•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നീതി തേടുന്ന തീരദേശജനത : വിഴിഞ്ഞം സമരത്തിന്റെ കാണാപ്പുറങ്ങള്‍

വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളും അവര്‍ക്കു നേതൃത്വംകൊടുക്കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും നടത്തുന്ന സമരത്തിന്റെ നിര്‍ണായകദിനങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. സമരത്തെ സംബന്ധിച്ചും തീരദേശജനതയുടെ ആവശ്യങ്ങളെ സംബന്ധിച്ചും സ്വാഭാവികമായും ഇരുപക്ഷങ്ങളും ഇരുപക്ഷത്തും ചേര്‍ന്നുനിന്നുകൊണ്ടുള്ള  ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ ഒരു കടലോരപ്രദേശമാണ് വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതനവാണിജ്യകേന്ദ്രമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ദൂരത്തായി നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം സ്ഥിതിചെയ്യുന്നു. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്ത് ഡച്ചുകാരാണ് ആദ്യമായി പാണ്ടികശാല കെട്ടുന്നത്. 1622 ല്‍ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി.
ഭാരതത്തിലെ ഏറ്റവും ആഴംകൂടിയ തുറമുഖമാണ് വിഴിഞ്ഞം എന്നതിനാല്‍ വലിയ കപ്പലുകള്‍ക്കും ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. അതുപോലെതന്നെ, തുറമുഖത്തുനിന്നു കപ്പല്‍ച്ചാലുകളിലേക്കുള്ള ദൂരവും മറ്റു തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തു കുറവാണ്. അതായത്, തുറമുഖത്തുനിന്ന് കപ്പല്‍ച്ചാലിലേക്ക് വളരെ പെട്ടെന്ന് കപ്പലിനെത്താന്‍ സാധിക്കും. അതിനാല്‍ത്തന്നെ, കേരളത്തിന്റെ തുറമുഖസ്വപ്നങ്ങളിലെന്നും  വിഴിഞ്ഞം ഒരു വലിയ സാധ്യതയായി നിലനില്‍ക്കുന്നു. 
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അദാനി പ്രൈവറ്റ് ലിമിറ്റഡുമായി 40 വര്‍ഷത്തേക്കുള്ള കിഴിവു കരാര്‍ ഒപ്പിട്ടു. കരാറിന്റെ നടത്തിപ്പിനുവേണ്ടി കേരളസര്‍ക്കാര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ നൂറു ശതമാനം സര്‍ക്കാരധീനതയിലുള്ള ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ചു. പദ്ധതിയുടെ മേല്‍നോട്ടത്തിനും അവസരോചിതമായ ഇടപെടലുകള്‍ക്കും കേരളസര്‍ക്കാര്‍ ഒരു പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഒരു എംപവേര്‍ഡ് കമ്മിറ്റിയും രൂപവത്കരിച്ചു.
ആയിരം ദിനങ്ങള്‍കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാകുമെന്നായിരുന്നു അദാനിഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം, 2019 ല്‍ പൂര്‍ത്തിയാകേണ്ട പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഓഖിയും പ്രളയും കൊവിഡുമൊക്കെയാണ് കാരണങ്ങളായിപ്പറയുന്നത്.
പൊതു-സ്വകാര്യപങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖപദ്ധതിയാണു വിഴിഞ്ഞം. രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലായ വിഴിഞ്ഞം പോര്‍ട്ടുപദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറുമെന്നാണ് ശുഭപ്രതീക്ഷ. 7700 കോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ദശലക്ഷം ഡി.ഇ.യു. കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ടാവുമത്രേ. നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത്, ഭാവിയില്‍ 2000 മീറ്ററാക്കി വര്‍ദ്ധിപ്പിക്കും. അതോടെ മൂന്നു ദശലക്ഷം ഡിഇയു ആയി തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന ഇന്ത്യന്‍ ട്രാന്‍ഷിപ്‌മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും അതുവഴി നേട്ടമുണ്ടാകും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍ക്കുപകരം  വിഴിഞ്ഞംവഴി ട്രാന്‍സ്ഷിപ്പ്‌മെന്റ് നടത്തുമ്പോള്‍ 15,000 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കുന്നു. അന്താരാഷ്ട്ര കപ്പല്‍ചാനല്‍ വിഴിഞ്ഞത്തുനിന്ന് പത്തു മൈല്‍മാത്രം അകലെയാണെന്നതും വിഴിഞ്ഞം തുറമുഖത്തിന് അനുകൂലമായ ഘടകമാണ്. 
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധമേഖലകളില്‍ തിരുവനന്തപുരത്തിന് വികസനക്കുതിപ്പുണ്ടാകും. നിരവധിപേര്‍ക്ക് അനുബന്ധതൊഴിലവസരങ്ങളും ലഭിക്കും. ഷിപ്പിങ് ഏജന്റുമാര്‍, ലോജിസ്റ്റിക്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസുകള്‍, ഗോഡൗണുകള്‍, കപ്പല്‍ മെയിന്റനന്‍സ,് കുടിവെള്ളപദ്ധതികള്‍, വൈദ്യുതിവിതരണം, ഗതാഗതം, ടൂറിസം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങള്‍ തുറമുഖത്തിനനുബന്ധമായി ആവശ്യമുണ്ട്. അതിലൂടെ സര്‍ക്കാരിനു നികുതിവരുമാനവും നിരവധിപേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കും.
വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാകുമ്പോള്‍ അതു പ്രതികൂലമായി ബാധിക്കുന്ന തീരദേശവാസികള്‍ അന്നുതന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിടപെട്ട്  പരിഹാരമാര്‍ഗങ്ങള്‍ വാഗ്ദാനങ്ങളായി നല്കി അന്നത്തെ സമരപരിപാടികള്‍ അവസാനിപ്പിച്ചു. എന്നിട്ടും ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം തുറമുഖനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് വന്‍തോതില്‍ തുടങ്ങിയതിനുശേഷം വീണ്ടും തീരദേശവാസികള്‍ സമരത്തിനു വരുന്നതിന്റെ കാരണമെന്തായിരിക്കും? കാരണമിതാണ്: 2015 ല്‍ സര്‍ക്കാര്‍ അന്നത്തെ സമരക്കാരോടു പറഞ്ഞത് വിഴിഞ്ഞം പോര്‍ട്ട് ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നായിരുന്നു. എന്നെങ്കിലും അത്തരം ഒരു സാഹചര്യമുണ്ടായാല്‍ 475 കോടി രൂപ പുനരധിവാസത്തിനായി തരാമെന്നും പറഞ്ഞിരുന്നു. അന്നു വിഴിഞ്ഞം പദ്ധതിമൂലം തീരശോഷണം ഉണ്ടാകാമെന്നു പദ്ധതിയുടെ പാരിസ്ഥിതികപ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ച ഏഷ്യന്‍ കണ്‍സള്‍ട്ടന്റ്‌സ് മുന്നോട്ടുവച്ച പഠനം തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ അധികൃതര്‍ ചൂണ്ടിക്കാണിച്ചെങ്കിലും  സര്‍ക്കാര്‍ അന്ന് അതു സമ്മതിച്ചില്ല. ഇപ്പോള്‍, ഏഴു വര്‍ഷങ്ങള്‍ക്കുശേഷം 20 ശതമാനം പോര്‍ട്ട് പൂര്‍ത്തിയായപ്പോള്‍തന്നെ വലിയ തീരശോഷണം വിഴിഞ്ഞം പ്രദേശത്തു സംഭവിച്ചിരിക്കുന്നു. അതായത്, ശംഖുമുഖം കടല്‍പ്പുറം ഉള്‍പ്പെടെയുള്ള തീരത്തെ 640 ഏക്കര്‍സ്ഥലം കടലെടുത്തിരിക്കുകയാണ്. കടലിന്റെ ആവാസവ്യവസ്ഥ തകര്‍ന്നു. അനേകം വീടുകള്‍ വാസയോഗ്യമല്ലാതായി. വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന പഠനറിപ്പോര്‍ട്ടുകള്‍ പലതുമുണ്ട്. 
സ്വത്തും സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുകയും ഒപ്പം, തൊഴിലും വരുമാനവും ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യമാണ് പതിനായിരക്കണക്കിനു തീരദേശവാസികള്‍ക്ക് ഇപ്പോഴുള്ളത്. മുന്‍കൂട്ടി പ്രവചിക്കപ്പെട്ടിരുന്നതുമാത്രമാണ് വിഴിഞ്ഞം തുറമുഖനിര്‍മാണത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍, അഋഇഛങ, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയ ഏജന്‍സികള്‍ക്കു പുറമേ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ 2010 മുതല്‍ 2015 വരെ പദ്ധതിയുടെ പ്രായോഗികതയില്‍ വ്യക്തമായ എതിര്‍പ്പു പ്രകടിപ്പിക്കുകയും മുന്നറിയിപ്പുകള്‍ നല്കുകയും ചെയ്തിരുന്നു. ഇത്തരം തടസ്സങ്ങളെയെല്ലാം മറികടന്ന് പദ്ധതിയുമായി മുന്നോട്ടുപോയ സര്‍ക്കാരുകളും അദാനിഗ്രൂപ്പും കേരളത്തെ വലിയൊരു പ്രതിസന്ധിയുടെ മുനമ്പിലേക്കെത്തിക്കുകയായിരുന്നു.
പദ്ധതി തുടങ്ങി ആദ്യവര്‍ഷംതന്നെ പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങിയതാണ്. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും ഉന്നയിക്കുന്ന ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനും സര്‍ക്കാര്‍ ഇന്നോളം തയ്യാറായി ട്ടില്ല.
ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്തെ തീരദേശവാസികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരമുഖത്തേക്ക് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഈ അതിജീവനസമരത്തില്‍ അവരെ പിന്തുണയ്ക്കാനും അവരുടെ ആവശ്യങ്ങളറിഞ്ഞ് ഒപ്പം ചേരാനുമുള്ള ധാര്‍മികചുമതല ഓരോ മലയാളിക്കുമുണ്ട്.
സമരമുഖത്ത് അവരുയര്‍ത്തുന്ന ആവശ്യങ്ങള്‍ ഏഴെണ്ണമുണ്ട്.
1. അദാനി തുറമുഖപദ്ധതി നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശരിയായ പഠനം നടത്തുക.
2. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസപാക്കേജ് നടപ്പാക്കുക. ദുരിതബാധിതരായ എല്ലാവരിലും അത് എത്തിക്കുക.
3. തീരശോഷണം ലഘൂകരിക്കാനും അതു ബാധിച്ചവരെ പുനരധിവസിപ്പിക്കാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക.
4. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം നല്കുക.
5. അവരുടെ മറ്റ് ഉപജീവനമാര്‍ഗങ്ങളെ അഭിസംബോധന ചെയ്യുക.
6. മുതലക്കുഴിയില്‍ തുറമുഖത്തിനു സമീപമുള്ള ഡ്രെഡ്ജിങ് പരിശോധിക്കുക.
7. ജോലിയില്‍നിന്നു വിട്ടുനില്ക്കാന്‍ നിര്‍ബന്ധിതമായ ദിവസങ്ങളില്‍ മിനിമം വേതനം നല്കുക.
അശാസ്ത്രീയമായ തുറമുഖനിര്‍മാണവും ഖനനപ്രവര്‍ത്തനങ്ങളും തീരസംരക്ഷണമാര്‍ഗങ്ങളുടെ അഭാവവും മത്സ്യബന്ധനരംഗത്തെ പ്രതിസന്ധികളുംമൂലം കേരളത്തിലെ തീരദേശമേഖലകളിലെ ജനങ്ങളനുഭവിക്കുന്ന വെല്ലുവിളികളും അതീവഗുരുതരമാണ്. കടല്‍ക്ഷോഭത്തെ അതിജീവിക്കാന്‍ ഫലപ്രദമായ സുരക്ഷാമാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന വാഗ്ദാനം, ചെല്ലാനംപോലെയുള്ള ചിലയിടങ്ങളില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ അത്തരം ശ്രമങ്ങള്‍ ഒട്ടുംതന്നെ നടന്നിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. മാത്രമല്ല, തുറമുഖവികസനത്തിന്റെ പേരിലുള്ള അധിനിവേശശ്രമങ്ങള്‍ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഒരു വിലയും കല്പിക്കാത്ത വിധത്തിലുള്ളതാണ്. കേരളജനസംഖ്യയുടെ ഭൂരിഭാഗവുമുള്‍പ്പെടുന്ന തീരദേശകാര്‍ഷികമേഖലകളിലെ ജനങ്ങളുടെ അതിജീവനപോരാട്ടങ്ങളോടു പ്രതികരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)