രൂപപ്പെടുത്തിയതാണിത്. 1952 ലെ പദ്ധതി ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പ്രൊവിഡന്റ് ഫണ്ട് നല്‍കുന്നതിനു മാത്രമായിരുന്നു. 1970 കളില്‍ ഫാമിലി പെന്‍ഷന്‍ കൊണ്ടുവന്നു. പിന്നീടാണു റിട്ടയര്‍മെന്റ് കാലത്തു പെന്‍ഷന്‍ എന്ന ആശയം വന്നത്. അതിന് തൊഴിലുടമയുടെ വിഹിതത്തില്‍നിന്ന് 8.33 ശതമാനം മാറ്റിവയ്ക്കുന്ന ഒരു നിധിയാണ് 1995 ലെ നിയമംവഴി രൂപവത്കരിച്ചത്.
തുച്ഛമായ പെന്‍ഷന്‍തുക എന്ന നാണക്കേട്
ഇതിലെ ആനുകൂല്യം പൂര്‍ണതോതില്‍ (വിരമിക്കുന്ന സമയത്തെ വേതനത്തിന്റെ പകുതി) കിട്ടാന്‍ 35 വര്‍ഷം പദ്ധതിയില്‍ പണമടയ്ക്കണം. 2030 മുതല്‍ വിരമിക്കുന്നവര്‍ക്കേ അതു കിട്ടൂ. 1995 മുതല്‍ വിരമിച്ചവര്‍ക്കു ലഭിക്കുന്നതു തീര്‍ത്തും തുച്ഛമായ തുകയാണ്. സമീപകാലം വരെ ആയിരം രൂപപോലും ഇല്ലായിരുന്നു വലിയൊരു വിഭാഗത്തിന്റെ പ്രതിമാസപെന്‍ഷന്‍.
ഇതിനു കാരണം പെന്‍ഷന് അര്‍ഹമായ പരമാവധിശമ്പളത്തിന്റെ പരിധിയാണ്. 1995 ല്‍ 5000 രൂപയും 1996 മുതല്‍ 6500 രൂപയും ആയിരുന്നു ഈ ശമ്പളപരിധി. 2014 മുതല്‍ 15,000 രൂപയുമാക്കി. എത്ര ശമ്പളമുണ്ടെങ്കിലും ഈ പരമാവധിയുടെ വിഹിതമേ പെന്‍ഷന്‍പദ്ധതിയില്‍ അടയ്‌ക്കേണ്ടിയിരുന്നുള്ളൂ. ഇങ്ങനെ അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണു പെന്‍ഷന്‍. അടയ്ക്കുന്ന തുകയും കാലാവധിയും കുറവായതിനാല്‍ കിട്ടുന്ന പെന്‍ഷനും കുറവായി. ഈ അപാകതയും അനീതിയും പരിഹരിക്കാന്‍ ജീവനക്കാര്‍ക്കു കൂടുതല്‍ തുക അടയ്ക്കാന്‍ ഓപ്ഷന്‍ അനുവദിച്ചു. തൊഴിലുടമയും ജീവനക്കാരനും സംയുക്തമായി വേണം ഓപ്ഷന്‍ നല്‍കാന്‍. പക്ഷേ, ഓപ്ഷന്‍ അവസരം 2014 ല്‍ത്തന്നെ അവസാനിച്ചു. മഹാഭൂരിപക്ഷം ജീവനക്കാര്‍ക്കും ഓപ്ഷന്‍ എടുക്കാന്‍ സാധിച്ചില്ല. അതിനുമുമ്പ് ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ക്ക് അതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. ഫണ്ട് ബോധവല്‍ക്കരണം നടത്തിയതുമില്ല.
നീതിക്കായി കോടതിവഴിയേ
പുറത്തുപറയാന്‍ നാണം തോന്നുന്ന തുക പെന്‍ഷന്‍ പറ്റുന്നവര്‍ അതു മാന്യമായ ഒരു നിരക്കിലേക്കു വര്‍ധിപ്പിച്ചുകിട്ടാനുള്ള വഴിയായാണ് കോടതിയെ കണ്ടത്. കേരള ഹൈക്കോടതിയില്‍നിന്ന് 2011 ല്‍ ലഭിച്ച അനുകൂലവിധി അവര്‍ക്കു പ്രതീക്ഷയേകി. വര്‍ധിച്ച ശമ്പളത്തിന് ആനുപാതികമായി പെന്‍ഷനിലേക്കു വിഹിതം കൂട്ടാന്‍ അനുവദിക്കണമെന്നും ഓപ്ഷന് അവസരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരേ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിനിടെയാണു കൂടുതല്‍ നഷ്ടം വരുത്തിയ 2014 ലെ ഭേദഗതി വന്നത്. വേറേ ഹൈക്കോടതികളിലും സമാന കേസുകള്‍ വന്നു. വ്യത്യസ്ത വിധികള്‍ ഉണ്ടായി. 2016 മാര്‍ച്ചില്‍ സുപ്രീം കോടതി കേരളഹൈക്കോടതി വിധിയെ ശരിവച്ചു. പക്ഷേ, പ്രശ്‌നം തീര്‍ന്നില്ല. 2018 ല്‍ 500 ലേറെ കേസുകള്‍ പരിഗണിച്ച് കേരള ഹൈക്കോടതി വീണ്ടും വിധിച്ചു. ശമ്പളാനുപാതികപെന്‍ഷന്‍ നല്‍കാന്‍ നടപടി എടുക്കാനായിരുന്നു വിധി. ഇതിനെതിരേ ഇപിഎഫ്ഒ അപ്പീല്‍ നല്‍കിയതു സുപ്രീം കോടതി തള്ളി. എന്നാല്‍, സര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി നല്‍കി വീണ്ടും കേസെടുപ്പിച്ചതാണ്. അതിന്മേലാണ് ഇപ്പോഴത്തെ വിധി.
പരമോന്നതകോടതിയുടെ വിധി നവംബര്‍ നാലിനു ചീഫ് ജസ്റ്റീസ് യു. യു. ലളിതിന്റെ ബെഞ്ചില്‍നിന്ന് ഉണ്ടായി.
കാര്യങ്ങള്‍ വിശദമായി പഠിക്കാതെയും കോടതി വിധികള്‍ സൂക്ഷ്മമായി വായിച്ചറിയാതെയും മാധ്യമങ്ങളില്‍ ആദ്യം പ്രചരിച്ചത് പി.എഫ്. പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ എല്ലാം അനുവദിച്ചു എന്നതാണ്. പക്ഷേ, അത്രയൊന്നും സംഭവിച്ചിട്ടില്ല. വളരെ ചെറിയ ആശ്വാസമേ കോടതി നല്‍കിയിട്ടുള്ളൂ.
ഓപ്ഷന്‍ വ്യവസ്ഥ
പിഎഫ് പെന്‍ഷന്‍ നിയമത്തില്‍ വിവാദപരമായ ഒരു ഭേദഗതി 2014 ല്‍ കൊണ്ടുവന്നു. അതുവരെ ശമ്പളം എത്രയായാലും മാസശമ്പളം 6500 രൂപ എന്നു കണക്കാക്കി അതിന്റെ 8.33 ശതമാനമായ 1250 രൂപയേ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റുമായിരുന്നുള്ളു. 2014 ല്‍ 6500 എന്നത് 15,000 രൂപയാക്കി.
15,000 രൂപയില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്കു കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനൊരു ഓപ്ഷന്‍ വ്യവസ്ഥ കൊണ്ടുവന്നു. (മുമ്പ് 6500 രൂപ പരിധി ഇരുന്നപ്പോഴും ഈ ഓപ്ഷന്‍ ഉണ്ടായിരുന്നു). ഏതാനും മാസമേ ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ചുള്ളൂ. ജീവനക്കാരനും തൊഴിലുടമയും ചേര്‍ന്നാണ് ഓപ്ഷന്‍ നല്‍കേണ്ടത്. അധികതുക ഉഭയസമ്മതപ്രകാരം ജീവനക്കാരന്റെ ശമ്പളത്തില്‍നിന്നു പിടിച്ചോ മാനേജ്‌മെന്റിന്റെ സംഭാവനയായോ നല്‍കാം. ഇങ്ങനെ ഓപ്ഷനുണ്ടായിരുന്ന അവസരം അന്ന് (2014 സെപ്റ്റംബര്‍) സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് ഈ വിധിയിലൂടെ വീണ്ടും കിട്ടി.
2014 ലെ ഈ നിയമഭേദഗതിക്കുമുമ്പ് (2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ്) വിരമിച്ചവര്‍ക്ക് ഇനി ഓപ്ഷന്‍ ഇല്ല. അവരുടെ മുഴുവന്‍ അര്‍ഥനകളും സുപ്രീം കോടതി നിരാകരിച്ചു. നിഷേധിക്കപ്പെട്ട നീതി എന്നു കണക്കാക്കി അവര്‍ നടത്തിയ നിയമപോരാട്ടം വൃഥാവിലായി. അതിന്റെ തുടര്‍ച്ചയായി സുപ്രീം കോടതി പറഞ്ഞ ഒരു കാര്യം കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. അതേപ്പറ്റി പിന്നീട്.
നിയമത്തില്‍ ഇല്ലാത്ത കൈകാര്യച്ചെലവ്
15,000 രൂപയ്ക്കു മുകളില്‍ ശമ്പളം കിട്ടുന്നവര്‍ക്കു മുഴുവന്‍ തുകയുടെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭിക്കാന്‍ ഭേദഗതി പ്രകാരം ചുമത്തിയ 1.16 ശതമാനം കൈകാര്യച്ചെലവ് നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചു. മൂലനിയമത്തില്‍ തൊഴിലാളിയില്‍നിന്ന് അങ്ങനെ തുക ഈടാക്കാന്‍ വ്യവസ്ഥ ഇല്ലാത്തതാണു കാരണം. (15,000 രൂപവരെ ശമ്പളമുള്ളവരുടെ കൈച്ചെലവ് പെന്‍ഷന്‍ സ്‌കീമിലേക്കു സര്‍ക്കാര്‍ നല്‍കും).
തുക എങ്ങനെ കണ്ടെത്തണമെന്നു തീരുമാനിച്ചു നടപടി എടുക്കാന്‍ സര്‍ക്കാരിന് ആറുമാസം സമയം നല്‍കി. അതുവരെ വിധിയുടെ ഈ ഭാഗം നടപ്പാക്കില്ല. തുക സര്‍ക്കാര്‍ നല്‍കണമെന്നും നിയമവിരുദ്ധമായി പിരിച്ച തുക തിരിച്ചുകൊടുക്കണം എന്നുമല്ല വിധി. മറിച്ച്, ഈ തുകയ്ക്കു നൈയാമികമാര്‍ഗം കണ്ടെത്താനാണു നിര്‍ദേശം. പിരിച്ചതു നിയമപരമാക്കാനും തുടര്‍ന്ന് പിരിക്കാനും മൂലനിയമത്തില്‍ മാറ്റം വരുത്തുന്നതടക്കമുള്ള എല്ലാ സാധ്യതകളും സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ മാര്‍ഗം കണ്ടെത്തുംവരെ ജീവനക്കാരില്‍നിന്നു തുക ഈടാക്കുന്നത്. അതായത്, ഒരു സാങ്കേതിക ആനുകൂല്യം മാത്രമാണ് 1.16 ശതമാനം കാര്യത്തില്‍ ഉണ്ടായത്.
അവസാനമാസം 60 മാസംമുന്‍പ്
പെന്‍ഷന്‍വ്യവസ്ഥയില്‍ വരുത്തിയ വളരെ ഗൗരവമേറിയ ഒരു മാറ്റമാണ് അവസാനമാസശമ്പളം നിര്‍ണയിക്കുന്ന രീതിയിലെ മാറ്റം. 2014 വരെ വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസശമ്പളത്തിന്റെ ശരാശരിയാണ് അവസാനമാസശമ്പളമായി സ്വീകരിച്ചിരുന്നത്. ഇത് അവസാന അഞ്ചു വര്‍ഷത്തെ (60 മാസം) ശമ്പളത്തിന്റെ ശരാശരിയാക്കി 2014 ലെ ഭേദഗതി. അതില്‍ കടുത്ത അനീതിയുണ്ടെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ഭേദഗതി ശരിവയ്ക്കപ്പെട്ടു.
നഷ്ടക്കണക്ക് നീളുന്നു
കോടതിവിധിയുടെ ചുരുക്കം ഇങ്ങനെ:
ഒന്ന്. പെന്‍ഷന്‍ പദ്ധതിയിലെ നിയമപരമായ തെറ്റ് (1.16 ശതമാനം നിയമവ്യവസ്ഥ ഇല്ലാതെ ജീവനക്കാരില്‍നിന്നു പിരിക്കുന്നത്) കോടതി എടുത്തുകാട്ടി. അതു നിയമവിരുദ്ധമാണെന്നു വിധിച്ചു. പക്ഷേ, ബദല്‍മാര്‍ഗം പറഞ്ഞിട്ടില്ല.
രണ്ട്. 2014 ലോ മുമ്പോ പൂര്‍ണശമ്പളത്തിനുള്ള ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് അതു നല്‍കാന്‍ ഒരവസരം കൂടി കിട്ടും. (2014 ല്‍ സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ക്കാണ് അവസരം). ഇതിനു തൊഴിലുടമയും സഹകരിക്കണം.
മൂന്ന്. 2014 ലെ ഭേദഗതിക്കുമുമ്പു വിരമിച്ചവര്‍ക്ക് ഒരാനുകൂല്യവും കിട്ടില്ല.
നാല്. 15,000 ല്‍ കൂടുതല്‍ ശമ്പളം തുടക്കത്തില്‍ ഉള്ളവര്‍ക്കു പദ്ധതി ബാധകമല്ലെന്നാണ് 2014 ലെ ഭേദഗതി പറഞ്ഞത്. ആ ഭേദഗതി കോടതി റദ്ദാക്കിയില്ല.
അഞ്ച്. പെന്‍ഷനു കണക്കാക്കുന്ന അവസാനമാസശമ്പളം അവസാന 12 മാസത്തെ ശരാശരി എന്നതു മാറ്റി 60 മാസത്തെ ശരാശരി ആക്കിയിരുന്നു. അതു സുപ്രീം കോടതി ശരിവച്ചു. അവസാന 12 മാസ ശരാശരിയെക്കാള്‍ ഗണ്യമായി കുറവായിരിക്കും 60 മാസ ശരാശരി എന്നു മനസ്സിലാക്കാന്‍ പ്രത്യേക വൈദഗ്ധ്യമൊന്നും വേണ്ട. അതായത്, പിഎഫ് പെന്‍ഷന്‍കാരുടെ നീതിനിഷേധത്തിന്റെയും നഷ്ടത്തിന്റെയും കണക്കു വീണ്ടും കൂടുന്നു.
ആറ്. സ്വന്തം പിഎഫ് ട്രസ്റ്റുകള്‍ ഉള്ള കുറെ സ്ഥാപനങ്ങള്‍ക്ക് ഇപിഎഫ് വ്യവസ്ഥിതിയില്‍നിന്ന് ഒഴിവ് നല്‍കിയിരുന്നു. അവര്‍ക്ക് പെന്‍ഷന്‍ സ്‌കീമും ബാധകമായില്ല. അത് അവര്‍ക്കും ബാധകമാക്കണമെന്നു വിധിച്ചു.
ജുഡീഷറിക്കു ലക്ഷ്മണരേഖ
ഈ സുപ്രീം കോടതി വിധിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കേരള ഹൈക്കോടതിവിധിയെ നിരാകരിക്കാന്‍ പരമോന്നതകോടതി കണ്ടെത്തിയ ന്യായമാണ്. അതു കോടതികളുടെ പ്രവര്‍ത്തനത്തിനു വലിയ പരിധി കല്പിക്കുന്നു.
കേരളഹൈക്കോടതി വിശാലസാമ്പത്തിക ഘടകങ്ങള്‍ - പൊതുവിലുള്ള ശമ്പളവര്‍ധന, പിഎഫിലെ അംഗസംഖ്യയ്ക്കുണ്ടാകുന്ന വര്‍ധന, വലിയൊരു വിഭാഗത്തിനു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന്റെ പ്രത്യാഘാതം തുടങ്ങിയവ - പരിഗണിച്ചാണു വിധി എഴുതിയത്. ഹൈക്കോടതിയുടെ ആശങ്കകള്‍ ന്യായമാണെന്നു പറഞ്ഞ സുപ്രീം കോടതി അവ പരിശോധിക്കുന്നതല്ല കോടതിയുടെ ജോലി എന്നു പറഞ്ഞു. അതു നയരൂപീകരണവിഭാഗം (പാര്‍ലമെന്റും എക്‌സിക്യൂട്ടീവും) പരിഗണിക്കേണ്ടതാണ്. ഒരു പെന്‍ഷന്‍ സ്‌കീം എങ്ങനെ നടത്തണമെന്നു പറയണ്ടതു ജുഡീഷ്യറിയല്ല. അതു ജുഡീഷല്‍ അധികാരത്തിന്റെ ഭാഗമല്ലെന്നും വിധിയുടെ 33-ാം ഖണ്ഡികയില്‍ പറയുന്നു.
ഇതു സര്‍ക്കാരിന്റെ നയങ്ങളടക്കം നടപടികളെ വിലയിരുത്തുന്നതില്‍ കോടതിക്കു പരിധി കല്പിക്കുന്ന വിധം വ്യാഖ്യാനിക്കപ്പെടും എന്നു സംശയിക്കാതെ തരമില്ല. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്ക് അനുഗുണമായ ഒരു വിധിയായും ഇതു വ്യാഖ്യാനിക്കപ്പെടാം. ചില കാര്യങ്ങളിലെങ്കിലും പരിധിയില്ലാതെ കാണുന്ന ജുഡീഷല്‍ ആക്റ്റിവിസത്തിന് തടയിടാന്‍ ഈ വിധി സഹായിച്ചാല്‍ നല്ലതാണ്. പക്ഷേ, അവ മാത്രമാണോ തടയുക? തികച്ചും ന്യായമെന്നും നീതിനിഷ്ഠമെന്നും കാണാവുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍ അതിനു ബദലായി ഉയര്‍ന്നുനില്‍ക്കേണ്ട നീതിപീഠത്തെ പിന്നോട്ടു വലിക്കുന്നതാകുമോ ഈ വിധി? നീതി നിഷേധിപ്പെട്ടു എന്നു കരുതുന്ന പിഎഫ് പെന്‍ഷന്‍കാര്‍ അങ്ങനെയല്ലേ വിശ്വസിക്കൂ?