•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മധുരസ്മരണകളുടെ മാവേലിക്കാലം

''മാവേലി നാടുവാണീടും കാലം 
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും.
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം'' 
ഓണമെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്നത് അച്ഛമ്മ പാടിത്തരാറുള്ള ഓണപ്പാട്ടിന്റെ വരികളാണ്. ആ പാട്ട് എപ്പോള്‍ കേള്‍ക്കുമ്പോഴും ഓണത്തിന്റെ വരവറിയിക്കുന്ന പൂക്കളും അത്തംമുതല്‍ പത്തുദിവസം നീളുന്ന ഓണക്കാലവുമൊക്കെ മനസ്സില്‍ തെളിയും.
അത്തത്തിന്റെയന്നു രാവിലെ, മൂടിപ്പുതച്ചുകിടക്കുന്ന എന്നെയും വിളിച്ചുണര്‍ത്തി ചേച്ചിമാര്‍ പൂക്കള്‍ പൊട്ടിക്കാനിറങ്ങും. മിക്കവാറും പൂക്കളൊക്കെ വീട്ടിലെ തൊടിയില്‍ നില്‍ക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ പറമ്പിലേക്കു നോട്ടം ചെല്ലാറില്ല. ചാണകം വട്ടത്തില്‍ മെഴുകി ആദ്യത്തെ മൂന്നു ദിവസം തുമ്പപ്പൂക്കള്‍ മാത്രമുള്ള അത്തപ്പൂക്കളം പിന്നീടുള്ള ദിവസങ്ങള്‍ പലതരം പൂക്കള്‍കൊണ്ട് ഞങ്ങള്‍ മനോഹരമാക്കും. പൂക്കളം ഇട്ടുതുടങ്ങിയാല്‍ ഓണത്തിനുള്ള കാത്തിരിപ്പാണ്.
മണ്ണു കുഴച്ചു അമ്മ തൃക്കാക്കരയപ്പന്മാരെ ഉണ്ടാക്കും. മഹാബലിയെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന വാമനനാണ് തൃക്കാക്കരയപ്പന്‍ എന്ന് അമ്മ  പറയും. അത്തംമുതല്‍തന്നെ അമ്മയും ചേച്ചിമാരും അടുക്കളയിലെ തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങും.
ചായ്പ്പില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കായക്കുലകള്‍ വൈകാതെ ഉപ്പേരിയും ശര്‍ക്കരവരട്ടിയുമായി പരിണമിക്കും.
അമ്മയുടെ കണ്ണു വെട്ടിച്ച്, ചേച്ചിമാരുടെ കണ്ണുരുട്ടല്‍ കണ്ടില്ലെന്നു നടിച്ച് കായ വറത്തതും ശര്‍ക്കരവരട്ടിയുമൊക്കെ ഇടയ്ക്കിടെ ട്രൗസറിന്റെ പോക്കറ്റിലിട്ടുകൊണ്ട് ഞാന്‍ ടിവിയിലെ ജയ്ന്റ് റോബോട്ട് പറക്കുന്നതുപോലെ കൈ മുകളിലേക്കുയര്‍ത്തി പറക്കും.
വീടിന്റെ പിന്നിലോ മുറ്റത്തോ നിന്ന് ആരും കാണില്ലെന്നുള്ള ഉറപ്പില്‍ കായ വറുത്തതും ശര്‍ക്കരവരട്ടിയുമൊക്കെ ഞാന്‍ അകത്താക്കുന്നതു കണ്ട്, 'അമ്മേ, ദേ ചെക്കന്‍ എല്ലാം എടുത്തുകൊണ്ടോയി തിന്നണു' എന്നു വിളിച്ചുപറയുന്ന കുഞ്ഞേച്ചി ഞാന്‍ കുനിഞ്ഞു കല്ലെടുക്കുന്നത് കാണുമ്പോള്‍  തിരിഞ്ഞോടും.
അങ്ങനെ, അത്തംമുതല്‍ വറവിന്റെയും പലഹാരങ്ങളുടെയുമൊക്കെ കൊതിപ്പിക്കുന്ന മണം വീട്ടിലങ്ങനെ നിറഞ്ഞുനില്‍ക്കും. ഉത്രാടമാവുമ്പോള്‍ സന്ധ്യയ്ക്കുശേഷം ഉമ്മറത്ത് അരിമാവുകൊണ്ട് കോലം വരച്ച് അതില്‍ പീഠംവച്ച് അതിന്മേല്‍ കിഴക്കോട്ടാക്കി നാക്കിലവിരിച്ച് ഉണ്ടാക്കിവച്ച തൃക്കാക്കരയപ്പന്മാരെ ഒന്നൊന്നായി അരിമാവുകൊണ്ട് അണിഞ്ഞു പൂക്കള്‍കൊണ്ട് അലങ്കരിച്ചു വലിയ തൃക്കാക്കരയപ്പനെ നടുക്കും ചെറിയവരെ ചുറ്റുമായും പിന്നെ ഒരു ചെറിയ തൃക്കാക്കരയപ്പനെ പുറത്തു ഗേറ്റിന്റെ അടുത്തുമായും അമ്മ പ്രതിഷ്ഠിക്കും.
ഉത്രാടവിളക്ക് കൊളുത്തിവച്ചതിനുശേഷം പൂജ ചെയ്യാന്‍ അമ്മ എന്നെ വിളിക്കും. കിണ്ടിയില്‍ വെള്ളം നിറച്ചുവച്ചതിനുശേഷം നാളികേരം മുറിച്ചു രണ്ടു മുറികളിലും തിരിയിട്ട് കത്തിച്ച് ഇരുവശത്തുമായി വയ്ക്കും. ചന്ദനംകൊണ്ടും കര്‍പ്പൂരംകൊണ്ടും പൂജിക്കും. ചുറ്റും ഉപപ്രതിഷ്ഠകളായി കുറച്ചു തൃക്കാക്കരയപ്പന്മാരെയും പൂചൂടിച്ചു വയ്ക്കും. പഴക്കഷണത്തില്‍ കുത്തിവച്ച ചന്ദനത്തിരിയും തുളസിയിലയും പൂജിച്ചുണ്ടാക്കിവച്ച പൂവടയും പഴവുംകൊണ്ടു നേദിച്ചു തൃക്കാക്കരയപ്പന്മാരെ കുടിയിരുത്തി ഓണംകൊള്ളും.
പുലര്‍ച്ചെ ഓണംകൊണ്ടതു കാണാന്‍ മാവേലിത്തമ്പുരാന്‍ വരുമെന്ന് അച്ഛമ്മ പറയും. രാത്രിയില്‍ ഉറക്കത്തിന്റെ അഗാധതയില്‍ പട്ടുവസ്ത്രങ്ങളണിഞ്ഞ് ഓലക്കുടചൂടി രജതകിരീടം തലയില്‍ ചൂടി മാവേലിത്തമ്പുരാന്‍ ഞങ്ങള്‍ ഓണംകൊണ്ടതു കാണാന്‍ വീട്ടിലേക്കുവരുന്നത് ഞാന്‍ സ്വപ്നം കാണും. രാവിലെ എഴുന്നേറ്റോടിപ്പോയി ഗേറ്റിന്റെ അടുത്തും മുറ്റത്തുമെല്ലാം ഞാന്‍ നോക്കും, കാല്‍പ്പാടുകളുണ്ടോയെന്ന്. ഒന്നും കാണാതെ നിരാശനായി തിരിച്ചുവന്ന് സങ്കടത്തോടെ അച്ഛമ്മയോടു ഞാന്‍ ചോദിക്കും:
''മാവേലിത്തമ്പുരാന്റെ കാല്‍പ്പാടൊന്നും കാണുന്നില്ലല്ലോ അച്ഛമ്മേ.. മ്മടെ വീട്ടില്‍ വന്നില്ലല്ലേ...'' 
അപ്പൊ അച്ഛമ്മ പറയും:
''മാവേലിത്തമ്പുരാന്‍ വന്നു പോയിട്ടുണ്ടാകും രാജുമോനെ.. കാല്‍പ്പാടുകള്‍പോലും ആരും കാണരുതെന്നാണ് അദ്ദേഹത്തിനു കിട്ടിയ നിര്‍ദേശം.''
ആരുടെ നിര്‍ദേശമാണതെന്നും മറ്റും ഞാന്‍ ചോദിക്കുമ്പോള്‍ അടുത്തിരിക്കുന്ന വെറ്റിലച്ചെല്ലം തുറന്ന്, വെള്ളം തളിച്ചുവച്ചിരിക്കുന്ന വെറ്റിലയെടുത്തു കൈയില്‍ നിവര്‍ത്തിവച്ച് ചുണ്ണാമ്പു പുരട്ടി അടയ്ക്കക്കഷണങ്ങള്‍ വച്ചു പുകയില കൂട്ടി വായിലേക്കു വച്ച് മഹാബലി എന്ന മാവേലിയുടെ കഥ അച്ഛമ്മ പറഞ്ഞുതുടങ്ങും. 
'പ്രഹ്ലാദരാജാവിന്റെ ചെറുമകനായിരുന്ന മഹാബലി പ്രജാക്ഷേമതത്പരനായ രാജാവായിരുന്നു. മഹാബലിയുടെ ഭരണകാലത്ത് നാട്ടില്‍ ഒരു വിധത്തിലുള്ള അനിഷ്ടങ്ങളോ ദുരിതങ്ങളോ ഉണ്ടായിരുന്നില്ല. പ്രജകളെല്ലാം സന്തുഷ്ടരും സമൃദ്ധിയുള്ളവരുമായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഭരണത്തില്‍ ദേവന്മാര്‍വരെ അസൂയാലുക്കളായിരുന്നു. ദേവലോകം വരെ കീഴടക്കിയതോടെ തന്നെ നേരിടാന്‍ ആരുമില്ലെന്ന അഹംഭാവം അദ്ദേഹത്തിനുണ്ടായി. 
മഹാബലിയുടെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കീര്‍ത്തിയില്‍ അസൂയാലുവായ ദേവേന്ദ്രന്‍  മാതാവായ അദിതിയുടെ അടുത്തെത്തി തന്റെ സങ്കടമറിയിച്ചു. അദിതി വൈകുണ്ഠത്തില്‍ച്ചെന്ന് മഹാവിഷ്ണുവിനോട് തന്റെ പുത്രന്റെ സങ്കടത്തെക്കുറിച്ചു പറഞ്ഞു.
ഇങ്ങനെ പോയാല്‍ ദേവവര്‍ഗം ഇല്ലാതാവുമെന്നും മഹാബലിയെ എങ്ങനെയെങ്കിലും തടയണമെന്നും അപേക്ഷിച്ചു. മഹാവിഷ്ണു ബ്രാഹ്‌മണബാലനായി അവതരിച്ചുകൊണ്ട് നര്‍മദാ നദീതീരത്തു യാഗം ചെയ്തുകൊണ്ടിരിക്കുന്ന മഹാബലിയുടെ അടുത്തുവരികയും തന്റെ കാലുകൊണ്ട് അളന്നെടുക്കാന്‍ കഴിയുന്ന മൂന്നു ചുവട് മണ്ണ് ദാനമായി നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. 
മഹാവിഷ്ണുവാണ് വാമനനായി വന്നിട്ടുള്ളതെന്ന് ഗുരുവായ ശുക്രാചാര്യര്‍ മഹാബലിക്കു മുന്നറിയിപ്പു നല്‍കിയെങ്കിലും ദാനശീലനായ മഹാബലി ആ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനനെ അനുവദിച്ചു. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ പാദം അളവുകോലാക്കിക്കൊണ്ട് ആദ്യത്തെ രണ്ടടിയില്‍ ആകാശവും ഭൂമിയും പാതാളവും അളന്നെടുക്കുകയും തന്റെ മൂന്നാമത്തെ ചുവട് എവിടെ വയ്ക്കണമെന്നു മഹാബലിയോടു ചോദിക്കുകയും ചെയ്തു. 
കൊടുത്ത വാക്ക് തെറ്റാതിരിക്കാന്‍ മഹാബലി മൂന്നാമത്തെ ചുവടിനായി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു. ശിരസ്സില്‍ കാലമര്‍ത്തി പാതാളലോകത്തേക്കു മഹാബലിയെ പറഞ്ഞുവിടുന്നതിനുമുമ്പ് വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനായി തന്റെ രാജ്യമായ മലയാളനാട്ടിലേക്കു മടങ്ങിവരാന്‍ അനുവദിക്കണമെന്നു മഹാബലി ഭഗവാനോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ത്യാഗമനോഭാവം അനുഭവിച്ചറിഞ്ഞ ഭഗവാന്‍ അദ്ദേഹത്തെ 'തഥാസ്തു' എന്നു പറഞ്ഞനുഗ്രഹിക്കുന്നു. തന്റെ പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മാവേലിത്തമ്പുരാന്‍ തിരികെയെത്തുന്ന ദിവസമായി തിരുവോണനാള്‍ എല്ലാവരും ആഘോഷിക്കുന്നു. 
കഥയാണെങ്കിലും അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യരെല്ലാവരും ഒന്നുപോലെ സന്തോഷത്തോടെ ജീവിച്ചിരുന്ന സുന്ദരമായ കാലം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)