•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുഞ്ഞച്ചന്‍ എന്നെ തൊട്ടു

വാഴ്ത്തപ്പെട്ട േതവര്‍പറമ്പില്‍ കുഞ്ഞച്ചനെ രാമപുരത്തു കുഞ്ഞച്ചന്‍ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. കുഞ്ഞച്ചനെ ഓര്‍മിക്കുമ്പോഴൊക്കെ രാമപുരം എന്നു പുകള്‍പെറ്റ ശ്രീരാമപട്ടണമാണ് എന്റെ മനസ്സിലേക്കാദ്യം ഓടിയെത്തുക. കാരണം, രാമപുരവുമായി എനിക്കത്രമേല്‍ ബന്ധമുണ്ട്. 
എന്റെ അമ്മവീട് രാമപുരം ഇടവകയില്‍ പൂവക്കുളം ഭാഗത്തായിരുന്നു. എനിക്ക് ജ്ഞാനസ്‌നാനം ലഭിച്ചതും രാമപുരം സെന്റ് ആഗസ്തീനോസ് ദൈവാലയത്തില്‍ വച്ചുതന്നെ. കുഞ്ഞച്ചനാണോ എനിക്കു ജ്ഞാനസ്‌നാനം നല്കിയതെന്ന് ഓര്‍മിച്ചെടുക്കാന്‍ പറ്റിയവിധത്തില്‍ എന്റെ അമ്മവീട്ടില്‍ പഴമക്കാര്‍ ആരും ശേഷിച്ചിട്ടില്ല. അവരൊക്കെ ജീവിതനാടകത്തിന്റെ അവസാനരംഗവും ആടിത്തീര്‍ത്ത് അരങ്ങൊഴിഞ്ഞിരിക്കുന്നു. രാമപുരം സെന്റ് ജോസഫ് പാരലല്‍ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ കുറച്ചുകാലം.
ഓര്‍മവച്ചകാലംമുതല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ രാമപുരത്തെ പെരുനാളിന് കൃത്യമായി ഞങ്ങളെത്തിയിരുന്നു. ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതിയിലെ രാത്രിപ്പെരുന്നാളിന്റെ ഓര്‍മ ഒരു ചെറിയപൂരംപോലെ ഇപ്പോഴും മനസ്സിലുണ്ട്. പില്‍ക്കാലത്ത് അവസരം കിട്ടുമ്പോഴൊക്കെ കുഞ്ഞച്ചന്റെ ശ്രാദ്ധത്തിനുമെത്തിയിരുന്നു.
എന്നാല്‍, ഇതൊന്നുമല്ല രാമപുരവുമായുള്ള ബന്ധത്തിന് എന്നില്‍ നാന്ദികുറിച്ചത്. അതിനു കാരണം ലളിതാംബിക അന്തര്‍ജനംതന്നെ. എന്റെ ഹൈസ്‌കൂള്‍ കാലത്തോ പ്രീഡിഗ്രിക്കാലത്തോ ആണ് ഞാന്‍ അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി വായിക്കുന്നത്. അതിനുശേഷം പലവട്ടം ഞാനാ നോവല്‍ വായിച്ചിട്ടുണ്ട്. അഗ്നിസാക്ഷിയിലെ കഥാപാത്രങ്ങളുടെ ഓര്‍മകളുമായി രാമപുരത്തിന്റെ ഇടവഴികളിലൂടെ ഞാന്‍ ഒരുപാടു വട്ടം നടന്നിട്ടുണ്ട്. പക്ഷേ, ഒരിക്കലും ലളിതാംബിക അന്തര്‍ജനത്തെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കു ലഭ്യമായതുമില്ല.
രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് ഞാന്‍ വായിച്ചിട്ടുണ്ട്, കവിത എനിക്കത്ര പെട്ടെന്ന് വഴങ്ങുന്ന ഒന്നല്ലെങ്കിലും. പക്ഷേ, പാറേമ്മാക്കല്‍ ഗോവര്‍ണദോരച്ചന്റെ ''വര്‍ത്തമാനപ്പുസ്തകം' എന്ന പുസ്തകം ഞാന്‍ കണ്ടിട്ടുപോലുമില്ല. മലയാളത്തിലെ ആദ്യത്തെ  സഞ്ചാരസാഹിത്യകൃതി എന്നവകാശപ്പെടുന്ന വര്‍ത്തമാനപ്പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നൊരു ചെറിയ വിങ്ങല്‍ ഇപ്പോള്‍ മനസ്സിലുണ്ടുതാനും.
എന്നാല്‍, രാമപുരത്തു കുഞ്ഞച്ചന്റെ പുണ്യജീവിതം ഒരു നോവലായി എഴുതുകയെന്ന ആശയം എന്നില്‍ രൂപപ്പെട്ടത് എപ്പോഴാണെന്ന് എനിക്കു നിശ്ചയം പോരാ. എങ്ങനെയോ എപ്പോഴോ അങ്ങനെയൊരാഗ്രഹം എന്നില്‍ രൂഢമൂലമായി. ഒരുപക്ഷേ, അതെന്റെ നിയോഗമായിരുന്നിരിക്കണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഒരു വേനല്‍ക്കാലസായാഹ്നത്തിലാണ് ഞാന്‍  പാലായില്‍നിന്നു രാമപുരംവഴി കൂത്താട്ടുകുളത്തിനു പോരുന്നത്. രാമപുരത്തെത്തിയപ്പോള്‍ പള്ളിയും പള്ളിമൈതാനവും പോക്കുവെയിലില്‍ കുളിച്ചു കിടക്കുന്നു. ആ കാഴ്ച ഒരു സുഖദസ്വപ്നംപോലെ മനോഹരമായിരുന്നു.
ഞാന്‍ രാമപുരത്തു ബസിറങ്ങി. അന്തിവെയില്‍ നീന്തി മൈതാനവശത്തെ മരങ്ങളുടെ നിഴലുകള്‍ പിന്നിട്ട് ഞാന്‍ കുഞ്ഞച്ചന്റെ കബറിടത്തിലെത്തി.
പള്ളി ശൂന്യമായിരുന്നു. കുഞ്ഞച്ചന്റെ കബറിടത്തിനു മുമ്പിലും പള്ളിയിലും മോണ്ടളത്തിലും ആരും ഉണ്ടായിരുന്നില്ല. അങ്ങനെയൊരവസ്ഥയില്‍ ആദ്യമായിട്ടാണു ഞാന്‍ കുഞ്ഞച്ചന്റെ കബറിടം കാണുന്നത്.
ഞാനും കുഞ്ഞച്ചനും മാത്രമായി കുറെ നിമിഷങ്ങള്‍. ഞാന്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല. എന്റെ ഏകപ്രാര്‍ത്ഥന ലോകത്തിലെല്ലാവരും സുഖമായിരിക്കണേ എന്നല്ലാതെ, എനിക്കുവേണ്ടി പരിദേവനങ്ങളൊന്നും ഒരു സന്നിധിയിലും ഞാന്‍ സമര്‍പ്പിക്കാറില്ല. ലോകനിയന്താവിന് എല്ലാം അറിയാന്‍ കഴിയും. എന്റെ സങ്കടങ്ങളാണ് എന്റെ പ്രാര്‍ത്ഥന.
പക്ഷേ, മൗനമുദ്രിതമായ ആ നിമിഷങ്ങളിലൊന്നില്‍ കുഞ്ഞച്ചന്‍ എന്നെ തൊട്ടു. സത്യം.
ഒരു മകരക്കുളിര്‍ മഞ്ഞുതുള്ളിപോലെ. കുഞ്ഞച്ചനെക്കുറിച്ച് എഴുതാന്‍ മോഹിച്ച നോവലിന് അഗസ്ത്യായനം എന്ന പേര് കുഞ്ഞച്ചന്‍ എന്നിലേക്കെടുത്തു വയ്ക്കുകയായിരുന്നു. ആ നിമിഷങ്ങളില്‍ ഒരമൃതമഴ ഞാനനുഭവിച്ചു. അതൊരു പുണ്യനിമിഷമായിരുന്നു.
എഴുതിത്തുടങ്ങുന്നതിനു മുമ്പേ, എഴുതാന്‍ പോകുന്ന കഥയ്‌ക്കോ നോവലിനോ നല്ല ഒരു പേര് എനിക്ക് അനിവാര്യമാണ്. ഒരു നല്ല പേര് എന്റെ എഴുത്തിന്റെ വ്യഥകള്‍ക്ക് കാഠിന്യം കുറയ്ക്കും. ഇത് എന്നെ സംബന്ധിക്കുന്ന കാര്യം മാത്രമാണ്.
അഗസ്ത്യായനം എന്ന പേരു മാത്രം മതിയായിരുന്നു, ഒരു നോവല്‍കൊണ്ട് എനിക്ക് കുഞ്ഞച്ചന്റെ ജീവിതം  പറയാന്‍.
പിന്നീടുള്ള രാത്രികളില്‍ എന്റെ എഴുത്തുമേശയ്ക്കരുകില്‍ കുഞ്ഞച്ചനുമുണ്ടായിരുന്നു എനിക്കു കൂട്ടായി. മൗനംകൊണ്ട് ഞാന്‍ കുഞ്ഞച്ചനോടും കുഞ്ഞച്ചന്‍ എന്നോടും സംസാരിച്ചുകൊണ്ടിരുന്നു. 
ഇരുപത്തൊന്നധ്യായങ്ങളുള്ള അഗസ്ത്യായനം എന്ന കുഞ്ഞച്ചന്‍നോവല്‍ ഒരു വര്‍ഷത്തിലധികം കാലമെടുത്തു. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചാവുകടല്‍ എന്ന നോവലില്‍നിന്ന് അഗസ്ത്യായനത്തിലേക്കു മുപ്പതുവര്‍ഷങ്ങളുടെ എഴുത്തകലമുണ്ട്. എന്നിട്ടും അഗസ്ത്യായനത്തില്‍ ഒരക്ഷരവും വെട്ടേണ്ടി വന്നില്ലെനിക്ക്. ഒരു വാചകവും മാറ്റിയെഴുതേണ്ടി വന്നില്ല.
പിച്ചവയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മെയ്‌വഴക്കത്തോടെയാണ് ഞാന്‍ അഗസ്ത്യായനത്തിന്റെ ഓരോ വാക്കും കൊരുത്തെടുത്തത്.
പരീക്ഷക്കാലങ്ങളില്‍ പേന വെഞ്ചരിച്ചു കിട്ടാനായി കുഞ്ഞച്ചനെ സമീപിക്കുന്ന കുട്ടികളെപ്പറ്റി കേട്ടിട്ടുണ്ട്. കുഞ്ഞച്ചന്‍ വെഞ്ചരിച്ച പേനകൊണ്ടെഴുതിയാല്‍ പരീക്ഷകളില്‍ വിജയം  സുനിശ്ചിതം.
അറുപതു കഴിഞ്ഞിട്ടും ഒരു വിദ്യാര്‍ത്ഥിയായ എന്റെ എഴുത്തുപേനയും രാമപുരത്തു കുഞ്ഞച്ചന്‍ തന്റെ അദൃശ്യകരങ്ങള്‍കൊണ്ടു വെഞ്ചരിച്ചിരിക്കുന്നു. അതുകൊണ്ടാണ് അഗസ്ത്യായനം, ദേവാങ്കണം എന്നിവയൊക്കെ എനിക്ക് എഴുതാനായത്. സത്യം. കുഞ്ഞച്ചന്‍ തന്റെ വിശുദ്ധാംഗുലികള്‍കൊണ്ട് എന്നെ തൊട്ടിരിക്കുന്നു. 
 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)