•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഴ നനയുന്ന മഞ്ഞക്കല്ലുകള്‍ : സില്‍വര്‍ ലൈനില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

''ഈ പദ്ധതി ഞങ്ങള്‍ക്കുവേണ്ട'' എന്നു ജനം പലയാവൃത്തി വിളിച്ചുപറഞ്ഞിട്ടും ''എന്തു വിലകൊടുത്തും വേഗറെയില്‍ പദ്ധതി നടപ്പാക്കും'' എന്നു വെല്ലുവിളിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോയിരിക്കുന്നു. ഏതോ നിഗൂഢലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു നടപ്പാക്കാനിരുന്ന പദ്ധതിയാണ് തുടക്കത്തിലേ പാളിയത്. ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയായിരുന്നു അനാവശ്യമായ ഈ ചൂളംവിളിയെന്ന ചോദ്യം ബാക്കിയാകുന്നു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാകില്ലെന്ന കുറ്റസമ്മതത്തോടെയാണ് സംസ്ഥാനസര്‍ക്കാരിന്റെ നിരുപാധികപിന്മാറ്റം. ഇതു മുന്‍കൂട്ടി അറിയാമായിരുന്നിട്ടും സ്വന്തം ജനങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചതിനാണ് സര്‍ക്കാര്‍ ഉത്തരം പറയേണ്ടത്. കേന്ദ്രത്തിന്റെ അനുമതിക്കുമുമ്പ് പദ്ധതി നടപ്പാക്കാന്‍ ഇത്രയും തിടുക്കം കാട്ടുന്നതെന്തിനെന്ന് സര്‍ക്കാരിലെ ഘടകകക്ഷികള്‍പോലും ചോദിച്ചതാണ്. 'തത്ത്വത്തിലുള്ള അംഗീകാരം കിട്ടിയതിനാല്‍ മുമ്പോട്ടു പോകുന്നു' എന്നായിരുന്നു സര്‍ക്കാര്‍വാദം. സാമൂഹികാഘാതപഠനം നടത്താനോ അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കാനോ അനുവാദം നല്കിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരും റെയില്‍വേ ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചത്. നിക്ഷേപപൂര്‍വപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി തത്ത്വത്തിലുള്ള അനുവാദം മാത്രമാണ് നല്കിയതെന്നും സാമ്പത്തികബാധ്യത ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ പദ്ധതി (ഡിപിആര്‍) തയ്യാറാക്കാനായിരുന്നു ഈ അനുമതിയെന്നുമാണ് റെയില്‍വേ വ്യക്തമാക്കിയത്.
എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനസര്‍ക്കാരാണെന്നും, സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാതപഠനം നടത്താനും കല്ലിടാനും അധികാരമുണ്ടെന്നും കെ. റെയില്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. ഇതോടെ, കല്ലിടുന്നതിനെതിരേ ഭൂവുടമകള്‍ നല്കിയ ഹര്‍ജികളില്‍ റെയില്‍വേ ബോര്‍ഡും കെ.റെയിലും രണ്ടു തട്ടിലുമായി.
ജനങ്ങള്‍ക്കെതിരേ 
തുറന്ന യുദ്ധം
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു നടത്തിയ നരനായാട്ടും കല്ലിടീലും വിസ്മരിക്കാറായിട്ടില്ല. സാമൂഹികാഘാതപഠനത്തിനെന്ന പേരു പറഞ്ഞായിരുന്നു കല്ലിടീല്‍. 19 കിലോമീറ്റര്‍ നീളത്തില്‍ 6,300 അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചപ്പോഴേക്കും 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരെയാണു പ്രതിചേര്‍ക്കുകയും അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തത്. മക്കള്‍ നോക്കിനില്‌ക്കെയാണ് മാതാപിതാക്കളെ റോഡിലൂടെ വലിച്ചിഴച്ചു പോലീസ് വണ്ടികളിലേക്കു തള്ളിക്കയറ്റിയത്. പലയിടങ്ങളിലും പോലീസ് മാറിനിന്നപ്പോള്‍ പ്രമുഖ ഭരണകക്ഷിയുടെ കൂലിപ്പട്ടാളം നിയമം കൈയിലെടുത്ത അവസരങ്ങളുമുണ്ടായി.
ഹൈക്കോടതിയില്‍നിന്നു ശകാരം
ജനങ്ങളെ ദുരിതത്തിലാക്കി കല്ലിടാന്‍ കാട്ടിയ തിടുക്കത്തിനെതിരേ കെ.റെയില്‍ അധികൃതരെ ഹൈക്കോടതി നിരവധി തവണയാണു ശകാരിച്ചത്. പദ്ധതി നടപ്പാക്കാന്‍ തിരക്കുകൂട്ടിയതെന്തിനെന്ന സംശയം ഹൈക്കോടതിക്കുമുണ്ടായി. ഇത്രയും വലിയ ഒരു പദ്ധതി കൊണ്ടുവരുന്നത് ജനനന്മയെ കരുതിയാണോയെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന് അറിയേണ്ടിയിരുന്നത്. ''ജനങ്ങളെ വിശ്വാസത്തിലെടുത്ത് പതിയെ നടപ്പാക്കാന്‍ ശ്രമിക്കണമെന്നാണ് ആദ്യം നിര്‍ദേശിച്ചിരുന്നത്. വലിയ സര്‍വേക്കല്ലുകളിടാതെ ചെറിയ കല്ലുകള്‍കൊണ്ട് അതിരടയാളമിടാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതിയും പദ്ധതിക്കെതിരാണെന്ന മുന്‍വിധിയോടെ ജനങ്ങളോടൊപ്പം ഞങ്ങളെയും ശത്രുക്കളായിക്കണ്ട് സര്‍ക്കാന്‍ മുമ്പോട്ടു പോകുകയായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം പദ്ധതി നടപ്പാക്കേണ്ടത്.'' ഇതുവരെ നടത്തിയ സാമൂഹികാഘാതപഠനത്തിന്റെ വിശദാംശങ്ങള്‍ എത്രയുംവേഗംതന്നെ അറിയിക്കാനും ജഡ്ജി നിര്‍ദ്ദേശിച്ചു.
ആദ്യപ്രഹരം 
തൃക്കാക്കരയില്‍നിന്ന്
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായി വിശേഷിപ്പിച്ച് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട് ദയനീയമായി പരാജയമടഞ്ഞപ്പോള്‍ ജനങ്ങളുടെ ശക്തി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. അതിനുശേഷം ഒരു സര്‍വേക്കല്ലുപോലും സ്ഥാപിക്കാനുള്ള ധൈര്യം കെ.റെയില്‍ അധികൃതര്‍ക്കുണ്ടായിട്ടുമില്ല. സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ സര്‍ക്കാര്‍, സാമൂഹികാഘാതപഠനവും നിറുത്തിവച്ചു. കടുത്ത എതിര്‍പ്പുകളുയര്‍ന്നിടത്തെല്ലാം  'ജിയോ മാപ്പിങ്' നടത്തുമെന്ന തീരുമാനവും വേണ്ടെന്നുവച്ചു. ഇവയെല്ലാം ജനങ്ങളുടെ ഇച്ഛാശക്തിക്കുമുമ്പില്‍ സര്‍ക്കാര്‍ അടിയറവു പറഞ്ഞുവെന്നതിന്റെ സൂചനയാണ്.
എന്നാല്‍, ഈ അവസ്ഥയിലേക്കെത്തിയപ്പോഴേക്കും 90 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞിരിക്കുന്നു. 20.50 കോടി രൂപ പ്രതിഫലം നല്കി തയ്യാറാക്കിയ ഡിപിആര്‍ (വിശദമായ പദ്ധതിരേഖ)പ്രസിദ്ധീകരിച്ചതുമുതല്‍ തുടങ്ങിയ ആശങ്കകള്‍ ജനങ്ങളെ ഇപ്പോഴും ആകുലപ്പെടുത്തുന്നുണ്ട്. സാമൂഹികാഘാതപഠനത്തിനു വിജ്ഞാപനമിറക്കിയ കഴിഞ്ഞ ഡിസംബര്‍മുതലുള്ള എട്ടു മാസം സംസ്ഥാനത്തെ യുദ്ധക്കളമാക്കിയതു മിച്ചം.
വെള്ളപ്പൊക്കം, വ്യാപകമായ മണ്ണിടിച്ചില്‍, ഉയര്‍ന്ന പദ്ധതിച്ചെലവ്, പ്രകൃതിവിഭവങ്ങളുടെ അമിതോപയോഗം, ഭീമമായ വിദേശവായ്പ തുടങ്ങി എല്ലാ വെല്ലുവിളികളെക്കുറിച്ചും പദ്ധതിരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. 64,000 കോടിയോളം ചെലവു വരുന്ന പദ്ധതിയില്‍ 34,000 കോടിയും വിദേശവായ്പയാണ്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആകെ കടബാധ്യത 3,32,000 കോടി രൂപയാണെന്നറിയുമ്പോഴാണ് വലിയൊരു കടബാധ്യതകൂടി ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നത്. പാറയും മണലുമുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു ടണ്‍ പ്രകൃതിവിഭവങ്ങള്‍ ആവശ്യമായി വരുന്നതുകൊണ്ട് പരിസ്ഥിതിക്കുണ്ടാകുന്ന തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നു. 1,10,000 കോടി രൂപയുണ്ടെങ്കിലേ ഈ  ബൃഹത്പദ്ധതി പൂര്‍ത്തിയാക്കാനൊക്കൂ എന്ന മെട്രോമാന്‍ ശ്രീധരന്റെ മുന്നറിയിപ്പും അവഗണിച്ചുകൂടാ.
കല്ലിടീലിനെതിരേ സമരം ചെയ്ത നിരപരാധരായ ജനങ്ങള്‍ക്കു നേരേ അഴിച്ചുവിട്ട മര്‍ദനവും കേസും, ചുമത്തിയ ഭീമമായ പിഴയുമടക്കം സഹിക്കേണ്ടി വന്ന മനോവ്യഥയ്ക്കു പരിഹാരമെന്ത്? റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജോലി തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമൊക്കെ കേസുകളെടുത്തിട്ടുണ്ട്. 5,000 രൂപവരെ പിഴയടയ്‌ക്കേണ്ടിവന്നവരും, ജാമ്യമില്ലാവകുപ്പുപ്രകാരം കേസുകള്‍ ചുമത്തപ്പെട്ടവരും നിരവധിയാണ്.
ചങ്ങനാശേരിക്കടുത്തുള്ള മാടപ്പള്ളിയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരേ ഈ വര്‍ഷം മാര്‍ച്ച് 17 നു തുടങ്ങിവച്ച സമരം ഇക്കഴിഞ്ഞ മാസം 28-ാം തീയതി 100 ദിവസം പിന്നിട്ടു. 'കെ-റെയില്‍' എന്നു രേഖപ്പെടുത്തിയ മഞ്ഞക്കല്ലുകളുമായെത്തിയ അധികൃതരെ തടഞ്ഞ ജനക്കൂട്ടത്തെ  ക്രൂരമായിട്ടാണ് പോലീസ് മര്‍ദിച്ചത്. അന്നു തുടങ്ങിവച്ച സമരം ഒരു ദിവസംപോലും മുടങ്ങാതെ നടത്താന്‍ സംഘാടകര്‍ക്കു കഴിഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന ജനകീയസമരത്തിനു കത്തോലിക്കാസഭയും പിന്തുണ നല്കുന്നുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)