ഉദാത്തവും വിശുദ്ധവുമായ സര്‍ഗസംസ്‌കൃതിയുടെ ഭൂതകാലതേജസ്സുകളെ അന്വേഷിച്ചറിയാനുള്ള മനസ്സു നഷ്ടമാകാതിരിക്കുമ്പോഴാണ് 'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ' എഴുത്തുകാര്‍ നമുക്കുണ്ടാകുന്നത്.
ആത്മസാക്ഷാത്കാരത്തിന്റെയും സര്‍ഗാത്മകതയുടെയും ആനന്ദത്തിനപ്പുറം സാഹിത്യം വ്യവസായംകൂടിയായി മാറിയ കാലത്ത് എഴുത്തിന്റെയും വായനയുടെയും ശരിയായ വഴിയിലൂടെയാണോ നാം സഞ്ചരിക്കുന്നതെന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്. ഭാഷ കൊണ്ടു വായനക്കാരനെ അടുപ്പിക്കണം. ഇപ്പോള്‍ അകറ്റുന്ന രീതിയാണു കാണുന്നത്. വ്യക്തിപരമായ അനുഭവവും ഉള്ളില്‍ക്കൊള്ളുന്ന അനുഭവങ്ങളും നഷ്ടപ്പെടുന്നതുകൊണ്ട ാണ് ഭാഷയുടെ സൗന്ദര്യം ഇല്ലാതാകുന്നത്' എന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. അടുത്തകാലത്തു പറഞ്ഞതിനെ പുതിയ കാലത്തിനൊപ്പം നടക്കാനറിയാത്ത ഒരാളുടെ കുറ്റപ്പെടുത്തല്‍ മാത്രമായി ചിലരെങ്കിലും വ്യാഖ്യാനിച്ചത് നവമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്.
''പിണങ്ങിപ്പോയീടിലും
പിന്നെ ഞാന്‍ വിളിക്കു മ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ
ഉണ്ണുവാന്‍ വരാറില്ലേ'' എന്നു വിതുമ്പി മകന്റെ കുഴിമാടത്തിനു മുന്നില്‍ മാമ്പഴവുമേന്തി നില്ക്കുന്ന ആ അമ്മയ്‌ക്കൊപ്പം കഴിഞ്ഞ എണ്‍പത്താറു വര്‍ഷമായി മടുപ്പോ മറവിയോ ഇല്ലാതെ മലയാളത്തിന്റെ മനസ്സും കണ്ണീരുപ്പു രുചിച്ചുകൊണ്ടിരിക്കുന്നു. നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മരിച്ചുപോയ തന്റെ കുഞ്ഞനുജനായ കൃഷ്ണന്‍കുട്ടിയെക്കുറിച്ചുള്ള തപ്തസ്മരണയില്‍നിന്നാണ് 'മാമ്പഴ' ത്തിന്റെ പിറവിയെന്ന് 'കാവ്യലോകസ്മരണ'കള്‍ എന്ന ആത്മകഥയില്‍ വൈലോപ്പിള്ളി വ്യക്തമാക്കുന്നുണ്ട്. 1936 ലെ മാതൃഭൂമി ഓണപ്പതിപ്പിലാണ് ആ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. എറണാകുളത്തെ ആശുപത്രിയില്‍ ജ്വരബാധിതനായി കിടക്കുമ്പോഴാണ് കവിത പ്രസിദ്ധീകരിച്ച വിവരം കവി അറിയുന്നത്. പാതിബോധത്തില്‍ കിടക്കുമ്പോഴും ഓര്‍മയില്‍നിന്ന് ഓരോ വരികളെടുത്തു പാടി.
''വരിക കണ്ണാല്‍ കാണാന്‍
വയ്യാത്തോരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും
തായതന്‍ നൈവേദ്യം നീ'' എന്ന വരികളിലെത്തുമ്പോള്‍ കരഞ്ഞുപോയ കവിയെ 'കാവ്യലോകസ്മരണ'കളില്‍ നമുക്കു കാണാം.
വൈയക്തികദുഃഖങ്ങളെ, ദാര്‍ശനികവ്യഥകളെ സാഹിത്യത്തിനു വിഷയമാക്കി കണ്ണീരിന്റെ നാനാര്‍ത്ഥങ്ങളന്വേഷിക്കുന്ന മഹാസിദ്ധി വര്‍ത്തമാനകാലസാഹിത്യത്തിന് അന്യമാവുകയാണോ? വിടര്‍ന്നുവിലസുന്ന പൂവിലല്ല അടര്‍ന്നുകൊഴിയുന്ന പൂവിലാണ് ജീവിതത്തിന്റെ പൊരുളെന്നു തിരിച്ചറിയാന്‍ കുമാരനാശാനു സാധിച്ചതും, പ്രിയപത്‌നിയുടെ അകാലവിയോഗമേല്പിച്ച ശൂന്യതയെ മറികടക്കാന്‍ നാലപ്പാട്ടു നാരായണമേനോന്‍ നടത്തിയ സര്‍ഗാത്മകപിടച്ചിലുകളില്‍നിന്ന്
'ഉരുക്കിടുന്നു മിഴിനീരിലിട്ടു
മൂക്കുന്നു വീണ്ടും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാന്‍'
എന്ന മനോഹരവരികള്‍ ഉള്‍പ്പെടുന്ന 'കണ്ണുനീര്‍ത്തുള്ളി' എന്ന അനശ്വരകാവ്യം പിറന്നതും ഋഷിസഹജമായ കവിഹൃദയം അവര്‍ക്കു സ്വന്തമായിരുന്നതുകൊണ്ടുമാത്രമാണ്.
എഴുതിയാല്‍ വിവാദമായേക്കാവുന്നതും വിവാദമായാല്‍ വിറ്റഴിക്കപ്പെട്ടേക്കാവുന്നതുമായ പ്രമേയപരിസരങ്ങളിലേക്കും ആവിഷ്‌കരണശൈലിയിലേക്കും മാത്രമായി സാഹിത്യം വഴിമാറുന്നുവെന്നാരെങ്കിലും ആശങ്കപ്പെട്ടാല്‍ അവരെ ഒറ്റപ്പെടുത്തിയാക്രമിക്കേണ്ടതുണ്ടോ?
തുറന്നാല്‍ വെളിച്ചം കിട്ടുന്ന എത്ര കൃതികളെ നാളേക്കായി കരുതിവയ്ക്കാന്‍ വര്‍ത്തമാനകാലത്തിലെ എഴുത്തിന്റെ കൂടാരങ്ങള്‍ക്കാവുന്നുണ്ട്? പാവാടയ്ക്കുപുറമേ റെയിന്‍ബോ ജോര്‍ജറ്റിന്റെ ഒരു ദാവണികൂടി ചുറ്റിയ ആറാം ക്ലാസുകാരിയെയും അവളുടെ ഇളയ രണ്ടു സഹോദരങ്ങളെയും അവരുടെ കലപിലകളിലും പൊട്ടിച്ചിരികളിലും നിഷ്‌കളങ്കമായ വര്‍ത്തമാനങ്ങളിലും ഹ്രസ്വനേരത്തേക്കവള്‍ നല്കിയ പരിഗണനയിലും മനസ്സിലെ മരണചിന്ത വെടിഞ്ഞു ജീവിതത്തിലേക്കു തിരിച്ചുനടന്ന ഒരു ചെറുപ്പക്കാരനെയും നമുക്കു കാട്ടിത്തന്നത് ടി. പത്മനാഭനാണ്. ജീവിതത്തിന്റെ പ്രസാദാത്മകതയും വിശുദ്ധിയും സദാ പ്രസരിപ്പിക്കുന്ന അവളെ 'എന്നും സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളുമുള്ള ഒരു ലോകത്ത്' ജീവിക്കുന്നവള്‍ എന്നാണ് കഥാകൃത്ത് വിശേഷിപ്പിക്കുന്നത്. നാനൂറോ അഞ്ഞൂറോ കൊല്ലങ്ങള്‍ക്കുശേഷം മനുഷ്യര്‍ ജീവിതത്തിന്റെ ഏതെങ്കിലുമൊരു വഴിത്തിരിവില്‍ മരണമോ ജീവിതമോ എന്നു സന്ദേഹിച്ചു നില്ക്കുമ്പോള്‍ അത്തരമൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല എന്ന പ്രത്യാശയിലാണ് 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' അവസാനിക്കുന്നത്.
ജീവിതം തന്നതിനെയെല്ലാം ക്ഷമയോടെ സ്വീകരിച്ചവര്‍, അവനവന്റെയും അപരന്റെയും ജീവിതത്തിലെ ചോര തുടിക്കുന്ന നേരുകളെ ചികഞ്ഞെടുത്ത് ഓരോ കാലത്തിന്റെയും ഭാവുകത്വത്തിനനുയോജ്യമായ ശൈലിയില്‍ ആവിഷ്‌കരിച്ചവര്‍, ഭാവുകത്വങ്ങളും പ്രസ്ഥാനങ്ങളും മാറിമറിയുമ്പോഴും മനുഷ്യന്റെയും പ്രകൃതിയുടെയും ഭാവിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്നവര്‍, ഇതിഹാസങ്ങളുള്‍പ്പെടെ പൂര്‍വസാഹിത്യസംസ്‌കൃതിയിലെ അനശ്വരകൃതികളിലൂടെ, ക്ലാസിക്കുകളിലൂടെ പലവട്ടം സഞ്ചരിച്ചതിന്റെ സ്വാധീനമേറ്റവര്‍, ആദ്യവായനയുടെ നാള്‍ മുതല്‍ ഓര്‍മയുടെ വെളിച്ചമണയുന്ന അവസാനനിമിഷംവരെ നമ്മോടൊപ്പമുണ്ടാകുന്ന കഥാപാത്രങ്ങളില്‍ പലരെയും സമ്മാനിച്ചത് ഇത്തരം എഴുത്തുകാരായിരുന്നില്ലേ?
'എനിക്കീപ്രപഞ്ചത്തെയെല്ലാം സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ തോന്നുന്നു' എന്ന് 'ഭൂമിയുടെ അവകാശിക'ളില്‍ ബഷീര്‍ പ്രകടിപ്പിച്ച പ്രപഞ്ചാവബോധത്തിന്റെ ദര്‍ശനദീപ്തിയുള്ള മുഖമാണ് ഒ. വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ ചെതലിയുടെ താഴ്‌വരയിലെ പൂവിറുക്കാനെത്തിയ പെണ്‍കുട്ടിയിലും 'അനുജത്തീ നീയെന്നെ മറന്നല്ലോ' എന്നു ചോദിക്കുന്ന ചമ്പകത്തിലും നാം കാണുന്നത്. ഉദാത്തവും വിശുദ്ധവുമായ സര്‍ഗസംസ്‌കൃതിയുടെ ഭൂതകാലതേജസ്സുകളെ അന്വേഷിച്ചറിയാനുള്ള മനസ്സ് നഷ്ടമാകാതിരിക്കുമ്പോഴാണ് 'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ' എഴുത്തുകാര്‍ നമുക്കുണ്ടാകുന്നത്. 'കാടായിത്തീര്‍ന്ന ഒറ്റ മരം' എന്നു ബഷീറിനെക്കുറിച്ചാണ് എം.എന്‍. വിജയന്‍ പറഞ്ഞതെങ്കിലും അത്തരം അനേകം ഒറ്റമരങ്ങളുടെ വിശാലമായ തണലിലിരുന്നാണ് ഇവിടെ പല തലമുറകള്‍ വായനയുടെ സ്വര്‍ഗം തീര്‍ത്തത് എന്നു മറക്കാതിരിക്കാം. അനുകര്‍ത്താക്കള്‍ മാത്രമേ ഉണ്ടാകാവൂ എന്നല്ല ഇതിനര്‍ത്ഥം. എഴുത്തില്‍ പുതുവഴി തീര്‍ത്ത് മുന്നേറുമ്പോള്‍ ഇന്നലെകളെ കാണാന്‍ മറക്കരുത് എന്നൊരോര്‍മപ്പെടുത്തല്‍ മാത്രം.