•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഹാബലിക്കഥയിലെ പാഠാന്തരങ്ങള്‍

കേരളസംസ്‌കാരത്തിന്റ ആധാരശിലകളിലൊന്നാണ് മഹാബലിക്കഥ. മാനവസമത്വത്തിന്റെയും ജനക്ഷേമകരമായ ഭരണമാതൃകയുടെയും എക്കാലത്തെയും മികച്ച ഉദാഹരണമെന്ന നിലയിലാണ് കേരളീയര്‍ അക്കഥ പാടിപ്പോരുന്നത്. പുരാണകഥകളുടെ പിന്‍ബലമുള്ള കേരളീയരുടെ സ്വന്തം ഐതിഹ്യമാണ് മഹാബലിയും തിരുവോണവും. ഭാഗവതം എട്ടാമധ്യായത്തിലാണു മഹാബലിയുടെയും വാമനന്റെയും കഥ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവിടെത്തന്നെയാണു പാലാഴിമഥനം കഥയും. പാലാഴിമഥനം നടക്കുമ്പോള്‍ മഹാബലിയായിരുന്നു അസുരചക്രവര്‍ത്തി. പുരാണകഥയെന്നതിലുപരി ഒരു ചരിത്രസംഭവം എന്നനിലയിലാണ് കേരളീയര്‍ മഹാബലിയെയും അദ്ദേഹത്തോടു ചേര്‍ന്നുകിടക്കുന്ന തിരുവോണത്തെയും പൊതുവെ കണക്കാക്കുന്നത്. അതുപക്ഷേ, അത്രയ്ക്കങ്ങു സ്വീകാര്യമല്ല. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കെട്ടുപിണഞ്ഞുകിടക്കുന്ന ഇക്കഥയെ ഇഴപിരിച്ചു ചരിത്രത്തില്‍ പ്രതിഷ്ഠിക്കുക അസാധ്യമാണ്. 

മഹാബലിയെ പുരാണം അവതരിപ്പിക്കുന്നത് ഇങ്ങനെ: ഹിരണ്യകശിപുവിന്റെ ഏകമകന്‍ പ്രഹ്‌ളാദന്റെ പുത്രന്‍ വിരോചനനാണു മഹാബലിയുടെ പിതാവ്. 
നാരായണായനമഃ (നാരായണനെ നമസ്‌കരിക്കുന്നു) എന്ന പ്രാര്‍ത്ഥന ഹിരണ്യായനമഃ (ഹിരണ്യനെ നമസ്‌കരിക്കുന്നു) എന്നു മാറ്റി ജനമനസ്സില്‍നിന്ന് ഈശ്വരചിന്ത തുടച്ചുനീക്കാന്‍ വിഫലശ്രമം നടത്തി, ദുരന്തം ഏറ്റുവാങ്ങിയ അസുരചക്രവര്‍ത്തിയാണ് ഹിരണ്യകശിപു. വിഷ്ണു നരസിംഹമായി അവതരിച്ചത് അദ്ദേഹത്തെ വധിക്കാനായിരുന്നു. ഹിരണ്യകശിപുവിന്റെ മകന്‍ പ്രഹ്‌ളാദന്‍ ഉറച്ച ഈശ്വരഭക്തനായിരുന്നു. ആ പ്രഹ്‌ളാദന്റെ കൊച്ചുമകന്‍ മഹാബലി. 
പ്രപിതാമഹന്റെ ദുഷ്ടതയും പിതാമഹന്റെ നന്മയും ഇടകലര്‍ന്ന അപൂര്‍വവ്യക്തിത്വമായിരുന്നു മഹാബലി. ഈ ഇരട്ടവ്യക്തിത്വം ആധിപത്യത്തിനുവേണ്ടി പരസ്പരം മത്സരിക്കും. ജയാപജയങ്ങള്‍ മാറിമാറിവരും. അങ്ങനെയാണു മഹാബലി ഒരേസമയം ക്രൂരനായ ഏകാധിപതിയും പ്രജാക്ഷേമതത്പരനായ ജനപ്രിയഭരണാധികാരിയുമായത്. 
ഭാരതീയസങ്കല്പമനുസരിച്ച് ലോകങ്ങള്‍ മൂന്നാണ് - സ്വര്‍ഗം, ഭൂമി, പാതാളം. സ്വര്‍ഗം ദേവകളുടെയും  ഭൂമി മനുഷ്യരുടെയും പാതാളം അസുരന്മാരുടെയും വാസസ്ഥലം. ഇതനുസരിച്ച് അസുരചക്രവര്‍ത്തിയായ മഹാബലിയുടെ അധികാരസീമ പാതാളത്തില്‍ ഒതുങ്ങിനില്ക്കണം. പക്ഷേ, അതിബലവാനായ മഹാബലിക്ക് പാതാളംകൊണ്ടു തൃപ്തനാകാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം സൈനികശക്തികൊണ്ടു ഭൂമിയെയും പിന്നാലെ സ്വര്‍ഗലോകത്തെയും കീഴടക്കി. ദേവകള്‍ സ്വര്‍ഗം വിട്ടോടിപ്പോയി. ഭൂമിയില്‍ മഹര്‍ഷിമാര്‍ക്കും വൈദികര്‍ക്കും സത്കര്‍മങ്ങള്‍ ചെയ്യാന്‍ അനുവാദമില്ലാതായി. എല്ലാം മഹാബലിതന്നെ നടത്തിക്കൊള്ളും. 
എങ്കിലും പ്രപിതാമഹന്‍ ഹിരണ്യകശിപുവിനെപ്പോലെ സ്വയം ദൈവമായിത്തീരാനൊന്നും അദ്ദേഹം തുനിഞ്ഞില്ല. എന്നല്ല, ബലി വലിയ വിഷ്ണുഭക്തനായിരുന്നുതാനും. പൂജകളും യാഗങ്ങളും നടത്തി വിഷ്ണുവിനെ പ്രസാദിപ്പിക്കാന്‍ ആ അസുരചക്രവര്‍ത്തി മറന്നില്ല. 
തന്റെ ഭക്തനാണെങ്കിലും, ബലിയുടെ അഹങ്കാരം അതിരുകടക്കുന്നത് വിഷ്ണുവിനും സന്തോഷകരമായിരുന്നില്ല. മറ്റു ദേവന്മാരുടെയും മഹര്‍ഷിമാരുടെയും നിരന്തരപരാതിയും ഭഗവാന്റെ മനസ്സുലച്ചു. അനുവദനീയമായ അധികാരപരിധി ലംഘിച്ച് അയല്‍രാജ്യങ്ങള്‍ കീഴടക്കുന്ന ധിക്കാരത്തെ ഏറെക്കാലം അനുവദിച്ചുകൊടുക്കാന്‍ വിഷ്ണുവിനും വയ്യെന്നായി. അതുകൊണ്ടു വാമനനായി അവതരിച്ചു ബലിയെ ശിക്ഷിക്കാന്‍ അവിടുന്നു തീരുമാനിച്ചു. 
കശ്യപപ്രജാപതിയുടെ ഭാര്യ അദിതിയുടെ ഉദരത്തിലാണ് വിഷ്ണു വാമനരൂപം സ്വീകരിച്ചത്. അദിതി ഗര്‍ഭിണിയായപ്പോള്‍മുതല്‍ മഹാബലി അശുഭസൂചനകള്‍ കണ്ടുതുടങ്ങി. തന്റെ കര്‍മങ്ങളൊന്നും മുന്നേപ്പോലെ ഫലപ്രദമാകുന്നില്ല. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നു. രോഗങ്ങളും പ്രകൃതിദുരന്തങ്ങളും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. കുലഗുരുവായ ശുക്രാചാര്യരോടു ബലി കാരണമന്വേഷിച്ചു. ഗുരുവിന്റെ ഉള്‍ക്കണ്ണില്‍ നടുക്കുന്ന സത്യം തെളിഞ്ഞു. അദ്ദേഹം രാജാവിനു മുന്നറിയിപ്പു നല്കി: ''കരുതിയിരിക്കുക. നിന്റെ നടപടികളില്‍ മഹാവിഷ്ണു ഇപ്പോള്‍ പഴയതുപോലെ സംപ്രീതനല്ല.''
ജനങ്ങളുടെ ഭൗതികജീവിതത്തില്‍ കരുതലുള്ളവനായിരുന്നെങ്കിലും അവരുടെ ആധ്യാത്മികജീവിതത്തെ മഹാബലി അവഗണിച്ചുകളഞ്ഞു. ആധ്യാത്മികാചാര്യന്മാരുടെ നേതൃത്വത്തിലുള്ള ഭക്ത്യനുഷ്ഠാനങ്ങള്‍ നിരോധിച്ചതിലൂടെ ജനഹൃദയങ്ങളില്‍ ശൂന്യത നിറഞ്ഞു. സാധാരണജനങ്ങള്‍ക്ക് അത്തരം അനുഷ്ഠാനങ്ങള്‍ ഒഴിവാക്കാനാവില്ല. അവരുടെ ഹൃദയങ്ങളില്‍ സ്വാസ്ഥ്യവും സമാധാനവും നിറയ്ക്കാന്‍ അത്തരം കര്‍മ്മങ്ങള്‍ കൂടിയേ തീരൂ. 
സ്വന്തം ശ്രേയസ്സിനും പ്രജകളുടെ ക്ഷേമത്തിനുമായി അഖണ്ഡയജ്ഞം നടത്തിയിരുന്ന മഹാബലിയുടെ യാഗശാലയിലേക്കു വാമനന്‍ കടന്നുവന്നു. സുന്ദരനായ ആ ബ്രാഹ്‌മണകുമാരനെ കണ്ടതേ മഹാബലിയുടെ മനസ്സിളകി. സ്‌നേഹവാത്സല്യങ്ങള്‍ ഉള്ളില്‍ തിരയടിച്ചു. 'കുഞ്ഞേ, വരൂ, നിനക്കെന്തുവേണം? എന്തും ചോദിച്ചോളൂ.' മഹാബലി ഉദാരമനസ്‌കനായി. 
''മഹാപ്രഭോ, എനിക്കധികമൊന്നും വേണ്ട. ഞാന്‍ മാതാപിതാക്കളില്ലാത്ത ഒരു ബാലനാണ്. എനിക്കിരുന്നു തപസ്സുചെയ്യാന്‍ മൂന്നു ചുവടു  ഭൂമിമാത്രം മതി.'' വാമനന്‍ വിനയപൂര്‍വം അറിയിച്ചു. 

മഹാബലി ഉള്ളില്‍ ചിരിച്ചുകാണും. അതിരുകളില്ലാത്ത സാമ്രാജ്യത്തിന്റെ അധിപനായ തന്നോടു മൂന്നു ചുവടു ഭൂമി യാചിക്കുന്ന ബാലന്‍! 
എത്ര ചുവടു വേണമെങ്കിലും തരാമല്ലോ എന്നു ബലി വാക്കു നല്കി. അപ്പോളാണ്, കുലഗുരു ശുക്രാചാര്യര്‍ കടന്നുവന്നത്. ബ്രാഹ്‌മണകുമാരനെ കണ്ടതേ, അദ്ദേഹം നടുങ്ങി. ബലിയുടെ അന്തകന്‍! അദ്ദേഹം രാജാവിന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു: ''ഒന്നും കൊടുക്കരുത്. അവന്‍ കുഴപ്പക്കാരനാണ്.'' 
ഗുരുവിന്റെ തടസ്സവാദം കേട്ടപ്പോഴും ബലി ഉള്ളില്‍ ചിരിച്ചുപോയിട്ടുണ്ടാകും.  ഭൂചക്രം അടക്കിവാഴുന്ന തനിക്കു കുഴപ്പമുണ്ടാക്കാന്‍ നാലടിപോലും വളരാത്ത ഈ ചെക്കനു കഴിയുമെന്നോ! അസംഭവ്യം. അദ്ദേഹം സ്വയം വിശ്വസിപ്പിച്ചു. പിന്നെ തിരിഞ്ഞു ഗുരുവിനോടു പറഞ്ഞു: ''മഹാബലി ഇതുവരെ വാക്കു പാലിക്കാതിരുന്നിട്ടില്ല. അളന്നെടുത്തോളൂ.'' അദ്ദേഹം വാമനന് അനുവാദം നല്കി. ഗുരു വിഷണ്ണനായി. 
വാമനന്റെ ഉള്ളംകൈയില്‍ വെള്ളമൊഴിച്ചു വാക്കുറപ്പിക്കാന്‍ മഹാബലി വെള്ളം നിറഞ്ഞ കിണ്ടി കൈയിലെടുത്തു. കിണ്ടിവാലില്‍ ഒരു കരടായി കടന്നുകൂടി വെള്ളം വീഴുന്നതു തടയാന്‍ ഗുരു ഒരു ശ്രമംകൂടി നടത്തി. കാര്യം മനസ്സിലാക്കിയ വാമനകുമാരന്‍ ഒരു  ദര്‍ഭപ്പുല്ലു  മുറിച്ചെടുത്തു മന്ത്രപൂര്‍വം കിണ്ടിവാലില്‍ കുത്തി. ഒരു കണ്ണുപൊട്ടി ചോരയൊലിപ്പിച്ചുകൊണ്ട് ശുക്രാചാര്യര്‍ പുറത്തുചാടി. ''നീ ഇതിന് അനുഭവിക്കും'' എന്നു ബലിയെ ശപിച്ചുകൊണ്ടു യജ്ഞവേദിയില്‍നിന്ന് ഓടിമറഞ്ഞു. 
ഉള്ളംകൈയില്‍ വെള്ളം വീണതോടെ വാമനന്‍ വളര്‍ന്നുതുടങ്ങി. ശിരസ്സ് ആകാശത്തില്‍ മുട്ടി. പാദങ്ങള്‍ മണ്ണിലും. മഹാബലി ആശ്ചര്യഭരിതനായി നോക്കിനില്‍ക്കുന്നതിനിടയില്‍ വാമനന്‍ തന്റെ ആദ്യ ചുവടുയര്‍ത്തി ഭൂമിയെ അളന്നു. രണ്ടാമത്തെ ചുവടുകൊണ്ട് സ്വര്‍ഗവും അളന്നു. മൂന്നാമത്തെ അളവിനുവേണ്ടി ചുവടുയര്‍ത്തിനില്‍ക്കുന്ന മഹാവിഷ്ണുവിനോടു മഹാബലി വിനയപൂര്‍വം പറഞ്ഞു: ''തൃപ്പാദം ഇനി എന്റെ ശിരസ്സില്‍ വെച്ചാലും.'' മഹാബലി പാതാളത്തിലേക്കു താഴ്ന്നുപോയി.
മഹാവിഷ്ണു മഹാബലിയെ  അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ പാതാളത്തിലേക്കു മടക്കിയയച്ചു. അതു ദൈവനീതി. മനുഷ്യനീതി അന്യരുടെ സ്വാതന്ത്ര്യം അപഹരിക്കുന്ന അസുരനീതിക്കു വഴിമാറിയപ്പോള്‍ നൈതികവിധികളുടെ സന്തുലനം നഷ്ടപ്പെട്ടു. അതു പുനഃസ്ഥാപിക്കുകയായിരുന്നു വാമനാവതാരത്തിന്റെ ലക്ഷ്യം. മഹാബലി ചക്രവര്‍ത്തിയില്‍നിന്ന് വിഷ്ണുഭഗവാന്‍ എടുത്തുകളഞ്ഞത് അദ്ദേഹത്തിന്റെ അഹന്ത മാത്രം. സ്വന്തം നാട് അദ്ദേഹത്തിനുതന്നെ നല്‍കി. ഭൂമി മനുഷ്യര്‍ക്കും  സ്വര്‍ഗം ദേവകള്‍ക്കും തിരിച്ചുകൊടുക്കുകയും ചെയ്തു.
ഈ കഥയില്‍ മറ്റൊരു പാഠംകൂടിയുണ്ട്. ഭാരതീയപാരമ്പര്യമനുസരിച്ചു രാജാക്കന്മാര്‍ക്കെല്ലാം ധര്‍മനീതി  ഉപദേശിച്ചു കൊടുക്കാന്‍ ഒരു കുലഗുരുവുണ്ടാകും. തപോധനംകൊണ്ടും വേദജ്ഞാനം കൊണ്ടും നിറഞ്ഞ ആധ്യാത്മീയാചാര്യന്റെ വാക്കുകള്‍ രാജാവിനു കര്‍മമാര്‍ഗ ത്തില്‍ വഴികാട്ടും. ഉപദേശം അവഗ ണിച്ചാല്‍ ആപത്തു ണ്ടാകാം. അതാണ് മഹാബലിയുടെ കാര്യത്തില്‍ സംഭവിച്ചത്.
കഥയിലെ പാഠാന്തരങ്ങള്‍ ഇങ്ങനെ യെങ്കിലും മഹാബലിക്കഥ കാലപ്രവാ ഹത്തില്‍ മറ്റൊരു മിത്തായി രൂപംമാറി. ഭൂമിയില്‍ സ്വര്‍ഗം വിടരണമെന്ന മനുഷ്യസ്വ പ്നങ്ങളുടെ സാക്ഷാത്കാരമായി മഹാബലിക്കഥ പരിണമിച്ചു. ''മാവേലി നാടു വാണീടും കാലം മനുഷരെല്ലാരുമൊന്നുപോലെ - കള്ളവുമില്ലാ ചതിയുമില്ല എള്ളോളമില്ലാ പൊളിവചനം'' എന്നിങ്ങനെ നാടിന്റെ മനസ്സു നിറഞ്ഞു. അതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്സവമായ തിരുവോണത്തിനും രൂപം നല്കി. വര്‍ഷത്തിലൊരിക്കല്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ എഴുന്നള്ളുന്ന പുണ്യദിനം. 
കഥയിലെ മഹാബലി പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ കേരളത്തിലെ പ്രജകളുടെയുള്ളില്‍നിന്ന് അദ്ദേഹത്തെ ഇറക്കിവിടാന്‍ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. കഥകളിലും കളികളിലും നിറഞ്ഞ് അദ്ദേഹം അവിടെ കുടിയിരിക്കുകയാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)