•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

5 ജി : പ്രതീക്ഷകളും ആശങ്കകളും

ലുപ്പത്തില്‍ ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ 5 ജി (അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷന്‍) സേവനമാരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ലോകം മുഴുവന്‍ ശ്രദ്ധയോടെയാണു വീക്ഷിക്കുന്നത്. 2022 ഒക്‌ടോബര്‍ ഒന്നിന് ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗികപ്രഖ്യാപനം നടത്തി. വിവിധ ടെലികോം കമ്പനികള്‍ ഈ മാസംതന്നെ 5 ജി സേവനങ്ങളാരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും രാജ്യവ്യാപകമായി ഈ സേവനങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരും. തിരഞ്ഞെടുത്ത 13 നഗരങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. ഏതാനും മാസങ്ങള്‍ക്കുശേഷമേ കേരളത്തില്‍ 5 ജി അവതരിപ്പിക്കപ്പെടുകയുള്ളൂ. എന്നിരുന്നാലും, കേരളത്തിലെ സാധാരണക്കാരുള്‍പ്പെടെ തങ്ങളുടെ സാങ്കേതികോപകരണങ്ങള്‍ 5 ജി ഉപയോഗിക്കാവുന്ന തരത്തില്‍ മെച്ചപ്പെടുത്താനും മാറ്റിവാങ്ങാനും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം 5 ജി സേവനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ സമൂഹത്തിലേക്കെത്തിക്കാന്‍ പറയത്തക്ക ശ്രമങ്ങളൊന്നും കേന്ദ്രസര്‍ക്കാരോ വിവരവിനിമയ സാങ്കേതികരംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളോ നടത്തുന്നതായി കാണുന്നില്ല. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ള ചെറുപ്പക്കാരുള്‍പ്പെടുന്ന സമൂഹത്തിനുമല്ലാതെ ഒരു വലിയ ഭൂരിപക്ഷത്തിന് 5 ജിയുടെ സാധ്യതകള്‍ ശരിയായി ഉപയോഗിക്കാന്‍ അറിവില്ലാത്തത് ഒരുപരിധിവരെ സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം, നമ്മള്‍ അറിഞ്ഞാലും ഇല്ലെങ്കിലും 5 ജി ഒരു പുതിയ സാങ്കേതികവിദ്യ എന്നതിലുപരി വന്‍ മാറ്റങ്ങളിലേക്കുള്ള  ഒരു പ്രധാന പരിപാടിയാണ്, ലോകവ്യാപകമായി ഈ മാറ്റങ്ങള്‍ സ്വാധീനിക്കുന്നത് ഓരോ സാധാരണക്കാരനെയും കൂടിയാണ്.
എന്താണ് 5 ജി?
സാങ്കേതികപദങ്ങളുടെ അതിപ്രസരമില്ലാതെ 5 ജിയെ ഒന്നു പരിചയപ്പെടാന്‍ ശ്രമിക്കാം. രണ്ടുപേര്‍ക്ക് അഥവാ രണ്ടു സാങ്കേതികോപകരണങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയംതന്നെ ഉദാഹരണമായെടുക്കാം. ഇതില്‍ ഒരു വിവരം ഒരാളില്‍നിന്ന്/ ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്ക് എത്താനെടുക്കുന്ന സമയമാണ് ലേറ്റന്‍സി. ആശയവിനിമയത്തിന്റെ വേഗം കൂടണമെങ്കില്‍ ഈ ലേറ്റന്‍സി കുറയുകയാണു വേണ്ടതെന്ന് വ്യക്തമാണല്ലോ. 5 ജി വാഗ്ദാനം ചെയ്യുന്നത് 5 മില്ലി സെക്കന്റില്‍ താഴെയുള്ള ലേറ്റന്‍സിയാണ്; ഒരു നിമിഷത്തിലും വളരെ കുറഞ്ഞ സമയം! സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്ത് ഒരു സിനിമ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ 10-12 മണിക്കൂര്‍ സമയം എടുത്തിരുന്നു. 4 ജി വന്നതോടുകൂടി ഈ സമയം ചുരുങ്ങിയത് 5-7 മിനിറ്റിലേക്കാണ്. കേരളത്തിലെ ഉള്‍പ്രദേശങ്ങളില്‍ ഈ വേഗം അവകാശപ്പെടാനാകില്ലെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ഇതു സാധ്യമാണ്. വിദേശരാജ്യങ്ങളിലെ ആളുകളുമായുള്ള ആശയവിനിമയവും തൊഴിലിടപാടുകളും ഇന്നു സുഗമമായി നടക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തുപോകാതെ, വിദ്യാഭ്യാസം നേടി ഇന്ത്യയിലിരുന്നുകൊണ്ട് പുറംരാജ്യങ്ങളിലെ കമ്പനികളില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നത് അംഗീകരിക്കപ്പെടേണ്ട മാറ്റമാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുവേണം 4 ജിയെ അപേക്ഷിച്ച് 5 ജി ലഭ്യമാക്കുന്ന അതിവേഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍.
5 ജി വരുന്നൂ എന്നു കേട്ടപ്പോള്‍മുതല്‍ പ്രായഭേദമെന്യേ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു തുടങ്ങിയതാണ്. എന്നാല്‍ പല ചര്‍ച്ചകളും ഫ്രീക്വന്‍സി, ബാന്‍ഡ്‌വിഡ്ത് തുടങ്ങിയ സാങ്കേതികവിവരങ്ങളിലും സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ ലഭ്യമാകുന്ന സ്പീഡിലും മാത്രം ഒതുങ്ങിയവയാണ്. നമ്മുടെ കൈയില്‍ ഉപയോഗത്തിലുള്ള ഉപകരണങ്ങളുടെ വേഗവും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നത് ചെറിയ കാര്യമാണെന്നോ അതു ചര്‍ച്ച ചെയ്യേണ്ടതില്ല എന്നുമല്ല; മറിച്ച്, അത് 5 ജി വിദ്യയെ സംബന്ധിച്ച ഏറ്റവും അടിസ്ഥാനകാര്യം മാത്രമാണെന്നതാണ് വസ്തുത. അതായത്, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ്, ചരക്കുനീക്കം, തൊഴിലവസരങ്ങള്‍ എന്നീ നിര്‍ണായകമേഖലകളില്‍ സമൂലമാറ്റത്തിനാണു തുടക്കംകുറിക്കപ്പെടുന്നത്.
മനുഷ്യബുദ്ധിയെ  സഹായിക്കാന്‍ കൃത്രിമബുദ്ധി
നമ്മള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തെ ഇന്റര്‍നെറ്റ് അല്ല ഇന്നത്തെ ഇന്റര്‍നെറ്റ്. ഇന്നുപയോഗിക്കുന്നത് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സാണ്. ആദ്യകാലത്തെ ഇന്റര്‍നെറ്റ്, ഉപഭോക്താക്കള്‍ക്കു തമ്മില്‍  വിവരം കൈമാറാനും വിവരം ലഭ്യമാക്കാനുമാണു സഹായിച്ചിരുന്നത്. എന്നാലിന്ന് ഇന്റര്‍നെറ്റിനെക്കുറിച്ചു കേവലവിദ്യാഭ്യാസംപോലുമില്ലാത്തവരും ഈ നെറ്റ്‌വര്‍ക്കിന് അപരിചിതരല്ല. കാരണം, സ്മാര്‍ട്‌ഫോണ്‍ വഴിയും ഇ-സേവനങ്ങള്‍വഴിയും ഇന്റര്‍നെറ്റിന്റെ സ്വാധീനമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നതുതന്നെ.
4 ജി ആരംഭിച്ചപ്പോള്‍ത്തന്നെ ലക്ഷ്യം വച്ചിരുന്നത് സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതും നിലവിലിരുന്ന ഇന്റര്‍നെറ്റിന്റെ വേഗം കൈവരിക്കുന്നതും മാത്രമായിരുന്നു. എന്നാല്‍, ഈ വേഗം സാധ്യമായതോടെ ഗവണ്‍മെന്റ്, ബാങ്കിങ് സേവനങ്ങള്‍വരെ വീട്ടിലിരുന്നു ലഭ്യമാകുന്ന തരത്തില്‍ മെച്ചപ്പെടുന്നതാണ് നമ്മള്‍ കണ്ടത്. അപ്പോള്‍ സ്മാര്‍ട് ടിവികള്‍, കംപ്യൂട്ടറുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഗെയിമിങ് തുടങ്ങി മെറ്റാവേഴ്‌സ് സേവനങ്ങള്‍ വരെ എത്തിനില്‍ക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നാല്‍ വിവിധ സാങ്കേതികോപകരണങ്ങള്‍ തമ്മിലുള്ള ബന്ധിപ്പിക്കലാണ്.
ഫോണും ലാപ്‌ടോപ്പുമൊക്കെ പതിന്മടങ്ങ്, അല്ലെങ്കില്‍ അതിലും വളരെ വേഗത്തില്‍ ഉപയോഗിക്കാം 5 ജിയില്‍. എന്നാല്‍, 5 ജി യഥാര്‍ത്ഥമായും ലക്ഷ്യംവയ്ക്കുന്നത് ഇതിലും വലിയ കാര്യങ്ങളാണെന്നു പറഞ്ഞല്ലോ. 4 ജി വരെയുള്ള സാങ്കേതികത മനുഷ്യനെ സഹായിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, 5 ജിയെ  ഒരു യഥാര്‍ത്ഥ റോബോട്ടിക്ക് യുഗത്തിന്റെ ഏറ്റവും ചെറിയ പടി എന്നു വിശേഷിപ്പിക്കാം. ദുരന്തനിവാരണം ഉദാഹരണമായെടുക്കാം. പ്രളയവും ഉരുള്‍പൊട്ടലും  ഭൂകമ്പവുമൊക്കെ നമ്മെ ഭീതിപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ ഘട്ടങ്ങളില്‍ മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ റോബോട്ടിനു സാധിക്കും. നിലവില്‍ നമ്മള്‍ ബാങ്കിലും റസ്റ്റോറന്റിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കാണുന്ന റോബോട്ടുകളെക്കാളും ഗ്രഹണശേഷി കൂടിയ തരത്തിലുള്ളതാണവ. ലോകനിലവാരത്തില്‍ ഇവ വികസിപ്പിച്ചെടുക്കപ്പെടുന്നുണ്ട്, കേരളത്തിലും. 5 ജി അനുബന്ധസാങ്കേതികവളര്‍ച്ചയോടെ റോബോട്ടിക് മേഖലയില്‍ സ്വീകാര്യതയും ആവശ്യകതയും കൂടിവരും. അതോടൊപ്പം ചെലവു കുറഞ്ഞ തരത്തില്‍ ഇവ ലഭ്യമാക്കാനും സാധിക്കും. അനേകം അവസരങ്ങള്‍ക്കും മേഖലകള്‍ക്കും 5 ജി നാന്ദിയാകുമെന്നു ചുരുക്കം. എന്നാല്‍, ഒട്ടനേകം തൊഴില്‍മേഖലകള്‍ നഷ്ടപ്പെടുമെന്നും മനുഷ്യനെ നിയന്ത്രിക്കുന്ന തരത്തില്‍ റോബോട്ടുകള്‍ വളരുന്നത് ഭീഷണിയാകുമെന്നും മുന്നറിയിപ്പു തരുന്നവരുമുണ്ട്. ലോജിസ്റ്റിക്‌സ് അഥവാ ചരക്കുവിനിമയമേഖലയില്‍ പ്രവര്‍ത്തിക്കാനായി ഹ്യൂമനോയിഡുകളെ ഇറക്കുമെന്ന് എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതുതന്നെ ഉദാഹരണം. മനുഷ്യനുമായി സാമ്യമുള്ള തരത്തില്‍ നിര്‍മിക്കപ്പെടുന്ന റോബോട്ടുകളാണ് ഹ്യൂമനോയിഡുകള്‍.
ദുരന്തഭൂമിയില്‍ മാത്രമല്ല, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ 5 ജിയുടെ വിനിമയശേഷി പ്രയോജനപ്പെടുത്താന്‍ ഗവണ്‍മെന്റുതലങ്ങളില്‍ ശ്രമങ്ങളാരംഭിച്ചുകഴിഞ്ഞു. ദുരന്തരംഗത്തും പ്രതിരോധരംഗത്തും പ്രയോജനപ്പടുത്താന്‍ സാധ്യമായ വിദ്യകളെക്കുറിച്ച് ഒരു സൂചനകൂടിയായി 5 ജി പ്രഖ്യാപിച്ച രീതിയെ മനസ്സിലാക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ മൊബൈല്‍ കോണ്‍ഗ്രസ് പ്രദര്‍ശനശാലയിലെ ക്വാല്‍കോമിന്റെ പവലിയനിലിരുന്ന് സ്വീഡനിലെ ഒരു കാര്‍ ഓടിക്കുന്നതു നാം കണ്ടതാണ്. ഡ്രൈവറില്ലാവാഹനങ്ങളുടെ ഭാവി ഇന്ത്യയിലും അതിവിദൂരമല്ല. ഉദ്ഘാടനവേദിയില്‍ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ 'സമൂലമാറ്റം' ഒരു വെറുംവാക്കായി കാണാന്‍ കഴിയില്ലെന്നു ചുരുക്കം.
5 ജിയുടെ പ്രായോഗികത
ഗവണ്‍മെന്റും കോര്‍പറേറ്റുകളും ഒരുമിച്ച് വിവിധ പദ്ധതികളും വലിയ പ്രതീക്ഷകളും മുന്നോട്ടുവയ്ക്കുമ്പോള്‍ ഒരു വിഭാഗം വിദഗ്ധരും സാധാരണക്കാരും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളുടെ പ്രായോഗികത സംബന്ധിച്ചാണ്.
4 ജി കഴിഞ്ഞു 5 ജി വരാന്‍ എടുത്തത്രയും കാലതാമസമില്ലാതെതന്നെ 6 ജിയും അവതരിപ്പിക്കപ്പെട്ടേക്കും എന്ന സാധ്യതയാണ് അടുത്ത ഘടകം. ജിയോയുള്‍പ്പെടെയുള്ള കമ്പനികള്‍ 5 ജിയില്‍ ഊര്‍ജിതമായി പങ്കെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സമാനപരിഗണനതന്നെ 6 ജിക്കും നല്‍കുന്നുണ്ട്. ഇങ്ങനെ 6 ജിയുടെ സാധ്യത നിലനില്‍ക്കുമ്പോള്‍ 5 ജിയില്‍ അനാവശ്യമായി അധികം മുടക്കുമോ എന്ന സംശയം ന്യായമാണ്. ഇന്ത്യ മുഴുവന്‍ 2024 ആകുമ്പോഴേക്ക് 5 ജി ലഭ്യമാകുമെന്നാണ് കമ്പനികള്‍ പറയുന്നത്. അപ്പോഴേക്ക് 6 ജിയും ബഹുദൂരം സഞ്ചരിച്ചിരിക്കും.
കമ്പനികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിരക്കുകളെ സ്വാധീനിക്കാം. ഇന്ത്യയില്‍ മൊബൈല്‍ സേവനം ലഭ്യമായിത്തുടങ്ങിയ കാലത്ത് ടാറ്റയും എയര്‍സെല്ലുമടക്കം വിവിധ കമ്പനികളുണ്ടായിരുന്നു. എന്നാല്‍, നിരക്കു കുറച്ചുള്ള മത്സരത്തിലും രാഷ്ട്രീയസ്വാധീനമുള്ള കമ്പനികളോടും നയങ്ങളോടും കിടപിടിക്കാനാകാതെയും മിക്ക കമ്പനികളും തകര്‍ന്നു. ചില കമ്പനികള്‍ വോഡഫോണ്‍-ഐഡിയ പോലെ ലയിച്ചുപ്രവര്‍ത്തിക്കുന്നു. പക്ഷേ, ഇപ്പോഴും പല കമ്പനികളുടെയും അവസ്ഥ പരിതാപകരമാണ്. ഗവണ്‍മെന്റുമായി അടുത്ത ബന്ധമുള്ള ജിയോപോലെയുള്ള കമ്പനികള്‍ കുത്തക സ്ഥാപിക്കുന്നത് കുറഞ്ഞ നിരക്കുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്കു തിരിച്ചടിയാകും. അമേരിക്കയില്‍ ഇതു യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുകയാണ്. അവിടെ കുത്തകക്കമ്പനികളുടെ സ്വാധീനമുള്ള നഗരങ്ങളില്‍ 120 ഡോളര്‍ വരെയാണ് ഇപ്പോഴത്തെ നിരക്ക്. അത്രയൊന്നും കൂടിയില്ലെങ്കില്‍പ്പോലും ഇപ്പോള്‍ ലഭിക്കുന്ന നിരക്കില്‍നിന്ന് ഏറെ ഉയരാന്‍ ഇന്ത്യയിലും സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
ഫ്രീക്വന്‍സി കൂടുമ്പോള്‍ റേഞ്ചു കുറയും എന്ന സാധാരണസാങ്കേതികനിയമം അനുസരിച്ചു വിദഗ്ധര്‍ പറയുന്നത് കെട്ടിടങ്ങളുടെ മറയും എന്തിന്, മഴ പോലും 5 ജി തരംഗങ്ങള്‍ക്കു തടസ്സമായേക്കാമെന്നാണ്. അതിനാല്‍ 4 ജി യെക്കാള്‍ പ്രതിസന്ധികള്‍ പ്രതീക്ഷിക്കണമെന്നാണ്. ആരോഗ്യരംഗത്തും പ്രതിരോധരംഗത്തും മറ്റും വലിയ മാറ്റങ്ങളുണ്ടാക്കും എന്നു പ്രതീക്ഷിക്കുന്ന ഒരു വിദ്യ ഈ തടസ്സങ്ങളെ ഒക്കെയും അതിജീവിക്കാന്‍ പ്രാപ്തമാകുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഹോസ്പിറ്റലിലെ ഒരു രോഗിക്ക് യുകെയിലെയോ യുഎസിലെയോ ഡോക്ടര്‍ നിര്‍ദേശങ്ങള്‍ നല്കി ഓപ്പറേഷന്‍ നടത്തുമ്പോള്‍ സാങ്കേതികവിദ്യയ്ക്കു ജീവനോളം വിലവരുമല്ലോ.
ഏറ്റവും നല്ലതെന്നും അങ്ങേയറ്റം വിപത്തെന്നും പല തരത്തില്‍ വിലയിരുത്തപ്പെടുന്ന സാങ്കേതികവിദ്യയുടെ ഈ നിര്‍ണായകഘട്ടം എത്തിച്ചേര്‍ന്നിരിക്കുന്നു. ഒഴിവാക്കാനാവാത്തവിധം നമ്മളെല്ലാം ഈ പ്രക്രിയയുടെ ഭാഗമായിരിക്കുന്നു. വിപത്തുകളെ മറികടന്നു മനുഷ്യബുദ്ധിയും കൃത്രിമബുദ്ധിയും ചേര്‍ന്നു സൗകര്യപ്രദമായ ലോകം സൃഷ്ടിക്കപ്പെടാന്‍ കാത്തിരിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)