•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആണവയുദ്ധം ആസന്നമോ?

യുക്രെയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ ലോകം ഭീതിയോടെ കണ്ട ദിവസങ്ങള്‍ അടുത്തുവരികയാണോ എന്നും ഒരു ആണവയുദ്ധത്തിനു സാക്ഷിയാകേണ്ടി വരുമോ എന്നും ഭയപ്പെടുന്നവര്‍ ഏറെയാണ്.
യുക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യന്‍സൈന്യം പിടിച്ചെടുത്ത സാപോറീഷ്ഷ്യ എന്ന ചെറിയ പട്ടണത്തിലെ ആണവനിലയത്തില്‍ മിസൈല്‍ പതിച്ചുവെന്ന വാര്‍ത്ത ലോകമാകെ ഭയം ജനിപ്പിക്കുകയുണ്ടായി. ആണവനിലയത്തിലെ ആറു റിയാക്ടറുകളിലൊന്നിന് തീപിടിച്ചുവെന്നായിരുന്നു യുക്രെയ്ന്‍ ഔദ്യോഗികവക്താവ് ആന്‍ഡ്രി ട്രസ്  മാധ്യമങ്ങളെ അറിയിച്ചത്. തീയണയ്ക്കാനെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ക്കുനേരേയും ശത്രുസൈന്യം നിറയൊഴിച്ചെന്നും മിസൈലാക്രമണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ വന്‍ദുരന്തമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. നിലയത്തിലുണ്ടായ അഗ്നിബാധ വൈദ്യുതിസംവിധാനം തകരാറിലാക്കുമെന്നും  ആണവാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തകരുന്നപക്ഷം ആണവവികിരണത്തിനു വഴി വയ്ക്കുമെന്നും ട്രസ് കൂട്ടിച്ചേര്‍ത്തു.
ആണവനിലയത്തില്‍ തീ പടരുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ മറ്റൊരു ചെര്‍ണോബില്‍ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമോയെന്ന ഭീതിയില്‍ യൂറോപ്യന്‍രാജ്യങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, മിസൈലുകള്‍ വീണത് ആണവനിലയത്തിലല്ലെന്നും സമീപത്തുതന്നെയുള്ള പരിശീലനകേന്ദ്രത്തിലാണെന്നുമുള്ള രാജ്യാന്തരആണവോര്‍ജ്ജഏജന്‍സിയുടെ മേധാവി റാഫേല്‍ മരിയാനോ ഗ്രോസിയുടെ സ്ഥിരീകരണം ലോകം ആശ്വാസത്തോടെയാണു ശ്രവിച്ചത്. ആണവവികിരണമോ മാലിന്യമോ അന്തരീക്ഷത്തില്‍ കണ്ടെത്താനായില്ലെന്ന ഉറപ്പും അദ്ദേഹം നല്കി. മിസൈലുകള്‍ വീണ പരിശീലനകേന്ദ്രത്തിന്റെ അഞ്ചു നിലകളില്‍ മൂന്നും നിലംപൊത്തുന്ന വീഡിയോദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവരികയും ചെയ്തു.
റഷ്യ പിടിച്ചെടുത്ത സാപോറീഷ്ഷ്യ ആണവനിലയവും സമീപത്തുള്ള എനര്‍ഹോദാര്‍ നഗരവും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുക്രെയ്ന്‍ സൈന്യം തുടങ്ങിവച്ച പടയൊരുക്കം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ആണവനിലയം മറയാക്കിയാണ് റഷ്യയുടെ ആക്രമണമെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു. നിലയത്തിനുള്ളില്‍ ആയുധങ്ങള്‍ സംഭരിക്കുകയും ആക്രമിക്കുകയുമാണ് റഷ്യയുടെ തന്ത്രം. ആണവനിലയം തകര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്ത് നന്നായറിയാവുന്ന യുക്രെയ്ന്‍ സൈന്യം വളരെ കരുതലോടെയാണ് മുന്നേറുന്നത്. 500 ഓളം റഷ്യന്‍ സൈനികര്‍ നിലയത്തിനുള്ളിലുണ്ട്.
സാപോറീഷ്ഷ്യ ആണവനിലയം
സോവിയറ്റ് റിപ്പബ്ലിക്കുകളിലൊന്നായിരുന്ന യുക്രെയ്‌നിലെ  എനര്‍ഹോദാര്‍ നഗരപ്രാന്തത്തിനടുത്തുള്ള സാപോറീഷ്ഷ്യയില്‍ 1980 കളുടെ തുടക്കത്തിലാണ് ആണവനിലയത്തിന്റെ നിര്‍മ്മിതി. ശീതീകരിച്ച ആറു റിയാക്ടറുകളുള്ള  ഈ നിലയം ഡ്‌നിയെെപര്‍ നദിയുടെ ഇരുകരകളിലുമായി അരമൈല്‍ വിസ്തൃതിയില്‍ നിലകൊള്ളുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ഈ ആണവനിലയത്തിന് 5,700 മെഗാവാട്ട് ശേഷിയുണ്ട്. രാജ്യത്തിനാവശ്യമായ അഞ്ചിലൊന്ന്  വൈദ്യുതിയും ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. ശേഷിയുടെ കാര്യത്തില്‍ ലോകത്തെ ഒന്‍പതാമത്തെ സ്ഥാനമാണ് ഇതിനുള്ളത്. ചെര്‍ണോബില്‍ ആണവനിലയത്തിന്റെ ആറുമടങ്ങുശേഷി. റിവ്‌നെ, ഖ്‌മെന്‍നിറ്റ്‌സ്‌കി, സാപോറീഷ്ഷ്യ, തെക്കന്‍ യുക്രെയ്ന്‍ എന്നിവിടങ്ങളിലെ നാലു നിലയങ്ങളിലായി 13 ജിഗാവാട്ട് ശേഷിയുള്ള 15 റിയാക്ടറുകളാണ് യുക്രെയ്‌നുള്ളത്. ഊര്‍ജ്ജോത്പാദനത്തിന്റെ അളവു വച്ചുനോക്കിയാല്‍ ലോകത്തെ ഏഴാമത്തെ ആണവോര്‍ജ്ജരാജ്യവുമാണ്. റഷ്യയുടെ നിയന്ത്രണത്തിലുള്ള 'റോസ്റ്റം' എനര്‍ജി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ യുക്രെയ്‌നിലെ ജീവനക്കാര്‍ തന്നെയാണ് ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്നത്.
ചെര്‍ണോബില്‍ ആണവദുരന്തം
യുക്രെയ്ന്‍ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന കാലത്തുതന്നെയാണ് 36 വര്‍ഷംമുമ്പ് 1986 ഏപ്രില്‍ 26-ാം തീയതി ചെര്‍ണോബില്‍ ആണവനിലയത്തില്‍ പൊട്ടിത്തെറിയുണ്ടായത്. ആണവദുരന്തങ്ങളിലെ ഏറ്റവും വലുതെന്ന ഖ്യാതി നേടിയ ഈ അപകടം നിര്‍മാണത്തിലെ അപാകതയും മാനുഷികപിഴവുകളും മൂലം സംഭവിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 31 പേര്‍ക്കേ ജീവഹാനി സംഭവിച്ചുള്ളുവെങ്കിലും ചെര്‍ണോബിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കാന്‍സര്‍രോഗികളുടെ വര്‍ധന ആണവവികിരണം മൂലമാണെന്നും കണ്ടെത്തി. തൈറോയ്ഡ് കാന്‍സര്‍മൂലം 16,000 പേരും മറ്റു കാന്‍സര്‍ രോഗങ്ങള്‍ പിടിപെട്ട് 25,000 പേരും പില്‍ക്കാലത്തു മരണപ്പെട്ടതും ആണവദുരന്തത്തിന്റെ ഭയാനകമായ നേര്‍സാക്ഷ്യമാണ്.
ആണവദുരന്തങ്ങള്‍ വേറെയും
യുഎസിലെ പെല്‍സിവാനിയ സംസ്ഥാനത്തെ ത്രീമൈല്‍ ഐലന്റിലും  ജപ്പാനിലെ ഫുക്കുഷിമയിലും ഉണ്ടായവയാണ് പ്രധാനപ്പെട്ട മറ്റു രണ്ട് ആണവദുരന്തങ്ങള്‍. 1979 മാര്‍ച്ച് 28 ന് ത്രീമൈല്‍ ഐലന്റിലെ ആണവനിലയത്തിലുണ്ടായ അപകടത്തില്‍ മരണം സംഭവിച്ചില്ലെങ്കിലും രക്താര്‍ബുദം  ബാധിച്ച് 333 പേര്‍ മരിക്കാനിടയായത് ആണവവികിരണം മൂലമാണെന്നു സ്ഥിരീകരിക്കുകയുണ്ടായി.
2011 മാര്‍ച്ച് 11-ാം തീയതി വടക്കന്‍ പസിഫിക് സമുദ്രത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്നു രൂപപ്പെട്ട ഭീമാകാരമായ തിരമാലകള്‍ 30 അടി ഉയരത്തിലാണ് ഫുക്കുഷിമ നഗരത്തിലേക്ക് ഇരച്ചെത്തിയത്. നഗരപ്രാന്തത്തിലുള്ള ആണവറിയാക്ടറുകളെ  സുനാമിത്തിരകള്‍ വിഴുങ്ങിയെന്ന വാര്‍ത്ത ലോകം ഭീതിയോടെയാണു ശ്രവിച്ചത്.തിരമാലകളില്‍പ്പെട്ടും വാഹനങ്ങളില്‍ ഒഴുകിപ്പോയവരുമുള്‍പ്പെടെ 1600 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 5-ാം തീയതി സാപോറീഷ്ഷ്യയിലെ ആണവനിലയത്തിനു നേര്‍ക്കുള്ള  ഷെല്ലാക്രമണത്തില്‍ നിലയത്തിലെ സ്വിച്ച് ബോര്‍ഡു തകരുകയും ലൈറ്റുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജഏജന്‍സി മുമ്പോട്ടു വന്നെങ്കിലും യുക്രെയ്‌ന്റെ കടുത്ത എതിര്‍പ്പുമൂലം ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. റഷ്യ കൈവശപ്പെടുത്തിയ നിലയത്തില്‍ ഏജന്‍സിയെ പരിശോധനയ്ക്കു നിയോഗിക്കുന്നത് ആണവനിലയത്തിനുമേലുള്ള റഷ്യയുടെ പരമാധികാരം അംഗീകരിക്കുന്നതിനു തുല്യമായേക്കുമെന്ന നിലപാടാണ് യുക്രെയ്ന്‍ സ്വീകരിച്ചത്.
ഒരു ആണവനിലയത്തിനിരുപുറവും നിന്നു മിസൈലുകള്‍ തൊടുത്തുവിടുന്ന റഷ്യയുടെയും യുക്രെയ്‌ന്റെയും നടപടി അത്യന്തം സ്‌ഫോടനാത്മകമാണെന്നു വിലയിരുത്തപ്പെടുന്നു. ആണവനിലയത്തിലെ ഒരു റിയാക്ടര്‍ തകര്‍ന്നാല്‍പ്പോലും, അന്തരീക്ഷത്തിലെത്തുന്ന ആണവതരംഗങ്ങള്‍ ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിലേക്കുള്ള ലൈനുകള്‍ വിച്ഛേദിച്ച് 2014 മുതല്‍ റഷ്യയുടെ അധീനതയിലുള്ള ക്രിമിയ ഉപദ്വീപിലേക്ക് വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യവും റഷ്യയ്ക്കുണ്ട്. 
ആണവനിലയത്തില്‍ ഷെല്ലുകളും മിസൈലുകളും പതിക്കുന്നുണ്ടെങ്കിലും ഒരു വലിയ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചെര്‍ണോബിലില്‍ പൊട്ടിത്തെറിച്ച റിയാക്ടറില്‍നിന്നും വ്യത്യസ്തമായി സാപോറീഷ്ഷ്യയിലെ ആറു റിയാക്ടറുകളും 10 മീറ്റര്‍ ഘനമുള്ള കോണ്‍ക്രീറ്റുകൊണ്ടു പൊതിഞ്ഞവയാണെന്നും അവര്‍ പറയുന്നുണ്ട്. എന്നിരുന്നാലും, ശീതീകരണയന്ത്രങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാലും ആണവാവശിഷ്ടങ്ങള്‍ സംഭരിച്ചുവച്ചിട്ടുള്ളയിടങ്ങളില്‍ മിസൈലുകള്‍ പതിച്ചാല്‍ വികിരണസാധ്യത കൂടുതലായിരിക്കുമെന്നും  അവര്‍ അഭിപ്രായപ്പെട്ടു. രണ്ടു രീതിയിയാലും, ആണവനിലയത്തിന് 30 കിലോമീറ്ററിനപ്പുറം ആണവവികിരണം ഉണ്ടാകില്ലെന്നും അവര്‍ ആവര്‍ത്തിക്കുന്നുണ്ട്.
ആണവയുദ്ധം ആസന്നമോ?
യുദ്ധം അനിശ്ചിതമായി നീണ്ടുപോയാലും രണ്ടു രാജ്യങ്ങള്‍ക്കും കാര്യമായ നേട്ടം അവകാശപ്പെടാന്‍ കഴിയുമോയെന്ന സംശയം ബ്രിട്ടീഷ്  രഹസ്യാന്വേഷണവിഭാഗം തലവനായിരുന്ന ജനറല്‍ ജിം ഹോക്കെന്‍ഹള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പങ്കുവച്ചത് അടുത്ത നാളുകളിലാണ്. ഉദ്ദേശിച്ചതുപോലെ മുന്നേറാന്‍ കഴിയാതെ വന്നാല്‍, ഒരുപക്ഷേ, അണ്വായുധം പ്രയോഗിക്കാനും പുടിന്‍ മടിക്കില്ലെന്നും അദ്ദേഹം കുറിച്ചു. അണുബോംബുകള്‍ സ്വന്തമായുള്ള 9 രാജ്യങ്ങളില്‍ ഒന്നാംസ്ഥാനവും റഷ്യയ്ക്കാണ്- 5,977. രണ്ടാംസ്ഥാനം യു.എസിനാണ്, 5,428 എണ്ണം. ചൈന 350, ഫ്രാന്‍സ് 290, യു കെ 225, പാക്കിസ്ഥാന്‍ 165, ഇന്ത്യ 160, ഇസ്രായേല്‍ 90, ഉത്തരകൊറിയ 20. ഈ വര്‍ഷം തയ്യാറാക്കിയ പട്ടികയാണിത്. രണ്ടാംലോകമഹായുദ്ധാവസാനം ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റംബോംബുകളുടെ പതിന്മടങ്ങു ശക്തിയുമുണ്ട്. ഒരു അണുബോംബിന്റെ ശേഷി ഒരു ലക്ഷം ടണ്‍ റ്റി എന്‍ റ്റി ആണെന്നും കണക്കാക്കിയിട്ടുണ്ട്. ഇത്തരം ഒരു ബോംബ് ജനവാസമേഖലയില്‍ വീണാല്‍ 5 ലക്ഷം പേരെങ്കിലും ഞൊടിയിടയില്‍ ഭസ്മമായി മാറുമെന്നും പറയപ്പെടുന്നു.
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം വര്‍ധിക്കുമ്പോള്‍ സാപോറീഷ്ഷ്യ പോലുള്ള ആണവനിലയം യുദ്ധത്തിനിടയില്‍പ്പെട്ടത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ഏതെങ്കിലുമൊരു ആണവനിലയം യുദ്ധമേഖലയില്‍പെടുന്നത് ആദ്യത്തെ സംഭവവുമാണ്. ഇരുരാജ്യങ്ങളും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ആണവയുദ്ധം വരെയെത്തിച്ചതിന് റഷ്യയും യുക്രെയ്‌നും ഉത്തരവാദികളാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)