മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രഥമ വൈസ്ചാന്‍സിലറും പ്രമുഖ ഗാന്ധിയനുമായിരുന്ന, അന്തരിച്ച ഡോ. ഏ.ടി. ദേവസ്യായെ ഡോ. സിറിയക് തോമസ് അനുസ്മരിക്കുന്നു.
ഡോ. ഏ.ടി. ദേവസ്യാസാര്‍ കൂടുതലും അറിയപ്പെട്ടത് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ എന്ന നിലയിലാണ്. പക്ഷേ, 1950-60 കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത് കോണ്‍ഗ്രസിലെ ഒരു യുവനേതാവെന്ന നിലയിലായിരുന്നു. വിമോചനസമരത്തിലും ഒരു മുന്നണിപ്പടയാളിയായിരുന്നു ദേവസ്യാസാര്‍. ആ വകയില്‍ അറസ്റ്റും പതിനഞ്ചു ദിവസത്തെ ജയില്‍ വാസവുമുണ്ടായി. അക്കാലത്ത് പാലാ കോളജിലെ അറിയപ്പെട്ട അധ്യാപകരിലൊരാളായിരുന്നു ഏ.ടി. ദേവസ്യാസാര്‍. ഉപരിപഠനത്തിന് അമേരിക്കയില്‍പോയ സാര്‍ ഇരുപതു വര്‍ഷം അമേരിക്കയില്‍ വിവിധ സര്‍വ്വകലാശാലകളില്‍ അധ്യാപകനുമായശേഷമായിരുന്നു 1983 ല്‍ സ്ഥാപിതമായ ഗാന്ധിജി സര്‍വകലാശാലയുടെ പ്രഥമ വി.സി.യായി 1984 ജനുവരിയില്‍ കോട്ടയത്തെത്തുന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും മന്ത്രിമാരായിരുന്ന പി. ജെ. ജോസഫും ടി.എം. ജേക്കബും പ്രത്യേക താത്പര്യമെടുത്താണ് സാറിനെ പുതിയ യൂണിവേഴ്‌സിറ്റിയുടെ ആദ്യവൈസ്ചാന്‍സലറായി നാട്ടിലേക്കു മടക്കിക്കൊണ്ടുവന്നത്.
സര്‍വകലാശാലയ്ക്കു ഗാന്ധിജിയുടെ പേരല്ലാതെ സ്വന്തമായി അന്ന് ഒന്നുമുണ്ടായിരുന്നില്ല. സ്ഥലമില്ല, കെട്ടിടമില്ല. ദൈനംദിനച്ചെലവുകള്‍ക്കുപോലുമുള്ള ഫണ്ടുമില്ല. കോട്ടയം നഗരമധ്യത്തിലെ ബേക്കര്‍സ്‌കൂളിന്റെ ഒരു പഴയ രണ്ടുനിലക്കെട്ടിടമായിരുന്നല്ലോ പുതിയ യൂണിവേഴ്‌സിറ്റിയുടെ ആദ്യ ആസ്ഥാനമന്ദിരം. പിന്നീട്, കളക്‌ട്രേറ്റിന് എതിര്‍വശത്തു പടിഞ്ഞാറേക്കര ബില്‍ഡിംഗ്‌സിലേക്ക് ഓഫീസു മാറ്റി. പടിഞ്ഞാറേക്കരസഹോദരന്മാരായിരുന്ന പി.സി. ചെറിയാന്റെയും പി.സി. ഏബ്രഹാമിന്റെയും സന്മനസ്സിലാണ് ആ മന്ദിരത്തിലേക്ക് ഓഫീസ്മാറ്റം സാധ്യമായത്. അമേരിക്കയില്‍ പോകും മുമ്പ് പി.സി. ചെറിയാനും ഏ.ടി. ദേവസ്യാസാറും കോണ്‍ഗ്രസിലെ അറിയപ്പെട്ട നേതാക്കന്മാരായിരുന്നതും കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കണം. പി.സി. ഏബ്രഹാം അക്കാലത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ അല്മായ ട്രസ്റ്റിയും നേതാവുമായിരുന്നു. അതിരമ്പുഴയില്‍ സ്വന്തമായി നൂറേക്കറിലധികം സ്ഥലം വാങ്ങി ആദ്യമന്ദിരം പണിതശേഷമാണ് കോട്ടയത്തുനിന്ന് ആസ്ഥാനം അതിരമ്പുഴയ്ക്കു മാറ്റിയത്. ഗാന്ധിയന്‍ശൈലിയിലുള്ള ഒറ്റനിലക്കെട്ടിടങ്ങളുടെ ഒരു സമുച്ചയമായിരുന്നു അത്. രണ്ടാമത്തെ വി.സി.യായിരുന്ന ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയാണ് അതിരമ്പുഴ കാമ്പസ്സിനു പ്രിയദര്‍ശിനി ഹില്‍സ് എന്നു കാവ്യാത്മകമായി നാമകരണം ചെയ്തത്.
സര്‍വകലാശാലയ്ക്കു സ്വന്തമായി സ്ഥലം വാങ്ങുന്നതിനും ആദ്യത്തെ ഓഫീസുമന്ദിരംപണി പൂര്‍ത്തിയാക്കുന്നതിനും ഡോ. ഏ. ടി. ദേവസ്യാസാര്‍ അശ്രാന്ത പരിശ്രമമായിരുന്നു നടത്തിയത്. സര്‍ക്കാര്‍ വളരെ ചെറിയ തുക മാത്രമാണ് സര്‍വകലാശാലയ്ക്കു വാര്‍ഷിക ഗ്രാന്റായി വകയിരുത്തിയത്. ഓരോ മാസവും യൂണിവേഴ്‌സിറ്റിയില്‍ ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരിന്റെ മുമ്പില്‍ അദ്ദേഹത്തിനു സാമ - ദാന - ഭേദ- ദണ്ഡങ്ങള്‍ ചെയ്യേണ്ടിവന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പഴയകാലത്തു തന്റെ പാര്‍ട്ടിയില്‍ രാഷ്ട്രീയസഹപ്രവര്‍ത്തകരായിരുന്ന ചില മന്ത്രിമാര്‍പോലും അദ്ദേഹത്തെ അന്നു വാക്കുകള്‍കൊണ്ടു പരിഹസിച്ചു മുറിപ്പെടുത്തിയ കഥകള്‍ ദേവസ്യാസാര്‍ അദ്ദേഹത്തിന്റെ ആത്മകഥാപരമായ 'കനല്‍വഴിയേ ഒരു കന്നിയാത്ര' എന്ന പുസ്തകത്തില്‍ വ്യംഗ്യമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ഒരിക്കല്‍, അന്നത്തെ മുഖ്യമന്ത്രിയോടുതന്നെ താന്‍ വി.സി. പദവിയൊഴിഞ്ഞ് അമേരിക്കയിലേക്കു മടങ്ങുകയാണെന്നു പറയേണ്ടിവന്ന സന്ദര്‍ഭവും അവസാനകാലങ്ങളില്‍പ്പോലും ദേവസ്യാസാര്‍ ഓര്‍ത്തെടുത്തിരുന്നു. 5000 രൂപ ആയിരുന്നു അന്നു വി.സി.യുടെ ശമ്പളം. പല മാസങ്ങളിലും അതുപോലും എഴുതിയെടുക്കാതെയാണ് സര്‍വകലാശാലജീവനക്കാരുടെ മാസശമ്പളം അദ്ദേഹം ഉറപ്പാക്കിയിരുന്നത്. വി. സി.യുടെ കാറിന്റെ പെട്രോള്‍ ബില്ലുകള്‍പോലും പലപ്പോഴും കുടിശ്ശികയായി. വാടക ലാഭിക്കുന്നതിനുവേണ്ടി ഔദ്യോഗികവസതിക്കുപകരം സഹോദരി മേരിയുടെ കോട്ടയം കാരാപ്പുഴയിലുള്ള വസതിയിലായിരുന്നു ആദ്യത്തെ ആറു മാസം വി.സി. താമസിച്ചത്. തുടര്‍ന്നു മാസങ്ങളോളം പാലാ അന്ത്യാളത്തെ തറവാട്ടുവീട്ടില്‍ താമസിച്ചുകൊണ്ട് കോട്ടയത്തിനു പോയിവരികയായിരുന്നു. പിന്നീടു കോട്ടയത്തുതന്നെ ഒരു ചെറിയ ഒറ്റനില വാടകവീട്ടിലേക്കു താമസംമാറ്റി. സാധാരണ വിഷയങ്ങള്‍ക്കു പുറമേ യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി കൊണ്ടുവന്ന പഠനകോഴ്‌സ് ഗാന്ധിയന്‍ സ്റ്റഡീസായിരുന്നുവെന്നതും സാറിന്റെ ആഴമായ ഗാന്ധിഭക്തിയുടെയും ഗാന്ധിദര്‍ശനങ്ങളോടുള്ള ആഭിമുഖ്യത്തിന്റെയും നിദര്‍ശനമായിരുന്നുവെന്നും തീര്‍ച്ച.
ആദ്യമൊക്കെ അമേരിക്കന്‍രീതിയില്‍ രാവിലെ എട്ടു മണിക്കുതന്നെ സാര്‍ ഓഫീസില്‍ വരുമ്പോള്‍ പ്യൂണ്‍ പോലും എത്തുമായിരുന്നില്ല. പിന്നീടാണ് വി.സി.യുടെ സമയം ഒന്‍പതര എന്നു സാര്‍തന്നെ മാറ്റിയത്. വൈകുംവരെ ഓഫീസിലിരുന്നു ഫയലുകള്‍ തീര്‍ത്തിട്ടേ അദ്ദേഹം അന്നൊക്കെ വീട്ടില്‍ പോയിരുന്നുള്ളു. ശുദ്ധ ശുഭ്രമായ ഖദര്‍ ഷര്‍ട്ടും പച്ചയോ കറുപ്പോ കട്ടിക്കരയുടെ ഒറ്റമുണ്ടുകളുമായിരുന്നു ദേവസ്യാസാറിന്റെ ഡ്രസ്‌കോഡ്. കാലില്‍ കട്ടിയുള്ള കറുപ്പോ ബ്രൗണോ നിറമുളള തോല്‍ച്ചെരുപ്പുകളും. ഗാന്ധിയന്‍ലാളിത്യമായിരുന്നു എല്ലാക്കാലത്തും ദേവസ്യാസാറിന്റെ ജീവിതശൈലിയും ജീവിതമാതൃകയും.
പരീക്ഷാഭവനില്‍ കമ്പ്യൂട്ടര്‍വത്കരണം പരീക്ഷിച്ച വകയിലും സാര്‍ അന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. അമേരിക്കന്‍സാമ്രാജ്യത്തിന്റെ ചാരനെന്നുപോലും ചിലര്‍ സാറിനെതിരേ മുദ്രാവാക്യവും മുഴക്കി. അക്കാലത്ത് അതിരമ്പുഴയില്‍ നൂറേക്കറിലധികം സ്ഥലം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിച്ച വകയില്‍ ചിലര്‍ സാറിനെതിരേ വിഷയം സാമുദായികമാക്കാനും ശ്രമം നടത്താതിരുന്നില്ല. പക്ഷേ, ദേവസ്യസാര്‍ സമ്മര്‍ദങ്ങള്‍ക്കോ ഭീഷണികള്‍ക്കോ അശേഷം വഴങ്ങിയില്ല. ചിലര്‍ വി.സി.യുടെ ഔദ്യോഗികവസതിക്കുനേരേ ഒരിക്കല്‍ രാത്രിയില്‍ കല്ലെറിഞ്ഞുപോലും പ്രതിഷേധങ്ങളുയര്‍ത്തി. അപ്പോഴും സാര്‍ അക്ഷോഭ്യനായിത്തന്നെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. സത്യാന്വേഷണപരീക്ഷണങ്ങളുടെ തുടര്‍ക്കഥകളായിരുന്നു സാറിന്റെ ജീവിതത്തെ എന്നും ദീപ്തമാക്കിയത്.
കാര്‍യാത്രകള്‍ ദേവസ്യാസാറിനു വളരെ ഇഷ്ടമായിരുന്നു. സാര്‍ പദവിയൊഴിഞ്ഞ് അമേരിക്കയില്‍പ്പോയി തിരികെവന്നു പാലായില്‍ താമസമാക്കിയകാലത്താണ് സാറുമൊത്ത് ഒട്ടേറെ യാത്രകള്‍ക്ക് എനിക്കും സാഹചര്യവും സന്ദര്‍ഭങ്ങളുമുണ്ടായത്. പലപ്പോഴും ചടങ്ങുകള്‍ക്കും മീറ്റിംഗുകള്‍ക്കുമായിരുന്നു യാത്രകള്‍. നവഭാരതവേദിയുമായി ബന്ധപ്പെട്ട പല സമ്മേളനങ്ങള്‍ക്കും പ്രഫസര്‍ സുകുമാര്‍ അഴീക്കോടുസാറും വന്നിരുന്നു. അവര്‍ രണ്ടുപേരും പങ്കുവച്ചിരുന്ന സര്‍വകലാശാലാക്കഥകള്‍ വളരെ രസകരങ്ങളായിരുന്നുവെന്നതും ഞാന്‍ ഓര്‍മിക്കുന്നു. ജോണ്‍ കച്ചിറമറ്റം സാറുമൊത്തുള്ള യാത്രകളും ദേവസ്യാസാര്‍ ഇഷ്ടപ്പെട്ടിരുന്നു,
തൃശ്ശിനാപ്പള്ളിയില്‍നിന്നും മദ്രാസില്‍നിന്നുമായി ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലുമായി ബിരുദ ബിരുദാനന്തരബിരുദങ്ങള്‍ നേടിയശേഷം കുറച്ചുകാലം ദേവസ്യാസാര്‍ തേവര കോളജില്‍ അധ്യാപകനായിരുന്നു. പിന്നീടാണ് പാലാ സെന്റ് തോമസ് കോളജിലേക്കു ചരിത്രാധ്യാപകനായി എത്തുന്നത്. ഓണേഴ്‌സിനു പഠിക്കുമ്പോള്‍ ആര്‍ച്ചുബിഷപ് മാര്‍ പവ്വത്തിലും ബിഷപ് മാര്‍ പള്ളിക്കാപറമ്പിലും ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും പില്ക്കാലത്തു കേരള ഡി.ജി.പിയായ എം.കെ.ജോസഫും എം.ജി.യില്‍ത്തന്നെ പിന്നീട് തന്നോടൊപ്പം പ്രോ-വൈസ് ചാന്‍സലറായ ടി.കെ. കോശിയുമൊക്കെ സാറിനു മദ്രാസില്‍ സതീര്‍ത്ഥ്യരുമായി.
സമര്‍ത്ഥനായ വിദ്യാര്‍ത്ഥി മാത്രമല്ല ഒന്നാംതരം അധ്യാപകനുമായിരുന്നു എം.ജി.യുടെ പ്രഥമ വൈസ് ചാന്‍സലര്‍. 1959 - 62 കാലത്തു പാലാ കോളജില്‍ പ്രീ-യൂണിവേഴ്‌സിറ്റി ക്ലാസ്സിലും ഡിഗ്രി ക്ലാസ്സിലും ഇന്ത്യാ ചരിത്രമായിരുന്നു സാര്‍ ഞങ്ങളെ പഠിപ്പിച്ചത്. മുഗള്‍ ഭരണകാലവും ബ്രിട്ടീഷ് കാലവുമായിരുന്നു സാര്‍ ആസ്വദിച്ചു പഠിപ്പിച്ചിരുന്നതെന്നു പറയാം. അന്നു സാര്‍ കോണ്‍ഗ്രസിലും വളരെ സജീവമായിരുന്നു. അവിഭക്ത കോണ്‍ഗ്രസില്‍ കെ.പി.സി.സി. അംഗവും പ്രമുഖ നേതാവും. ഉജ്ജ്വലപ്രഭാഷകനും നല്ല സംഘാടകനുമായിരുന്നു ഡോ. ഏ.ടി. ദേവസ്യാസാര്‍. അപ്പോഴാണ് ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ട് 1963 ല്‍ രാഷ്ട്രീയംവിട്ടു അമേരിക്കയിലേക്കു പോയത്. 20 വര്‍ഷത്തിനുശേഷമാണ് കോട്ടയത്താരംഭിച്ച ഗാന്ധിജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലറായി ദേവസ്യാസാറിനു നിയോഗമെത്തിയത്. മൂന്നു വര്‍ഷത്തിനുശേഷം ദേവസ്യാസാര്‍ അമേരിക്കയിലെ തന്റെ മാതൃസര്‍വകലാശാലയിലേക്കുതന്നെ മടങ്ങി. അവര്‍ അദ്ദേഹത്തെ വീണ്ടും അങ്ങോട്ടുതന്നെ തിരിയെ വിളിക്കുകയായിരുന്നു. 1998 ല്‍ ഞാന്‍ കേരള സര്‍വകലാശാലയില്‍ പി.വി.സി. ആയപ്പോഴും 2000 ല്‍ എം.ജി.യില്‍ വി.സി. ആയപ്പോഴും ശിഷ്യന് അനുഗ്രഹാശംസകള്‍ അറിയിച്ചു ഹൃദ്യമായ കത്തുകള്‍ അമേരിക്കയില്‍നിന്ന് അയച്ചതും പിന്നീട് അവധിക്കു നാട്ടില്‍ വന്നപ്പോള്‍ വളരെ മനോഹരമായ ഒരു ഗോള്‍ഡന്‍ ക്രോസ് പേന സമ്മാനമായി നല്‍കിയതും എന്റെ ഓര്‍മയിലുണ്ട്. എന്റെ പിതാവ് ആര്‍.വി. തോമസിന്റെ നാല്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍.വി. തോമസ് ഫൗണ്ടേഷനും ആര്‍.വി. സ്മാരകസമിതിയും രൂപവത്കരിച്ചപ്പോള്‍ രണ്ടു സമിതികളുടെയും സ്ഥാപക ചെയര്‍മാനായതും ഡോ. ഏ.ടി. ദേവസ്യാസാറായിരുന്നു. അവാര്‍ഡ് നിര്‍ണയസമിതിയുടെ സ്ഥിരാധ്യക്ഷനായത് ഡോ. സുകുമാര്‍ അഴീക്കോടും. ദേവസ്യാസാര്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ എന്റെ പിതാവിന്റെ രാഷ്ടീയശിഷ്യനുമായിരുന്നല്ലോ.
സാറും ഭാര്യയും മെയിഡ്‌ഫോര്‍ ഈച്ച്അദര്‍ വിഭാഗത്തില്‍പ്പെടുന്ന ദമ്പതികളായിരുന്നു. രണ്ടു പേരും ഒന്നാംതരം ആതിഥേയരും. മക്കള്‍ മൂന്നുപേരും അമേരിക്കയിലാണ്. സാറും ആന്റിയും നാട്ടില്‍ത്തന്നെ താമസമുറപ്പിച്ചു. പക്ഷേ, ആന്റിയുടെ വിയോഗം സാറിനു വലിയ ആഘാതമായി. മക്കള്‍ അവര്‍ക്കൊപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചപ്പോഴും സാര്‍ ഇനി തനിക്കുള്ള കാലം പാലായില്‍ത്തന്നെ എന്നു നിശ്ചയിക്കുകയായിരുന്നു. അടുത്തകാലംവരെയും സമൂഹത്തില്‍ സാര്‍ വളരെ സജീവമായിത്തന്നെ ഇടപെട്ടിരുന്നു.
സഭാകാര്യങ്ങളിലും സാര്‍ സജീവമായിരുന്നു. 2012 ല്‍ സഭയുടെ ബിഷപ്‌സ് സിനഡ് അദ്ദേഹത്തെ സഭാതാരം - ടമേൃ ീള വേല ഇവൗൃരവ എന്ന ബഹുമതി നല്‍കി ആദരിച്ചു. ദേവസ്യാ സാര്‍ രണ്ടു ടേം പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു. ആ നിലയിലും അദ്ദേഹം എല്ലാവര്‍ക്കും ആദരണീയനായി. ദീപനാളം വാരികയുടെ ഉപദേശകസമിതിയംഗമായിരുന്നു ദീര്‍ഘകാലം ദേവസ്യാസാര്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ഈടുറ്റ അനവധി ലേഖനങ്ങള്‍ ദീപനാളത്തില്‍ പരമ്പരയായും അല്ലാതെയും അദ്ദേഹം എഴുതിയിരുന്നതും ഞാനോര്‍ക്കുന്നു. തൊണ്ണൂറ്റിനാലാമത്തെ വയസ്സിലാണ് എന്നും ദേശീയവാദിയും കറതീര്‍ന്ന ഗാന്ധിയനുമായിയിരുന്ന ഡോ. ഏ.ടി. ദേവസ്യാസാര്‍ കാലത്തെ കടന്നുപോയത്. ഏതര്‍ത്ഥത്തിലും ഒരു യഥാര്‍ത്ഥ കര്‍മയോഗിയായിരുന്നു സാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തയാളുമായിരുന്നു ദേവസ്യാസാര്‍. എനിക്ക് അദ്ദേഹം എന്നും പ്രിയ ഗുരുവായിരുന്നു, ശിഷ്യന്മാരില്‍ ഞാന്‍ സാറിന് എന്നും ഒരു മാനസപുത്രനും. ഗുരുത്വത്തിന്റെ ആള്‍രൂപം. ഗുരുമഹാസാഗരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പവിഴമുത്തായിരുന്നു എം.ജി. യുടെ പ്രഥമവൈസ്ചാന്‍സലര്‍. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഉദ്യോഗപര്‍വത്തിലും ഒരുപോലെ സംശുദ്ധി പാലിച്ച ശുദ്ധ ഗാന്ധിയന്‍. പ്രിയപ്പെട്ട ഗുരുവിന് എന്റെ സ്‌നേഹപ്രണാമം!