•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അചഞ്ചലനായ സഭാതനയന്‍

അനുസ്മരണം

പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ ജനിച്ചിട്ട് സെപ്റ്റംബര്‍ 10 ന് 286 വര്‍ഷം

 

പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ രചിച്ച വര്‍ത്തമാനപ്പുസ്തകത്തിന്റെ മുഖവുരയില്‍ നാം ഇപ്രകാരം വായിക്കുന്നു. ''പണ്ടു പണ്ടേ കാവ്യരുടെയും (അന്യജാതിക്കാര്‍) നാനാജാതി ജനങ്ങളുടെയും ഇടയില്‍ ഈശോമിശിഹായുടെ തിരുനാമം പ്രഘോഷിക്കുകയും അതിനനുസരിച്ച് ഏറിയ ത്യാഗം സഹിച്ച്, വലിയ നിഷ്ഠയോടും ചിട്ടയോടും കൂടി, തങ്ങളുടെ കാരണവന്മാര്‍ നടന്നുകാണിച്ചുതന്ന മര്യാദയ്ക്കും ക്രമത്തിനും തങ്ങളാലാവുന്നപോലെ, ഒരു ഭംഗം വരുത്താതെ, ജീവിച്ചുപോന്ന ഒരു ജനതയാണ് മലങ്കരയിലെ നസ്രാണി ക്രിസ്ത്യാനികള്‍.''
ഇപ്രകാരം നമ്മുടെ സഭാനൗക സ്വച്ഛമായി നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പോര്‍ച്ചുഗീസുകാരുടെ ഇങ്ങോട്ടുള്ള കടന്നുകയറ്റം. ആദ്യമാദ്യം ഈ വിദേശികളെ നമ്മുടെ പൂര്‍വികര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുപോന്നു. എന്നാല്‍, പിന്നീട് അവര്‍ യുദ്ധസന്നാഹങ്ങളുമായി വന്ന് കൊച്ചിരാജാവിനെയും ഇവിടുത്തെ ജനങ്ങളെയും കീഴ്‌പ്പെടുത്തുകയും രാജ്യത്തിന്റെയും സഭയുടെയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അവരുടെ സ്വേച്ഛാധിപത്യം ഇവിടെ നടപ്പാക്കി. തങ്ങ ളുടെ ഇച്ഛയ്ക്കു വഴങ്ങാത്തവരെയെല്ലാം തല്ലാനും കൊല്ലാനും  അവര്‍ മടിച്ചില്ല. പൊറുതിമുട്ടിയ നസ്രാണിജനത അവര്‍ക്കെതിരേ തിരിഞ്ഞു. അങ്ങനെയാണ് കൂനന്‍ കുരിശുസത്യം മട്ടാഞ്ചേരിയില്‍ അരങ്ങേറിയത്.
റോമ്മായാത്രയുടെ തുടക്കം
സഭ കീറിമുറിക്കപ്പെട്ടതില്‍ മനംനൊന്ത മലങ്കരപ്പള്ളിക്കാര്‍ അങ്കമാലിയില്‍ യോഗം ചേര്‍ന്നു. റോമില്‍ ചെന്ന് മാര്‍പാപ്പയെക്കണ്ട് പാതിരിമാരുടെ അടിമത്തത്തില്‍നിന്നു സഭയെ മോചിപ്പിക്കേണ്ടതിനുവേണ്ട പരിശ്രമങ്ങള്‍ ചെയ്യാന്‍ മാര്‍ കരിയാറ്റിയുടെ നേതൃ ത്വത്തില്‍ ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കാന്‍ യോഗം നിശ്ചയിച്ചു. ഇങ്ങനെയാണ് മാര്‍ കരിയാറ്റിയും തോമ്മാക്കത്തനാരും ഒരുമിച്ചുള്ള റോമ്മായാത്രയ്ക്കു കളമൊരുങ്ങിയത്.
അത്യന്തം ക്ലേശപൂരിതമായിരുന്നു ഇവരുടെ റോമ്മായാത്ര. പാണ്ടിനാട്ടിലെ ചുട്ടുപഴുത്ത മണ്ണിലൂടെ കെട്ടും ഭാണ്ഡങ്ങളും പേറി കല്ലിലും കാലില്‍ തറയ്ക്കുന്ന മുള്ളിലുംകൂടി ഓടിയും നടന്നും, വിശന്നും ദാഹിച്ചും നാലുമാസം നടന്നിട്ടാണ് ഈ യാത്ര ചിന്നപട്ടണത്ത് എത്തിയത്. തങ്ങള്‍ സഹിക്കുന്ന എല്ലാ ദുഃഖദുരിതങ്ങളും ജാതിയുടെ ഗുണത്തിനും ഉപകാരത്തിനുംവേണ്ടി എന്ന ചിന്തയാണ് അവരെ മുന്നോട്ടു നയിച്ചത്. വഴിക്കു തരങ്ങന്‍പാടിയില്‍വച്ച് എല്ലാവരുംകൂടി കണക്കുനോക്കിയപ്പോള്‍ ഏറിയാല്‍ നാലുപേര്‍ക്കു പോകാനുള്ള തുകയേ കൈവശമുള്ളൂ എന്നുകണ്ടു. ബാക്കിയുള്ളവര്‍ മടങ്ങിപ്പോകാന്‍ തീരുമാനമായി. ആരൊക്കെ റോമിനു പോകണമെന്നായി അടുത്ത ചിന്ത. കരിയാറ്റിയും വിദ്യാര്‍ത്ഥികള്‍ രണ്ടുപേരും പോയേ മതിയാകൂ. ബാക്കിയുള്ള രണ്ടുപേരില്‍ തോമ്മാക്കത്തനാരോ ചാക്കോക്കത്തനാരോ ആരു മടങ്ങണമെന്നായി അടുത്ത ആലോചന ചാക്കോക്കത്തനാരുടെ മനസ്സു ചോദിച്ചപ്പോള്‍, റോമ്മായ്ക്കു പോകാനായിട്ടത്രേ താന്‍ മലയാളത്തില്‍നിന്നു പുറപ്പെട്ടതെന്നും മടങ്ങിപ്പോകാന്‍ തനിക്കു ഭാവമില്ലെന്നും ചാക്കോക്കത്തനാര്‍ ശഠിച്ചു.
തോമ്മാക്കത്തനാരുടെ മനസ്സു ചോദിച്ചതിന്, ''ജാതിയുടെ ഗുണത്തിനല്ലാതെ ഓരോരുത്തന്റെയും സിദ്ധാന്തത്തിനല്ല പുറപ്പെട്ടിരിക്കുന്നത്. കാര്യത്തിന്റെ നിവൃത്തിക്ക് ഏതാണോ നല്ലത്, അപ്രകാരം മനസ്സായേ മതിയാകൂ എന്നതുകൊണ്ട് എല്ലാവരുടെയും ഇഷ്ടംപോലെ റോമ്മായ്ക്കു പോകണമെങ്കില്‍ ആയതിനും വീണ്ടും മലയാളത്തിനു തിരിക്കണമെങ്കില്‍ ആയതിനും താന്‍ ആസ്തമായിരിക്കുന്നു(മനസ്സാകുന്നു) എന്നായിരുന്നു തോമ്മാക്കത്തനാരുടെ മറുപടി. സ്വാര്‍ത്ഥത ഉള്ളിലില്ലാത്ത സഭാശുശ്രൂഷയാണ് തോമ്മാക്കത്തനാരുടെ വാക്കുകളിലും പ്രവൃത്തിയിലും പ്രകടമാകുന്നത്.
ഇതിനു സമാനമായി തോമ്മാക്കത്തനാര്‍ മനസ്സുതുറക്കുന്ന മറ്റൊരു സന്ദര്‍ഭം 24-ാം പാദത്തില്‍ കാണാം. യൂറോപ്പിലേക്കുള്ള കപ്പലില്‍ കഷ്ടിച്ച് മൂന്നു പേര്‍ക്കു മാത്രമേ ഇടംകിട്ടൂ എന്നു കണ്ടപ്പോള്‍ തോമ്മാക്കത്തനാരുടെ മറുപടി ശ്രദ്ധേയമത്രേ:
''നമ്മുടെ ജാതിയുടെ ഗുണത്തിനും ഉപകാരത്തിനും വേണ്ടിയത്രേ നാം പുറപ്പെട്ടത്. ഏതായാലും അക്കാര്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലെല്ലാം ശ്രമിച്ചേ മതിയാകൂ. മൂന്നുപേര്‍ക്കു മാത്രമേ കപ്പലില്‍ ഇടം കിട്ടൂ എങ്കില്‍ ഞാന്‍ മാത്രം മലയാളത്തിനു മടങ്ങിക്കൊള്ളാം.''
സ്വാര്‍ത്ഥതയുടെ വലവിരിക്കാതെ സഭാസേവനം ചെയ്യുന്ന ഒരു ഉത്തമസഭാസ്‌നേഹിയെയാണ് ഇവിടെയും തോമ്മാക്കത്തനാരില്‍ നാം കണ്ടുമുട്ടുന്നത്.
കരിയാറ്റിയുടെയും തോമ്മാക്കത്തനാരുടെയും റോമ്മായാത്ര നിഷ്ഫലമാക്കാന്‍വേണ്ടി പാതിരിമാര്‍ മലങ്കരയില്‍നിന്നും ഗോവയില്‍നിന്നും നേതൃസ്ഥാനങ്ങളിലേക്കു നിരന്തരം അയച്ച കത്തുകളും ഇടപെടലുകളും യാത്രയിലൂടനീളം ഇവര്‍ക്ക് ഒന്നിനുമേല്‍ ഒന്നായി പ്രതിബന്ധങ്ങളും പരാജയങ്ങളും സമ്മാനിച്ചുകൊണ്ടിരുന്നു. ഇത്തരത്തിലുള്ള ആദ്യാനുഭവം കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായില്‍നിന്നുതന്നെ നേരിട്ടു. 
ഇന്നലെവരെ ഉറ്റമിത്രമായിരുന്ന കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്താ ഇന്നു കാണുമ്പോള്‍ മഹാക്ഷോഭത്തോടെ സംസാരിക്കുന്നു! ഇതാ, മലയാളത്തിലെ പള്ളികളൊക്കെയും കലക്കുന്നവര്‍; നിങ്ങള്‍ ഇവിടെ എന്തിനു വന്നു? എന്നു തുടങ്ങി വളരെ പരുഷമായ ഭാഷയില്‍ അദ്ദേഹം ശാസന തുടങ്ങി. ഇതു കേട്ടപ്പോള്‍ ചങ്കുപൊട്ടുന്ന വേദന തോന്നി. എന്നിട്ടും പോരാന്‍ നേരം യാതൊരു മനഃക്ലേ ശവും കൂടാതെ തങ്ങളുടെ പള്ളികള്‍ക്കും ജനങ്ങള്‍ക്കുംവേണ്ടി മെത്രാന്റെ ആശീര്‍വാദം വാങ്ങിപ്പോരാന്‍ കഴിഞ്ഞതിന്റെ പിന്നിലെ ചേതോവികാരം, ''നമ്മുടെ ജാതിയുടെ ഗുണത്തിനും ഉപകാരത്തിനുംവേണ്ടിയാണ് തങ്ങള്‍ പുറപ്പെട്ടിരിക്കുന്നത് എന്ന ചിന്തതന്നെ.
കപ്പല്‍യാത്രയ്ക്കിടയില്‍ കപ്പലില്‍ വച്ച് കരിയാറ്റിയും തോമ്മാക്കത്തനാരും രോഗബാധിതരാകുന്നതും വൈദ്യന്‍ കൈവെടിയുന്നതും മരണത്തെ മുഖാമുഖം ദര്‍ശിക്കുന്നതും തന്മൂലം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡകളുമെല്ലാം അവരില്‍ ജ്വലിച്ചിരുന്ന സഭാസ്‌നേഹത്തില്‍ കെട്ടടങ്ങി.
ദൗത്യസംഘം പ്രൊപ്പഗാന്തായില്‍
റോമ്മാനഗരത്തിലെത്തിയ ദൗത്യസംഘം പ്രൊപ്പഗാന്തായിലേക്കാണ് ആദ്യം പോയത്. വാതില്‍ കാവല്‍ക്കാരന്‍ അവരെ മോണ്‍സിഞ്ഞോര്‍ ബോര്‍ജ്യായുടെ അടുത്തേക്കു പറഞ്ഞയച്ചു. തീര്‍ത്തും പരുഷമായ പെരുമാറ്റമാണ് മോണ്‍. ബോര്‍ജ്യ സമ്മാനിച്ചത്. അനന്തരം മോണ്‍. ബോര്‍ജ്യാ അവരെ പ്രൊപ്പഗാന്തായുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ കസ്‌ത്തെല്ലിയുടെ അടുത്തേക്കു പറഞ്ഞയച്ചു. ഈ സന്ദര്‍ശനത്തെക്കുറിച്ച് തോമ്മാക്കത്തനാര്‍ ഇപ്രകാരം തുടരുന്നു: ''റോമ്മായിലെ കൊടുംതണുപ്പില്‍ വെള്ളമുറഞ്ഞുകിടക്കുന്ന മഞ്ഞു പാളികള്‍ക്കിടയിലൂടെ യാതൊരു സംരക്ഷണകവചങ്ങളുമില്ലാതെ വെറും പാവങ്ങളെപ്പോലെ നടന്നാണ് ഞങ്ങള്‍ പ്രൊപ്പഗാന്തായുടെ പടികയറിയത്. തണുപ്പിന്റെ ആധിക്യത്താല്‍ പാദങ്ങള്‍ നീരുവച്ച് വിരലുകള്‍ക്കിടയില്‍ വിണ്ടുകീറിയ നിലയിലാണ് ഞങ്ങള്‍ നടന്നത്. ഞങ്ങള്‍ കര്‍ദിനാളിന്റെ മുമ്പിലെത്തുമ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു.
ഞങ്ങളെ കണ്ടമാത്രയില്‍ സമനില തെറ്റിയവനെപ്പോലെ കര്‍ദിനാള്‍ ശകാരമാരംഭിച്ചു. രണ്ടു നാഴിക നേരം ഈ ശകാരം തുടര്‍ന്നു. മലയാളക്കരയിലെ അറിവില്ലാത്ത നസ്രാണികളുടെ ഇടയില്‍ കലക്കമുണ്ടാക്കുന്നവന്‍ താനത്രെ ആകുന്നു. ആരു പറഞ്ഞിട്ടാണ് താനിവിടെ വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നത്?  പട്ടിയെപ്പോലെ തന്നെ ഇവിടുന്ന് ഓടിക്കും. ഇങ്ങനെ ശകാരം നീണ്ടുപോയി. ഒടുവില്‍ വിളിക്കാതെ വന്നവര്‍ക്ക് പ്രൊപ്പഗാന്തയില്‍ ഇടമില്ല. നിങ്ങള്‍ക്കു തെളിഞ്ഞിടത്ത് നിങ്ങള്‍ പോയി പാര്‍ക്കുകയേ വേണ്ടൂ. എന്നു പറഞ്ഞ് ആ രാത്രിയില്‍ തന്നെ ഞങ്ങളെ അവര്‍ പുറത്താക്കി.''
വാവിട്ടു കരഞ്ഞുകൊണ്ടാണ് ഈ പാവങ്ങള്‍ പടിയിറങ്ങിയത്. ഈ കൊടുംതണുപ്പില്‍ ഈ രാത്രിയില്‍ ഞങ്ങള്‍ എവിടെപ്പോകും? പരിചയമുള്ള ഒരു മുഖം പോലുമില്ല. ഞങ്ങളെ ഇത്രനേരം വഴിനടത്തിയ നക്ഷത്രം ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. ഉടയതമ്പുരാന്‍ തന്റെ സഹായഹസ്തം പിന്‍വലിച്ചതുപോലെ തോന്നി. മനസ്സു തകര്‍ന്ന് പാരം സങ്കടത്തോടും കണ്ണീരോടും കൂടി 'നിന്റെ തിരുമനസ്സിനു ചേര്‍ന്നവിധം ഞങ്ങളുടെ പള്ളികള്‍ക്കും ജനങ്ങള്‍ക്കും നന്മയാകുന്നതൊ ക്കെയും ചെയ്യണമെന്ന്' അധരംകൊണ്ടും ഹൃദയം കൊണ്ടും അപേക്ഷിച്ചുകൊണ്ട് അവര്‍ പടിയിറങ്ങി.
മാര്‍പാപ്പയുടെ സന്നിധിയില്‍
തങ്ങളുടെ ആശാകേന്ദ്രമായ മാര്‍പാപ്പയെക്കണ്ട് നസ്രാണിസഭയുടെ സങ്കടങ്ങള്‍ ബോധിപ്പിച്ചു നിവേദനം കൈമാറിയപ്പോള്‍ കരിയാറ്റിമല്പാനും തോമ്മാക്കത്തനാര്‍ക്കും വലിയ സംതൃപ്തിയും പ്രതീക്ഷയുമുളവായി. തുടര്‍ന്ന്, മോണ്‍. ബോര്‍ജ്യ മാര്‍പാപ്പയുമായി കണ്ട് കാല്‍മണിക്കൂര്‍ നേരത്തെ രഹസ്യസംഭാഷണം കഴിഞ്ഞപ്പോള്‍ തങ്ങളുടെ നിവേദനം തുറന്നുനോക്കുകപോലും ചെയ്യാതെ അത് മോണ്‍. ബോര്‍ജ്യായെ ഏല്പിച്ചിരിക്കുന്നു. അതോടെ സകല പ്രതീക്ഷയും അസ്തമിച്ചു. 
തങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി ചേര്‍ന്നു പൊരുതിയ പാതിരിമാര്‍ക്ക് അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനം എത്ര വലുതാണെന്ന്  കരിയാറ്റിമല്പാനും തോമ്മാക്കത്തനാരും തിരിച്ചറിഞ്ഞു. പാതിരിമാര്‍ ആഗ്രഹിച്ച പ്രകാരം ഒന്നും നേടാതെ വെറുംകൈയോടെ മടങ്ങേണ്ടിവന്നതില്‍ അവരുടെ ഹൃദയം പിടഞ്ഞു. തങ്ങളുടെ പള്ളികള്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന എന്തെങ്കിലുമൊക്കെ ശേഖരിച്ചുകൊണ്ടു പോകണമെന്ന് അവര്‍ ആഗ്രഹിച്ചു. അവിടെയും മോണ്‍. ബോര്‍ജ്യ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും തങ്ങളുടെ കഴിവിനു തക്കവിധം നിരവധി സാധനങ്ങള്‍ അവര്‍ ശേഖരിച്ചു. ഈ അന്വേഷണത്തിനിടയില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന അച്ചടിച്ച കുര്‍ബാനതക്‌സാകള്‍ ശ്രദ്ധയില്‍പ്പെട്ടു. നാട്ടിലുള്ള കുര്‍ബാന തക്‌സാകള്‍ കൈകൊണ്ടെഴുതിയതും തെറ്റുകുറ്റങ്ങള്‍ നിറഞ്ഞതുമായിരുന്നു. പുതിയവ വാങ്ങാനുള്ള ധനസ്ഥിതി തങ്ങള്‍ക്കുണ്ടായിരുന്നുമില്ല.
മാര്‍പാപ്പായുടെ പേര്‍ക്ക് ഒരപേക്ഷ എഴുതിത്തന്നാല്‍ മാര്‍പാപ്പ ഈ ഗ്രന്ഥം സമ്മാനമായി കൊടുക്കുന്ന പതിവുണ്ടെന്ന് കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് അപ്രകാരമൊരപേക്ഷ എഴുതി കര്‍ദിനാളിനെ ഏല്പിച്ചു.
കത്തോലിക്കാസഭയുടെ ആസ്ഥാനത്തു വാഴുന്ന അതിന്റെ അധിനാഥനോട് കിഴക്കേ ഇന്ത്യയില്‍നിന്ന് ഏറെ ക്ലേശം സഹിച്ച് യുറോപ്പിലെത്തിയ രണ്ടു പുരോഹിതര്‍ ഓരോ കുര്‍ബ്ബാന തക്‌സായ്ക്കുവേണ്ടി കേണപേക്ഷിക്കുന്നു. എന്നിട്ടും പാപ്പായ്ക്ക് കനിവുതോന്നിയില്ല. പരിഹാസപൂര്‍വം അപേക്ഷ നിരസിക്കപ്പെട്ടു.
അവസാനമായി തങ്ങള്‍ മാര്‍പാപ്പയ്ക്കു നല്കിയ അപേക്ഷയ്ക്ക് എന്തെങ്കിലുമൊരു മറുപടി തരണമെന്ന് ആവശ്യപ്പെട്ടു. മെത്രാന്‍വഴിയല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ക്കു മറുപടിയില്ല എന്ന ഉത്തരമാണ് ലഭിച്ചത്.
തിരസ്‌കരണങ്ങളുടെ മഹാപ്രളയത്തില്‍ മുങ്ങി ത്താണപ്പോഴും മാതൃസഭയെ സ്‌നേഹിക്കാനും അധികാരികളെ ആദരിക്കാനും അവര്‍ ഉത്സുകരായിരുന്നു. സഭയോടു ചേര്‍ന്നു നിന്നുകൊണ്ട് നസ്രാണിസഭയുടെ ഉന്നമനത്തിനുവേണ്ടി അവര്‍ യത്‌നിച്ചു.
മാര്‍പാപ്പയോട് വിട പറയുന്നു
അവസാനം മാര്‍പാപ്പയോടു വിട ചൊല്ലുന്ന രംഗവും വര്‍ത്തമാനപ്പുസ്തകം 54-ാം പാദത്തില്‍ കാണാം.
'ഇനി നിങ്ങള്‍ക്ക് എന്തൊരു വസ്തു വേണ്ടു എന്ന് മാര്‍പാപ്പ ചോദിച്ചതിന്' ഞങ്ങള്‍ക്കും ഞങ്ങളുടെ പള്ളികള്‍ക്കും അങ്ങയുടെ ശ്ലൈഹികാശീര്‍വാദമല്ലാതെ വേറൊരു വസ്തുവും ആവശ്യമില്ലെന്നു കണ്ഠമിടറാതെ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ ഞങ്ങള്‍ മുട്ടുകുത്തി. മാര്‍പാപ്പ ഞങ്ങളെ കരമുയര്‍ത്തി ആശീര്‍വദിച്ചു. 'ഇനി ഞങ്ങളുടെ പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും ഇതുതന്നെ ഞങ്ങള്‍ അപേക്ഷിക്കുന്നു.' എന്നു പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞോ കണ്ഠമിടറിയോ നിശ്ചയമില്ല. ഉടനെ മാര്‍പാപ്പാ തന്റെ കരമുയര്‍ത്തി നമ്മുടെ പട്ടക്കാര്‍ക്കും ജനങ്ങള്‍ക്കും വാഴ്‌വുതരികയും ചെയ്തു.
ഈ വിശ്വാസവും വിധേയത്വവും കരിയാറ്റിമല്പാനും തോമ്മാക്കത്തനാര്‍ക്കും എവിടെനിന്നു കിട്ടി? അമ്മയുടെ മുലപ്പാലോടൊപ്പം പകര്‍ന്നുകിട്ടിയ വിശ്വാസവും വിധേയത്വവും സഭാസ്‌നേഹവുമാണ് മാര്‍ കരിയാറ്റിയിലും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരിലും നാം ദര്‍ശിക്കുന്നത്.
പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ 286-ാം ജന്മദിനമാചരിക്കുന്ന ഈ ശുഭസന്ധിയില്‍ ഇവരുടെ അചഞ്ചലമായ സഭാസ്‌നേഹവും വിനയവും വിധേയത്വവും നമുക്കും മാര്‍ഗദീപമാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)