എല്ലാവര്‍ഷവും സെപ്റ്റംബര്‍ 27 ലോകടൂറിസംദിനമായി ആചരിക്കുന്നു. ലോകജനതയ്ക്കു സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യസാംസ്‌കാരിക സാമ്പത്തികമൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം നല്‍കുകയാണു ലക്ഷ്യം. 1980 മുതല്‍ ലോകടൂറിസംദിനം ആചരിച്ചുവരുന്നു. ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങളുമായി ഓരോ രാജ്യങ്ങളിലായാണ് ഈ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ''റീത്തിങ്കിങ് ടൂറിസം'' എന്ന ആശയത്തോടെ ഇന്തോനേഷ്യയിലെ ബാലിയാണ് ആഘോഷത്തിന്റെ വേദി.
നമ്മുടെ കൊച്ചുകേരളത്തിന്റെ പ്രധാനവരുമാനമാര്‍ഗമാണ് ടൂറിസം. കൊറോണയ്ക്കുശേഷം ഈ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരിശ്രമിക്കുന്നുണ്ട്. കൊവിഡ് നല്‍കിയ വന്‍ സാമ്പത്തികനഷ്ടത്തെ മറികടക്കാനുള്ള പദ്ധതികളുമായി കേരളസര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ടൂറിസം മിഷനിലൂടെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകരെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു.
നാടും നഗരവും ചുറ്റിക്കാണുന്ന പതിവുരീതികളില്‍ വന്ന മാറ്റങ്ങള്‍ക്ക് യുട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും പങ്കു ചെറുതല്ല. തദ്ദേശീയടൂറിസത്തിനും ഗ്രാമീണകാഴ്ചകള്‍ക്കും രുചിക്കൂട്ടുകള്‍ക്കും നല്‍കി വരുന്ന പ്രാധാന്യം സാധാരണജനങ്ങള്‍ക്കിടയിലേക്ക് ടൂറിസം മേഖല വ്യാപിച്ചതിനു തെളിവാണ്.
യാത്രകളൊഴിഞ്ഞ കൊറോണക്കാലത്താണ് ജനങ്ങള്‍ ശരിക്കും ഗ്രാമീണമേഖലയിലെ ടൂറിസംസാധ്യത തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചത്. ഗ്രാമീണരുചികള്‍ തേടി ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങി.
ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതുവഴി കൂട്ടുത്തരവാദിത്വം പൊതുജനങ്ങള്‍ക്കുകൂടി പകര്‍ന്നുകൊടുക്കാന്‍ കഴിയും. നിലവിലുള്ള പല ടൂറിസ്റ്റു കേന്ദ്രങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു പറയുന്നത്, കൃത്യമായ പരിപാലനം ഇല്ലെന്നതുതന്നെയാണ്. ടൂറിസ്റ്റുകള്‍ക്കു ബുദ്ധിമുട്ടുകളില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ ടൂറിസംകേന്ദ്രങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ രൂപവത്കരിച്ച് സാമ്പത്തികമുന്നേറ്റവും തൊഴിലവസരങ്ങളും സൃഷ്ടിക്കാവുന്നതാണ്.
കാര്‍ഷികമേഖലകളില്‍ ഫാം ഹൗസുകളും ഗ്രാമീണമേഖലകളില്‍ വീടുകളും ആളുകള്‍ ഹോം സ്റ്റേയായി നല്‍കിത്തുടങ്ങിക്കഴിഞ്ഞു. ടൂറിസത്തിന്റെ ഒരു വന്‍മുന്നേറ്റമാണ് കൊറോണയ്ക്കുശേഷം കാണാന്‍ കഴിഞ്ഞത്.
പങ്കാളിത്തടൂറിസം പല തരത്തിലുണ്ട്. നേരത്തേ പറഞ്ഞതുപോലെ നമ്മുടെ നാടിന്റെ സംസ്‌കാരികപൈതൃകങ്ങള്‍ എല്ലാം തന്നെ മെച്ചപ്പെടുത്തിക്കൊണ്ടുവരികയും ചുമതലകള്‍ പല തട്ടുകളിലേക്കായി വിഭജിക്കുകയും ചെയ്യുന്നതിലൂടെ ഉത്തരവാദിത്വവും പുരോഗതിയും ഉണ്ടാകും.
ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകവഴി സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയും. കൊറോണയ്ക്കുശേഷം കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഏകദിന പാക്കേജ് ടൂറിസം പദ്ധതികള്‍ വളരെ വിജയകരമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇത്തരം യാത്രകള്‍ പൊതുവെ ടൂറിസത്തെക്കുറിച്ചുള്ള ധാരണ ആളുകളില്‍നിന്നു മാറ്റിയെടുക്കാനും ടൂറിസത്തിന്റെ വിവിധവശങ്ങള്‍ മനസ്സിലാക്കി അതു നടപ്പാക്കാനും വഴിയൊരുക്കുന്നു.
ഇന്നിന്റെ പ്രത്യേകത വില്ലേജ് ലൈഫിലേക്കുള്ള ആളുകളുടെ മടങ്ങിവരവാണ്. തദ്ദേശടൂറിസവികസനത്തിനു പുതിയൊരു വാതിലാണ് അതു തുറന്നുതരുന്നത്. നാടന്‍കലകളും രുചിക്കൂട്ടും സംസ്‌കാരവും അറിയാനും അതില്‍ പങ്കാളികളാകാനും സഞ്ചാരികള്‍ ശ്രമിക്കുന്നു.
കാര്‍ഷികമേഖലയ്ക്കും ഉത്പന്നങ്ങള്‍ക്കും നല്ലൊരു വിപണികൂടിയാണ് ടൂറിസം വികസനത്തില്‍ക്കൂടി ലഭ്യമാകുന്നത്. ഗ്രാമീണരുടെ കരകൗശലവസ്തുക്കള്‍ക്ക് ഇന്ന് നല്ല ഡിമാന്റാണ്. ടൂറിസം ഗ്രാമങ്ങളിലേക്കു വ്യാപിച്ചതിനാലാണ് ഇതു സാധ്യമായത്. അതത് ജീവിതങ്ങളെ വരച്ചുകാണിക്കുന്ന ഈ സൃഷ്ടികള്‍ ലോകവിപണിയിലേക്കെത്തിക്കാന്‍ സഞ്ചാരികളിലൂടെ സാധിക്കും. നമ്മുടെ ജോലി, താമസം, ഭക്ഷണം എന്നിവയ്ക്കു പുറമേ നമ്മുടെ സംസ്‌കാരവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാവണം. എങ്കില്‍ മാത്രമേ ടൂറിസം വികസനം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാവുകയുള്ളൂ.