•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

റബര്‍കര്‍ഷകര്‍ക്കെന്നും കഷ്ടദിനങ്ങള്‍!

കേരളത്തിലെ റബര്‍കൃഷിയുടെ കാലം കഴിയുകയാണോ? റബര്‍മേഖലയിലുണ്ടായിരിക്കുന്ന കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ തകര്‍ച്ചയുടെ ചിത്രം വിരല്‍ചൂണ്ടുന്നത് ഈ ദിശയിലേക്കാണ്. വിലത്തകര്‍ച്ച ഉയര്‍ത്തുന്ന പ്രതിസന്ധിയില്‍ അവഗണിക്കപ്പെട്ട് നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍, ഇനിയെന്ത് എന്നതിന് ഉത്തരമന്വേഷിക്കുകയാണ് ചെറുകിട റബര്‍കര്‍ഷകര്‍. വിലയിടിവ് താല്‍ക്കാലികം മാത്രമെന്നുള്ള റബര്‍ബോര്‍ഡ് ഉന്നതരുടെ സ്ഥിരം പല്ലവി വീണ്ടും വിശ്വസിക്കുന്ന മണ്ടന്മാരല്ല റബര്‍കര്‍ഷകര്‍. ഉത്പാദനം കുറയുന്നുവെന്നു നിരന്തരം വിലപിക്കുന്നവരും കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കാന്‍ നിലവിലുള്ള റബര്‍ ആക്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവരും കര്‍ഷകനെ കുരുതികൊടുത്ത് റബര്‍വ്യവസായികളുടെ മാത്രം സംരക്ഷകരായി അവതരിക്കുന്നത് കണ്ണുതുറന്നു കാണാന്‍ കേരളത്തിലെ കര്‍ഷകര്‍ക്കു സാധിക്കുന്നു. യാതൊരു അടിസ്ഥാനവും മാനദണ്ഡങ്ങളുമില്ലാത്ത ഉത്പാദന, ഉപഭോഗ, ഇറക്കുമതി, സ്റ്റോക്ക് കണക്കുകള്‍ അവതരിപ്പിച്ച് വിപണി തകര്‍ക്കുന്ന ക്രൂരത, റബര്‍ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധതയുടെ എക്കാലത്തെയും കുതന്ത്രം വീണ്ടും ആവര്‍ത്തിക്കുകയാണിപ്പോഴെന്നു വിലത്തകര്‍ച്ചയുടെ ഈ നാളുകളില്‍ റബര്‍വിപണിയുടെ ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.  
ആഫ്രിക്കന്‍രാജ്യങ്ങളില്‍ റബര്‍ 
ഇക്കാലമത്രയും നാം കേട്ടിരുന്നത് ഇന്തോനേഷ്യ, തായ്‌ലണ്ട്, മലേഷ്യ തുടങ്ങി വിവിധ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള റബര്‍ ഇറക്കുമതിയാണ്. ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഇതിനു പിന്‍ബലവുമേകിയിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ഐവറി കോസ്റ്റില്‍നിന്നുള്ള റബര്‍ ഇറക്കുമതി കുതിക്കുന്നുവെന്നതാണ്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രകൃതിദത്തറബര്‍ ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്ന നാലാമത്തെ രാജ്യമായി ഐവറി കോസ്റ്റ് മാറിയിരിക്കുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ചില മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള റബര്‍ ഇറക്കുമതിയുടെ 28 ശതമാനവും ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി ചൂണ്ടിക്കാട്ടി തെക്കുകിഴക്കന്‍ ആസിയാന്‍ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കി വിലപേശി വിപണി ഇടിച്ച് നേട്ടംകൊയ്യുന്ന ഇന്ത്യന്‍ വ്യവസായികളുടെ തന്ത്രങ്ങള്‍ വിജയം കാണുമ്പോള്‍, ആഭ്യന്തര റബര്‍വിപണിയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ബാങ്കോക്ക് മാര്‍ക്കറ്റിലെ നിലവിലെ വിലയിടിവിനു പിന്നില്‍ ഈ വിലപേശല്‍ തന്ത്രത്തിന്റെ സ്വാധീനവും സംശയിക്കപ്പെടുന്നു. 
ഐവറി കോസ്റ്റ് മാത്രമല്ല ഘാന, നൈജീരിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളും വന്‍ റബറുത്പാദകരാജ്യങ്ങളായി മാറുമ്പോള്‍, കുറഞ്ഞ ചെലവില്‍ ബ്ലോക്ക് റബര്‍ സുലഭമാകുന്ന സാഹചര്യം ഉണ്ടാവുകയും ആഗോളവിപണിയില്‍ ഉത്പാദനവര്‍ദ്ധന സൃഷ്ടിക്കുന്ന വിലയിടിവ് വ്യവസായികള്‍ക്കു നേട്ടമാകുകയും ചെയ്യും. 
ഇന്ത്യയിലെ വടക്കുകിഴക്കന്‍ റബര്‍ വ്യാപനത്തെക്കാള്‍ ഭാവിയില്‍ ആഘാതമേല്‍ക്കുന്നത് ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നുള്ള അനിയന്ത്രിത ഇറക്കുമതിയായിരിക്കും. ഇവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഇപ്പോഴുള്ള ചെറിയ പ്രതിസന്ധി കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവും സുരക്ഷിതത്വവും മാത്രമാണ്. അതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നുള്ള സ്വാഭാവികറബറിന്റെ ഇറക്കുമതി 2019-20  ലെ 30,886 ടണ്ണില്‍നിന്ന് 2021-22 ല്‍ 97,282 ടണ്ണായി അഥവാ മൂന്നിരട്ടിയായി വര്‍ദ്ധിച്ചതും കേരളത്തിലെ റബര്‍കര്‍ഷകര്‍ കാണാതെപോകരുത്. ഇതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ കേരളവിപണിയിലും തകര്‍ച്ചയായി രൂപപ്പെടുന്നു.    
രാജ്യാന്തരവിപണി സ്വാധീനം
സ്വാഭാവികറബറിന്റെയും കോമ്പൗണ്ട് റബറിന്റെയും അനിയന്ത്രിത ഇറക്കുമതി വിലത്തകര്‍ച്ചയ്ക്കു മുഖ്യഘടകംതന്നെ. അതേസമയം, രാജ്യാന്തരമാര്‍ക്കറ്റിലെ പ്രത്യേകിച്ച്, ആസിയാന്‍രാജ്യങ്ങളിലെ ആഭ്യന്തരവിപണി വിലയിടിവും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. വിലത്തകര്‍ച്ച വ്യവസായികളുടെ സംഘടിതനീക്കത്തിന്റെ പ്രത്യാഘാതമായും വ്യാഖ്യാനിക്കാം. ആസിയാന്‍രാജ്യങ്ങള്‍ക്കു ബദലായി ആഫ്രിക്കന്‍രാജ്യങ്ങളില്‍ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം വര്‍ദ്ധിച്ചതും രാജ്യാന്തരവിപണിയെ ഇന്നു സ്വാധീനിക്കുന്നു. ഇവയൊക്കെ കേരളത്തിന്റെ ആഭ്യന്തര റബര്‍വിപണിയെ തകര്‍ച്ചയിലേക്കു തള്ളിവിടുന്ന സാഹചര്യമാണെങ്കിലും മഴമൂലം ടാപ്പിങ് തടസ്സപ്പെട്ടിട്ടും, അപ്രതീക്ഷിത ഇലപൊഴിച്ചില്‍മൂലവും ഉത്പാദനത്തില്‍ വന്‍കുറവ് വന്നിട്ടും വിപണിവില കുറയുന്നതിന്റെ പിന്നില്‍ വ്യവസായികളുടെ സംഘടിതനീക്കംതന്നെയാണ്. വിപണിയില്‍ ഉത്പന്നത്തിന്റെ കുറവു വരുമ്പോള്‍ വില ഉയരുമെന്ന സാമ്പത്തികശാസ്ത്രം റബറിന്റെ കാര്യത്തില്‍ അട്ടിമറിക്കുക മാത്രമല്ല, ഉത്പാദനക്കുറവ് ഉയര്‍ത്തിക്കാട്ടി ഇറക്കുമതിക്ക് അവസരം ബോധപൂര്‍വ്വം സൃഷ്ടിക്കുകയും ചെയ്യുന്നു.
ലാറ്റക്‌സും തകര്‍ച്ചയില്‍
ഷീറ്റ് റബറിനോടൊപ്പം ലാറ്റക്‌സിനും വിലയിടിഞ്ഞു. ലാറ്റക്‌സിന്റെ ഇറക്കുമതിച്ചുങ്കം 70 ശതമാനമായിട്ടുപോലും സംഘടിതവ്യവസായലോബിയുടെ ആഭ്യന്തരവിപണി തകര്‍ക്കുന്ന നീക്കത്തിനു റബര്‍ബോര്‍ഡും സര്‍ക്കാര്‍സംവിധാനങ്ങളും പച്ചക്കൊടി കാട്ടുന്നു. ലാറ്റക്‌സിന്റെ ഇറക്കുമതിച്ചുങ്കം ഭാവിയില്‍ വെട്ടിക്കുറച്ച് പൂജ്യത്തിലെത്തിക്കാന്‍ റബര്‍ബോര്‍ഡ് ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം, ലോകവ്യാപാരസംഘടനയുടെ മന്ത്രിതലസമ്മേളനത്തിനു മുന്നോടിയായി 2022 ജൂണ്‍മാസം കൊച്ചിയില്‍ കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത മീറ്റിങ്ങില്‍ കണ്ടതാണ്. കൊവിഡനന്തരകാലത്ത് ഗ്ലൗസ് നിര്‍മാണം പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. അതിന്റെ പ്രത്യാഘാതം ലാറ്റക്‌സ് വിപണിയിലുമുണ്ടാകും. ഷീറ്റുറബറില്‍ നിന്ന് ലാറ്റക്‌സിലേക്കു കര്‍ഷകര്‍ മാറിയതിന്റെ പിന്നില്‍ ഉത്പാദനച്ചെലവ് മുഖ്യഘടകമാണ്. വന്‍കിട വ്യാപാരികള്‍ കര്‍ഷകര്‍ ഷീറ്റുറബറിലേക്കു മടങ്ങിവരണമെന്ന് മുറവിളി കൂട്ടുന്നുണ്ടെങ്കിലും അതത്ര പ്രായോഗികമാകണമെന്നില്ല. വന്‍കിട വ്യാപാരികളുടെ കര്‍ഷകസ്‌നേഹത്തിനു പിന്നില്‍ കര്‍ഷകന്റെ സംരക്ഷണമല്ല സ്വന്തം വ്യാപാരനിലനില്പാണു മുഖ്യമെന്ന് അനുഭവജ്ഞാനമുള്ള കര്‍ഷകര്‍ക്കറിയാം.  
കോമ്പൗണ്ട് റബര്‍ കീഴടക്കുന്നു
കാര്‍ബണ്‍ അടങ്ങിയ കോമ്പൗണ്ട് റബറിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ക്കുതിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിക്കണക്കുകള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈ മാസത്തില്‍ 30,000 ടണ്‍ ഇറക്കുമതി ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാപകമായിരുന്നു. സ്വാഭാവികമായും ഓഗസ്റ്റിലും ഇതു തുടര്‍ന്നിട്ടുണ്ട്. പത്തു ശതമാനമെന്ന കുറഞ്ഞ ഇറക്കുമതിച്ചുങ്കം മാത്രമാണ് കോമ്പൗണ്ട് റബറിനുള്ളത്. ഇത് വ്യവസായികള്‍ക്ക് ഏറെ ആകര്‍ഷകമാണ്. കൂടാതെ, രാജ്യാന്തരവിപണിയില്‍ സ്വാഭാവികറബറിനെക്കാള്‍ വിലക്കുറവുമുണ്ട്. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി ഈ രീതിയില്‍ ഇനിയും കുതിച്ചുയര്‍ന്നാല്‍ കേരളത്തിലെ റബര്‍കര്‍ഷകര്‍ക്ക് ഒരു തിരിച്ചുവരവ് വരുംനാളുകളിലൊന്നും പ്രതീക്ഷിക്കാനാവില്ല. 
250 രൂപ പ്രഖ്യാപനം അട്ടിമറിക്കുന്നു
സംസ്ഥാന ഭരണമുന്നണി 2021 ലെ പൊതുതിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയത് റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയര്‍ത്തുമെന്നാണ്. അധികാരത്തിലേറി ഒന്നരവര്‍ഷം പിന്നിടുമ്പോഴും നടപടിക്രമങ്ങളിലേക്കു കടന്നിട്ടില്ല. 170 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍പോലും വിലസ്ഥിരതാപദ്ധതി നിലവില്‍ അടച്ചുപൂട്ടിയ മട്ടാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പദ്ധതിയുടെ വെബ്‌സൈറ്റ് ഇതുവരെയും തുറന്നിട്ടില്ല. ബില്ല് സമര്‍പ്പിക്കാന്‍ കഴിയാതെവരുന്നുവെന്നുമാത്രമല്ല, മുന്‍കാലങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകളിന്മേലുള്ള തുകയിലെ കുടിശ്ശികയും തുടരുന്നു. സാമൂഹികസുരക്ഷാപദ്ധതിയില്‍പ്പെടുത്തി കര്‍ഷകപെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന റബര്‍കര്‍ഷകരെ പുറത്താക്കിയ ക്രൂരതയും കര്‍ഷകന് ഇരുട്ടടിയാകുന്നു. 
കേരളത്തിന്റെ റബര്‍കമ്പനി
സംസ്ഥാന സര്‍ക്കാരിന്റെ റബര്‍കമ്പനി വെള്ളൂരില്‍ സജീവമാകുകയാണ്. 2017 മേയ് മാസത്തില്‍ പ്രഖ്യാപിച്ച സിയാല്‍ മോഡല്‍ റബര്‍കമ്പനി ഏറെ രൂപമാറ്റങ്ങള്‍ക്കുശേഷം 2023 മേയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന സൂചന. ഇതിനോടകം ഡിപിആറും സമര്‍പ്പിക്കപ്പെട്ടു. വ്യവസായങ്ങള്‍ ഒന്നൊന്നായി പൂട്ടിപ്പോകുന്ന അഥവാ കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു ഒഴുകിപ്പോകുന്ന സാഹചര്യത്തില്‍ ഈ പുതിയ സംരംഭവും മലയാളി സംശയദൃഷ്ടിയോടെ വീക്ഷിച്ചാല്‍ അദ്ഭുതപ്പെടാനാവില്ല. ഒന്നുറപ്പിക്കാം, റബര്‍കമ്പനി വന്നതുകൊണ്ട് സ്വാഭാവികറബറിന്റെ ആഭ്യന്തരവിലയില്‍ യാതൊരു ഉയര്‍ച്ചയും സൃഷ്ടിക്കപ്പെടില്ല. അതു സാധിക്കണമെങ്കില്‍ പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്ത ഒരുകിലോഗ്രാം റബറിന് 250 രൂപ അടിസ്ഥാനവിലയില്‍ കര്‍ഷകരില്‍നിന്ന് ചെറുകിട വ്യാപാരികളോ ആര്‍പിഎസ്സുകളോവഴി സര്‍ക്കാര്‍ റബര്‍ സംഭരിക്കണം. എങ്കില്‍ മാത്രമേ ആഭ്യന്തരവിപണി കരുത്താര്‍ജിക്കൂ. മുന്‍കാലങ്ങളില്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷനും വിവിധ റബര്‍മാര്‍ക്കറ്റിങ ഏജന്‍സികളും നടത്തിയ സംഭരണം പരാജയപ്പെട്ടത് കര്‍ഷകരുടെ കുഴപ്പമല്ലായിരുന്നു. മറിച്ച്, സംവിധാനങ്ങളുടെ പാളിച്ചയും സാമ്പത്തികത്തട്ടിപ്പുമായിരുന്നുവെന്ന് ഓര്‍മിക്കുക. 
നിലവിലുള്ള പ്രഖ്യാപിത ഇന്‍സെന്റീവ് പദ്ധതിപോലും മുടക്കമില്ലാതെ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ സാധിക്കാതെ സംസ്ഥാനസര്‍ക്കാരിന്റെ പുത്തന്‍ റബര്‍സംരംഭത്തെ ഉള്ളുതുറന്നു സ്‌നേഹിക്കാന്‍ വരട്ടെ. അതിനുമുമ്പ് നിലവിലുള്ളതും റബര്‍ബോര്‍ഡ് മുന്‍കൈയെടുത്ത് ആരംഭിച്ചതുമായ കമ്പനികളുടെ ലാഭനഷ്ടക്കണക്കുകള്‍കൂടി കര്‍ഷകര്‍ അന്വേഷിച്ചറിയുന്നതു നല്ലത്.  
വ്യവസായികള്‍ പാട്ടത്തിനിറങ്ങുന്നു
റബര്‍മേഖലയിലെ ടാപ്പിങ് തൊഴിലാളികളെ സംരക്ഷിക്കുവാനെന്നപേരില്‍ വ്യവസായികള്‍ റബര്‍ത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ഉത്പാദനം നടത്താനുള്ള പദ്ധതിയ്ക്കും കേരളത്തില്‍ ആരംഭംകുറിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ നല്ലതെന്നു പെട്ടെന്നു തോന്നുമായിരിക്കാം. പക്ഷേ കാലക്രമേണ കേരളത്തിലെ റബര്‍കൃഷിയും വ്യവസായിയുടെ കൈകളിലേക്കു മാറും. കോട്ടയം ജില്ലയില്‍ തൊഴിലാളികളും സ്ഥലമുടമകളും കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള വിശദീകരണസമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. ടാപ്പിങ് മുടങ്ങിക്കിടക്കുന്ന സ്ഥലങ്ങള്‍ നിശ്ചിത തുക സമ്മതിച്ച് നിശ്ചിതകാലാവധിയിലേക്കു തൊഴിലാളികളുടെ സംരക്ഷണത്തിനെന്ന ഓമനപ്പേരില്‍ വ്യവസായികള്‍ നിയന്ത്രണത്തിലാക്കുന്നു. പൂര്‍വികരില്‍നിന്നു പരമ്പരാഗതമായി ലഭിച്ച റബര്‍തോട്ടങ്ങളില്‍നിന്ന് വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മക്കള്‍ക്ക് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാകുമെങ്കിലും കാലക്രമേണ തോട്ടങ്ങള്‍ കമ്പനികളേറ്റെടുക്കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടാം. റബറുത്പാദനപ്രക്രിയയില്‍ വ്യവസായികളും കേരളത്തില്‍ കരുത്താര്‍ജിക്കുമ്പോള്‍ ചെറുകിട റബര്‍കര്‍ഷകരുടെ നിലനില്പ് ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരും ജനപ്രതിനിധികളും വ്യവസായികളുടെയും തൊഴിലാളികളുടെയും ഭാഗത്തായിരിക്കുമെന്നും അസംഘടിത കര്‍ഷകര്‍ തിരിച്ചറിയണം.  
റബര്‍മീറ്റിന്റെ പിന്നാലെ വിലത്തകര്‍ച്ച
റബര്‍മേഖലയുടെ സംരക്ഷണവും റബര്‍വ്യവസായത്തിന്റെ രാജ്യാന്തരസാധ്യതകളും ഉയര്‍ത്തിക്കാട്ടി 2022 ജൂലൈയില്‍ കൊച്ചിയില്‍ നടത്തിയ റബര്‍മീറ്റ് കര്‍ഷകനു നേട്ടമുണ്ടാക്കില്ലെന്നു കുറിച്ചത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന വിലത്തകര്‍ച്ച. കര്‍ഷകനുവേണ്ടി ഒറ്റപ്പെട്ട പങ്കുവയ്ക്കലുകള്‍ മാത്രമായിരുന്നു റബര്‍മീറ്റില്‍ കേട്ടത്. അടിസ്ഥാനഘടകമായ ചെറുകിടകര്‍ഷകനെ അവഗണിച്ചും പുറന്തള്ളിയും കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കു റബര്‍കൃഷിയും വഴിമാറുന്ന പ്രക്രിയയ്ക്ക് ആക്കമുണ്ടാക്കുകയാണ് റബര്‍മീറ്റിലൂടെ റബര്‍ബോര്‍ഡും വ്യവസായികളും സാധിച്ചെടുത്തത്. കേരളത്തില്‍നിന്ന് റബര്‍ പറിച്ചുമാറ്റി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ ഇടങ്ങളില്‍ വ്യാപകമാക്കുമ്പോള്‍ സ്വാഭാവികമായും ഉത്പാദനം വര്‍ദ്ധിക്കും. റബര്‍വിപണി ഒന്നടങ്കം വ്യവസായികളുടെ കൈപ്പിടിയിലൊതുങ്ങും. അതിന്റെ ആഘാതമാണ് ഇപ്പോഴും തുടരുന്ന വിലത്തകര്‍ച്ച.
റബറിന്റെ ആഭ്യന്തരവിപണിയിലെ വിലയിടിവ് 180 രൂപയില്‍നിന്ന് 148 രൂപയിലെത്തിയത് തുടരുമെന്നുറപ്പാണ്. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴമാറിനിന്നാല്‍ ഉത്പാദനം കൂടാം. വിലയിടിച്ച് ആഭ്യന്തരവിപണിയില്‍ നിന്നു റബര്‍ വാങ്ങാന്‍ സ്വാഭാവികമായുള്ള ശ്രമങ്ങള്‍ വ്യവസായികളില്‍നിന്നുണ്ടാകും. റബര്‍ വിപണിയിലിറക്കാതെ സ്റ്റോക്കു ചെയ്താല്‍ ഒരുപക്ഷേ, മാസങ്ങള്‍ക്കുശേഷം നേട്ടമുണ്ടാകാം. എന്നാല്‍, അതൊരിക്കലും മുന്‍കൂട്ടിക്കാണാന്‍ ഇന്നത്തെ നിലയില്‍ സാധ്യമല്ല. 
ഏകവിളയുടെകാലംകഴിഞ്ഞു
മുന്‍കാലങ്ങളില്‍ കേരളം എന്ന സംസ്ഥാനപരിധിക്കുള്ളില്‍ നിന്നുകൊണ്ട് റബര്‍കൃഷിയെ കണ്ടിരുന്ന മലയാളി ഇനിയെങ്കിലും മാറിച്ചിന്തിക്കുക. റബര്‍ബോര്‍ഡിന്റെ കണക്കുകളും പദ്ധതികളും ഇന്ത്യയെന്ന വിശാലമായ കാഴ്ചപ്പാടിലാണ്. കൂടാതെ, രാജ്യാന്തരവിപണിയിലെ ചലനങ്ങളും ഇറക്കുമതിയിലെ അനന്തസാധ്യതകളും മനസ്സിലാക്കിവേണം റബറിന്റെ ഭാവിയെക്കുറിച്ച് കര്‍ഷകര്‍ സ്വപ്നം കാണാന്‍. സംഘടിതശക്തി ചോര്‍ന്നുപോയ കര്‍ഷകന് വാട്ട്‌സാപ്പുകളിലൂടെ പരസ്പരം പരദൂഷണം നടത്താനും പഴിചാരാനുമല്ലാതെ സംസാരിക്കാന്‍ ഈയവസ്ഥയില്‍ സാധിക്കില്ലെന്നുറപ്പാണ്. റബര്‍കര്‍ഷകപ്രസ്ഥാനങ്ങളുടെപോലും കരുത്തു ചോര്‍ന്നുതുടങ്ങി. കര്‍ഷകരുടെ രാഷ്ട്രീയ അടിമത്തവും മറ്റൊരു പ്രധാനകാരണമാണ്. ബഫര്‍സോണ്‍, വന്യമൃഗശല്യം തുടങ്ങി ജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും അതിരൂക്ഷമായിരിക്കുന്നു. ഇതുകൂടാതെ, കാലാവസ്ഥാവ്യതിയാനം വരുത്തിയിരിക്കുന്ന ഇലപൊഴിച്ചിലും പട്ടമരപ്പും പുതിയതരം റബര്‍രോഗങ്ങളും ടാപ്പിങ് ചെലവുകളും വിലത്തകര്‍ച്ചയോടൊപ്പം റബര്‍കൃഷി ആദായകരമല്ലാതാക്കിയിരിക്കുമ്പോള്‍ വിളമാറ്റകൃഷിയെക്കുറിച്ചും ഗൗരവമായി കര്‍ഷകര്‍ ചിന്തിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)