സെപ്റ്റംബര്‍ 29 ലോകഹൃദയദിനം
8.6 ദശലക്ഷം ആളുകളെ വര്‍ഷംപ്രതി കൊന്നൊടുക്കിക്കൊണ്ടു രോഗങ്ങളില്‍ ഒന്നാമനായി ഹൃദ്രോഗം പടര്‍ന്നേറുന്നു. കൊവിഡ് 19 മൂലം മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഹൃദയധമനീരോഗങ്ങളുള്ളവരാണെന്നോര്‍ക്കണം. ഇതുവരെ കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ കണക്കെടുത്താലും ഹൃദ്രോഗംമൂലം മരിച്ചവരുടെ എണ്ണംതന്നെ മുന്‍പന്തിയില്‍.
കേരളത്തിലെ ജനസംഖ്യ 36 ദശലക്ഷമാണ്. ഇതില്‍ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 72 വയസ്സും സ്ത്രീകള്‍ക്ക് എഴുപത്തിനാലുമാണ്. കേരളത്തില്‍ പ്രതിവര്‍ഷം 1.80 ലക്ഷം ഹാര്‍ട്ടറ്റാക്കുകളാണ് ഉണ്ടാകുന്നത്. ഇതില്‍ ഏതാണ്ട് 38000 പേര്‍ മരണപ്പെടുന്നു. 50-70 വയസ്സിനിടയിലുള്ളവരിലാണ് ഹൃദയാഘാതം ഏറ്റവും കൂടുതലായി കാണുന്നത്. 2018 ല്‍ നടത്തപ്പെട്ട ഒരു പഠനത്തില്‍ കേരളത്തില്‍ ഹാര്‍ട്ടറ്റാക്ക് സംഭവിച്ചവരില്‍ 15 ശതമാനത്തോളം പേര്‍ക്കുമാത്രമാണ് ഫലപ്രദമായ 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' എന്ന കത്തീറ്റര്‍ ചികിത്സ ഉടനടി നടത്തി ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ കാത്ത്‌ലാബ്‌സൗകര്യമുള്ള 140 ല്‍പരം ആശുപത്രികളുണ്ട്. ഇതു ലോകത്തെ മികച്ച രാജ്യങ്ങളുടേതുമായി താരതമ്യപ്പെടുത്താം. ഇത്ര സാങ്കേതികമികവുള്ള ഹൃദ്രോഗചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ലെന്നുതന്നെ പറയാം. എന്നിട്ടും നമ്മുടെ നാട്ടില്‍ ഏതാണ്ട് 80 ശതമാനം രോഗികള്‍ക്കും ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ കൃത്യസമയത്തു ചികിത്സ ലഭിക്കാതെ പോകുന്നു. തെറ്റായ രോഗനിര്‍ണയം, സ്വയംചികിത്സ, മറ്റ് ആള്‍ട്ടര്‍നേറ്റീവ് ചികിത്സാശാഖകള്‍ക്കുപിറകേ പോകുക തുടങ്ങിയവ പ്രധാന തടസ്സം തന്നെ. ഈ കാരണങ്ങള്‍ ഉണ്ടെങ്കിലും ഹാര്‍ട്ടറ്റാക്കുണ്ടായ സിംഹഭാഗം രോഗികള്‍ക്കും ജീവല്‍പ്രധാനമായ പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയും മറ്റ് അനുബന്ധചികിത്സകളും ചെയ്യാന്‍ പറ്റാതെ പോകുന്നത് സാമ്പത്തികപരാധീനതകള്‍ കൊണ്ടുതന്നെ. തത്ഫലമായി ചികിത്സിച്ചുഭേദപ്പെടുത്തുവാന്‍ സാധിക്കുമായിരുന്ന പലരുടെയും ജീവന്‍ അകാലത്തില്‍ പൊലിഞ്ഞുപോകുകയാണ്.
ഇനി കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണത്തിലുള്ള സ്‌ഫോടനാത്മകമായ വര്‍ധനയുടെ ചില കാരണങ്ങളിലേക്കു കടക്കാം. ഹൃദ്രോഗചികിത്സയ്ക്കു പൂര്‍ണ സജ്ജീകരണങ്ങളോടുകൂടിയ 'കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തില്‍ ആശ്ചര്യകരമാംവിധം വര്‍ദ്ധിച്ചുവരികയാണ്. എവിടെയും ഹൃദ്രോഗികളെ ചികിത്സിക്കാനുള്ള സാമഗ്രികള്‍ മോടിപിടിപ്പിക്കുന്ന വ്യഗ്രതയിലാണ് ആശുപത്രിയുടമകള്‍. സാങ്കേതികമികവുള്ള ചികിത്സാലയങ്ങള്‍ സജ്ജമാക്കാന്‍ ആക്രാന്തം കാണിക്കുന്ന മലയാളികള്‍ പക്ഷേ, കാതലായ പലതും മറന്നുപോകുന്നു. പറഞ്ഞുവന്നത് പ്രതിരോധമാര്‍ഗങ്ങളെപ്പറ്റിത്തന്നെ. ഇത്രയൊക്കെ ചികിത്സാസൗകര്യങ്ങളുള്ള പടുകൂറ്റന്‍ ആശുപത്രിസൗധങ്ങള്‍ കേരളത്തില്‍ തലയുയര്‍ത്തിനിന്നിട്ടും ഇവിടത്തെ ഹൃദ്രോഗികളുടെ എണ്ണത്തില്‍ കുറവുകാണുന്നുണ്ടോ? ഇല്ല. കാരണം, ചികിത്സയ്ക്കുമാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്‌കാരം നമ്മുടെ നാട്ടില്‍ ആപത്കരമാംവിധം വളര്‍ന്നുവരുന്നതുകൊണ്ടുതന്നെ. ഹൃദ്രോഗത്തെ 85 ശതമാനംവരെ പടിപ്പുറത്തുനിര്‍ത്താന്‍ സാധിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ഇന്നു നമ്മുടെ കണ്‍മുമ്പിലുണ്ട് എന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ മലയാളിക്കു മനസ്സില്ല. നാവും കണ്ണും മനസ്സുമൊക്കെ തുറക്കുന്നത് എന്തെങ്കിലും അപായങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. ഹാര്‍ട്ടറ്റാക്കോ സ്‌ട്രോക്കോ ഒക്കെയായി തീവ്രപരിചരണവിഭാഗത്തിലകപ്പെടുന്ന രോഗി വിതുമ്പുകയാണ്. അവിടെ വച്ചെടുക്കുന്ന രക്തത്തിലെ കൊളസ്‌ട്രോളും പ്രഷറും ഷുഗറുമൊക്കെ ഭീഷണമാംവിധം ഉയര്‍ന്നിരിക്കുന്നു. ഇവയൊക്കെ നേരത്തേ കണ്ടുപിടിച്ചു നിയന്ത്രിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അകപ്പെട്ട മരണാസന്നമായ ദുരവസ്ഥ ഒഴിവാകുമായിരുന്നെന്നോര്‍ത്ത് പൊട്ടിക്കരയുന്നു. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ എവിടെയും കാണുന്ന അവസ്ഥ.
കേരളത്തിലെ ഒരു സാധാരണ വീട്ടിലെ കുടുംബനാഥന് ഹൃദ്രോഗമുണ്ടായാല്‍ പിന്നെ ആ കുടുംബം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണ്. ഏതാണ്ട് 40 ശതമാനം അധികച്ചെലവാണ് ഹൃദ്രോഗപരിശോധനയ്ക്കും ചികിത്സയ്ക്കുമായി വരുന്നത്. ആജീവനാന്തം നിര്‍വിഘ്‌നം കൊണ്ടുപോകേണ്ടതാണ് ഹൃദ്രോഗചികിത്സയെന്നോര്‍ക്കണം. കുടുംബനാഥനെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങള്‍ ആ അവസ്ഥയില്‍ സാമ്പത്തികമായി തകരുകതന്നെ ചെയ്യും. ഈ ദാരുണാവസ്ഥയില്‍നിന്നു രക്ഷപ്പെടാന്‍ മാര്‍ഗങ്ങളുണ്ടെന്നോര്‍ക്കണം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ചെലവാക്കി ആശുപത്രികള്‍ കയറിയിറങ്ങുന്നതിനേക്കാള്‍ നല്ലത് രോഗത്തിന്റെ പിടിവിട്ടുനില്‍ക്കുന്നതുതന്നെ. അതു സാധ്യമാണെന്നു പറഞ്ഞാല്‍ കേള്‍ക്കാനും പ്രാവര്‍ത്തികമാക്കാനും തുറവുള്ള ഒരു ഹൃദയം വേണം. പ്രതിരോധത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നു പറഞ്ഞുകൊണ്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി 'വേള്‍ഡ് ഹാര്‍ട്ട് ഡേ' ആഗോളമായി ആചരിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഹൃദയദിനസന്ദേശം 'ഏവര്‍ക്കും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തുക' എന്നതാണ്. കോവിഡ് മഹാമാരി നമ്മെ വിട്ടുപോകുന്നുണ്ടെങ്കിലും ഇപ്പോഴും പലരും ഭയപ്പാടുമൂലം വീടുവിട്ട് പുറത്തിറങ്ങാതെയിരിക്കുന്നു. ഹൃദ്രോഗസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടായാലും ആശുപത്രികളില്‍ പോകാന്‍ മടിക്കുന്നു. തന്മൂലം രോഗം കലശലാകുകവരെ ചെയ്യുന്നു. ഈ സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചും സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ ഒന്നിപ്പിക്കാന്‍ സാധിക്കും. ഏവര്‍ക്കും ഹൃദയാരോഗ്യ പരിരക്ഷണം സമഗ്രമായി ലഭ്യമാകുന്നവിധം പ്രതിരോധനടപടികളും സമൂഹത്തില്‍ വ്യാപകമാക്കണം. ആപത്ഘടകങ്ങളുടെ കര്‍ശനമായ നിയന്ത്രണത്തിന്റെ പ്രാധാന്യം ഏവര്‍ക്കും ഹൃദിസ്ഥമാകത്തക്കവിധം പ്രചാരണങ്ങള്‍ സജീവമാക്കണം. ഏവരെയും ശക്തീകരിക്കാന്‍ സാങ്കേതികവിദ്യ സുലഭമാക്കുക. വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും ഇന്‍സ്റ്റഗ്രാമും തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയാ പ്രസ്ഥാനങ്ങളും ആരോഗ്യത്തിനായി ഒത്തുചേരുക. മറ്റ് അപ്രസക്തവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുപകരം ഏവരുടെയും ആരോഗ്യസംരക്ഷണത്തിനു സഹായിക്കുന്ന വാര്‍ത്തകളും പ്രസ്താവനകളും പ്രചരിപ്പിക്കുക. ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ കൊവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ പലതരം കഷ്ടപ്പാടുകള്‍ക്കിരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കുവാനുള്ള സാമ്പത്തികപരാധീനതകളുമെല്ലാം അവരെ കൂടുതല്‍ രോഗാതുരരാക്കി.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പലതിലും മുന്‍പന്തിയില്‍ നില്‍ക്കുന്നു. സാക്ഷരതയില്‍ ഒന്നാമത്, ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശരാശരിയെക്കാള്‍ മുമ്പില്‍, ചികിത്സാസംവിധാനങ്ങളുടെ കാര്യമെടുത്താലും പിറകിലല്ല. പക്ഷേ, ഹൃദയധമനീരോഗങ്ങളിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുടെ നിയന്ത്രണവിഷയമെടുത്താല്‍ മലയാളികള്‍ തലകുനിക്കണം. അമിതരക്തസമ്മര്‍ദ്ദം (51.32 ശതമാനം), പ്രമേഹം (33.30 ശതമാനം), കൊളസ്‌ട്രോള്‍ (41 ശതമാനം), വ്യായാമക്കുറവ് (31 ശതമാനം), ജനിതകപ്രവണത (25.29 ശതമാനം) തുടങ്ങിയവയും അമിതഭാരവും സ്‌ട്രെസ്സും മദ്യപാനവുമെല്ലാം ഹൃദ്രോഗത്തിലേക്കുള്ള വഴിമരുന്നായി കേരളീയരില്‍ ഏറിനില്‍ക്കുന്നു. ഇനി, ഒരു പ്രാവശ്യം ഹാര്‍ട്ടറ്റാക്കുണ്ടായശേഷമുള്ള ദ്വിതീയപ്രതിരോധത്തിന്റെ കാര്യത്തിലും മലയാളികള്‍ പിറകിലാണ്. ഹൃദയാഘാതത്തിന്റെ പ്രധാന ഉദ്ദീപനഘടകങ്ങളായ അമിതവണ്ണം, രക്താതിമര്‍ദ്ദം, പുകവലി, പ്രമേഹം, എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ തുടങ്ങിയവ സമഗ്രമായി നിയന്ത്രണവിധേയമാക്കുന്നതിലും കേരളീയര്‍ തോല്‍ക്കുന്നു.
ഈ ദിനങ്ങളില്‍ ചില പ്രതിജ്ഞകള്‍ നാമെടുക്കണം.
വീടുകളില്‍ ഹൃദയസൗഹൃദഭക്ഷണം മാത്രമേ പാകപ്പെടുത്തുകയുള്ളൂവെന്ന് പ്രതിജ്ഞയെടുക്കണം.
കുട്ടികളുടെ വ്യായാമശീലത്തിനും ശരീരഭാരത്തിനും ഏറെ പ്രാധാന്യം കൊടുത്ത് മാതാപിതാക്കള്‍ അവരുടെ സമഗ്ര ആരോഗ്യസംരക്ഷണച്ചുമതല പുനരാവിഷ്‌കരിക്കണം. അവരുടെ ഭക്ഷണകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. അവര്‍ ഇന്ന് എന്തു കഴിക്കുന്നു എന്നതനുസരിച്ചാണ് ഭാവിയില്‍ അവരുടെ ആരോഗ്യനിലവാരം അളക്കപ്പെടുന്നത്.
ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും തങ്ങളുമായി ബന്ധപ്പെടുന്ന രോഗികളില്‍ കോളസ്‌ട്രോള്‍, പുകവലി, മദ്യപാനശീലം, പ്രഷര്‍, പ്രമേഹം, അമിതവണ്ണം, വ്യായാമരാഹിത്യം, സ്‌ട്രെസ്സ് തുടങ്ങിയ ആരോഗ്യവിരുദ്ധമായ എല്ലാ ആപത്ഘടകങ്ങളും പൂര്‍ണമായി നിയന്ത്രണവിധേയമാകാന്‍ യത്‌നിക്കുമെന്നു പ്രതിജ്ഞയെടുക്കണം.
പണ്ടൊക്കെ വയോധികരില്‍ മാത്രം കണ്ടിരുന്ന ഹൃദ്രോഗം പിന്നീട് മധ്യവയസ്‌കരിലേക്കും ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും അതിഭീഷണമായവിധം പടരുകയാണ്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1978 - 2017 കാലയളവില്‍ നടത്തിയ അതിബൃഹത്തായ ഗവേഷണത്തിന്റെ ഫലം ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അനാവരണം ചെയ്യുകയാണ്. ഇതുവരെയുള്ള പഠനങ്ങളെല്ലാം പ്രാഥമികമായി 30-74 വയസ്സിനിടയ്ക്കുള്ളവരിലാണു നടത്തിയിട്ടുള്ളത്. എന്നാല്‍, 30 വയസ്സിനു താഴെയുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ വിരളമാണ്. 30 വയസ്സിനു താഴെയുള്ളവര്‍ ഹൃദയാഘാതവുമായി ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കപ്പെട്ട് ചികിത്സ ലഭിച്ചശേഷം അടുത്ത വര്‍ഷക്കാലത്തെ അതിജീവനസ്വഭാവം നിരീക്ഷിച്ചപ്പോള്‍ 30 ശതമാനം പേരും മരണത്തിനു കീഴടങ്ങിയതായി കണ്ടു. 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 48 ശതമാനം പേര്‍ മരണപ്പെട്ടു. ഈ ഭീമമായ മരണശതമാനം ഏവരെയും അത്ഭുതപ്പെടുത്തി. ഹാര്‍ട്ടറ്റാക്കുണ്ടായ മുതിര്‍ന്നവരെക്കാള്‍ ഏറെ ശോചനീയമാണ് മുപ്പതു വയസ്സിനു താഴെയുള്ളവരുടെ സ്ഥിതിയെന്നു കണ്ടെത്തി. പ്രായമേറിയവരെക്കാള്‍ ചെറുപ്പക്കാരില്‍ കൂടുതലായ മരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ ലഭിക്കുന്നതിനുള്ള കാലതാമസവും ചികിത്സയ്ക്കുശേഷം കൃത്യമായി ചെയ്യേണ്ട ആപത്ഘടകങ്ങളുടെ നിയന്ത്രണത്തിലും ഔഷധസേവയിലും വരുന്ന പിഴവുകളുമാണ്. ഹാര്‍ട്ടറ്റാക്കുമായി പ്രവേശിപ്പിക്കപ്പെട്ട 95 ശതമാനം ആള്‍ക്കാരിലും പരമ്പരാഗതമായി ആപത്ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനം പേരില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചുകണ്ടു. പുകവലി 63.5 ശതമാനം, മദ്യപാനം 20.8 ശതമാനം, അമിതപ്രഷര്‍ 8.8 ശതമാനം, പ്രമേഹം 4.4 ശതമാനം ഇങ്ങനെ വര്‍ദ്ധിച്ചുകണ്ടു. അറ്റാക്കുകഴിഞ്ഞും പുകവലിച്ചുകൊണ്ടിരിക്കുന്നവര്‍ 34 ശതമാനം, മദ്യപിച്ചവര്‍ 16.8 ശതമാനം, വ്യായാമം ചെയ്യാതിരുന്നവര്‍ 50 ശതമാനം, ചികിത്സകര്‍ നിഷ്‌കര്‍ഷിച്ച മരുന്നുകള്‍ നിര്‍ത്തിയവര്‍ 41 ശതമാനം, ഭക്ഷണച്ചിട്ടകള്‍ പാലിക്കാത്തവര്‍ 79 ശതമാനം. ചെറുപ്പക്കാരിലെ വര്‍ദ്ധിച്ച മരണശതമാനത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെത്തന്നെ.
രോഗങ്ങളെ പേടിക്കുന്നവരാണ് പൊതുവെ മലയാളികള്‍, പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളെ. പിന്നെയും അല്പം പേടിയുള്ളത് പകര്‍ച്ചവ്യാധികളെയാണ്. അതിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, എല്ലാ പകര്‍ച്ചവ്യാധികളെക്കാളും കൂടുതലായി മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന ജീവിതശൈലീരോഗങ്ങളെ, പ്രത്യേകിച്ച് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാന്‍ മലയാളികള്‍ക്കു താത്പര്യമുല്ലെന്നു പറയാം. ഈ അവസ്ഥ മാറിയില്ലെങ്കില്‍ ഹൃദയധമനീ രോഗങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് ആരോഗ്യകേരളം ഭാവിയില്‍ വലിയ വിലകൊടുക്കേണ്ടിവരും.
- (ലേഖകന്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദ്ധനാണ്.)