അന്നുവരെ നിര്‍മിച്ചിട്ടുള്ളതിലേക്കും വലിയ കപ്പലായിരുന്നു ടൈറ്റാനിക്. ഒരു സമുദ്രസഞ്ചാരിക്കു വിഭാവനം ചെയ്യാവുന്ന എല്ലാവിധ സുഖസൗകര്യങ്ങളും അതിലുണ്ടായിരുന്നു - ഉദയാസ്തമയങ്ങള്‍ കണ്ടു രസിക്കാനുള്ള സംവിധാനങ്ങള്‍, നീന്തല്‍ക്കുളം, വായനശാല, അഞ്ഞൂറോളം പേര്‍ക്ക് ഒന്നിച്ചിരുന്നു വെടിപറഞ്ഞുല്ലസിക്കാനുള്ള വിശാലമായ ഭക്ഷണശാല... ജീവനക്കാരടക്കം 2224 പേരുണ്ടായിരുന്ന കപ്പലില്‍ തീറ്റകുടിയിലും നൃത്തസംഗീതങ്ങളിലും കളിവിനോദങ്ങളിലും മുഴുകി അവര്‍ സമയംപോക്കി - ഏപ്രില്‍ 14-ാം തീയതി (1912) വരെ.
രാത്രി 11.45 നാണ് അതു സംഭവിച്ചത്. കപ്പല്‍ ഭീമാകാരമായ ഒരു മഞ്ഞുകട്ടയില്‍ ചെന്നു തട്ടിത്തകര്‍ന്നു. ലോകത്തില്‍ ഒരു ശക്തിക്കും നശിപ്പിക്കാന്‍ സാധ്യമല്ലെന്നു നിര്‍മാതാക്കള്‍ കരുതിയ ടൈറ്റാനിക് വെറും പച്ചവെള്ളം ഉറഞ്ഞ ഐസില്‍ തട്ടിയുടയുമ്പോള്‍ മാനവശേഷിയുടെ പരിമിതിയാണ് വിളിച്ചറിയിക്കപ്പെട്ടത്.
ഉള്ള ബോട്ടുകളിലേക്ക് ക്യാപ്റ്റന്റെ കല്പനയനുസരിച്ച് സ്ത്രീകളും കുട്ടികളും കയറിപ്പറ്റി. അവരെയുംകൊണ്ട് അവസാനത്തെ ബോട്ടും നീങ്ങിയകന്നപ്പോള്‍ കപ്പലിന്റെ ഡെക്കില്‍ ഉദ്ദേശം 1500 ഓളംപേര്‍ എന്തു ചെയ്യണമെന്നറിയാതെ വിറച്ചുനിന്നു!
മനസ്സിന്റെ സമനില തെറ്റി, നിലത്തുകിടന്നുരുണ്ടവരുണ്ട്, വാവിട്ടു നിലവിളിച്ചവരുണ്ട്, സര്‍വതിനെയും പ്രാകി ദുഷിച്ചുകൊണ്ട് വിധിയെ ശപിച്ച് അങ്ങുമിങ്ങും അലറിനടന്നവരുണ്ട്... അവിടെ ആര്‍ക്ക് എന്തു പോംവഴിയാണു നിര്‍ദ്ദേശിക്കാനുള്ളത്? ആര് ആരെ എങ്ങനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും? ഒരു ശക്തിക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ!
അപ്പോഴാണ് അവരുടെയിടയിലേക്ക് ശാന്തമായി ആ ഗാനം ഒഴുകിയെത്തിയത്:
"Never, my God, to thee
Nearer to thee
Even though it be a cross
That raiseth me
still all my song shall be
Nearer, my God to Thee
Nearer to Thee...''
കപ്പലിലെ ഗായകസംഘത്തിന്റേതായിരുന്നു ആ ഈരടികള്‍. കൂരിരുള്‍പ്പാളികളിലൂടെ മെല്ലെ മെല്ലെ ആ ഗാനവീചികള്‍ ഒഴുകിവന്നപ്പോള്‍ കൂട്ടക്കരച്ചിലിന്റെയും അലര്‍ച്ചയുടെയും ആര്‍ത്തനാദങ്ങള്‍ നിലച്ചുതുടങ്ങി. ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും ഓടിനടന്നവര്‍ അടുത്തടുത്തു വന്നു. മുകളില്‍ ആകാശം! താഴെ ആഴിയുടെ അപാരതയിലേക്കു മുങ്ങിത്താഴുന്ന കപ്പല്‍. അതിനിടയില്‍ക്കൂടി നിത്യതയിലേക്കു ചിറകുവിരിച്ചുയരുന്ന ഗാനശകലങ്ങള്‍!
ആ ഗാനം അവരെയെല്ലാം ഒന്നിച്ചടുപ്പിച്ചു. ഒരേ സ്വരത്തില്‍, കൈകള്‍ കോര്‍ത്തുപിടിച്ച് അവരും ഏറ്റുപാടി: ''എന്റെ സ്രഷ്ടാവായ ദൈവമേ, അങ്ങയുടെ സന്നിധിയിലേക്കു ഞാനിതാ വരുന്നു. കുരിശിലാണ് ഞാന്‍ ഉയര്‍ത്തപ്പെടുന്നതെങ്കിലും എന്റെ എല്ലാ ഗാനങ്ങളും അങ്ങയുടെ പക്കലേക്ക്.''
കപ്പലിന്റെ ഗോവണികളും ഭക്ഷണശാലകളും വിനോദസ്ഥലങ്ങളും കടലിന്റെ ആഴങ്ങളിലേക്കു താണുതാണുപൊയ്‌ക്കൊണ്ടിരുന്നപ്പോഴും ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് ആ ഗാനം ഉയര്‍ന്നുയര്‍ന്നുവന്നു. മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും രക്ഷാമാര്‍ഗങ്ങളെക്കുറിച്ചു ചിന്തിക്കാതെ തങ്ങളുടെ നാവുകള്‍ വെള്ളത്തിനടിയില്‍ ആകുന്നതുവരെ ആ അനശ്വരഗാനം പാടിക്കൊടുത്ത ഗായകസംഘം ക്രൈസ്തവധീരതയുടെ ഉദാത്തമായ ഉദാഹരണമാണ്.
അനേകം പരിഭ്രാന്തരുടെ മരണാനുഭവത്തിന് ഈണവും താളവും പ്രദാനം ചെയ്ത ഗാനം! ''ആ ഗാനം തുടങ്ങിയതിനുശേഷം പിന്നെ ആരുടെയും അലര്‍ച്ച പുറത്തുകേട്ടില്ല. അതിന്റെ നിര്‍വൃതിയിലും നിര്‍ഭരതയിലും ഞങ്ങളും ലയിച്ചുചേര്‍ന്നു...'' ബോട്ടില്‍ കയറിയ ഒരു ദൃക്‌സാക്ഷിയുടെ വിവരണമാണത്. താഴെ നടുക്കടലില്‍ നീന്തിത്തുടിച്ചുനിന്നവര്‍ക്കും തടിക്കഷണങ്ങളില്‍ പിടിച്ചുനിന്നു സര്‍വാംഗം മരച്ചുപോയവര്‍ക്കും ആ സ്തുതിഗീതം ഏതോ അഭൗമികമായ ശാന്തി സമ്മാനിച്ചു. ഇരുമ്പുകഷണങ്ങളിലൂടെ ഉരസിപ്പോകുന്ന കാന്തംപോലെ അത് അവരെ ഒരു മാസ്മരികവലയത്തിലാക്കി.
ഒരു തരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും അത്യുന്നതന്മാരായിരുന്നു യാത്രക്കാര്‍. ജീവിതത്തിന്റെ കരിപുരണ്ട വശം ഒരിക്കല്‍പ്പോലും കാണേണ്ട ഗതികേടു സംഭവിക്കാത്തവര്‍. തിന്നുകുടിച്ചുമദിച്ചുകഴിഞ്ഞവര്‍ക്ക് മറ്റൊന്നും ചിന്തിക്കേണ്ടിവന്നിട്ടില്ല.
വിഭിന്ന ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചവരായിരുന്നു അവരെല്ലാം. വെറും വിനോദയാത്രയ്ക്കായി ഇറങ്ങിയവരുണ്ട്. ആസ്റ്റര്‍ ദമ്പതികളെപ്പോലെ മധുവിധു ആഘോഷിക്കാന്‍ പുറപ്പെട്ടവരുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ദൈവത്തെ വിളിക്കാത്തവരുമുണ്ടായിരുന്നു കൂട്ടത്തില്‍. നിനച്ചിരിക്കാത്തൊരു നിമിഷത്തില്‍ മരണത്തിന്റെ മഞ്ഞുകട്ടയില്‍ തട്ടി എല്ലാം തകര്‍ന്നപ്പോള്‍ അവരുടെയൊക്കെ സമനില തെറ്റിയതില്‍ അദ്ഭുതത്തിന് അവകാശമില്ലല്ലോ. ഒന്നല്ല, രണ്ടല്ല, ഒന്നര സഹസ്രം പേരായിരുന്നു ആ സമ്മിശ്രസമൂഹത്തില്‍. പരിഭ്രാന്തമായ മരണവെപ്രാളമായിരുന്നു ആ മണിക്കൂര്‍ അവര്‍ക്കു സമ്മാനിച്ചത്.
അവിടെ മാനസികമായ സ്വസ്ഥതയും സമാധാനവും പ്രദാനം ചെയ്ത് ദൈവപരിപാലനയ്ക്ക് തങ്ങളെത്തന്നെ വിട്ടുകൊടുക്കാന്‍ അവരെ ഒരുക്കുക നിസ്സാരകാര്യമല്ല. ആ മഹത്തായ കൃത്യമാണ് ഗായകസംഘം നിറവേറ്റിയത്. അതുകൊണ്ടുതന്നെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രേഷിതരെന്ന് അവരെ ചിലര്‍ വിശേഷിപ്പിച്ചതും.
നിഘണ്ടുവിലില്ലാത്ത തെറികള്‍ വിളിച്ചുപറഞ്ഞുകൊണ്ട് തെരുവോരത്തുകിടന്നു പുഴുത്തുമരിക്കുന്ന ഒരാളെ കല്‍ക്കട്ടാനഗരത്തിന്റെ പ്രാന്തപ്രദേശത്തുവച്ച് മദര്‍ തെരേസാ കണ്ടുമുട്ടുകയാണ്. കണ്ടപാടേ അയാളെ തന്റെ ആതുരാലയത്തിലേക്ക് മദര്‍ എടുത്തുകൊണ്ടുവന്നു. അയാളുടെ വ്രണങ്ങള്‍ കഴുകിക്കെട്ടി മരുന്നും ഭക്ഷണവും കൊടുത്തു - ശാന്തമായി മരണം സ്വീകരിക്കാന്‍ അയാളെ ഒരുക്കി. തന്നെ ലോകം മുഴുവന്‍ വെറുക്കുന്നു എന്നു വിചാരിച്ച് സര്‍വരെയും പ്രാകി ദുഷിച്ചുകൊണ്ടുകിടന്ന മനുഷ്യനിലേക്കാണ് സ്‌നേഹത്തിന്റെ ഒരു കൈത്തിരി കടന്നുവരുന്നത്. തന്നെ വെറുക്കാത്തവരും ലോകത്തിലുണ്ട് എന്ന് അയാള്‍ക്കു മനസ്സിലായി.
''അമ്മ എന്നോട് ഇങ്ങനെ ചെയ്യാന്‍ കാരണമെന്താണ്?'' അയാള്‍ ആരാഞ്ഞു. ''നിന്നെ സ്‌നേഹിക്കുന്ന ഒരാളുണ്ട്. ആ ആളിനുവേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.''
''ഓ, അങ്ങനെയും ഒരാളുണ്ടോ? ആരാണത്?''
മദര്‍ അയാളുടെ കൈയില്‍ ഒരു ക്രൂശിതരൂപം കൊടുത്തിട്ട് പറഞ്ഞു: ''ഈ ആള്‍ നിന്നെ സ്‌നേഹിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നെ പ്രതീക്ഷിച്ചിരിക്കുന്നു...''
അയാള്‍ ശാന്തമായി മരണം സ്വീകരിച്ചു! ചില ദുര്‍ബലനിമിഷങ്ങളില്‍ സാന്ദര്‍ഭികമായി ലഭിക്കുന്ന ചില്ലറ സഹായം, മാര്‍ഗനിര്‍ദേശം അനേകരെ തങ്ങളുടെ ദൗര്‍ഭാഗ്യങ്ങള്‍ സമര്‍പ്പിതമനോഭാവത്തോടെ സ്വീകരിക്കുവാന്‍ പ്രാപ്തരാക്കിയേക്കും.
ആത്മഹത്യയ്ക്കു മുതിരുന്നവരെ കണ്ടിട്ടില്ലേ? എല്ലാം തകര്‍ന്നു, എല്ലാവരും കൈവിട്ടു, ഇനി ഒരടി മുന്നോട്ടു നീങ്ങുവാന്‍ നിവൃത്തിയില്ല എന്നു ചിന്തിച്ചെത്തുമ്പോഴാണ് അവരതിനു തുനിയുക.
അവസരോചിതമായി ലഭിക്കുന്ന ചെറിയൊരു പ്രകാശകിരണംപോലും മേല്പറഞ്ഞവരെയൊക്കെ നേര്‍വഴിയിലേക്കു നയിച്ചെന്നു വരും.