കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലെ കാലവര്‍ഷക്കാലത്ത് നമ്മുടെ സംസ്ഥാനം നേരിട്ട ജലപ്രളയങ്ങള്‍ സൃഷ്ടിച്ച മുറിപ്പാടുകള്‍ പൂര്‍ണമായും ഉണങ്ങുംമുമ്പ് ഈ വര്‍ഷത്തെ മഴക്കാലവും ആസന്നമായിരിക്കുന്നു. 1924 ലെ (കൊല്ലവര്‍ഷം 1099) പ്രളയത്തിനു സമാനമോ അതിലുമധികം അളവിലോ കുതിച്ചെത്തിയ പ്രളയജലം നൂറുകണക്കിനാളുകളുടെ ജീവനും വസ്തുവകകളും കവര്‍ന്നെടുത്തുകൊണ്ടു കടന്നുപോയി. വൃക്ഷങ്ങളെയും പാറക്കൂട്ടങ്ങളെയും കടപുഴക്കിയെറിഞ്ഞു കലിതുള്ളിയെത്തിയ ജലപ്രവാഹം പ്രതിരോധിക്കേണ്ട അണക്കെട്ടുകളും നിറഞ്ഞൊഴുകിയത് ദുരന്തം ഇരട്ടിപ്പിക്കുകയായിരുന്നു. ഇത്തരം വിപത്തുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി സംസ്ഥാനദുരന്തനിവാരണസേനയുടെ രൂപീകരണമുള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയവുമാണ്.
എന്നാല്‍, മേല്‍സൂചിപ്പിച്ച രണ്ടു പ്രളയങ്ങളും പ്രത്യേകിച്ച് 2018 ലേത് ഒഴിവാക്കാമായിരുന്നില്ലേയെന്നു വാദിക്കുന്നവരുണ്ട്. പ്രളയകാലത്ത് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് നിശ്ചയിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉത്തരവാദപ്പെട്ടവര്‍ കാട്ടിയ അനവധാനതയാണ് ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചതെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ അധികജലം ഒരേസമയം തുറന്നുവിട്ടതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമായതെന്ന അമിക്കസ് ക്യൂറി അഡ്വ. ജേക്കബ് പി. അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പിന്‍ബലമാണ് വിമര്‍ശകര്‍ക്കുള്ളത്.
വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും മാത്രമല്ല, പ്രളയത്തോത് നിയന്ത്രിക്കുന്നതിനുംവേണ്ടിക്കൂടിയാണ് അണക്കെട്ടുകള്‍ പ്രയോജനപ്പെടുത്തേണ്ടതെന്നു ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? എന്നാല്‍, സംസ്ഥാനത്തെ 79 അണക്കെട്ടുകളില്‍ ഒന്നുപോലും പ്രളയജലം തടഞ്ഞുനിര്‍ത്തുന്നതിന് ഉപയുക്തമായിരുന്നില്ല. കാരണം, അണക്കെട്ടുകളോടനുബന്ധിച്ചുള്ള എല്ലാ ജലാശയങ്ങളും നിറഞ്ഞുനില്ക്കുന്ന അവസ്ഥയിലായിരുന്നു. കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കുന്നവരും മഴവെള്ളം അളന്നു തിട്ടപ്പെടുത്തുന്നവരും യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കേണ്ടതും ബന്ധപ്പെട്ട വകുപ്പുതലവന്മാരെ നിജസ്ഥിതി ബോധ്യപ്പെടുത്തേണ്ടതുമായിരുന്നില്ലേ? വൈദ്യുതോത്പാദനത്തിലൂടെ കോടികള്‍ സമ്പാദിക്കാമെന്ന വ്യാമോഹത്തില്‍ ജലാശയങ്ങള്‍ പരമാവധി നിറച്ചുനിര്‍ത്താന്‍ അധികാരികള്‍ കാട്ടിയ വ്യഗ്രതയാണ് വലിയ വിപത്തിനു കാരണമായതെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം സംസ്ഥാനത്തു പ്രതീക്ഷിക്കുന്ന മഴ കൂടുതല്‍ നാശം വിതച്ചേക്കാമെന്നാണു സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം. കൂട്ടത്തില്‍, വളരെ പഴക്കംചെന്ന ഒരണക്കെട്ടു തകര്‍ന്ന് ലക്ഷക്കണക്കിനു മനുഷ്യരും മൃഗങ്ങളും ചത്തൊടുങ്ങുമെന്നും. 125 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടാകാം പ്രചാരകന്റെ മനസ്സിലുള്ളത്. കാരണം, ഒരു നൂറ്റാണ്ടിനപ്പുറം കാലപ്പഴക്കമുള്ള മറ്റൊരണക്കെട്ട് നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും ഉണേ്ടായെന്നു സംശയമുണ്ട്. ചൈനയിലെ ബാങ്കിയാവോ, ഇന്ത്യയിലെതന്നെ ജസ്വന്ത്‌സാഗര്‍, മോര്‍വി തുടങ്ങിയ അണക്കെട്ടുകള്‍ തകര്‍ന്നത് കാലപ്പഴക്കത്താല്‍ ബലക്ഷയം ബാധിച്ചായിരുന്നല്ലോ. 1895 ഒക്‌ടോബര്‍ 10-ാം തീയതി മുതല്‍ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കിലും തുടക്കംമുതല്‍ കണ്ടുതുടങ്ങിയ ചോര്‍ച്ചകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം തെളിയിക്കുന്നവയായിരുന്നു. 1922 മുതല്‍ പല ഘട്ടങ്ങളിലായി ചോര്‍ച്ചകളടയ്ക്കാനുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതിനു തെളിവുകളുണ്ട്. 1964 ലെ അറ്റകുറ്റപ്പണികള്‍ക്ക് 500 ടണ്‍ സിമിന്റ് ഉപയോഗിച്ചതായി തമിഴ്‌നാടു സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട്, ഒരു മീറ്ററിന് 12 ടണ്‍ കോണ്‍ക്രീറ്റ് ചെലവു ചെയ്ത് 374 മീറ്റര്‍ ക്യാപ്പിംഗ് നടത്തിയെന്നും, 102 ഉരുക്കുസിലിണ്ടറുകള്‍10 അടി ആഴത്തില്‍ അടിപ്പാറയിലേക്കു താഴ്ത്തി സിമിന്റിട്ട് ഉറപ്പിച്ചുവെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
ബലക്ഷയം ബാധിച്ച, അണക്കെട്ടുകളുടെ ഈ മുത്തശ്ശിക്ക് ഈ പ്രവൃത്തികള്‍ എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ? കല്ലുകളെ ചേര്‍ത്തുവയ്ക്കാന്‍ ഉപയോഗിച്ച സുര്‍ക്കി മിശ്രിതത്തിന്റെ പകുതിയോളം തുടക്കംമുതലുള്ള ചോര്‍ച്ചകളിലൂടെ നഷ്ടപ്പെട്ടുവെന്നു തെളിഞ്ഞിട്ടുള്ളതാണ്. 176 അടി പൊക്കമുള്ള അണക്കെട്ടിന്റെ 100 അടി ഉയരത്തിലെത്തുമ്പോള്‍ രൂപപ്പെട്ടിട്ടുള്ള നെടുനീളത്തില്‍ കാണുന്ന വിള്ളല്‍മൂലം അണക്കെട്ട് ജലഭാഗത്തേക്ക് ഒടിഞ്ഞുനില്ക്കുകയാണെന്ന് റിമോട്ട് ഓപ്പറേറ്റിംഗ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ തെളിഞ്ഞതല്ലേ? മുകള്‍ത്തട്ടില്‍ ബോര്‍ഹോളുകളുണ്ടാക്കി ഉപകരണങ്ങള്‍ കടത്തിവിട്ടപ്പോള്‍ പൊള്ളയായ ഭാഗങ്ങളിലൂടെയാണ് അവ കടന്നുപോയതെന്ന് കണെ്ടത്തിയത് മറന്നുപോയോ? കാട്ടുകല്ലുകള്‍ അടുക്കിവച്ച ഒരു കല്‍ക്കെട്ടു മാത്രമായി അവശേഷിക്കുന്ന ഈ അണക്കെട്ട് തകര്‍ന്നുവീണില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ!
അപകടകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലുണ്ടാകാവുന്ന നഷ്ടത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കാത്തതെന്തേ? പെരിയാര്‍ നദിയിലും അതിന്റെ പോഷകനദികളിലുമായി നിര്‍മ്മിച്ചിട്ടുള്ള ഒരു ഡസനിലധികം അണക്കെട്ടുകളും നൂറുകണക്കിനു തടയണകളും തകര്‍ന്നാല്‍ ഒരു കടലോളം വരുന്ന വെള്ളമാണ് കുത്തിയൊഴുകി വരുക. 2018 ലെ മഴക്കാലത്ത് ഏതാനും ഷട്ടറുകള്‍ തുറന്നപ്പോഴുള്ള വെള്ളപ്പാച്ചിലായിരിക്കില്ല അണക്കെട്ടുകള്‍ ഒന്നടങ്കം തകരുമ്പോഴുള്ള ജലപ്രവാഹമെന്നും ഓര്‍മ്മിക്കണം.
കാലഹരണപ്പെട്ട ഒരു കരാറിന്മേല്‍ പണിതുയര്‍ത്തിയതാണ് മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതി. ബ്രിട്ടീഷ്ഇന്ത്യയും തിരുവിതാംകൂര്‍ നാട്ടുരാജ്യവുമായി ചേര്‍ന്ന് 29-10-1886 ല്‍ ഒപ്പുവച്ച 'പെരിയാര്‍ ലീസ് എഗ്രിമെന്റ്' നമ്മുടെ രാജ്യം സ്വതന്ത്രമായതോടെ സ്വാഭാവികമായും റദ്ദായി. അതിനാല്‍ത്തന്നെ, 1970 മേയ് 29-ാം തീയതി സി.അച്യുതമേനോന്‍ പുതുക്കി നല്‍കിയ കരാറിനും നിയമസാധുതയില്ലെന്നു തെളിയിക്കാനാകണം. ജലസേചനത്തിനു മാത്രമായി ഉപയോഗിക്കേണ്ട വെള്ളത്തില്‍നിന്നു വൈദ്യുതിയുത്പാദിപ്പിക്കാന്‍ പുതുക്കിയ കരാറിലൂടെ അനുമതി നല്കിയതും ആദ്യകരാറിന്റെ ലംഘനമാണെന്നു വാദിക്കണം.
ബ്രിട്ടീഷ് ഭരണകാലത്തെ എല്ലാ ദീര്‍ഘകാലകരാറുകളും 99 വര്‍ഷങ്ങളിലേക്കുള്ളതായിരുന്നെങ്കില്‍ പെരിയാര്‍ ലീസ് എഗ്രിമെന്റിന്റെ കാലാവധി 999 വര്‍ഷങ്ങള്‍! ആദ്യകാലാവധി തീരുന്ന എ.ഡി. 2885 ല്‍ രണ്ടു കക്ഷികളും ചേര്‍ന്ന് 999 വര്‍ഷങ്ങള്‍കൂടി കരാര്‍ പുതുക്കിയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു! സാമാന്യബുദ്ധിക്കുപോലും നിരക്കാത്ത ഇത്തരം ഒരു കരാര്‍ നിലനില്ക്കുന്നതല്ലെന്നും പരമോന്നത കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയണം. ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് 24 വര്‍ഷത്തോളം കരാറില്‍ ഏര്‍പ്പെടാതെ വിട്ടുനിന്ന ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തിയതിങ്ങനെ: ''എന്റെ ഹൃദയരക്തത്തില്‍ മുക്കിയാണ് ഈ കരാറില്‍ ഏര്‍പ്പെടാന്‍ ഞാന്‍ അനുവാദം നല്‍കുന്നത്.'' വാര്‍ഷികപാട്ടത്തുകയായി 40,000 രൂപ വച്ചുനീട്ടിയപ്പോള്‍ തിരുവിതാംകൂറിനു നഷ്ടമായത് മുല്ലപ്പെരിയാറിലെയും പെരിയാറിലെയും സമൃദ്ധമായ വെള്ളവും 8,100 ഏക്കര്‍ വനഭൂമിയുമായിരുന്നു.
അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 75 വര്‍ഷമാണെന്നു നിജപ്പെടുത്തിയിട്ടുള്ളപ്പോള്‍ 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനിര്‍ത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇത് 100 വര്‍ഷംകൂടി തകരാതെ നില്ക്കും എന്നു രേഖപ്പെടുത്തിയ ഉന്നതാധികാരസമിതിയംഗം റിട്ട. ജസ്റ്റീസ് കെ.ടി. തോമസിനെ പിന്തുണച്ച് സംസ്ഥാനമുഖ്യമന്ത്രി നടത്തിയിട്ടുള്ള പ്രസ്താവന സംസ്ഥാനതാത്പര്യങ്ങള്‍ക്കു നിരക്കുന്നതായിരുന്നോ? 'ഗൈഡ് ലൈന്‍സ് ഫോര്‍ സേഫ്റ്റി ഓഫ് ഡാംസ്' നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലേ? അതിന്‍പ്രകാരം നിയോഗിക്കപ്പെടുന്ന ഒരു അന്താരാഷ്ട്രവിദഗ്ധസമിതി അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചു പഠിക്കണമെന്നും ഡാം ഡീ കമ്മീഷന്‍ ചെയ്യുന്ന തീയതി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശിയായ അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ സര്‍ക്കാര്‍ പിന്തുണയ്ക്കാതിരുന്നത് എന്തുകൊണ്ട്? അണക്കെട്ടു തകര്‍ന്നാല്‍, ജനങ്ങളുടെ ജീവനും സ്വത്തിനും വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും സംസ്ഥാനത്തെ പ്രകൃതിക്കുതന്നെയും സംഭവിച്ചേക്കാവുന്ന സഹസ്രകോടികളുടെ നഷ്ടം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കേണ്ടിവരും എന്നും റസല്‍ ജോയി വാദിച്ചു. അദ്ദേഹത്തിന്റെ വാദഗതികള്‍ സശ്രദ്ധം നിരീക്ഷിച്ച പരമോന്നതനീതിപീഠത്തിന്റെ ചോദ്യം ഇവിടെ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ''125 വര്‍ഷം പഴക്കമുള്ള, ബലക്ഷയം ബാധിച്ച ഈ അണക്കെട്ടിന്റെ അടിയില്‍കിടന്ന് നിങ്ങള്‍ ഉറങ്ങുകയാണോ? കേന്ദ്ര-തമിഴ്‌നാട്-കേരളസര്‍ക്കാരുകള്‍ അവസരത്തിനൊത്ത് ഉയരാത്തത് എന്തുകൊണ്ട്?''