•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുരോഹിതനായിരിക്കുന്നതിലെ ആനന്ദം

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ അവലോകനം 

XVI

കഴിഞ്ഞ അധ്യായങ്ങളില്‍ താന്‍ പ്രധാനമായും വിശുദ്ധരെയും മാര്‍പാപ്പാമാരെയും, ഒറ്റവാക്കില്‍ പറഞ്ഞാല്‍, സഭയെ ശ്രവിക്കാനാണ് അവസരം ഒരുക്കിയതെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു. ഈ സമാപനപേജുകളില്‍ കൂടുതല്‍ വ്യക്തിഗതമായ ചില കാര്യങ്ങള്‍ കുറിക്കുവാന്‍ അനുവദിച്ചാലും എന്നാണ് ഗ്രന്ഥകാരന്‍ ഈ അധ്യായത്തില്‍ ആദ്യം തന്നെ എഴുതുന്നത്. 
വിസ്മയം
''നിങ്ങളോട് ഒരു കാര്യം പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും പൗരോഹിത്യത്തിലേക്ക് എന്നെ വിളിച്ച നല്ല ദൈവത്തിന്റെ കൃപയെ ഓര്‍ത്ത് ഞാന്‍ വിസ്മയഭരിതനാകുന്നു. എങ്ങനെയാണ്, തീര്‍ത്തും നിസ്സാരനായ എന്നെ കടാക്ഷിക്കുവാന്‍ ഈശോയ്ക്കു കഴിഞ്ഞതെന്നു സ്മരിച്ച് എല്ലാ ദിവസവും ഞാന്‍ ആശ്ചര്യപ്പെടുന്നു. അവിടുത്തെ പുരോഹിതനായി എന്തുകൊണ്ട് എന്നെ തിരഞ്ഞെടുത്തു? വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗ്വിനേ എന്ന രാജ്യത്തിലെ 'ഉറൂസ്' എന്ന വളരെ ചെറിയ ഗ്രാമത്തിലെ കൊച്ചുപയ്യനെത്തേടി കര്‍ത്താവ് എന്തുകൊണ്ടെത്തി? എന്തുകൊണ്ട് എന്നെ? അജ്ഞനും അയോഗ്യനുമായ ഈ എന്നെ?''
ആനന്ദം
ഇപ്രകാരം വിനയാന്വിതനായി സ്വയം ചോദ്യങ്ങള്‍ ചോദിക്കുന്ന കര്‍ദിനാള്‍ ഓരോ ദിവസവും ഈ ഉദാരമായ ദൈവദാനത്തിന്റെ ആഴവും പരപ്പും അനുഭവിച്ചറിയുന്നു. ഈ അവബോധം സുസ്ഥിരമായ ശാന്തിയുടെയും ആനന്ദത്തിന്റെയും വറ്റാത്ത സ്രോതസ്സാണ് എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതേ, എല്ലാദിവസവും വിശുദ്ധകുര്‍ബാനയാകുന്ന ബലി അര്‍പ്പിക്കുവാന്‍ എനിക്കു സാധിക്കുന്നു; എല്ലാ ദിവസവും മിശിഹായോടുകൂടി കാല്‍വരി കയറുന്നു. അനുദിനം അവിടുത്തോടൊപ്പം സ്ലീവായില്‍ മരിക്കുന്നു. എല്ലാ ദിവസവും മിശിഹായോടൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം യാചിക്കുന്നു.''
സാര്‍വത്രികസഭയോടു ചേര്‍ന്ന് ദൈവത്തെ സ്തുതിക്കാനും അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും നിരന്തരം അവിടുത്തെ തിരുമുമ്പില്‍ നില്ക്കാനും നമ്മളെ പ്രാപ്തരാക്കുന്ന അമൂല്യനിധിയാണ് യാമപ്രാര്‍ത്ഥന എന്നും കര്‍ദിനാള്‍ സറാ പഠിപ്പിക്കുന്നു.
ഇപ്രകാരം തന്റെ പൗരോഹിത്യഹൃദയം നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്ന കര്‍ദിനാള്‍ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിവ്യകാരുണ്യസന്നിധിയിലുള്ള ആരാധനയുടെയും പ്രാധാന്യം എടുത്തുപറയുന്നുണ്ട്. 
മാനുഷികമായി ചിന്തിക്കുമ്പോള്‍, ഈ ജീവിതക്രമം താങ്ങാനാവാത്ത ഭാരമായി തോന്നിയേക്കാമെങ്കിലും ഈശോ ഈ കുരിശുവഹിക്കാന്‍ പുരോഹിതനെ സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍
തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവമാണ് കര്‍ദിനാള്‍ സറാ തുടര്‍ന്നു വിവരിക്കുന്നത്. 1992 ഫെബ്രുവരിമാസത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഗ്വിനേയില്‍ അപ്പസ്‌തോലികസന്ദര്‍ശനം നടത്തി. വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്ന പ്രസ്തുത സന്ദര്‍ശനാവസരത്തില്‍ ഫെബ്രുവരി 25-ാം തീയതി തലസ്ഥാനനഗരിയിലെ സ്റ്റേഡിയത്തില്‍വച്ച് മൂന്നു ഡീക്കന്മാര്‍ക്ക് മാര്‍പാപ്പാ വൈദികപട്ടം നല്കി. തദവസരത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം തന്റെ കാതുകളില്‍ ഇപ്പോഴും മാറ്റൊലിക്കൊള്ളുന്നതായി അന്ന് ആ തലസ്ഥാനനഗരിയായ കൊണാക്രിയുടെ മെത്രാപ്പോലീത്താ ആയിരുന്ന കര്‍ദിനാള്‍ റോബര്‍ട്ട് സറാ സാക്ഷ്യപ്പെടുത്തുന്നു.
പൗരോഹിത്യം
ശക്തമായ ഭാഷയില്‍ പരിശുദ്ധപിതാവ് ആ നവവൈദികരോടു പറഞ്ഞു: ''കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്തായില്‍ രക്തംചിന്തി അര്‍പ്പിച്ച ബലിയാണ് അവിടുന്നു പാനം ചെയ്ത രക്ഷയുടെ കാസാ. ഈ ബലിയിലൂടെയാണ് സേവകനും മോചനദ്രവ്യവുമായ മിശിഹാ മര്‍ത്ത്യകുലത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കിയത്. കര്‍ത്താവുതന്നെ അരുള്‍ചെയ്ത വാക്കുകള്‍ - ''സേവിക്കപ്പെടാനല്ല സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ അര്‍പ്പിക്കാനുമാണു മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്'' - ഇവിടെ പരിശുദ്ധപിതാവ് ഉദ്ധരിക്കുകയും അതേ സേവനചൈതന്യമുള്ളവരായിരിക്കണമെന്ന് നവവൈദികരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
പരിശുദ്ധപിതാവ് നവവൈദികരോട് ദൈവവിളിയുടെ മാഹാത്മ്യം വിശദീകരിക്കുന്ന ഭാഗമാണ് തുടര്‍ന്നുവരുന്നത്: ''സന്തോഷത്തോടെ ഈ ദൈവവിളിക്കു പ്രത്യുത്തരം നല്കിക്കൊണ്ട് നിങ്ങള്‍ ആകര്‍ഷകമായ ഒരു കരാറിലാണ് ഏര്‍പ്പെടുന്നത്. ഈ തീരുമാനം സ്വതന്ത്രവും നിരുപാധികവുമാണ്. അങ്ങനെ നിങ്ങള്‍ നിങ്ങളുടെ അസ്തിത്വത്തെ കര്‍ത്താവിനും അവിടുത്തെ സഭയ്ക്കും സമര്‍പ്പിക്കുകയാണ്. ദാമ്പത്യജീവിതവും കുടുംബജീവിതവും വേണ്ടന്നുവച്ച് നിങ്ങള്‍ പരിശുദ്ധവും പരിപൂര്‍ണവുമായ സംലഭ്യതയോടെ കര്‍ത്താവിന് സ്വയം സമര്‍പ്പിക്കുന്നു. പൗരോഹിത്യത്തിലേക്കു നിങ്ങളെ സ്വീകരിക്കുന്ന അഭിവന്ദ്യമെത്രാന് നിങ്ങള്‍    എളിയ മനസ്സോടെ അനുസരണം വാഗ്ദാനം ചെയ്യുന്നു. അതുവഴി നിങ്ങള്‍ മിശിഹായോടും സഭയോടും ഉള്ള വിധേയത്വത്തോടെ വൈദികസംഘത്തിന്റെ ഭാഗമെന്ന നിലയില്‍ കൂട്ടായ ദൗത്യത്തില്‍ പങ്കുചേരുന്നു. കര്‍ത്താവിനോടുള്ള ആത്മബന്ധത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഫലസമൃദ്ധമായ ശുശ്രൂഷ നിര്‍വഹിക്കുവാന്‍വേണ്ടി സഭയുടെ ആരാധനക്രമത്തിലും പ്രാര്‍ത്ഥനയിലും വിശ്വസ്തതയോടെ ഭാഗഭാക്കാകാന്‍ നിങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു.''
പരിശുദ്ധപിതാവ് തുടര്‍ന്ന്, ഈ ശുശ്രൂഷാപൗരോഹിത്യംവഴി ഓരോ വൈദികനും പ്രത്യേകമാംവിധം, പുതിയ ഉടമ്പടിയിലെ നിത്യനും അനന്യനുമായ ഏകപുരോഹിതനായ മിശിഹായോട് ഐക്യത്തില്‍ കഴിയുന്നു എന്ന് ഉദ്‌ബോധിപ്പിക്കുന്നു. കൈവയ്പുശുശ്രൂഷവഴി വൈദികര്‍ പൂര്‍ണമായും പരിശുദ്ധ റൂഹായാല്‍ പവിത്രീകൃതരാകുന്നു. കരങ്ങള്‍ പൂശപ്പെടുന്നതുവഴി മിശിഹായുടെ നാമത്തില്‍ ദൈവപിതാവിന് ദിവ്യകാരുണ്യബലി അര്‍പ്പിക്കുവാനുള്ള ദിവ്യദാനം വൈദികര്‍ക്കു ലഭിക്കുന്നു എന്നും പരിശുദ്ധ പിതാവ് വിശദീകരിക്കുന്നു.
'പുരോഹിതന്റെ പ്രേഷിതദൗത്യത്തിന്റെ കേന്ദ്രബിന്ദു വിശുദ്ധകുര്‍ബാനയാണ്,' എന്നും 'ദിവ്യരക്ഷകന്റെ പരമോന്നതബലിയില്‍ അനുദിനം ഭാഗഭാക്കാകുകവഴി പുരോഹിതന്‍ തന്നോടൊപ്പം മനുഷ്യവംശം മുഴുവനെയും സ്‌നേഹനിധിയായ ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്നും വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു: ''കര്‍ത്താവിന്റെ മാതൃക പിന്‍ചെന്ന് ഏറ്റവും എളിയവരോട് അടുപ്പം പാലിക്കുക. വേദനിക്കുന്നവരെ ശ്രവിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുക.'' നല്ലയിടയനായ ഈശോയെ അനുകരിച്ച് എപ്പോഴും ആത്മാക്കളുടെ രക്ഷയില്‍ തത്പരരാകാനാണ് പ്രസംഗം സമാപിപ്പിച്ചുകൊണ്ട് പരിശുദ്ധ പിതാവ് വി. ജോണ്‍പോള്‍ രണ്ടാമന്‍ ഉപദേശിച്ചത്.
മാര്‍പാപ്പായുടെ ഊറാറ
തിരുപ്പട്ടദാനശുശ്രൂഷകളെത്തുടര്‍ന്ന് ഗിന്വേയിലെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. വളരെ ദീര്‍ഘമായ പരിപാടികള്‍ക്കുശേഷം തലസ്ഥാനനഗരിയായ കൊണാക്രി അതിരൂപതാ കേന്ദ്രത്തില്‍ രാത്രിവിശ്രമത്തിനായി എത്തിയ മാര്‍പാപ്പാ ഏറെ പരിക്ഷീണിതനായിരുന്നു. എങ്കിലും, അവിടെയുള്ള ഗ്രോട്ടോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ കിരീടം അണിയിക്കുകയും അവിടെ മുട്ടുകുത്തി വളരെ നേരം നിശ്ശബ്ദനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവിടെ സന്നിഹിതരായിരുന്ന വൈദികര്‍ക്കെല്ലാം ദൈവമാതൃഭക്തിയില്‍ പാഠമായിരുന്നു അത്. ഈശോയുടെ അമ്മയാണ് പൗരോഹിത്യത്തിന്റെ അമ്മ.
കര്‍ദിനാള്‍ സറാ തുടര്‍ന്ന് എഴുതുന്നു: ''പ്രാര്‍ത്ഥന കഴിഞ്ഞ് എണീറ്റ പരിശുദ്ധപിതാവ് സാവധാനം എന്റെ അടുക്കല്‍ വന്ന് അദ്ദേഹം അണിഞ്ഞിരുന്ന ഊറാറ ഊരി എന്റെ തോളുകളില്‍ ധരിപ്പിച്ചു. ഞാനാകെ സ്തംഭിച്ചു പോയി. ഇത് എന്താണു സൂചിപ്പിക്കുന്നത് എന്നു ഗ്രഹിക്കുവാന്‍ ഞാന്‍ കുറച്ചു സമയം എടുത്തു.'' ഹൃദയസ്പര്‍ശിയായ ഈ വിവരണത്തെത്തുടര്‍ന്ന് കര്‍ദിനാള്‍ സറാ ഊറാറയെക്കുറിച്ച് അഗാധമായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.
ഒരിക്കല്‍ക്കൂടി തിരുപ്പട്ടം ലഭിച്ചതുപോലെയും പരിശുദ്ധപിതാവിലൂടെ മിശിഹാ തന്നെയാണ് ഈ ഊറാറ തന്നെ ധരിപ്പിച്ചതെന്നും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഈശോ പറയുകയാണ്: ''പോവുക, എന്റെ അജഗണത്തിന്റെ ഇടയനായിരിക്കുക. അവരെ നയിക്കുക, അവരെ സ്‌നേഹിക്കുക, അവരെ നയിക്കുക, പഠിപ്പിക്കുക, അതിലെല്ലാം ഉപരിയായി എന്റെ ശരീരവും രക്തവുംകൊണ്ട് അവരെ പരിപോഷിപ്പിക്കുക. എന്നോടൊപ്പം ആത്മാക്കളെ നേടാനായി നീയും വരിക.'' ഇപ്രകാരം ആത്മഗതം ചെയ്യുന്ന കര്‍ദിനാള്‍ സറാ, വൈദികരോട് ഓരോ തവണ ഊറാറ ധരിക്കുമ്പോഴും ഈ ചിന്തകള്‍ ഓര്‍മിക്കണമെന്നും യാതൊരു കാരണത്താലും നഷ്ടധൈര്യരാകരുതെന്നും ഉപദേശിക്കുന്നു. 
എന്നന്നേക്കും
ഈശോമിശിഹാ എപ്പോഴും വൈദികനോടൊപ്പം ഉള്ളതുകൊണ്ട് പുരോഹിതനായിരിക്കുന്നതിലുള്ള ആനന്ദം അവനു നഷ്ടമാവുകയില്ല.
സഭാനൗക കാറ്റിലും കോളിലും മുങ്ങിത്താഴുമെന്നു തോന്നിയാലും മിശിഹാ അവിടെ സദാ സന്നിഹിതനാണ്. അവിടുന്ന് നിദ്രയിലാണെന്നു തോന്നിയാലും നമ്മുടെ ആനന്ദമായ മിശിഹാകര്‍ത്താവ് എപ്പോഴും പുരോഹിതന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അതേ, അവിടുന്ന് അവിടെ വസിക്കുന്നത് എന്നേക്കുമാണ് (For the Eternity).

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)