•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൈനീട്ടി സംസ്ഥാനങ്ങള്‍ കൈമലര്‍ത്തി കേന്ദ്രം

ന്ത്യ കൊറോണയുടെ പിടിയിലായിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. അതില്‍ ഭാഗികലോക്ഡൗണും സമ്പൂര്‍ണലോക്ഡൗണും പ്രാദേശികഅടച്ചുപൂട്ടലുമൊക്കയായി നാലു മാസത്തിലേറെയാണു കവര്‍ന്നത്. അതിനര്‍ത്ഥമാകട്ടെ, കഴിഞ്ഞ അരവര്‍ഷക്കാലയളവിന്റെ മുക്കാല്‍പങ്കും രാജ്യത്തെ സാമ്പത്തികരംഗം സ്തംഭനാവസ്ഥയിലായിരുന്നുവെന്നും. ബാക്കിയുള്ള സമയമാകട്ടെ വൈറസ് ഭീതിമൂലം വലിയൊരു വിഭാഗം പഴയപടി ഷോപ്പിംഗ് നടത്താനോ പുറത്തിറങ്ങാന്‍പോലുമോ മടിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി ചിന്തിക്കുമ്പോള്‍ അതു നല്ലതുതന്നെ. എന്നാല്‍, അതിന്റെ ഫലമോ? പെട്ടിക്കടമുതല്‍ വന്‍കിട ഷോപ്പിംഗ് മാളുകള്‍വരെ 'അടച്ചിടുന്നതിനൊക്കുമേ തുറന്നിരിക്കിലും' എന്ന അവസ്ഥയിലുമായി. യാത്രാനിയന്ത്രണം ഉള്ളതിനാല്‍ ഇന്ധനവില്പനയിലും സാരമായ ഇടിവുണ്ടായി. 
അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ ഒട്ടുമിക്കവയുടെയും വില്പന ഇടിഞ്ഞതിനാലും സംസ്ഥാനാന്തര ചരക്കുനീക്കം തടസ്സപ്പെട്ടതിനാലും വ്യവസായശാലകളും ഹോട്ടലുകളും റിസോര്‍ട്ടുകളും സിനിമാശാലകളുമുള്‍പ്പെടെ സര്‍വ്വതും അടച്ചുപൂട്ടിയതിനാലും നികുതിവരുമാനത്തില്‍ ഭീമമായ കുറവുണ്ടായി. അത് ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ത്ഥ്യം. രാജ്യത്തിന്റെ സാമ്പത്തികരംഗത്തുണ്ടായ പ്രസ്തുത സ്തംഭനാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ പൂര്‍ണതോതില്‍ പ്രത്യക്ഷമാകാനിരിക്കുന്നതേയുള്ളൂ എന്നതു മറ്റൊരു പരമാര്‍ത്ഥം. അതിന്റെ അനുരണനങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. അതിലൊന്നാണ് ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത്. 
വാല്യു ആഡഡ് ടാക്‌സ് എന്ന 'വാറ്റി'നു വിരാമംകുറിച്ച്, ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ് എന്ന ജി.എസ്.ടി. യിലേക്കു രാജ്യത്തെ നികുതിസംവിധാനം മാറിയത് 2017 ജൂലൈ ഒന്നുമുതലാണല്ലോ. ആ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ ഉണ്ടായേക്കാവുന്ന കുറവ് കേന്ദ്രം നികത്തുമെന്നായിരുന്നു തീരുമാനം. അതു സംബന്ധിച്ചു നിയമനിര്‍മ്മാണവും നടത്തി. അതാണ് 'ജി.എസ്.ടി. കോംപെന്‍സേഷന്‍ ആക്ട്'. 2022 ഫെബ്രുവരിവരെയുള്ള അഞ്ചുവര്‍ഷക്കാലം ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കും എന്നാണ് അതില്‍പ്പറയുന്നത്. കാലതാമസം എന്ന സംസ്ഥാനങ്ങളുടെ ആക്ഷേപമൊഴിച്ചാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്യമായ മറ്റു പരാതികളില്ലാതെ ഈ സംവിധാനം മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ, കൊറോണ കാര്യങ്ങള്‍ തകിടംമറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ പാടേ പാളി. 
നിയമനിര്‍മ്മാണത്തിലൂടെ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉറപ്പുനല്‍കിയ ജി.എസ്.ടി. നഷ്ടപരിഹാരപാക്കേജ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് അവര്‍. അതിനെതിരേ ബിജെപി ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യക്ഷമായിത്തന്നെ രംഗത്തുവന്നുകഴിഞ്ഞു. അതില്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക്കായിരുന്നു. നിയമനിര്‍മ്മാണംവഴി ഉറപ്പുനല്‍കിയ ജി.എസ്.ടി. നഷ്ടപരിഹാരത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്ന പക്ഷം, സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇടതുസര്‍ക്കാരില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെതിരായി ഉണ്ടായ ഏറ്റവും ശക്തമായ പ്രതികരണമായി അതിനെ വിലയിരുത്താം. 
ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കുന്നതില്‍ ഉണ്ടാവുന്ന കാലതാമസംപോലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. അപ്പോള്‍ അത് നിര്‍ത്തലാക്കപ്പെടുന്നു എന്ന സ്ഥിതിവിശേഷം ആലോചിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല, സംസ്ഥാനസര്‍ക്കാരിന്. ആ യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു തോമസ് ഐസക്കിന്റെ വൈകാരികപ്രതികരണമെന്നു വ്യക്തം. ബീഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരിന്റെ കൈമലര്‍ത്തലിനെതിരേ രംഗത്തുവന്നു. ജി.എസ്.ടി. നടപ്പാക്കിയതിലൂടെ നികുതിവരുമാനത്തില്‍ 45 ശതമാനത്തിന്റെ കുറവാണു സംസ്ഥാനത്തിനുണ്ടായതെന്ന് പഞ്ചാബ് ധനമന്ത്രി പറയുന്നു. നഷ്ടപരിഹാരം നിലയ്ക്കുന്നപക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങുമത്രേ. 
പ്രത്യേക സെസ് ചുമത്തി സ്വരൂപിക്കുന്ന ഫണ്ടില്‍നിന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കിവരുന്നത്. സെസ് പര്യാപ്തമാകുന്നില്ലെങ്കില്‍ ബദലായി പലവിധ മാര്‍ഗ്ഗങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. അതിലൊന്നാണ് കൂടുതല്‍ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരമാവധി ജി.എസ്.ടി. സ്ലാബായ 28 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്നത്. അതിസമ്പന്നര്‍ മാത്രം ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ ഉത്പന്നങ്ങളും സേവനങ്ങളും ഇപ്പോഴും താഴ്ന്ന സ്ലാബിലാണുള്ളത്. നഷ്ടപരിഹാരകാലാവധി അഞ്ചു വര്‍ഷത്തില്‍നിന്ന് ദീര്‍ഘിപ്പിക്കും എന്നതാണു മറ്റൊരു നിര്‍ദ്ദേശം. ആ നിര്‍ദ്ദേശമാകട്ടെ പരിഗണിക്കാനേ കഴിയില്ലെന്നു ധനകാര്യകമ്മീഷന്‍ വ്യക്തമാക്കുകയുണ്ടായി. അതിനിടെ അറ്റോര്‍ണി ജനറലിന്റെ ഒരു ഉപദേശവുമെത്തി. നഷ്ടപരിഹാരം നല്‍കുന്നതിനു സെസ് മതിയാവുന്നില്ലെങ്കില്‍ വിപണിയില്‍നിന്നു വായ്പയെടുക്കുന്നതിനെക്കുറിച്ച് ജി.എസ്.ടി. കൗണ്‍സിലിന് ആലോചിക്കാവുന്നതേയുള്ളൂ എന്നായിരുന്നു ആ ഉപദേശം. ഭാവിയില്‍ ജി.എസ്.ടി. നഷ്ടപരിഹാരഫണ്ടുകിട്ടുമ്പോള്‍ അതില്‍നിന്നു വായ്പ തിരിച്ചടയ്ക്കാമത്രേ. എന്നാല്‍, ഭൂരിപക്ഷം സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. കൊറോണ സ്ഥിതിവിശേഷം എന്ന് അവസാനിക്കുമെന്നോ നികുതിവരുമാനം എന്നു പഴയപോലെ ആകുമെന്നോ ഒരു രൂപവുമില്ല. അതുതന്നെ കാരണം. 
പ്രശ്‌നം സാമ്പത്തികമായതുകൊണ്ട് ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രനിലപാടില്‍ അമര്‍ഷം ഉണെ്ടന്നതു വസ്തുത. എന്നാല്‍, രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അവര്‍ പരസ്യപ്രതികരണം നടത്തുന്നില്ല എന്നു മാത്രം. അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ മീറ്റിങ്ങില്‍ വാദപ്രതിവാദങ്ങള്‍ കനക്കും എന്നു സാരം. കഴിഞ്ഞ മാര്‍ച്ചില്‍ 13806 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരമായി നല്‍കുകയുണ്ടായി. അതില്‍ കേരളത്തിന് 800 കോടി രൂപ ലഭിച്ചു. 2019-2020 സാമ്പത്തികവര്‍ഷം 8111 കോടി രൂപയാണ് ആകെ നമ്മുടെ സംസ്ഥാനത്തിനു കരഗതമായത്. ആ കാലയളവില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രം വിതരണം ചെയ്തതാവട്ടെ 1.65 ലക്ഷം കോടി രൂപയും. കഴിഞ്ഞ സാമ്പത്തികവര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ അപരിഹാര്യമായ കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2019 ലെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 3.14 ലക്ഷം കോടി ആയിരുന്നു ജി.എസ്.ടി. വരുമാനം. ഈ വര്‍ഷം അതേ കാലയളവിലാകട്ടെ വരുമാനം 1.85 ലക്ഷം കോടിയും. ഇടിവ് 40 ശതമാനത്തോളം. ഇതൊക്കെ വസ്തുതകള്‍തന്നെ. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കും പ്രാരബ്ധങ്ങളുടെ വലിയ കെട്ടുമാറാപ്പുണ്ട്. അതിനാല്‍ ഉരലുചെന്ന് മദ്ദളത്തോടു പറയുംപോലെ കേന്ദ്ര-സംസ്ഥാനവാദപ്രതിവാദങ്ങള്‍ മുന്നേറിയിട്ട് എന്തു പ്രയോജനം? പ്രതിസന്ധി മറികടക്കാനുള്ള പോംവഴി കണെ്ടത്തുന്നതിനു ക്രിയാത്മകസമീപനവും ചിന്തയുമാണ് ആവശ്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)