വൈവിധ്യമാര്‍ന്ന ഭാഷാസംസ്‌കാരങ്ങളുടെ ഒരു സങ്കലനമാണ് ഇന്ത്യ എന്ന ബഹുരാഷ്ട്രം. ചെറുചെറു നാട്ടുരാജ്യങ്ങളായിരുന്നവയെ ഒന്നിച്ച് ഇന്ത്യ എന്നൊരു അതിര്‍ത്തിക്കുള്ളില്‍ ചേര്‍ത്തപ്പോള്‍ ജനതയെ ഭരിക്കുന്നതിന് ഒരു ഭാഷ അത്യന്താപേക്ഷിതമായിത്തീര്‍ന്നു. അതുവരെയും അടിച്ചമര്‍ത്തലിന്റെ ഭാഷയായിരുന്ന ഇംഗ്ലീഷിനെത്തന്നെ അതിനുവേണ്ടി തിരഞ്ഞെടുത്തു. ഇംഗ്ലീഷിനു പകരം എന്തുകൊണ്ട് ഹിന്ദി ആയിക്കൂടാ എന്ന ചിന്തയിലാണു നിലവിലെ രാഷ്ട്രഭാഷാപഠനം ഉദിക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയില്‍ 43.63 ശതമാനംപേര്‍ ഹിന്ദി മാതൃഭാഷയായി സംസാരിക്കുന്നു. 52.8 കോടി ജനങ്ങളുടെ മാതൃഭാഷയാണ് ഹിന്ദി. 56 ഭാഷാഭേദങ്ങള്‍ ഉള്‍പ്പെട്ടതാണ് 43.63 ശതമാനം ആളുകള്‍ സംസാരിക്കുന്ന ഈ ഹിന്ദി. അതായത്, ഹിന്ദി എന്നത് ഒട്ടനവധി മാതൃഭാഷകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പൊതുനാമമായി മാറുന്നു. 2001 സെന്‍സസില്‍ 49 ഭാഷകള്‍ ഹിന്ദിയുടെ ഭാഷാഭേദങ്ങളായി മാറി. ഈ ഭാഷകളില്‍ ഭൂരിഭാഗവും ഭാഷാശാസ്ത്രപരമായി സ്വതന്ത്രഭാഷകളാകാന്‍ യോഗ്യതയുള്ളതും എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടാത്തതുമാണ്. ഷെഡ്യൂള്‍ഡ് ഭാഷയായി മാറ്റണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ള ഒട്ടനവധി ഭാഷകള്‍ ഈ 56 ഭാഷാഭേദങ്ങളില്‍ ഉള്‍പ്പെടുന്നു. അതായത്, ഹിന്ദിയുടെ ഭാഷാഭേദം എന്നു കണക്കാക്കിയിട്ടുള്ള പല ഭാഷകളും സ്വന്തമായി അസ്തിത്വം ഉള്ളവയാണ്.
ഹിന്ദിയുടെ ഭാഷാഭേദങ്ങളെന്നു പറയപ്പെടുന്ന ഭാഷകളില്‍ പ്രധാന ഭാഷയായ രാജസ്ഥാനി 1961 ലെ സെന്‍സസ് പ്രകാരം ഒരു സ്വതന്ത്രഭാഷയായിരുന്നു. 2011 ലെ സെന്‍സ് പ്രകാരം 2.58 കോടിയിലധികം ആളുകളാണ് രാജസ്ഥാനി സംസാരിക്കുന്നത്. അതുപോലെ ഭോജ്പുരി 5 കോടിയിലധികം ആളുകളും ഛത്തീസ്ഗരി 1.62 ലക്ഷത്തിലധികം ആളുകളും പഹാരി 32 ലക്ഷത്തിലധികം ആളുകളും നാഗ്പുരി 7 ലക്ഷത്തിലധികവും ഗജ്ജരി 12 ലക്ഷത്തിലധികവും ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ഹിന്ദിയുടെ ഭാഷാഭേദമായി ഉള്‍പ്പെടുത്തിയിരിക്കുന്ന നിരവധി ഭാഷകള്‍ ലക്ഷക്കണക്കിനുപേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്നതും സ്വന്തമായി നിലനില്പുള്ളവയുമാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന്റെ ഭാഷയായ 'ഹിന്ദി'യെ ഔദ്യോഗികഭാഷയാക്കണമെന്നു പറയുമ്പോള്‍ അമ്പത്താറോളം ഭാഷാഭേദങ്ങളെ അവഗണിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 22 ഭാഷകളില്‍ ഒന്നുമാത്രമാണ് ഹിന്ദി.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഏതൊരു പൗരനും അവന്റെ മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പരീക്ഷകളൊക്കെയും ഹിന്ദിയിലാക്കുകയും ഉദ്യോഗസ്ഥര്‍ ഹിന്ദി പഠിച്ചിരിക്കണമെന്നു നിര്‍ബന്ധം പറയുകയും ചെയ്യുമ്പോള്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന വലിയൊരു വിഭാഗത്തെ മാറ്റിനിര്‍ത്തുകയാണു ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ 1369 മാതൃഭാഷകളുണ്ട്. ഹിന്ദി ഔദ്യോഗികഭാഷയാകുമ്പോള്‍ ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യമാര്‍ന്ന ഭാഷാസംസ്‌കാരവും ഇല്ലാതാകുമെന്നും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള അടിച്ചമര്‍ത്തലാണതെന്നും പറയുമ്പോള്‍ 10000 ല്‍ താഴെ ഭാഷകരില്ലാത്ത ഭാഷകളെയൊന്നും ഭാഷകളായിക്കൂടി കണക്കാക്കാന്‍ സാധിക്കില്ലെന്നും വരുന്നു. നാം മാറ്റിനിര്‍ത്തുന്ന ഒട്ടനവധി ആദിവാസിഭാഷകളെക്കുറിച്ചും ഇവിടെ ചിന്തിക്കേണ്ടതുണ്ട്. അതായത്, കേരളത്തിന്റെ സാഹചര്യത്തില്‍ ഭൂരിപക്ഷഭാഷയായ മലയാളം മുപ്പത്തിമൂന്നോളം ആദിവാസിഭാഷകളെയും തമിഴ്, തുളു, കന്നഡ എന്നീ ഭാഷകള്‍ സംസാരിക്കുന്ന ഭാഷാന്യൂനപക്ഷങ്ങളെയും തമസ്‌കരിക്കുകതന്നെയാണു ചെയ്യുന്നത്. കേരളത്തിലെ ആദിവാസിക്കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 33 ആദിവാസിഭാഷകള്‍ മലയാളം എന്ന ഒറ്റ ലേബലില്‍ ഒതുങ്ങുന്നു.
ഭാഷയെ പരിഗണിക്കാതിരിക്കുമ്പോള്‍ അവ സംരക്ഷിക്കപ്പെടാതിരിക്കുകയും വളരെപ്പെട്ടെന്നു നശിച്ചുപോവുകയും ചെയ്യുന്നു. ഒരു രാജ്യത്തെ ഭാഷാനയം ചില പ്രത്യേകഭാഷകള്‍ക്കു മാത്രം അനുകൂലമാകുകയും അതു വലിയൊരു വിഭാഗം ഭാഷകളെ ഉന്മൂലനം ചെയ്യാന്‍ കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തെ ഭാഷാവധം എന്നു വിളിക്കാം. ഭാഷാസാമ്രാജ്യവാദം കൊളോണിയല്‍ കാലത്ത് ഇംഗ്ലീഷിന്റെ പേരിലായിരുന്നെങ്കില്‍ ഇന്നതു ഹിന്ദിയുടെ പേരിലാണ്.
രാഷ്ട്രീയമായി ചിന്തിക്കുമ്പോള്‍ അധികാരത്തിന്റെ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭാഷ. ഒരു ജനതയെ അടിച്ചമര്‍ത്തുംമുമ്പ് ആദ്യം ചെയ്യുന്നത് ഭാഷാപരമായ അധികാരം സ്ഥാപിക്കലാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ഹിന്ദി ദേശീയഭാഷയാക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നു. ഒരു ഭാഷ ദേശീയഭാഷ ആക്കുന്നുവെങ്കില്‍ അത് ഹിന്ദുസ്ഥാനി ആയിരിക്കണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. അന്ന് അഹിന്ദിപ്രദേശത്തുള്ളവരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഹിന്ദി ഔദ്യോഗികഭാഷയായില്ല. എന്നാല്‍, ഹിന്ദിയാണ് നമ്മുടെ ദേശീയഭാഷയെന്ന് ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരെ ഇക്കാലമത്രയും പറഞ്ഞുപറ്റിച്ചു.
ഒരു രാജ്യം മുഴുവനും ഒരു ഭാഷ ഒരുപോലെ ഉപയോഗിക്കപ്പെടുമ്പോഴും ഭൂരിപക്ഷംപേരും ആ ഭാഷ സംസാരിക്കുമ്പോഴുമാണ് അതു ദേശീയഭാഷ ആകുന്നത്. ഇന്ത്യപോലൊരു ബഹുഭാഷാരാഷ്ട്രത്തിന് അതു സാധ്യമല്ല. കന്യാകുമാരിമുതല്‍ കാശ്മീര്‍വരെ ഒരേ തോതില്‍ ഹിന്ദിമാധ്യമത്തില്‍ ആശയവിനിമയം നടത്തുകയും അതു പൊതുഭാഷയായി ഉപയോഗിക്കുകയും വേണം. എങ്കില്‍ മാത്രമേ ഹിന്ദി ദേശീയഭാഷയാകൂ. ഹിന്ദി ദേശീയഭാഷയാക്കാനുള്ള പരിശ്രമം നടന്നപ്പോള്‍ വെറും 30 ശതമാനം മാത്രമായിരുന്നു ഹിന്ദി സംസാരിക്കുന്നവര്‍. കുറഞ്ഞത് 70 ശതമാനം ആളുകളെങ്കിലും സംസാരിക്കുമ്പോഴേ ദേശീയഭാഷയാകൂ.
2011 ലെ സെന്‍സസ് പ്രകാരം 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ഹിന്ദി പ്രധാന ഭാഷയായി സംസാരിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവര്‍ ഏറ്റവും കുറവ് കേരളത്തിലാണ് (0.6 ശതമാനം).
നാനാത്വത്തില്‍ ഏകത്വമെന്ന മഹത്ത്വം കാത്തുസൂക്ഷിച്ചുപോന്നിരുന്ന, ഏതു ഭാഷ സംസാരിക്കാനും ഏതു മതത്തില്‍ വിശ്വസിക്കാനും പൗരന് ഭരണഘടനാധിഷ്ഠിതമായ അവകാശമുള്ള ഇന്ത്യയില്‍ ഭാഷയുടെയും മതത്തിന്റെയും പേരില്‍ ഭിന്നത ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍തന്നെ മാതൃഭാഷയെ അന്യമാക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിവച്ചിരിക്കുന്നു. ഏത് അധികാരസ്ഥാനത്തുനിന്നായാലും ഇത്തരം പ്രവണതകള്‍ തിരുത്തപ്പെടേണ്ടതുതന്നെയാണ്. ലോകം ബഹുദൂരം മുന്നോട്ടു കുതിക്കുമ്പോള്‍ നമ്മുടെ രാജ്യം അതിവേഗം പിന്നോട്ടുപോകുന്നതിനെ ഒരിക്കലും അനുവദിച്ചുകൂടാ!