•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാധ്യമകുലപതിയുടെ മഹായാനങ്ങള്‍

ലോകവാര്‍ത്താവിനിമയരംഗത്ത് ശതവര്‍ഷം പൂര്‍ത്തിയാക്കിയ ബിബിസിയുടെ ചരിത്രവഴികളിലൂടെ ഒരു  യാത്ര.

സൂര്യാസ്തമയമില്ലാതിരുന്ന മഹാസാമ്രാജ്യത്തിന്റെ ഏറ്റവും വിശിഷ്ടമായ സംഭാവനയെന്താണ്? അഥവാ ബ്രിട്ടീഷ് സാമ്രാജ്യം ലോകത്തിനു നല്‍കിയതെന്തെല്ലാമാണ്? ഇംഗ്ലീഷ് വിദ്യാഭ്യാസംമുതല്‍ ഒട്ടേറെയുള്ളതുകൊണ്ട് ഒറ്റ വാക്കില്‍ ഉത്തരം പറയാനാകില്ല. എന്നാല്‍, ലോകഗതിതന്നെ മാറ്റിമറിച്ച ബ്രിട്ടീഷ് സംഭാവന എന്തെന്നു ചോദിച്ചാല്‍ സംശയലേശമെന്യേ ഒറ്റ വാക്കില്‍ ഉത്തരം പറയാം: വാര്‍ത്താവിനിമയം. വാര്‍ത്താവിപ്ലവം എന്നു പറഞ്ഞാലും തെറ്റില്ല. കാരണം, വാര്‍ത്താവിനിമയരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നത്. അതിനു നിമിത്തമായതാകട്ടെ, ബിബിസിയും (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍).
വാര്‍ത്താവിനിമയരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ബിബിസിക്ക് നൂറു വയസ്സു തികയുന്നു. ലോകത്താദ്യമായി ഏകീകൃതമായ രീതിയില്‍ ഒരു വാര്‍ത്താവിനിമയസംവിധാനം കൊണ്ടുവന്നതു ബിബിസിയാണ്. വാര്‍ത്തകളെ വലിയ സാധ്യതകളാക്കി മാറ്റിയ ഒരു മഹത്തായ കണ്ടുപിടിത്തം. വൈജ്ഞാനികരീതിയില്‍ തുടങ്ങിയ വാര്‍ത്താവിതരണം ഇന്നു ലോകത്ത്  ഏറ്റവും വിപണനസാധ്യതയുള്ള  ഉത്പന്നമാണ്. മൂല്യശോഷണം എന്നൊക്കെ നമുക്കു വ്യാഖ്യാനിക്കാമെങ്കിലും വാര്‍ത്താവിതരണ- വിപണനരംഗത്തു വന്നിട്ടുള്ള മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഇത്തരുണത്തില്‍ ലോകമാധ്യമചരിത്രത്തില്‍ പ്രഥമസ്ഥാനമുള്ള ബിബിസിയുടെ നൂറു വര്‍ഷത്തെ വളര്‍ച്ചയും വികാസവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ബിബിസിയുടെ തുടക്കം
ബിബിസി 1922 ഒക്‌ടോബര്‍ 18 നാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യമായി വാര്‍ത്താപ്രക്ഷേപണം നടത്തിയത് നവംബര്‍ 14-ാം തീയതിയാണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നായിരുന്നു അന്നത്തെ നാമധേയം. പിന്നീട് 1972 ലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനായി രൂപാന്തരപ്പെട്ടത്.
ഒന്നാംലോകമഹായുദ്ധത്തിന്റെ സന്തതിയാണു ബിബിസിയെന്നു പറയാം. യുദ്ധസമയത്ത് വയര്‍ലെസ് സംവിധാനം ഏറെ പ്രയാസപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് മിലിട്ടറി ഉദ്യോഗസ്ഥരാണു ബ്രോഡ്കാസ്റ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന  ആശയം മുന്നോട്ടുവച്ചത്. ജനറല്‍ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇതു നടപ്പാക്കാനുള്ള ചുമതല. റേഡിയോ സാങ്കേതികവിദ്യ നിര്‍മിക്കുന്നവര്‍ക്കു മാത്രമായി എട്ടു സ്റ്റേഷനുകള്‍ക്കു ലൈസന്‍സ് അനുവദിക്കുക എന്നതായിരുന്നു ആദ്യപദ്ധതി. 1922 മേയ് 18-ാം തീയതി ഇതു സംബന്ധിച്ച് ഒരു യോഗം നടന്നു. ഈ യോഗത്തില്‍ രൂക്ഷമായ ആശയസംഘട്ടനം നടന്നു. പ്രാദേശികമായി ഒരു സ്റ്റേഷനെന്ന ആശയത്തോടു നിര്‍മാതാക്കള്‍ യോജിച്ചില്ല. രാജ്യംമുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു ബ്രോഡ്കാസ്റ്റിങ് സംവിധാനത്തോടായിരുന്നു അവര്‍ക്കു താത്പര്യം. റേഡിയോ കണ്ടുപിടിച്ച മര്‍ക്കോണിയുടെ കമ്പനിതന്നെയാണ് എട്ടു സ്റ്റേഷനുകള്‍ക്കുപകരം വിപുലമായ ഒരു ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന ആശയം മുന്നോട്ടുവച്ചത്. ബിബിസി എന്ന സ്ഥാപനത്തിന്റെ തുടക്കത്തിലേക്കു നയിച്ച ആദ്യാശയം ഇതായിരുന്നു. ഇതിനും ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. അതായത്, 1897 ല്‍. അതിന്റെ ഏറ്റവും വിപ്ലകരമായ പരിണാമമായിരുന്നു ബിബിസി എന്നു പറയാം.
തുടക്കം 1000 വാക്കുകളില്‍
1922 നവംബര്‍ 14-ാം തീയതി വൈകിട്ട് ആറു മണിക്ക് ബിബിസിയുടെ ആദ്യവാര്‍ത്ത പുറത്തുവന്നു. മര്‍ക്കോണി സ്ഥാപിച്ച 2 എല്‍ ഒ സ്റ്റേഷനില്‍നിന്ന് വാര്‍ത്ത വായിച്ച ആര്‍തര്‍ ബൊറോസാണു ബിബിസിയുടെ വിക്ഷേപണത്തിനു തുടക്കമിട്ടത്. അധികംപേരൊന്നും ആ വാര്‍ത്ത കേട്ടിരിക്കില്ല. വളരെ പരിമിതമായ ദൂരത്തുമാത്രമേ അതു ലഭ്യമാകുമായിരുന്നുള്ളൂ.
തുടക്കത്തില്‍ രണ്ടു വര്‍ഷത്തേക്കായിരുന്നു ലൈസന്‍സ് നല്‍കിയിരുന്നത്. പരസ്യം നല്‍കാന്‍ പാടില്ല എന്നും നിയമമുണ്ടായിരുന്നു. റേഡിയോ സൈറ്റുകള്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന റോയല്‍റ്റിയും ശ്രോതാക്കളില്‍നിന്നു പിരിച്ചിരുന്ന വാര്‍ഷികലൈസന്‍സ് ഫീസുമായിരുന്നു കമ്പനിയുടെ വരുമാനസ്രോതസ്സ്. ആദ്യകാലങ്ങളില്‍ റേഡിയോയ്ക്കു ലൈസന്‍സ് എടുക്കണമായിരുന്ന ഇന്ത്യയിലും ഈ നിയമം വളരെക്കാലം നിലനിന്നു.
റേഡിയോ പ്രചരിപ്പിക്കാന്‍
വാരിക
അതേ, അങ്ങനെയും ഒരു പരീക്ഷണം ബിബിസി നടത്തിയിരുന്നു. റേഡിയോ പരിപാടികളുടെ വിശദാംശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു ആഴ്ചപ്പതിപ്പു പ്രസിദ്ധീകരിച്ചുതുടങ്ങി. റേഡിയോ ടൈംസ് എന്ന പേരില്‍ 1923 സെപ്റ്റംബറില്‍ റേഡിയോയെക്കുറിച്ചും റേഡിയോ പ്രോഗ്രാമുകളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് റേഡിയോ ടൈംസ് ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങി. ആദ്യകാലത്ത് രണ്ടരലക്ഷം കോപ്പികളാണ് അച്ചടിച്ചിരുന്നത്. ഈ പ്രസിദ്ധീകരണം ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുകയും റേഡിയോ ടൈംസിന്റെ പ്രചാരം ആറുലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു. ബിബിസിയുടെ പ്രചാരത്തിന്റെ ഗതിവേഗത്തെയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.
വിഭജനത്തിലൂടെ വികസനം
1940 കാലഘട്ടമായപ്പോഴേക്കും ബിബിസി വളര്‍ച്ചയുടെ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു. ഈ അവസരത്തില്‍ ഈസ്റ്റേണ്‍ സര്‍വീസ്, പസഫിക് സര്‍വീസ് എന്നിങ്ങനെ ബിബിസിയുടെ വിദേശവിഭാഗം വിഭജിക്കപ്പെട്ടു. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നിവയൊക്കെ ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍വീസിലാണ് ഇന്ത്യയും ഉള്‍പ്പെട്ടത്.
1940 മേയ് 11-ാം തീയതി ബിബിസി ഇന്ത്യയിലും വാര്‍ത്താപ്രക്ഷേപണത്തിനു തുടക്കമിട്ടു. ഹിന്ദി, ഉറുദു ഭാഷകളില്‍ ഏതാനും മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന വാര്‍ത്തമാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. പിന്നീടു രണ്ടു മണിക്ക് റിലേ ദൈര്‍ഘ്യമുള്ള പരിപാടികളും വന്നുതുടങ്ങി. 1941 ല്‍ മറാഠിയിലും 1944 ല്‍ ബിബിസി ബംഗാളിയും ആരംഭിച്ചു.
ബിബിസിയുടെ 
ഇന്ത്യന്‍ മുഖം
ബിബിസിയുടെ ഇന്ത്യന്‍മുഖം എന്നു വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്ക് ടളി എന്ന ബ്രിട്ടീഷുകാരനാണ് ബിബിസിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടതെന്നു പറയാം. പേരിലും കാഴ്ചയിലും മാത്രം ബ്രിട്ടീഷുകാരനെന്നും ബാക്കിയെല്ലാം ഇന്ത്യക്കാരനെന്നുമാണ് ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദി നന്നായി സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന മാര്‍ക്ക് ടളി ഇന്ത്യന്‍ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതില്‍ തികച്ചും തത്പരനായിരുന്നു.
1965 ല്‍ മാര്‍ക്ക് ടളി ഇന്ത്യയിലെത്തി. മികച്ച പ്രവര്‍ത്തനംകൊണ്ട് ബിബിസി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത്  അദ്ദേഹത്തിനു ലണ്ടനിലേക്കു മടങ്ങേണ്ടിവന്നു. അസ്വാതന്ത്ര്യം ഏതു രൂപത്തിലായാലും തുറന്നെതിര്‍ക്കുന്ന അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിനു കഴിഞ്ഞില്ല. മാധ്യമസെന്‍സര്‍ഷിപ്പുപോലുള്ള പാരതന്ത്ര്യം അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 1975 ല്‍ ലണ്ടനിലേക്കു മടങ്ങിയ മാര്‍ക്ക് ടളി അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യയിലേക്കു തിരിച്ചുവന്നു.
ബിബിസിയുടെ ടുഡേ, ദ വേള്‍ഡ് അറ്റ് വണ്‍, ഫ്രം അവര്‍ ഓണ്‍ കറസ്‌പോണ്ടന്റ് തുടങ്ങിയ വാര്‍ത്താപരിപാടിയുടെ സ്ഥിരം ശബ്ദമായിരുന്നു മാര്‍ക്ക് ടളി. എന്നാല്‍, പിന്നീട് അദ്ദേഹം കമ്പനിയുമായി അകന്നു. 1994 ല്‍ 30 വര്‍ഷം നീണ്ട ബിബിസിയിലെ സേവനം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനായി എന്നും വാദിച്ചിരുന്ന മാര്‍ക്ക് ടളി എന്ന പത്രപ്രവര്‍ത്തകന് പുതിയ മാധ്യമസംസ്‌കാരം ഉള്‍ക്കൊള്ളാനായില്ല എന്നതാണു വസ്തുത.
ബിബിസി ഇന്ന്
1922 നവംബര്‍ 14 ന് ലണ്ടനിലെ മര്‍ക്കോണി ഹൗസില്‍നിന്ന് തീര്‍ത്തും പരിമിതമായ സൗകര്യങ്ങളോടെ പ്രക്ഷേപണം ആരംഭിച്ച ബിബിസി ഇന്ന് വളര്‍ച്ചയുടെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. റേഡിയോ പ്രക്ഷേപണം മാത്രമായി തുടങ്ങിയെങ്കിലും പിന്നീട് ടി.വി. സംപ്രേക്ഷണത്തിലും ചുവടുറപ്പിച്ചു.
വിവരസാങ്കേതികരംഗത്തു വന്‍കുതിച്ചുചാട്ടമുണ്ടായതോടെ എണ്ണമറ്റ രീതിയില്‍ വാര്‍ത്താമാധ്യമങ്ങള്‍ ഉണ്ടായെന്നു പറയാം. എന്നാലിന്നും ലോകമാധ്യമഗുരുവായി ബിബിസി നിലനില്‍ക്കുന്നു എന്നതാണു വസ്തുത. തുടക്കംമുതല്‍ അവര്‍ പ്രകടിപ്പിച്ച പ്രഫഷണലിസവും ആര്‍ജവവും തന്നെയാണിതിനു കാരണം. വളര്‍ച്ചയുടെ കാര്യത്തിലും ബിബിസിയെ വെല്ലാന്‍ മറ്റൊരു കമ്പനിക്കും കഴിഞ്ഞിട്ടില്ല.
നേരത്തേ സൂചിപ്പിച്ചതുപോലെ വളരെ ചെറിയ തുടക്കമായിരുന്നെങ്കിലും വളര്‍ച്ചയും അതിവേഗമായിരുന്നു. ലോകത്ത് ഒരു നവീനമാധ്യമസംസ്‌കാരം സൃഷ്ടിക്കാന്‍ ബിബിസിക്കു കഴിഞ്ഞു.
എട്ടു ടി.വി. ചാനലുകള്‍, അമ്പതിലേറെ റേഡിയോ സ്റ്റേഷനുകള്‍, വമ്പന്‍ വെബ്  സൈറ്റ്-ബിബിസി കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം വളരുകയാണ്. ഏതാണ്ട് 43 ഭാഷകളില്‍ ഇന്നു ബിബിസിയുടെ സേവനം ലഭ്യമാണ്. അമ്പത്തിരണ്ടായിരം കോടി (52,000) രൂപയുടെ വിപണനമൂല്യം ഇന്നു ബിബിസിക്കുണ്ടെന്നു കരുതപ്പെടുന്നു.
നൂറ്റാണ്ടിലെ നിറവിലെത്തുന്ന സന്തോഷത്തിലും സ്വകാര്യവത്കരണം എന്ന ഭീഷണി ബിബിസിയെ വേട്ടയാടുന്നുണ്ട്. സ്വകാര്യവത്കരിച്ചാല്‍ ഇതുവരെ ബിബിസി കാത്തുസൂക്ഷിച്ച വിശ്വാസ്യത നഷ്ടപ്പെടും  എന്നു കരുതുന്നവരുണ്ട്. ബ്രിട്ടനില്‍ പൊടുന്നനേയുണ്ടായ ഭരണമാറ്റം ബിബിസിയുടെ ഭാവിയെ  എങ്ങനെ ബാധിക്കും എന്നു പ്രവചിക്കാന്‍ കഴിയില്ല. എന്തായാലും, നൂറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ബിബിസി  തന്നെയാണ് ഇന്നും ലോകമാധ്യമങ്ങള്‍ക്കു പ്രചോദനമാകുന്നത്. ബിബിസിയുടെ ചരിത്രം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)