- തെറ്റു സമ്മതിക്കാനും ഏറ്റുപറയാനും പരിഹാരം ചെയ്യാനുമുള്ള മനോഭാവമാണ് നമ്മില്‍ വളര്‍ന്നുവരേണ്ടത്. ഒരു തെറ്റും ചെയ്യാത്തവനെങ്കിലും സര്‍വമനുഷ്യരുടെയും തെറ്റ് സ്വമേധയാ ഏറ്റെടുത്തുകൊണ്ട് എല്ലാവര്‍ക്കുംവേണ്ടി പരിഹാരബലിയായവന്‍ നമുക്കു മാതൃകയാവട്ടെ.
വ്യഭിചാരത്തില്‍ പിടികൂടിയ ഒരു സ്ത്രീയെപ്പറ്റി യോഹന്നാന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. അവളെ നിയമജ്ഞരും പ്രീശരുംകൂടി യേശുവിന്റെ അടുത്തു കൊണ്ടുവരുകയാണ്. അത്തരക്കാരെ കല്ലെറിഞ്ഞുകൊല്ലണമെന്നാണു മോശയുടെ ശാസന. ഇവിടെ യേശുവിന്റെ പ്രതികരണമാണ്അവര്‍ക്കറിയേണ്ടത്.
അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു മറുപടി പറഞ്ഞു: ''നിങ്ങള്‍ പറയുന്നതു ശരിയാണ്. എങ്കിലും, നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യമായി അവളെ കല്ലെറിയട്ടെ'' (യോഹ 8:7).
തുടര്‍ന്നു നാം വായിക്കുന്നത് ഇങ്ങനെയാണ്: ''അവരിലാര്‍ക്കും അതിനുള്ള ധൈര്യമുണ്ടായില്ല. മുതിര്‍ന്നവര്‍മുതല്‍ ഓരോരുത്തരായി സ്ഥലംവിട്ടു.'' എന്തായിരുന്നു കാരണം? അവരൊക്കെ പാപം ചെയ്തവരായിരുന്നു-ഒരുപക്ഷേ, ആ സ്ത്രീയുമായിത്തന്നെ. അതുകൊണ്ടാണ് അവരാരും അതിനു മുതിരാതിരുന്നത്.
യേശുവിന്റെ ഉത്തരം എത്രയോ ബുദ്ധിപൂര്‍വമാണെന്നു ശ്രദ്ധിക്കുക. അവളെ മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലാന്‍തന്നെയാണ് അവിടുന്നു പറയുന്നത്. പക്ഷേ, ഒരു വ്യവസ്ഥ. ആദ്യം കല്ലെറിയേണ്ടത് അവരില്‍ പാപമില്ലാത്തവരായിരിക്കണം! അവിടെയാണ് അവര്‍ കുടുങ്ങിയത്.
ഒരു കാലത്തും നമ്മുടെ തെറ്റുകള്‍ നാം ഏറ്റുപറയാറില്ല, സമ്മതിക്കാറുമില്ല. അതു മറ്റുള്ളവരുടെമേല്‍, മറ്റു പലതിലും കെട്ടിയേല്പിക്കാനായിരിക്കും നമ്മുടെ എപ്പോഴുമുള്ള ശ്രദ്ധ.
അതാണ്, വ്യഭിചാരക്കുറ്റത്തില്‍ ആ സ്ത്രീയെ അറസ്റ്റു ചെയ്തുകൊണ്ടുവന്നവരുടെ കാര്യത്തിലും സംഭവിച്ചത്. അവളെ പിടിച്ചുകെട്ടാനും കല്ലെറിഞ്ഞുകൊല്ലാനും അവര്‍ അങ്ങേയറ്റം ഉത്സുകരായിരുന്നു. അതേസമയം, സ്വന്തം തെറ്റുകളിലേക്കൊന്ന് എത്തിനോക്കാന്‍ ആരും തയ്യാറായില്ല. ആ വിഷയം യേശു എടുത്തിട്ടപ്പോള്‍ത്തന്നെ അവര്‍ക്കു കാര്യം മനസ്സിലായി.
നമുക്കൊരു തെറ്റുപറ്റിയാല്‍ എന്തായിരിക്കും നാം പ്രതികരിക്കുക?
''മനുഷ്യനായാല്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെന്നിരിക്കും. അതിന് അത്ര വലിയ ഗൗരവം കൊടുക്കാനൊന്നുമില്ല. എനിക്കു പറ്റിയ ആ അമളി ആരും അറിയരുത്.''
ഇനി അതേ തെറ്റ് മറ്റാരെങ്കിലുമാണ് പ്രത്യേകിച്ചും നമുക്കിഷ്ടമില്ലാത്തവരിലാണു സംഭവിച്ചതെന്നു കരുതുക. നമ്മുടെ ചിന്താഗതി നേരേ മറിച്ചായിരിക്കും:
''മനുഷ്യനായാല്‍ സൂക്ഷിക്കണം.
അത് എല്ലാവരും അറിയണം.
ആ തെറ്റ് ഗൗരവമേറിയതാണ്-ശരിക്കും ശിക്ഷിക്കപ്പെടേണ്ടത്.''
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളുടെ കാര്യത്തിലും ആ നിലപാടാണ് ഫരിസേയരും നിയമജ്ഞരും സ്വീകരിച്ചത്.
ആകാശത്തിനു കീഴെയുള്ള സര്‍വതിനെയും വിമര്‍ശിക്കുകയും കുറ്റംപറയുകയും ചെയ്യുന്ന മനുഷ്യരെ നാം കണ്ടുമുട്ടാറില്ലേ? അവരുടെ കാഴ്ചപ്പാടില്‍ ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും കുറ്റവും കുറവുമുള്ളവരാണ് - എന്നുവച്ചാല്‍ അവര്‍മാത്രം പരിപൂര്‍ണര്‍! അവരുടെ വിമര്‍ശനം ഒരുപക്ഷേ, ശരിയായിരിക്കാം. എങ്കിലും, ഒന്നു തീര്‍ച്ചയാണ്. ആ മനുഷ്യരുടെയുള്ളിലും ഒത്തിരി അഴുക്കുണ്ട്. അതവര്‍ക്കറിഞ്ഞുകൂടെന്നുമാത്രം. കുറ്റബോധമുള്ളവര്‍ മറ്റുള്ളവരെ അധികം വിമര്‍ശിക്കാറില്ല.
ആദിപിതാവായ ആദം സര്‍വവിധ സൗഭാഗ്യങ്ങളോടുംകൂടി പറുദീസയില്‍ വാണിരുന്ന കാലത്താണ് തെറ്റു സംഭവിക്കുന്നത്. എങ്കിലും, അതേക്കുറിച്ചു ദൈവം ചോദിച്ചപ്പോള്‍ തെറ്റ് ഹവ്വയിലേക്കു ചാരുകയായിരുന്നു-ഹവ്വാ സര്‍പ്പത്തിലേക്കും (ഉത്പത്തി 3:12-13).
ഗ്രീക്കുസാഹിത്യകാരനായ കസാന്‍ ദ് സാക്കീസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. അദ്ദേഹത്തിന്റെ കുപ്രസിദ്ധിയാര്‍ജിച്ച കൃതിയാണ് ''ദി ലാസ്റ്റ് റ്റെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്'' (യേശുവിന്റെ അന്ത്യപ്രലോഭനം). മരക്കുരിശില്‍ തൂങ്ങിക്കിടന്നു പിടഞ്ഞുപിടഞ്ഞു മരിക്കുന്ന യേശുവിനെ അന്ത്യശ്വാസത്തിലും അലട്ടിയിരുന്നത് മഗ്ദലനമറിയത്തെക്കുറിച്ചുള്ള പ്രലോഭനങ്ങളായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം!
ശമിക്കാത്ത വിഷയാസക്തികളുമായി നിരന്തരം നീറിനിന്ന വ്യക്തിയാണ് കസാന്‍ ദ് സാക്കീസ്. തന്നെപ്പോലെതന്നെ ലൈംഗികവികാരങ്ങളുടെയും കാമാസക്തികളുടെയും അടിമയാണ് സകല മനുഷ്യരുമെന്ന ചിന്തയത്രേ അയാള്‍ക്കുണ്ടായിരുന്നത്.
സ്വന്തം അനുഭവങ്ങളും വികലവികാരങ്ങളും വിശ്വോത്തരവിശുദ്ധിയുള്ളവരിലും ആരോപിക്കുകയായിരുന്നു അയാളുടെ അടുത്ത പരിപാടി. അതാണ്, എല്ലാ മനുഷ്യരുടെയും പാപപ്പരിഹാരാര്‍ത്ഥം കുരിശില്‍ തൂങ്ങിമരിച്ചുകൊണ്ടിരുന്ന യേശുവിലും അത്തരം പ്രലോഭനങ്ങള്‍ ആരോപിക്കുന്നതിന്റെ ഉള്ളിലിരുപ്പ്.
നമ്മെ മാത്രം അളവുകോലാക്കി നാം മറ്റുള്ളവര്‍ക്കു മാര്‍ക്കിടുമ്പോള്‍ നമുക്കു തെറ്റു സംഭവിക്കാം. ആ തെറ്റുകളും കുറ്റങ്ങളും എല്ലാവരിലും കണ്ടുകൊള്ളണമെന്നില്ല. അവിടെയാണ് കസാന്‍ ദ് സാക്കീസിനു പറ്റിയ പിശക്.
തെറ്റു സമ്മതിക്കുക മാനുഷികമല്ല. അതു സമ്മതിക്കാനും ഏറ്റുപറയാനും പരിഹാരം ചെയ്യാനുമുള്ള മനോഭാവമാണ് നമ്മില്‍ വളര്‍ന്നുവരേണ്ടത്. ''തെറ്റ്... ഇതു തുടങ്ങിയതെവിടെനിന്നോ, യഹോവയുടെ ശില്പശാലയില്‍വച്ചോ ഏദന്‍തോട്ടത്തില്‍വച്ചോ...'' എന്നൊക്കെ പാടുന്നവരെ ധാരാളം കാണാന്‍ കഴിയും. തെറ്റുതുടങ്ങുന്നതു നമ്മില്‍നിന്നാണെന്നുള്ള തിരിച്ചറിവു നമുക്കുണ്ടാകണം.
ഒരു തെറ്റും ചെയ്യാത്തവനെങ്കിലും സര്‍വമനുഷ്യരുടെയും തെറ്റ് സ്വമേധയാ ഏറ്റെടുത്തുകൊണ്ട് എല്ലാവര്‍ക്കുംവേണ്ടി പരിഹാരബലിയായവന്‍തന്നെ നമുക്കു മാതൃകയാവട്ടെ.