- പ്രമുഖ ഭാഷാപണ്ഡിതനും ഗവേഷകനുമായിരുന്ന അന്തരിച്ച ഡോ. സ്‌കറിയ സക്കറിയയെ ഡോ. പോള്‍ മണലില്‍ അനുസ്മരിക്കുന്നു
ജ്ഞാനനിക്ഷേപത്തെ ജനാധിപത്യവത്കരിച്ച എഴുത്തുകാരനും പ്രഭാഷകനും ചിന്തകനുമായിരുന്നു ഡോ. സ്‌കറിയ സക്കറിയ. അക്ഷരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും ആര്‍ജിച്ച അറിവും പാണ്ഡിത്യവും തനിക്കു ചുറ്റും നിന്നവര്‍ക്കിടയിലും തന്നെ തേടി വന്നവര്‍ക്കിടയിലും വാരി വിതറിയ അദ്ദേഹം അധ്യാപകവൃത്തിയിലും പ്രഭാഷണകലയിലും ഗവേഷണമാര്‍ഗങ്ങളിലും മാത്രമല്ല, വ്യാപരിച്ച സമസ്തമേഖലകളിലും തനിമയുടെ കൈമുദ്ര ചാര്‍ത്തിക്കൊണ്ട് മരണംവരെയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജ്ഞാനപര്‍വമായിരുന്നു. ജ്ഞാനതപസ്യയിലൂടെ ഭാഷയുടെ അതിരുകളെ വിസ്തൃതമാക്കിയ സ്‌കറിയ സക്കറിയ തന്റെ അറിവിന്റെ അതിരുകളെയും നിരന്തരം വിസ്തൃതമാക്കിയ അപൂര്‍വ വ്യക്തിത്വമായിരുന്നു. ഇപ്രകാരം അതിരുകളില്ലാത്ത അറിവിന്റെ കലവറ സൃഷ്ടിച്ച അദ്ദേഹം അതു തനിക്കു മാത്രമായി കരുതിവയ്ക്കാതെ വിജ്ഞാനദാഹികള്‍ക്കു മുമ്പില്‍ പങ്കുവച്ചു. അറിവിന്റെ അമൃതം കുടത്തിനകത്തു സൂക്ഷിച്ചുവച്ച ഒരു ദേവനായിരുന്നില്ല സ്‌കറിയ സക്കറിയ. സര്‍വമാനജനതയ്ക്കും വെളിച്ചം കവര്‍ന്നുനല്‍കിയ ഗ്രീക്ക് പുരാണത്തിലെ ഐക്കൊറസ്സിനെപ്പോലെ ഇച്ഛാശക്തിയോടെ കൊടുമുടികളില്‍നിന്ന് അറിവുശേഖരിച്ചു സമസ്തജനതയ്ക്കും അദ്ദേഹം പ്രദാനം ചെയ്തു. അധ്യാപകസപര്യയും സാഹിത്യസപര്യയും പ്രഭാഷണസപര്യയും മറ്റും അതിനുള്ള ഉപാധിയാക്കി മാറ്റി. ജ്ഞാനത്തിന്റെ കലവറ മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവയ്ക്കാന്‍ തയ്യാറായതിലൂടെയാണ് അദ്ദേഹം പാണ്ഡിത്യത്തെ ജനാധിപത്യവത്കരിച്ചുവെന്നു വിവക്ഷിക്കാന്‍ കഴിയുന്നത്.
പത്രപ്രവര്‍ത്തകനായി കോട്ടയത്ത് എത്തിയ കാലംമുതലാണ് ഡോ. സ്‌കറിയാ സക്കറിയായുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നത്. അത് ഏതാണ്ട് നാല്പതു സംവത്സരങ്ങള്‍ക്കുമുമ്പാണ്. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായി പഠിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും സമാന്തരമായ അന്വേഷണപാതകളില്‍വച്ചു കണ്ടുമുട്ടുമ്പോള്‍ ഞാനദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായി മാറിയെന്നുള്ളതാണു വസ്തുത. മിഷനറിമലയാളം, ക്രൈസ്തവ സംസ്‌കാരം, ബൈബിള്‍ സൗന്ദര്യശാസ്ത്രം, ക്രൈസ്തവപാരമ്പര്യങ്ങളിലെ തനിമ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ അന്വേഷണങ്ങള്‍ക്കിടയിലാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതെങ്കിലും എനിക്ക് എത്തിനോക്കാന്‍പോലും കഴിയാത്ത വിജ്ഞാനത്തിന്റെ സ്വര്‍ഗലോകങ്ങളിലാണ് അദ്ദേഹം വ്യാപരിക്കുന്നതെന്ന ബോധ്യം എനിക്ക് ആദ്യംമുതലേ അനുഭവപ്പെട്ടു. സ്‌കറിയ സക്കറിയ ഭാഷയില്‍ പരിവര്‍ത്തിച്ചത് വിജ്ഞാനത്തിന്റെ സ്വര്‍ഗലോകത്തിലേക്കുള്ള വഴികാട്ടിയായിട്ടായിരുന്നു.
'ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍' വായിച്ചാണ് ഞാന്‍ ഡോ. സ്‌കറിയ സക്കറിയായെ ആദ്യം സമീപിക്കുന്നത്. ഈ പുസ്തകത്തിന്റെ പ്രൗഢമായ ആമുഖപഠനത്തില്‍ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറുന്നത്. സ്‌കറിയ സക്കറിയ ഈ പുസ്തകം എഴുതുന്നതിനുമുമ്പ് എന്റെ മിത്രമായിരുന്ന സാമുവല്‍ ചന്ദനപ്പള്ളി ഉദയംപേരൂര്‍ സൂനഹദോസിനെപ്പറ്റി ഒരു പുസ്തകം എഴുതിയിരുന്നു. അതിന്റെ വായനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ഞാന്‍ സ്‌കറിയ സക്കറിയായുടെ 'ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍' വായിച്ചത്. അതു വായിച്ചതോടെ കാനോനകളുടെ വായന സമഗ്രമായി എനിക്കനുഭവപ്പെട്ടു. ആ വിഷയത്തിലുള്ള തുടരന്വേഷണത്തില്‍നിന്നു ഞാന്‍ പിന്മാറുകയും ചെയ്തു. ഇപ്രകാരം ഓരോ പുസ്തകത്തിലും അറിവിന്റെ സമഗ്രത സ്‌കറിയ സക്കറിയ പ്രദാനം ചെയ്തു.
'ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍' വായിച്ചതിനുശേഷം എന്റെ അറിവിനെ മറ്റൊരു ചവിട്ടുപടിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ വേറൊരു പഠനം 'വര്‍ത്തമാനപ്പുസ്തക'ത്തിന് എഴുതിയ ആമുഖപഠനമായിരുന്നു. ആമുഖപഠനങ്ങള്‍ എങ്ങനെ ഭാഷയുടെയും സാഹിത്യത്തിന്റെയും അതിരുകളെ വിസ്തൃതമാക്കുന്ന ആമുഖപഠനങ്ങളാക്കി മാറ്റാമെന്നു തെളിയിക്കുന്നതായിരുന്നു സ്‌കറിയ സക്കറിയ എഴുതിയ ഓരോ ആമുഖപഠനവുമെന്ന് ഇത്തരുണത്തില്‍ ഞാനോര്‍ക്കുന്നു. പ്രൊഫ. മാത്യു ഉലകംതറ സംശോധനം ചെയ്ത പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ 'വര്‍ത്തമാനപ്പുസ്തക'ത്തിനു സ്‌കറിയ സക്കറിയ എഴുതിയ ആമുഖപഠനവും എന്റെ ചരിത്രബോധത്തെ ആകര്‍ഷിച്ചെന്നു മാത്രമല്ല, പുതിയ അന്വേഷണങ്ങള്‍ക്കു വഴിതുറക്കാനും എന്നെ പ്രചോദിപ്പിച്ചു. മലയാളത്തിലെ യാത്രാവിവരണപ്രസ്ഥാനത്തിന്റെ പുലര്‍കാലത്തെപ്പറ്റി അന്വേഷിക്കാന്‍ അതൊരു വഴിത്തിരിവായി.
ഡോ. സ്‌കറിയ സക്കറിയായുടെ അഭിരുചികളുടെ കലവറ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി ഭാഷാപഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നു പറയാമെങ്കിലും ഭാഷാശാസ്ത്രം, ഭാഷാചരിത്രം, മലയാള ഭാഷാപഠനം എന്നിവയുടെ ചുറ്റുവട്ടത്തുനിന്ന് അറിവിന്റെ അനന്തമായ ആകാശത്തിലേക്ക് അദ്ദേഹം തന്റെ കൈരളീസപര്യയെ പുനഃപ്രതിഷ്ഠിച്ചു. അതൊന്നും എഴുതിയാല്‍ തീരില്ല. മലയാളത്തില്‍ സംസ്‌കാരപഠനവും താരതമ്യസാഹിത്യപഠനവും ഇത്ര കാമ്പുള്ളതാക്കി മാറ്റിയതു സ്‌കറിയ സക്കറിയ ആയിരുന്നു. ജൂതപഠനം, സ്ത്രീപഠനം, മിഷനറി മലയാളപഠനം, ഫോക്‌ലോര്‍ പഠനം, വിവര്‍ത്തനപഠനം എന്നിങ്ങനെ സ്‌കറിയ സക്കറിയായുടെ മുദ്രപതിപ്പിച്ച എത്രയോ വിജ്ഞാനവഴികളുണ്ട്. അതെല്ലാം മലയാളത്തിന്റെ വഴികള്‍തന്നെയായിരുന്നു. അതുകൊണ്ടാവണം അത്തരം പഠനങ്ങള്‍ സമാഹരിച്ചു ശിഷ്യര്‍ പുറത്തിറക്കിയ പുസ്തകത്തിനു 'മലയാളവഴികള്‍' എന്നു നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തിയവര്‍ പിഎച്ച്.ഡി നേടിയതും വിവിധ വൈജ്ഞാനികമേഖലകളിലെ പഠനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു. അതില്‍ സ്‌പോര്‍ട്ട്‌സും ജനപ്രിയ സാഹിത്യവും പടിയോലയും സിനിമയും നാട്ടറിവുകളും പാട്ടുകളും ഒക്കെ ഉള്‍പ്പെട്ടിരുന്നു.
ഡോ. സ്‌കറിയ സക്കറിയയുടെ പഠനങ്ങള്‍ ഓരോ വിഷയത്തിലും ഓരോ ശാഖയിലുമുള്ള പഠനങ്ങള്‍ക്കുള്ള ആമുഖപഠനങ്ങള്‍തന്നെയായിരുന്നു. 1852 ല്‍ കാതറൈന്‍ ഹന്നാമുല്ലന്‍സ് ബംഗാളിയില്‍ എഴുതിയ 'ഫുല്‍മോനി ഓ കരുണാര്‍ ബിബരണ്‍' എന്ന നോവല്‍ 1858 ല്‍ ജോസഫ് പീറ്റ് 'ഫുല്‍മോനി എന്നും കോരുണ എന്നും, പേരായ രണ്ട് സ്ത്രീകളുടെ കഥ' എന്ന പേരില്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. 1986 ല്‍ അദ്ദേഹം പശ്ചിമ ജര്‍മനിയിലെ ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി സന്ദര്‍ശിച്ച വേളയില്‍ ഈ മലയാളം വിവര്‍ത്തനത്തിന്റെ ഒരു പ്രതി കണ്ടെടുത്ത്, 1989 ല്‍ ഡി.സി. ബുക്‌സ് വഴി പുനഃപ്രസിദ്ധീകരിച്ചു. അതിനുമുമ്പ് ഈ നോവലിനെപ്പറ്റി മനോരമയില്‍ ഒരു കുറിപ്പെഴുതി. അതൊരു ചര്‍ച്ചയായി മാറ്റുക മാത്രമല്ല മലയാളത്തിലെ ആദ്യത്തെ നോവല്‍ ഈ കൃതിയാണെന്നു വ്യക്തമാക്കിക്കൊണ്ടു നോവല്‍സാഹിത്യചരിതംതന്നെ അദ്ദേഹം മാറ്റിയെഴുതി.
പശ്ചിമജര്‍മനിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകൊണ്ട് മലയാളഭാഷയ്ക്കു മറ്റൊരു നേട്ടംകൂടിയുണ്ടായി. അത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സാഹിത്യസംഭാവനകള്‍ കണ്ടെത്താനുള്ള ഒരു വലിയ തീര്‍ത്ഥയാത്രതന്നെയായിരുന്നു. മലയാളഭാഷയ്ക്കും സംസ്‌കാരത്തിനും സാഹിത്യത്തിനും ഗുണ്ടര്‍ട്ട് നല്‍കിയ സംഭാവനകള്‍ മലയാളികളുടെ മുമ്പില്‍ മാത്രമല്ല, ജര്‍മന്‍ജനതയ്ക്കു മുമ്പില്‍പ്പോലും അവതരിപ്പിക്കാന്‍ സ്‌കറിയ സക്കറിയായ്ക്കു കഴിഞ്ഞു. എട്ടു വാല്യങ്ങളിലായിട്ടാണ് ഗുണ്ടര്‍ട്ടിന്റെ അപ്രകാശിതകൃതികള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചത്. എഴുത്തച്ഛനാണോ ഗുണ്ടര്‍ട്ടാണോ ഭാഷയ്ക്കും സാഹിത്യത്തിനും പ്രാതഃസ്മരണീയനായിട്ടുള്ളതെന്നു ചിന്തിക്കത്തക്ക തരത്തില്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകള്‍ ഒന്നൊന്നായി വിലയിരുത്തുന്ന പഠനങ്ങളാണ് ഗുണ്ടര്‍ട്ട് പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡോ. പി.ജെ. തോമസ് എഴുതിയ 'മലയാളസാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തിന് സ്‌കറിയ സക്കറിയ എഴുതിയ പൂരണം സാഹിത്യഗവേഷകര്‍ക്ക് ഒരു പുതിയ വഴി തുറന്നുകൊടുത്തു; 'മിഷനറി' മലയാളത്തില്‍ മാത്രമല്ല 'നസ്രാണി' മലയാളത്തിലും ഇപ്രകാരം സ്‌കറിയ സക്കറിയ പുതിയ അന്വേഷണങ്ങള്‍ നടത്തി. അതുപോലെ, കൊച്ചിയിലെ യഹൂദപെണ്‍കുട്ടികളുടെ പാട്ടുകള്‍ സമാഹരിച്ചു 'കാര്‍കുഴലി' എന്ന പേരില്‍ ഒരു പുസ്തകം 2005 ല്‍ ജറുസലേമിലെ ബെന്‍സ്വി ഇന്‍സ്റ്റിറ്റ്യൂട്ട് വഴി അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇസ്രായേലിലേക്കു കുടിയേറിയ കേരളജൂതര്‍ക്കും ജൂതവിജ്ഞാനികള്‍ക്കും വേണ്ടിയായിരുന്നു ഈ പുസ്തകം തയ്യാറാക്കിയത്. ജൂതമലയാളത്തെക്കുറിച്ചും കേരളീയജൂതരുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം നടത്തിയ ആഴത്തിലുള്ള പഠനത്തിന്റെ ഒരു ഫലമായിരുന്നു ഈ പുസ്തകം.
'കാര്‍കുഴലി' കേരളത്തില്‍ പുനഃപ്രസിദ്ധീകരിക്കാനുള്ള ഭാഗ്യം എനിക്കാണു ലഭിച്ചത്! കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു അതിനുള്ള അവസരം ലഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയിലായിരുന്നു അന്ന് മുസിരിസ് പൈതൃകപദ്ധതിക്കു വേണ്ടിയുള്ള പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ടൂറിസം വകുപ്പിന്റെ ഒരു കര്‍മപദ്ധതിയായിരുന്നു ഇത്. ജര്‍മന്‍ചിത്രകാരനായ റെയ്‌നല്‍ സ്‌കോഡര്‍ വരച്ച അതിമനോഹരമായ ചിത്രങ്ങള്‍ സഹിതമാണ് 'കാര്‍കുഴലി' പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന് സ്‌കറിയ സക്കറിയ എഴുതിയ ആമുഖപഠനവും അതിശ്രദ്ധേയമാണ്. ഇപ്രകാരം മലയാളത്തില്‍ വൈജ്ഞാനികസാഹിത്യരംഗത്തു പഠനങ്ങളിലൂടെ ഒരു ''കണ്‍വേര്‍ജന്‍സ്'' നടത്തിയ സ്‌കറിയ സക്കറിയായെ നമുക്കെങ്ങനെ മറക്കാന്‍ കഴിയും?