അതിശക്തനും ആയോധനകലാവിരുതനും മികച്ച ഭരണാധികാരിയുമായിരുന്ന മഹാബലിയെ കുടവയറനും കുള്ളനും ഒക്കെയായി ചിത്രീകരിച്ചുകൊണ്ടുളള കാര്‍ട്ടൂണുകളും സ്റ്റിക്കറുകളും മാര്‍ക്കറ്റില്‍ ഒരുങ്ങുകയായി, ഓണത്തെ വരവേല്‍ക്കാന്‍. പക്ഷേ, തെക്കന്‍പ്രവിശ്യയുടെ അസുരവംശജനായ ഈ ചക്രവര്‍ത്തിയെ ആരും മനസ്സിലാക്കുന്നില്ല.
ഓണം, വഞ്ചനയാല്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ ഓര്‍മദിനമാണ്. അന്നേദിവസം മഹാബലിയെയും മഹാവിഷ്ണുവിനെയും ആഘോഷങ്ങളെയും ജീവിതത്തില്‍നിന്നു മാറ്റിനിറുത്താനാകാത്ത മലയാളി അടിച്ചുപൊളിച്ച് ആഘോഷിക്കുന്നു. ശ്രീബുദ്ധനെ ബന്ധപ്പെടുത്തിയും ഓണക്കഥ നിലനില്‍ക്കുന്നുണ്ട്. പൂര്‍വാശ്രമത്തില്‍ ശ്രീബുദ്ധന്‍ സിദ്ധാര്‍ത്ഥന്‍ എന്ന രാജകുമാരനായിരുന്നു. ശ്രാവണമാസത്തിലെ തിരുവോണനാളില്‍ ബോധോദയം ഉണ്ടായാണ് സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധന്‍ എന്ന സന്ന്യാസിയായി മാറുന്നത്. ഈ ശ്രാവണപദസ്വീകാരം പണ്ട് കേരളത്തില്‍ ആഘോഷിച്ചിരുന്നുവെന്ന് ബുദ്ധമതവിശ്വാസികള്‍ പറയുന്നു. ശ്രാവണമാണ് പിന്നീട് ഓണം എന്ന പേരില്‍ അറിയപ്പെട്ടതത്രേ.
ചേരമാന്‍ പെരുമാളും ഓണവും തമ്മിലുള്ള മറ്റൊരു കഥയും നിലവിലുണ്ട്. ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തുപോയതെന്നാണു കഥ. ഇതിന്റെ ഓര്‍മദിവസമാണ് ഓണമെന്നും പറയുന്നു.
സമുദ്രഗുപ്തനും ഓണവും തമ്മിലുള്ള ബന്ധം അധികമാരും കേട്ടിട്ടുണ്ടാകില്ല.
തൃക്കാക്കരക്ഷേത്രവും ഓണവും തമ്മിലും ദൃഢമായ ബന്ധമുണ്ട് വാമനന്‍ പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ വളരെ വിരളമാണ് കേരളത്തില്‍. അതില്‍ ഒന്നാണ്, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ഓണംതന്നെയാണ്. ഇവിടത്തെ ഓണസദ്യയും വളരെ കെങ്കേമമാണ്. മഹാബലിയുടെ ആസ്ഥാനം തൃക്കാക്കരയായിരുന്നുവെന്ന് ഐതിഹ്യം പറയുന്നു
വാമനജയന്തി എന്ന ഒരു പേരും ഓണത്തിനുണ്ട്. തൃക്കാക്കരയുടെ മഹത്ത്വം കേട്ടറിഞ്ഞ കപിലമഹര്‍ഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി ഇവിടെയെത്തി കഠിനതപസ്സനുഷ്ഠിച്ചു. തപസ്സില്‍ സംപ്രീതതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മഹര്‍ഷിയുടെ ആഗ്രഹപ്രകാരം ഇവിടെത്തന്നെ പ്രതിഷ്ഠയാകാന്‍ തീരുമാനിച്ചു.
വാമനാവതാരം പൂണ്ട മഹാവിഷ്ണുവിന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അര്‍ത്ഥത്തിലാണ് തിരുക്കാല്‍ക്കര എന്ന പേര് ഈ സ്ഥലത്തിനു വന്നതത്രേ.
ഓണസദ്യ തയ്യാറാക്കാന്‍ നാട് ഒന്നായി ഒരുങ്ങിയിരുന്ന കാലമൊക്കെ മാറി. വറുക്കലും പൊരിക്കലും മസാല പൊടിക്കലും സുഗന്ധത്തോടെ അടുക്കളകളില്‍ നിറഞ്ഞുനിന്നിരുന്ന കാലം പഴമനസ്സുകളില്‍ ഓര്‍മ മാത്രം.
അമ്മൂമ്മയുടെ പുളിമരവിറക് എരിയുന്ന അടുപ്പുകളും അതിന്മേല്‍ വെളിച്ചെണ്ണ തിളയ്ക്കുന്ന ഓട്ടുരുളികളും അതില്‍ മൊരിച്ചു കോരുന്ന സ്വര്‍ണനാണയങ്ങളെപ്പോലുള്ള ഏത്തക്കാ ചിപ്‌സും വലിയ വടുകപ്പുളി നാരങ്ങ അച്ചാറിന്റെ രുചിയും പായസങ്ങളുടെ വൈവിധ്യമാര്‍ന്ന നിറവും മനസ്സു നിറച്ചിരുന്ന കാലം അകലെയാണ്.
ഉത്രാടപ്പാച്ചില്‍ ഓണ്‍ലൈനിലൂടെ മാളുകളെ തേടിയാണ്.
ചോറുമുതല്‍ പാലടവരെ മേശപ്പുറത്തു നിരക്കും. ഇനി കേള്‍ക്കാം, പൂക്കളമിടാനും തയ്യാറായി ഇവന്റ് മാനേജ്‌മെന്റ് മുറ്റത്ത് എത്തിത്തുടങ്ങിയെന്ന്.
ഓണാഘോഷങ്ങള്‍ ഓരോ ദേശത്തെയും ആശ്രയിച്ചാണ്.
നദികളും കായലുകളും നിറഞ്ഞ ദേശങ്ങളില്‍ വള്ളംകളികളായും വിശാലമായ പൂരപ്പറമ്പുകളുളള ഇടങ്ങളില്‍ പുലികളിയും വാദ്യമേളങ്ങളുമായും ഗ്രാമീണാന്തരീക്ഷത്തില്‍ തിരുവാതിര കളിയായും ഓണം പൊടിപാറുമായിരുന്നു. ഇന്ന് ഈ ആഘോഷങ്ങളെല്ലാം ക്ലബുകളും ടൂറിസം വകുപ്പും ഏറ്റെടുത്തതോടെ അവയുടെ ആത്മാവ് നഷ്ടപ്പെട്ടു. റിഹേഴ്സലും പെര്‍ഫോമന്‍സുമായി എല്ലാം മാറി.
പൊന്നോണത്തിന് ഒരു ചരിത്രകഥ കൂടിയുണ്ട്.
കര്‍ക്കിടകമെന്ന പഞ്ഞമാസം കഴിഞ്ഞ്, മാനം തെളിയുന്ന ഈ കാലത്താണ്, വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യവ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. മഴമാറി വാണിജ്യം പുനരാരംഭിക്കുന്ന ശ്രാവണമാസത്തിലെ തിരുവോണനാളില്‍ ദൂരെ നങ്കൂരമിട്ടുകിടക്കുന്ന കപ്പലുകള്‍ സ്വര്‍ണപ്പണവുമായി തുറമുഖത്തെത്തുന്നു. അങ്ങനെ സ്വര്‍ണനാണയം കൊണ്ടുവന്നിരുന്ന ഈ മാസത്തെ പൊന്നിന്‍ചിങ്ങമാസമെന്നും, ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായി എന്നു പറയപ്പെടുന്നു.