പ്രാചീനകാലംമുതല്‍ കായികവിദ്യാഭ്യാസത്തിനും കായികസംസ്‌കാരത്തിനും വ്യക്തമായ പ്രാധാന്യം നല്‍കിയിരുന്ന നാടാണ് നമ്മുടേത്. ഗുരുകുലവിദ്യാഭ്യാസത്തിന്റെ ആവിര്‍ഭാവത്തോടെ ഭാരതത്തില്‍ കായികവിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും തുടക്കം കുറിക്കപ്പെട്ടു എന്നു വേണം പറയാന്‍. പക്ഷേ, പലപ്പോഴും കായികഭൂപടത്തില്‍ ഇന്ത്യയ്ക്കു വ്യക്തമായ ഒരു സ്ഥാനം രേഖപ്പെടുത്താന്‍ സാധിക്കാത്തത് വലിയൊരു പോരായ്മയായിത്തന്നെ നിലനില്‍ക്കുന്നു. ചില മേഖലകളില്‍ അവിടവിടായി ഉണ്ടാകുന്ന മെഡല്‍നേട്ടങ്ങള്‍ ചെറിയൊരാശ്വാസം തരുന്നുണ്ടെങ്കിലും സ്വന്തമായി ഒരു കായികനയംപോലും രാജ്യത്തിനു സ്വീകരിക്കാനാവാത്തത് വലിയ ആശങ്കയാണുളവാക്കുന്നത്. 130 കോടി വരുന്ന ജനതയുടെ കായികനിലവാരം കടലാസുകളില്‍മാത്രമായി ഒതുങ്ങുന്നു.
കളിസ്ഥലങ്ങളിലൂടെ ഒരു കായികസംസ്‌കാരം രൂപപ്പെടുന്നതും അതു സമൂഹത്തിന്റെ മൊത്തം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതെങ്ങനെയെന്നും മനസ്സിലാക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നില്ല. മെച്ചപ്പെട്ട കായികസംസ്‌കാരം സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ വളരെ ഗുണപരമായ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന കാര്യവും പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇതൊരു സാമൂഹികശാസ്ത്രവിഷയമാണ് എന്നതു പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. നവോത്ഥാനത്തെയും രാഷ്ട്രീയമുന്നേറ്റങ്ങളെയും കലാപരമായ പ്രവര്‍ത്തനങ്ങളും കലാരൂപങ്ങളും സ്വാധീനിച്ചതുപോലെതന്നെ കായികരംഗത്തിനും സാമൂഹികമാറ്റങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. അതിന്, മറ്റു മേഖലകള്‍ക്കു നല്‍കുന്നത്ര പ്രാധാന്യം കായികമേഖലയ്ക്കും ലഭിക്കേണ്ടതുണ്ട്. ഒരു നവകായികസംസ്‌കാരം ഇവിടെ രൂപപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു.
പ്രാഥമിക വിദ്യാഭ്യാസഘട്ടംമുതല്‍ ഈ സംസ്‌കാരരൂപവത്കരണം ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസവിദഗ്ധരുടെ വിലയിരുത്തല്‍പ്രകാരം കളി, എഴുത്ത്, വായന, ഗണിതം എന്നീ നാല് അടിസ്ഥാനഘടകങ്ങളടങ്ങിയതാണ് പ്രാഥമികവിദ്യാഭ്യാസം. അതില്‍ത്തന്നെ, കുട്ടികളുടെ യുക്തിവിചാരത്തെയും ഓര്‍മശക്തിയെയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനെയും സൃഷ്ടിപരതയെയും നിശ്ചയിക്കുന്നതില്‍ കളികള്‍ക്ക് നിര്‍ണായകമായ സ്വാധീനമുണ്ട്.
പ്രഫ. റോബര്‍ട്ട് എം. മലിന കളികളെയും കായികവിദ്യാഭ്യാസത്തെയുംകുറിച്ചു പറഞ്ഞതു ശ്രദ്ധേയമാണ്: ''കായികവിദ്യാഭ്യാസത്തിന് ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തില്‍ അനിഷേധ്യസ്ഥാനമുണ്ട്. മാത്രമല്ല, ഒരു കുട്ടിക്കു ഭാവിയിലേക്കുവേണ്ട ജീവിതപരിചയം പകര്‍ന്നുനല്‍കുന്നതിലും കളികള്‍ക്കു വലിയ സ്ഥാനമുണ്ട്.'' പക്ഷേ, പല മാതാപിതാക്കളും വളരെ ഭയത്തോടെയാണ് കായികമേഖലയെയും കളികളെയും കാണുന്നത്. കായികരംഗത്ത് ഒരു കുട്ടിക്കു താത്പര്യം ജനിച്ചാല്‍ അവന്റെ കരിയര്‍ നഷ്ടമാകുമെന്ന പൊതുഅവബോധത്തെ, ഭയത്തെ മാറ്റിനിര്‍ത്താനായെങ്കില്‍ മാത്രമേ മെച്ചപ്പെട്ട ഒരു കായികസംസ്‌കാരം സൃഷ്ടിക്കാനാകൂ.
ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനും ചേര്‍ന്നു നടത്തിയ ഒരുപഠനം കാണിക്കുന്നത് 40 നും 69 നും മധ്യേ പ്രായമുള്ളവരിലെ മരണത്തില്‍ 37.8 ശതമാനവും നടക്കുന്നത് ഹൃദ്രോഗം മൂലമാണെന്നാണ്. അതുപോലെതന്നെ 70 വയസ്സില്‍ കൂടുതലുള്ളവരുടെ മരണത്തില്‍ 45.7 ശതമാനത്തിനു കാരണവും ഹൃദ്രോഗംതന്നെ.
കൊവിഡുപോലുള്ള മഹാമാരികള്‍മൂലമുണ്ടായ മരണങ്ങളൊഴിച്ചാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പകര്‍ച്ചവ്യാധികളടക്കമുള്ള മരണകാരണങ്ങളെ കവച്ചുവയ്ക്കുകയാണ് ജീവിതശൈലീരോഗങ്ങള്‍. ഒരുകാലത്ത് ഭയത്തോടെ കണ്ടിരുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങളൊക്കെ ഇന്നു ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലാണ്. ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടുകൂടി ദ്രുതഗതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ജീവിതശൈലിയില്‍ കായികാഭ്യാസങ്ങളിലുണ്ടായ കുറവ് ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. ഇവിടെയാണ് കുട്ടികളില്‍ ചെറുപ്രായത്തില്‍ത്തന്നെ കായികാഭ്യാസങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു നവകായികസംസ്‌കാരം പടുത്തുയര്‍ത്തുന്നതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നത്.
ഇന്ത്യയ്ക്കു നിരവധി മാതൃകകള്‍ നല്‍കിയ സംസ്ഥാനമായ കേരളത്തിനുപോലും കായികമേഖലയില്‍ ഒരു 'കേരളമോഡല്‍' നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല; ഒരു ജനകീയകായികസംസ്‌കാരം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എങ്കിലും കായികക്ഷമതാമിഷന്‍പോലുള്ള പദ്ധതികളിലൂടെ നൂറു ശതമാനം ശാരീരികക്ഷമതയും ഫിസിക്കല്‍ ഫിറ്റ്‌നസും കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജനകീയകായികസംസ്‌കാരത്തിലൂന്നിയുള്ള ജനക്ഷേമത്തിന്റെ ഇന്ത്യന്‍ മാതൃകയാണ് ഇഷ ഗ്രാമോത്സവം. കായികവിനോദങ്ങള്‍ സമഗ്രമായ സൗഖ്യത്തിന് അത്യാവശ്യമാണെന്നു കണ്ടതനുസരിച്ച് യൂണിസെഫും ഇഷ ഫൗണ്ടേഷനും ചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. വിശാഖപട്ടണം ജില്ലയില്‍ ആനന്ദപുരം മണ്ഡലത്തിലെ 26 ഗ്രാമപ്പഞ്ചായത്തുകളിലാണ് ഇതു നടപ്പിലാക്കിയത്. ഇത്തരം കായികവിനോദങ്ങള്‍ സാമുദായികൈക്യം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും സ്ത്രീശക്തീകരണം സാധ്യമാക്കുകയും തൊഴില്‍ ചെയ്യാനുള്ള ക്ഷമത കൂട്ടുകയും അനാരോഗ്യകരമായ സ്വഭാവങ്ങളില്‍നിന്ന് ആളുകളെ അകറ്റിനിര്‍ത്തുകയും ചെയ്യാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.
ആശുപത്രികള്‍പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കു കൊടുക്കുന്ന പ്രാധാന്യം കായികമേഖലയിലുള്ള വികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നിലവില്‍ നല്‍കിവരുന്നുണ്ടെങ്കിലും മുന്നോട്ടുള്ള യാത്രയില്‍മാത്രമേ ഒരു കായികസംസ്‌കാരം കെട്ടിപ്പടുക്കാന്‍ തക്ക പ്രാധാന്യം അതിനു നല്‍കിയിരുന്നോ എന്നു വ്യക്തമാവുകയുള്ളൂ.
മൊത്തത്തില്‍, സ്‌പോര്‍ട്‌സിനെയും ഫിറ്റ്‌നസിനെയും കുറിച്ചുള്ള അവബോധം ആരോഗ്യകരവും ഊര്‍ജസ്വലവുമായ ഒരു രാജ്യത്തെയാണ് സംഭാവന ചെയ്യുന്നത്. ഒരു വിജയിയുടെ അഭിമാനത്തിലും മനോഭാവത്തിലുമുള്ള ''പുതിയ ഇന്ത്യ''യുടെ രൂപവത്കരണത്തിന് ജനകീയകായികസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവന നല്‍കുവാന്‍ സഹായകമാകും.