സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പകരംവയ്ക്കാന്‍ ഓണ്‍ലൈന്‍ ക്ലാസിനു സാധിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. എങ്കിലും കൊവിഡ്-19 പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് കേന്ദ്രീകരിച്ചു വിദ്യാഭ്യാസപ്രക്രിയ മുന്നോട്ടുപോവുക എന്നതു മാത്രമേ നമ്മുടെ മുമ്പില്‍ പ്രായോഗികമായിട്ടുള്ളൂ. ജൂണില്‍ തുടങ്ങേണ്ടിയിരുന്ന സ്‌കൂളുകള്‍ രണ്ടു മാസം മുന്നോട്ടുപോയിട്ടും എന്നു തുടങ്ങാമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാത്ത ഈ സമയത്ത് ഓണ്‍ലൈന്‍ അധ്യാപനത്തില്‍ ഏതു മാര്‍ഗമാണ് കൂടുതല്‍ ഫലപ്രദമെന്നു ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. ഗവണ്‍മെന്റ് എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ ഇപ്പോള്‍ പ്രധാനമായും വിക്ടേഴ്‌സ് ചാനല്‍വഴിയുള്ള ക്ലാസുകള്‍ കുട്ടികള്‍ക്കു ലഭ്യമാക്കുന്നുണ്ട്. എന്നാല്‍, ഇത് എത്ര കുട്ടികള്‍ സ്ഥിരമായി കാണുന്നു എന്നുറപ്പിക്കുന്നതില്‍ അധ്യാപകര്‍ക്കു പരിമിതികളുണ്ട്. അത് മാതാപിതാക്കള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വമാണ്. കൂടാതെ, നിലവിലുള്ള സിലബസ് പ്രകാരമുള്ള പാഠ്യപദ്ധതികള്‍ മുഴുവന്‍ വിക്ടേഴ്‌സ് ചാനല്‍വഴി സമയബന്ധിതമായി പൂര്‍ത്തിയാക്കുക പ്രായോഗികമാണെന്നു വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി ഏതാണ്ട് രണ്ടു മാസം പിന്നിടുന്ന ഈ സമയത്ത് ഓണ്‍ലൈന്‍ പഠനരംഗത്തു പ്രായോഗികതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും നേരിടുന്ന പ്രതിസന്ധികളുമാണ് ഇവിടെ വ്യക്തമാക്കുന്നത്.
നേരിട്ടുള്ള സ്‌കൂള്‍വിദ്യാഭ്യാസം പ്രായോഗികമല്ലാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ കുട്ടികളുമായുള്ള അധ്യാപകരുടെ നിരന്തര ആശയവിനിമയത്തിനു വളരെ പ്രാധാന്യമുണ്ട്. അതിന് അധ്യാപകര്‍ സാധാരണമായി ഉപയോഗിക്കുന്നത് ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പുകളാണ്. വിക്ടേഴ്‌സ്ചാനലില്‍ വരുന്ന ക്ലാസ്സുകളുടെ യൂട്യൂബ് ലിങ്ക്, അധ്യാപകര്‍ സ്വന്തമായി എടുക്കുന്ന ക്ലാസ് വീഡിയോകള്‍ എന്നിവ ഈ ഗ്രൂപ്പുവഴി കുട്ടികള്‍ക്കു ലഭ്യമാക്കുന്നുണ്ട്. അതുമൂലം കുട്ടികള്‍ക്കു സാഹചര്യമനുസരിച്ച് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ലഭ്യത അനുസരിച്ച് ഈ വീഡിയോകള്‍ വീണ്ടും വീണ്ടും കാണുന്നതിനുള്ള അവസരം ഉണ്ടാകുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ എത്തിക്കുന്നതിനോടൊപ്പം ആ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റഡിനോട്ട്‌സ് സമയാസമയങ്ങളില്‍ കുട്ടികളില്‍ എത്തിച്ചെങ്കില്‍ മാത്രമേ പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാകുകയുള്ളൂ. ഇന്നിപ്പോള്‍ ബഹുഭൂരിപക്ഷം അധ്യാപകരും ക്ലാസ് വീഡിയോകളും പഠനക്കുറിപ്പുകളും കുട്ടികളില്‍ എത്തിക്കുന്നത് ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍വഴിയാണ്. എന്നാല്‍, ഇതു മുന്നോട്ടു പ്രായോഗികമല്ലാതാകും, കാരണം, ഫോണിന്റെ സ്റ്റോറേജ് തീര്‍ന്നുകഴിയുമ്പോള്‍ മുന്‍പ് അയച്ച വീഡിയോകളും, സ്റ്റഡി മെറ്റീരിയലുകളും വിദ്യാര്‍ത്ഥികള്‍ ഡിലീറ്റ് ചെയ്യാന്‍ സാധ്യതയേറെയാണ്.
അതിലുപരിയായി നിരവധി സ്റ്റഡിമെറ്റീരിയലുകള്‍ വന്നു കഴിയുമ്പോള്‍ വേണ്ടതു കണ്ടുപിടിക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ കാര്യംതന്നെയാണ്. ഇതിന് ഒരു പരിധിവരെ പരിഹാരമാണ് അധ്യാപകര്‍ ഗൂഗിള്‍ ക്ലാസ് റൂം തുടങ്ങുകയെന്നത്. ജി-മെയില്‍ അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും തികച്ചും സൗജന്യമായി ഗൂഗിള്‍ നല്‍കുന്ന ഒരു സംവിധാനമാണ് ഗൂഗിള്‍ ക്ലാസ് റൂം. ഗൂഗിള്‍ ക്ലാസ് റൂം കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് എടുക്കാനുള്ള ഒരു സംവിധാനമല്ല, മറിച്ച് ഗൂഗിള്‍ ക്ലാസ്‌റൂം വഴി കുട്ടികള്‍ക്കു പൊതുവായ അറിയിപ്പുകള്‍ നല്‍കുവാനും സ്റ്റഡി മെറ്റീരിയലുകള്‍, യൂട്യൂബ് ലിങ്ക്‌സ് തുടങ്ങിയവ അയച്ചുകൊടുക്കുവാനും സാധിക്കും. ഗൂഗിള്‍ ക്ലാസ് റൂമില്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ച് ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പര്‍ നടത്തുവാനും അതുകൂടാതെ നല്‍കിയ അസൈന്‍മെന്റ് വിലയിരുത്തി ഗ്രേഡ് നല്‍കുവാനും സാധിക്കും. ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നു വിഭിന്നമായി വിദ്യാര്‍ത്ഥികള്‍ക്കു പൊതുവായും ഒരാള്‍ക്കുതന്നെയും അസൈന്‍മെന്റ് നല്‍കുവാനും അറിയിപ്പു നല്‍കുവാനും ഗൂഗിള്‍ ക്ലാസ്സ് റൂമില്‍ സാധിക്കും. കൂടാതെ, ഗൂഗിള്‍ ക്ലാസ്‌റൂം വഴി നല്‍കുന്ന പഠനസാമഗ്രികള്‍ എല്ലാം സ്റ്റോര്‍ ചെയ്യപ്പെടുക ഫോണ്‍ സ്റ്റോറേജില്‍ അല്ല; മറിച്ച്, ഗൂഗിള്‍ ഡ്രൈവിലാണ്. ഓരോ ജി-മെയില്‍ അക്കൗണ്ടിനോടൊപ്പം ഗൂഗിള്‍ ഏതാണ്ട് പതിനഞ്ച് ഏആ സ്‌പെയ്‌സ് ഗൂഗിള്‍ ഡ്രൈവില്‍ ഫ്രീയായി നല്‍കുന്നുണ്ട്. ഗൂഗിള്‍ ക്ലാസ് റൂംവഴി സ്റ്റഡി മെറ്റീരിയല്‍സ്, വീഡിയോ ഇവ നല്‍കുമ്പോള്‍ സബ്ജക്ട് തിരിച്ചും അദ്ധ്യായം തിരിച്ചും അടുക്കും ചിട്ടയുമായി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുവാന്‍ സാധിക്കുമെന്നതും വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അതുപോലെതന്നെ അധ്യാപകര്‍ നേരത്തേ അയച്ചുകൊടുത്തിട്ടുള്ള സ്റ്റഡി മെറ്റീരിയലുകള്‍ തിരിച്ചെടുക്കുന്ന കാര്യത്തിലും കുട്ടികള്‍ക്കു ബുദ്ധിമുട്ടില്ല. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും, കമ്പ്യൂട്ടറിലും ഗൂഗിള്‍ ക്ലാസ്‌റൂം വളരെ ലളിതമായി തുടങ്ങാവുന്നതേയുള്ളൂ.
എത്ര നല്ല ക്ലാസ്സുകളുടെ വീഡിയോ അയച്ചു കൊടുത്താലും സ്റ്റഡി നോട്‌സ് കൊടുത്താലും വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ അധ്യാപകര്‍ തങ്ങളെ ആ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു എന്ന് മാനസികമായി ഒരു അംഗീകാരം കിട്ടണമെങ്കില്‍ ഗുരുമുഖത്തുനിന്നുതന്നെ ആ പാഠഭാഗത്തെപ്പറ്റിയുള്ള ഒരു ചുരുങ്ങിയ വിവരമെങ്കിലും കേള്‍ക്കേണ്ടതുണ്ട്. ക്ലാസ് മുറികളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുമായി സംവദിക്കുക സാധ്യമല്ലാത്ത ഈ സാഹചര്യത്തില്‍ അതിനുള്ള ഒരു ബദല്‍ മാര്‍ഗമാണ് ഗൂഗിള്‍ മീറ്റ്, സൂം മീറ്റ്, ജിയോ മീറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ക്ലാസുകള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംവഴി അധ്യാപകര്‍ കുട്ടികളുമായി സംവദിച്ചു പഠനപ്രക്രിയ ഏകോപിപ്പിച്ചെങ്കില്‍ മാത്രമേ ഇപ്പോഴത്തെ ഓണ്‍ലൈന്‍ പഠനം ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ. എന്നാല്‍, ഇന്ന് വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളായ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഇല്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തിയാല്‍ ശരാശരി 70% കുട്ടികള്‍ മാത്രമേ അതില്‍ പങ്കെടുക്കുന്നുള്ളൂ. ഓണ്‍ലൈന്‍ക്ലാസില്‍ ലോഗിന്‍ ചെയ്യുന്ന കുട്ടികള്‍ തങ്ങളുടെ ക്യാമറയും മൈക്കും ഓഫ് ചെയ്താല്‍ പിന്നെ എന്താണു ചെയ്യുന്നതെന്ന് അധ്യാപകര്‍ക്ക് അറിയാനും സാധിക്കുകയില്ല.
രണ്ടും മൂന്നും വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു വീട്ടില്‍ ഓരോരുത്തര്‍ക്കും രണ്ടുമൂന്നു മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് ഉണെ്ടങ്കില്‍ ഇന്റര്‍നെറ്റ് ഡേറ്റ കൂടുതല്‍ ഉപയോഗിക്കേണ്ടിവരും. കുടുംബം പട്ടിണികൂടാതെ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന മാതാപിതാക്കളോട് കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ചാര്‍ജ് ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ട്. അതിനാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു നിശ്ചിത ഡേറ്റാ ഇന്റര്‍നെറ്റ് സൗജന്യമായി അനുവദിക്കുന്ന സാമൂഹികപ്രാധാന്യമുള്ള നടപടി ഗവണ്‍മെന്റ് പരമാവധി വേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. രണ്ടുവര്‍ഷം മുമ്പ് എല്ലാ ക്ലാസ്‌റൂമുകളും ഹൈടെക് ആക്കിയ ഗവണ്‍മെന്റിന്റെ ദീര്‍ഘവീക്ഷണമുള്ള നടപടി ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കാന്‍ എല്ലാ അധ്യാപകരെയും പ്രാപ്തരാക്കിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതേപോലെ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ലാഭം മാത്രം നോക്കാതെ മൊബൈല്‍ റേഞ്ച് ഉറപ്പാക്കുന്ന കാര്യത്തിലും, തടസ്സം കൂടാതെ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സംവിധാനം നല്‍കുന്ന കാര്യത്തിലും മൊബൈല്‍ സേവനദാതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ പഠനം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നു എന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ വരവോടെ മൊബൈലിന്റെ നിയന്ത്രണം കുട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ. എക്‌സ്‌ക്ലൂസീവ് ആപ്പുകള്‍ ഉപയോഗിക്കുക, അതിലുപരിയായി മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരാകുക എന്നിവയൊക്കെയാണ് അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്നുകൊടുക്കാന്‍ ഓണ്‍ലൈന്‍ക്ലാസുകളില്‍കൂടി ഒരു പരിധിവരെ സാധിക്കുമെങ്കിലും സ്‌കൂള്‍-കോളേജ് ജീവിതവും അതു നല്‍കുന്ന സൗഹൃദങ്ങളും ഒരിക്കലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു നല്‍കാനാവില്ല. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. സമൂഹത്തില്‍ എങ്ങനെ ജീവിക്കണം, പെരുമാറണം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നത് അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നുമൊക്കെയാണ്. വീടുകളില്‍നിന്നു പുറത്തിറങ്ങാത്ത കുട്ടികള്‍ അവരുടെ അപാരമായ ഊര്‍ജ്ജം ഒരിടത്തും പങ്കുവയ്ക്കാതിരിക്കുന്നതും വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാന്‍ സാധ്യതയുണ്ട്.