ഒന്നേമുക്കാല്‍ നൂറ്റാണ്ടുമുമ്പ് നമ്മുടെ രാജ്യത്തിന്റെ സ്വന്തമായിരുന്നതും പിന്നീട്, ബ്രിട്ടീഷ് ഭരണാധികാരിയുടെ കിരീടത്തില്‍ സ്ഥാനംപിടിച്ചതുമായ അമൂല്യമായ ഒരു വജ്രമുണ്ട് - കോഹിനൂര്‍. വിലമതിക്കാനാവാത്ത ഈ വജ്രത്തിന്റെ ഇന്ത്യയിലെ വിപണിമൂല്യം 2,329 കോടി രൂപയിലധികമാണെന്നറിയുമ്പോള്‍ ആരും അദ്ഭുതപരതന്ത്രരാകും. 2800 ലേറെ മുത്തുകളും വജ്രങ്ങളും പതിപ്പിച്ചിരിക്കുന്ന പ്ലാറ്റിനത്തില്‍ നിര്‍മിച്ച രാജകിരീടത്തിന്റെ ആകെ മൂല്യം 69,584 കോടി രൂപയാണെന്നും കണക്കാക്കിയിരിക്കുന്നു.
ഈ മാസം 8-ാം തീയതി സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ 96-ാം വയസ്സില്‍ അന്തരിച്ച രണ്ടാം എലിസബത്തു രാജ്ഞിയുടെ വിയോഗത്തോടെയാണ് ലോകത്തെ ഏറ്റവും വില കൂടിയ വജ്രങ്ങളിലൊന്നായ കോഹിനൂരും വാര്‍ത്തകളില്‍ നിറയുന്നത്.
''വെളിച്ചത്തിന്റ മല' എന്നോ, ''പ്രകാശത്തിന്റെ പര്‍വതം' എന്നോ വിശേഷിപ്പിക്കപ്പെടുന്ന കോഹിനൂരിന് അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ടാകാമെന്നു കണക്കാക്കിയിട്ടുണ്ട്. 14-ാം നൂറ്റാണ്ടില്‍ കകാത്തിയ രാജവംശത്തിന്റെ ഭരണകാലത്ത് ആന്ധ്രപ്രദേശിലെ ഗോല്‍കൊണ്ടയ്ക്കടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍നിന്നു കണ്ടെടുത്ത കോഹിനൂരിന് 700 വര്‍ഷത്തെ അറിയപ്പെടുന്ന ചരിത്രമുണ്ട്. ഖനിയില്‍നിന്നു പുറത്തെടുക്കുമ്പോള്‍ 739 കാരറ്റു തൂക്കമുണ്ടായിരുന്ന വജ്രം രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വാറംഗലിലെ ഭദ്രകാളീക്ഷേത്രത്തിലുള്ള ദേവീവിഗ്രഹത്തിന്റെ കണ്ണുകളിലൊന്നായി പ്രതിഷ്ഠിക്കുകയും ചെയ്തു.
കോഹിനൂര്‍ കടല്‍ കടന്ന കഥ
എ ഡി 1310 ലെ വാറംഗല്‍യുദ്ധത്തില്‍ ഡല്‍ഹി ഭരിച്ചിരുന്ന സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയുടെ സേനാതലവനായിരുന്ന മാലിക് കഫൂര്‍ കകാത്തിയ രാജാവായിരുന്ന പ്രതാപരുദ്രയെ പരാജയപ്പെടുത്തിയതോടെ കോഹിനൂരിന്റെ യാത്രയ്ക്കും തുടക്കംകുറിച്ചു. ഭദ്രകാളീക്ഷേത്രം കൊള്ളയടിക്കുകയും ദേവീവിഗ്രഹം തകര്‍ക്കുകയും ചെയ്ത മാലിക് കഫൂര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി അസാമാന്യതിളക്കമുള്ള കോഹിനൂര്‍വജ്രം സുല്‍ത്താനു കാഴ്ചവച്ചു.
രണ്ടു നൂറ്റാണ്ടുകള്‍ക്കുശേഷം എ ഡി 1526 ലെ ഒന്നാം പാനിപറ്റ് യുദ്ധത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിംലോധിയെ പരാജയപ്പെടുത്തിയ മുഗള്‍ സാമ്രാജ്യസ്ഥാപകനായ ബാബര്‍, കോഹിനൂരിനെ സ്വന്തമാക്കുകയും ചെയ്തു. 'ബാബര്‍ നമ' എന്ന പേരില്‍ ബാബര്‍ കുറിച്ചുവച്ച ഡയറിക്കുറിപ്പുകളില്‍ കോഹിനൂരിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയത് കണ്ടെടുത്തിയിട്ടുള്ളതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈവശമിരുന്ന കാലത്ത് 'ബാബറിന്റെ വജ്രം' എന്ന ഖ്യാതിയും കോഹിനൂരിനുണ്ടായിരുന്നു. ബാബറിന്റെ പിന്‍ഗാമികളിലൊരാളായ ഷാജഹാന്‍ മാര്‍ബിളില്‍ നിര്‍മിച്ച മയൂരസിംഹാസനത്തിലെ നൂറുകണക്കിനു രത്‌നങ്ങള്‍ക്കു നടുവില്‍ കോഹിനൂരും പ്രതിഷ്ഠിച്ചു.
എഡി 1739 ല്‍ നടന്ന കര്‍ണാല്‍യുദ്ധത്തില്‍, അക്കാലത്തെ മുഗള്‍ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായെ കീഴടക്കിയ പേര്‍ഷ്യന്‍വംശജനും അഫ്ഷാരിദ് രാജവംശസ്ഥാപകനും അഫ്ഗാനിസ്ഥാനിലെ എമീറുമായിരുന്ന നാദിര്‍ ഷാ ഡല്‍ഹി പിടിച്ചെടുക്കുകയും വ്യാപകമായ കൊള്ളയും കൊള്ളിവയ്പും അഴിച്ചുവിടുകയും ചെയ്തു. മുഹമ്മദ് ഷായുടെ തലപ്പാവില്‍ പിടിപ്പിച്ചിരുന്ന വജ്രത്തിന്റെ അസാധാരണതിളക്കം കണ്ട നാദിര്‍ ഷാ 'കോഹിനൂര്‍' എന്ന് ആര്‍ത്തുവിളിച്ചതായി പറയപ്പെടുന്നു. കോഹിനൂരിന് ആ പേര് കൈവന്നത് അങ്ങനെയാണ് എന്നാണു നിഗമനം. മുഗള്‍ രാജകൊട്ടാരങ്ങളില്‍നിന്നു കവര്‍ച്ച ചെയ്ത എണ്ണിയാലൊടുങ്ങാത്ത സമ്പത്തുമായി തിരികെപ്പോയ നാദിര്‍ ഷാ കോഹിനൂരിനൊപ്പം ഷാജഹാന്റെ മയൂരസിംഹാസനവും കടത്തിക്കൊണ്ടുപോയി. പണവും വജ്രങ്ങളും സ്വര്‍ണാഭരണങ്ങളും വിലകൂടിയ പാത്രങ്ങളും മൃഗങ്ങളുമടക്കം അക്കാലത്തെ തോതനുസരിച്ച് 100 കോടിയിലധികം വരുന്ന സമ്പത്ത് നാദിര്‍ ഷാ ഇന്ത്യയില്‍നിന്ന് കൊണ്ടുപോയിട്ടുണ്ടാകാമെന്നാണ് ചരിത്രകാരന്മാരുടെ സാക്ഷ്യം. തന്റെ കങ്കണത്തില്‍ - (ബ്രേസ്‌ലെറ്റ്) ബന്ധിച്ച കോഹിനൂരുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര. 1747 ജൂണ്‍ 19-ാം തീയതി അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ മേഖലയിലുള്ള ഫത്ത്ഹാബാദില്‍വച്ച് ഉറങ്ങിക്കിടക്കവേ തന്റെ കീഴുദ്യോഗസ്ഥനാല്‍ കുത്തേറ്റു വീഴുമ്പോഴും ഈ ബ്രേസ്‌ലെറ്റ് നാദിര്‍ ഷാ ധരിച്ചിരുന്നുവെന്നും നിരീക്ഷിക്കുന്നവരുണ്ട്. മരണാസന്നനായി കിടക്കുമ്പോള്‍ അമൂല്യമായ ഈ നിധി അതീവരഹസ്യമായി തന്റെ കൊച്ചുമകനായ ഷാ ഷൂജ ഡുറാനിയെ ഭരമേല്പിച്ചിട്ടാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
പിതാമഹനായ നാദിര്‍ ഷായെപ്പോലെതന്നെ ഷാ ഷൂജയും ഈ കൈയാഭരണം ധരിക്കുമായിരുന്നു. രാജാധികാരത്തിനുവേണ്ടിയുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്കു നീങ്ങിയപ്പോള്‍ യുവാവായ ഷാ ഷൂജ ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു. 'പഞ്ചാബിന്റെ സിംഹം' എന്ന പേരില്‍ പ്രശസ്തനായിരുന്ന ലാഹോര്‍ ഭരണാധികാരിയും സിക്ക് സാമ്രാജ്യസ്ഥാപകനുമായ രഞ്ജിത് സിങ്ങിന്റെ സഹായത്തോടെ അഫ്ഗാനിസ്ഥാന്‍ എമീറായി അധികാരം പിടിച്ചെടുത്ത ഷാ ഷൂജ, തന്നെ സഹായിച്ചതിന്റെ നന്ദിസൂചകമായി രഞ്ജിത് സിങ്ങ് മഹാരാജാവിനു സമ്മാനിച്ചത് പൈതൃകമായി തനിക്കു ലഭിച്ച ബ്രേസ്‌ലെറ്റായിരുന്നു.
വൈദേശികാധിപത്യത്തെ ശക്തമായി എതിര്‍ത്തു തോല്പിച്ച മഹാരാജാ രഞ്ജിത്‌സിങ് 1739 ല്‍ മരണമടഞ്ഞതോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുന്നേറ്റങ്ങളെ ചെറുത്തുനിന്നത് റീജന്റായി ഭരണം നടത്തിയ റാണി ജിന്‍ഡ് കൗറാണ്. 1843 ല്‍ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ദുലീപ് സിങ് രാജകുമാരനെ മഹാരാജാവായി അവരോധിച്ചശേഷം മഹാറാണിതന്നെ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു. 1845 ലെയും 1848 ലെയും ആംഗ്ലോ - സിക്ക് യുദ്ധങ്ങളില്‍ ലാഹോറിനെ പരാജയപ്പെടുത്തിയ അക്കാലത്തെ വൈസ്രോയ് ഡെല്‍ഹൗസി, മഹാറാണിയെ ജയിലിലടയ്ക്കുകയും 10 വയസുകാരനായ ദുലീപ് സിങ്ങിനെ അമ്മയില്‍നിന്നകറ്റി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ബാലനായ ദുലീപ് സിങ്ങിനെ ബലപ്രയോഗത്തിലൂടെ ഒപ്പിടുവിച്ച ലാഹോര്‍ ഉടമ്പടിയില്‍ കോഹിനൂര്‍വജ്രത്തെ ബന്ധപ്പെടുത്തിയ ഭാഗം ഇപ്രകാരമായിരുന്നു: ''അഫ്ഗാനിസ്ഥാനിലെ എമീറായ ഷാ ഷൂജ-ഉല്‍-മാലിക്കില്‍നിന്ന് രഞ്ജിത് സിങ് മഹാരാജാവ് സ്വന്തമാക്കിയ കോഹിനൂര്‍ എന്നു വിളിപ്പേരുള്ള വിശിഷ്ടവജ്രം ഈ കരാറനുസരിച്ച് ഇംഗ്ലണ്ടിന്റെ രാജ്ഞിക്ക് അടിയറ വയ്ക്കുന്നു.''
വിക്‌ടോറിയ മുതല്‍ എലിസബെത്തുവരെ
1848 മുതല്‍ വീട്ടുതടങ്കലിലായിരുന്ന ദുലീപ് സിങ് മഹാരാജാവിനോടൊപ്പം കോഹിനൂര്‍ വജ്രവുമായി 1850 ല്‍ ലണ്ടനിലെത്തിയ ഡെല്‍ഹൗസി വിക്‌ടോറിയ രാജ്ഞിയുടെ മുന്നിലെത്തി. അതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും വലിയ വജ്രവും കുഞ്ഞിക്കൈകളില്‍ നീട്ടിപ്പിടിച്ചുകൊണ്ട് തന്റെ മുമ്പില്‍ നില്ക്കുന്ന ബാലനായ മഹാരാജാവിനെ തന്നോടു ചേര്‍ത്തുനിര്‍ത്തി മഹാരാജ്ഞി വിശേഷങ്ങളാരാഞ്ഞു. ലോകത്തെ ഏറ്റവും വിലകൂടിയ തൊണ്ടിമുതലുമായി തന്നെ മുഖംകാണിക്കാനെത്തിയ ഡെല്‍ഹൗസിയെ പ്രഭുസ്ഥാനവും കൈനിറയെ പാരിതോഷികങ്ങളും നല്‍കി മഹാരാജ്ഞി ആദരിച്ചു. ചെയ്തു. ലണ്ടനിലെ ഹൈഡ് പാര്‍ക്കിലൊരുക്കിയ പ്രത്യേകവേദിയിലായിരുന്നു കോഹിനൂരിന്റെ കൈമാറ്റച്ചടങ്ങുകളും മഹാരാജാവിനുള്ള സ്വീകരണവും സംഘടിപ്പിച്ചിരുന്നത്. ഒരു മഹാരാജാവിനു ചേര്‍ന്ന ഭക്ഷണവും താമസസൗകര്യങ്ങളും നല്കാന്‍ ഉത്തരവിടുകയും ചെയ്തു.
കോഹിനൂരിനെ ചുണ്ടോടു ചേര്‍ത്തു ചുംബിച്ചശേഷം മാറോടു ചേര്‍ത്തുവച്ച് ഭംഗി ആസ്വദിച്ച മഹാരാജ്ഞി, വജ്രത്തിന്റെ വലുപ്പത്തെക്കുറിച്ച് ഡല്‍ഹൗസിയോടു പരിഭവം പറഞ്ഞു. വലുപ്പം കുറയ്ക്കാനായാല്‍ ഉടുപ്പിലണിയുന്ന സൂചിപ്പതക്കമായി ഉപയോഗിക്കാനാകുമെന്ന മഹാരാജ്ഞിയുടെ നിര്‍ദേശമനുസരിച്ച് വിദഗ്ധരായ ഡയമണ്ട് കട്ടര്‍മാര്‍ക്കുവേണ്ടിയുള്ള അന്വേഷണവും തുടങ്ങി. ലോകപ്രശസ്ത ശില്പിയായ ഡച്ചുകാരന്‍ ലെവി ബെഞ്ചമിന്‍ വൂര്‍സാംഗറിനാണ് ആ ഭാഗ്യമുണ്ടായത്. വിശ്രമമില്ലാത്ത 38 ദിവസങ്ങള്‍കൊണ്ട് ഇന്നത്തെ രൂപത്തിലേക്കു കോഹിനൂരിനെ മാറ്റിയെടുത്തതിന് വൂര്‍സാംഗര്‍ 8,000 പൗണ്ടും കൈപ്പറ്റി. പക്ഷേ, ചെത്തിയും മിനുക്കിയും രൂപഭംഗി വരുത്തിയപ്പോഴേക്കും 739 കാരറ്റ് ഉണ്ടായിരുന്ന കോഹിനൂരിന്റെ തൂക്കം 105.602 കാരറ്റായി കുറഞ്ഞുപോയിരുന്നു (21.12 ഗ്രാം) നിറമില്ലാത്ത അര്‍ദ്ധവൃത്താകൃതിയിലുള്ള വജ്രം സൂചിപ്പതക്കമായിത്തന്നെയാണ് വിക്‌ടോറിയ മഹാരാജ്ഞി ഉടുപ്പിലണിഞ്ഞത്.
ബ്രിട്ടണിലെ രാജ്ഞിമാരുടെ രാജകീയവസ്ത്രങ്ങളില്‍ പിന്നിയിടുന്ന ബ്രൂച്ചായി ഉപയോഗിച്ചുവന്ന കോഹിനൂര്‍ വജ്രത്തെ രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മയ്ക്കുവേണ്ടി പ്ലാറ്റിനത്തില്‍ തീര്‍ത്ത കിരീടത്തില്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചത് ജോര്‍ജ് ആറാമന്‍ രാജാവാണ്. 1937 ലെ അദ്ദേഹത്തിന്റെ കിരീടധാരണവേളയിലാണ് അമ്മമഹാറാണിയുടെ ശിരസ്സില്‍ രാജകിരീടം ചാര്‍ത്തിയത്.
ശാപം ഏറ്റുവാങ്ങിയ നിധി
''ഈ വജ്രം സ്വന്തമാക്കുന്ന ഒരു വ്യക്തിക്ക് ലോകം മുഴുവന്‍ നേടാനാകുമെങ്കിലും അതിന്റെ സകല ദൗര്‍ഭാഗ്യങ്ങളും അനുഭവിക്കേണ്ടിവരും. അയാളുടെ സത്കീര്‍ത്തിയും വസ്തുവകകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, മരണംവരെ സംഭവിക്കാം. അപായംകൂടാതെ ഇതു ധരിക്കാന്‍ ദൈവത്തിനോ ഒരു സ്ത്രീക്കോ മാത്രമേ കഴിയൂ.''
ഐതിഹ്യങ്ങളില്‍നിന്നോ നാടോടിക്കഥകളില്‍നിന്നോ രൂപപ്പെട്ട ഈ ശാപം കോഹിനൂരിനെ പിന്തുടരുന്നുണ്ടെന്നതിന് ചരിത്രംതന്നെയാണ് സാക്ഷി. യുദ്ധത്തിലൂടെയോ കൊള്ളയിലൂടെയോ വഞ്ചനയിലൂടെയോ കൈമാറ്റത്തിലൂടെയോ പ്രതിസമ്മാനമായോ, ഏതുവിധത്തിലുമാകട്ടെ, ഈ വജ്രം കൈവശംവച്ച ഒരു രാജ്യവും പഴയ പ്രതാപത്തില്‍ ഇപ്പോള്‍ നിലനില്ക്കുന്നില്ല എന്നതുതന്നെയാണ് ചരിത്രസാക്ഷ്യം. കകാത്തിയ, ഖില്‍ജി, ലോധി, മുഗള്‍, മറാത്ത, പേര്‍ഷ്യ, ദുറാനി, അഫ്ഗാന്‍, സിക്ക് തുടങ്ങിയ സാമ്രാജ്യങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി. മാലിക് കഫൂര്‍മുതല്‍ നാദിര്‍ ഷാ വരെയുള്ളവര്‍ അനുചരന്മാരാലോ ബന്ധുക്കളിലോ വധിക്കപ്പെട്ടു. വിക്‌ടോറിയാ മഹാരാജ്ഞിയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരന്‍ അജ്ഞാതകാരണങ്ങളാല്‍ അകാലമൃത്യു വരിച്ചതും, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ പ്രതാപം നഷ്ടപ്പെട്ടതും കോഹിനൂരുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളായി എണ്ണപ്പെടുന്നുണ്ട്.
700 വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രമുണ്ടെങ്കിലും കോഹിനൂര്‍ ഒരിക്കല്‍പ്പോലും വില്ക്കപ്പെടുകയോ ലേലം വിളിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഇതിന്റെ മാത്രം പ്രത്യേകതയാണ്. വിലമതിക്കാനാകാത്ത ഈ നിധി തിരിച്ചുകിട്ടുന്നതിനുള്ള നിയമപോരാട്ടങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അവകാശവാദവുമായി രംഗത്തുവന്നുകഴിഞ്ഞു. രാജചെങ്കോലില്‍ പിടിപ്പിച്ചിട്ടുള്ള കുള്ളിനാന്‍ വജ്രം സൗത്ത് ആഫ്രിക്കയില്‍നിന്നു ബ്രിട്ടനിലെത്തിയതാണ്, 530.400 കാരറ്റാണ് തൂക്കം. രാജകിരീടവും രാജചെങ്കോലും ലണ്ടന്‍ ടവറിലെ ജൂവല്‍ ഹൗസില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു.