•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സുനിതയുടെ ഉത്തരങ്ങള്‍

ജീവിതത്തിലെ ദുരനുഭവങ്ങള്‍ പലപ്പോഴും വ്യക്തികളെ അന്തര്‍മുഖരാക്കാറുണ്ട്. ഈ അനുഭവങ്ങളുടെ ഉത്തരവാദിത്വംകൂടി ഇരകളുടെ മേല്‍ കെട്ടിവയ്ക്കപ്പെടുമ്പോള്‍ ഉള്‍വലിഞ്ഞ് ജീവിതം തീര്‍ക്കുന്ന എത്രയോ വ്യക്തികളുണ്ട്. മുഖ്യധാരയില്‍നിന്നു മറ്റുള്ളവരാലോ, സ്വയമോ മാറ്റിനിറുത്തപ്പെടുന്നവര്‍. എന്നാല്‍, 15-ാം വയസ്സില്‍ നേരിടേണ്ടി വന്ന കൂട്ടബലാത്സംഗമെന്ന പ്രതികൂലാനുഭവത്തെ, ഇത്തരം തിന്മകള്‍ക്കെതിരേ ശബ്ദിക്കാനവളെ പ്രാപ്തിയാക്കിയാലോ? തന്റെ പ്രതിഷേധം ഇത്തരം തിന്മകളുടെ തീവ്രമായ ഇടങ്ങളില്‍നിന്നും വ്യക്തികളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിതത്തെ ശുദ്ധമായ തൊഴിലിടങ്ങളുമായി  സംയോജിപ്പിച്ച് അഭിമാനപൂര്‍വമായ ജീവിതം നയിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്ന പദ്ധതിയായി മാറിയാലോ? ഡോക്ടര്‍ സുനിതാ കൃഷ്ണനെന്ന, ഹൈദരബാദില്‍ താമസിക്കുന്ന മലയാളിവനിത നമ്മെ അതിശയിപ്പിക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.
2016 ല്‍ സാമൂഹികസേവനരംഗത്തെ മികവിന് രാജ്യം പത്മശ്രീ നല്‍കിയ സുനിതയ്ക്ക് തനിക്കു ലഭിച്ച അസംഖ്യം ബഹുമതികളെക്കാള്‍ പ്രചോദനമാകുന്നത് തന്റെ കര്‍മരംഗത്തെ പ്രതിസന്ധികളാണ്. രാജുകൃഷ്ണന്‍, നളിനി എന്നീ പാലക്കാടന്‍ദമ്പതികളുടെ മകളായി ബാംഗ്ലൂരില്‍ സുനിത ജനിച്ചപ്പോള്‍ത്തന്നെ അവള്‍ക്ക് കാലിനു വൈകല്യമെന്ന പ്രതിസന്ധി കൂട്ടിനുണ്ടായിരുന്നു. കളികളുടെ ലോകത്തില്‍നിന്നു വൈകല്യമവളെ മാറ്റിനിറുത്തിയെങ്കിലും പഠനവും വായനയും എന്നും സന്തതസഹചാരിയായി കൂടെ നിന്നു. സുനിതയുടെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍ 'നിന്റെയടുത്തെന്തില്ല എന്നതിലുപരിയായി നിന്റെയടുത്തെന്തുണ്ട് എന്നു ചിന്തിക്കൂ' എന്ന അച്ഛന്റെ വാക്കുകളിലൂന്നി വൈകല്യം മറികടന്നപ്പോള്‍ അവളൊരു പോരാളിയായി മാറുകയായിരുന്നു. 
തന്റെ ഗ്രാമത്തിലെ ദരിദ്രമായ ഇടങ്ങളിലെ കുട്ടികള്‍ക്ക് ഡാന്‍സ് ക്ലാസുകള്‍ എടുക്കുക, പഠിച്ച പാഠങ്ങള്‍ പകര്‍ന്നു നല്‍കുക തുടങ്ങിയവയായിരുന്നു കൊച്ചു സുനിതയുടെ താത്പര്യം. അവര്‍ണരുടെ  ഇടയില്‍ ഒരു കൗമാരക്കാരി ചെയ്യുന്ന ഈ അറിവുപകര്‍ന്നുകൊടുക്കലാണ് ഗ്രാമത്തിലെ ചിലയാളുകളെ പ്രകോപിപ്പിച്ചതും പതിനഞ്ചുവയസ്സുകാരിയായ ആ കുട്ടി റ്റീച്ചറെ എട്ടുപേരുടെ കൂട്ട ലൈംഗികാക്രമണത്തിനിരയായിത്തീര്‍ത്തതും. വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട അവസ്ഥ, പലയിടങ്ങളില്‍നിന്നുയരുന്ന കുറ്റപ്പെടുത്തലുകള്‍, നീതി നടപ്പാക്കേണ്ടവര്‍ കുറ്റവാളികളുടെ പക്ഷം ചേരുന്നത്... തുടങ്ങി സുനിതയെ വിഷാദത്തിലേക്കു തള്ളിവിടാന്‍ കാരണങ്ങളേറെയുണ്ടായിരുന്നുവെങ്കിലും അവള്‍ തളര്‍ന്നില്ല. അപരാധികളായവര്‍ അനുഭവിക്കേണ്ട നാണക്കേടും ശിക്ഷയും അനുഭവിക്കുവാന്‍ തന്റെ ജന്മം വിട്ടുകൊടുക്കില്ല എന്നവള്‍ തീരുമാനിച്ചു. അറിവു പകര്‍ന്നു കൊടുക്കുക എന്നതിലുപരിയായി ഇത്തരം ഹീനമായ അതിക്രമങ്ങള്‍ക്കതിരേ പൊരുതുകയാണ് തന്റെ ജീവിതനിയോഗമെന്നവള്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള വിദ്യാഭ്യാസം അതിനുള്ള വഴിയായി അവള്‍ കണ്ടു. സാമൂഹികസേവനത്തിലാണ് ബിരുദാനന്തരബിരുദം നേടിയത്. ഗവേഷണവും ആ മേഖലയില്‍ത്തന്നെ.
കലാലയപഠനകാലത്തും തുടര്‍ന്നുമൊക്കെ ചുവന്ന തെരുവുകളിലെ നിത്യസന്ദര്‍ശകയായതെന്തിനെന്ന ചോദ്യത്തിനവര്‍ നല്‍കുന്ന ഉത്തരമിതാണ്: ''ലൈംഗികാതിക്രമം ഒരു വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുവെന്നു മനസ്സിലാക്കിയ വ്യക്തിയാണു ഞാന്‍. എന്നാല്‍, ഈ അതിക്രമം അതിന്റെ എല്ലാ ക്രൂരതകളോടും കൂടെ ദിവസത്തില്‍ അനേകം പ്രാവശ്യം ഏറ്റുവാങ്ങുന്നവരാണവര്‍. അന്നന്നത്തെ ആഹാരത്തിനായി തൊഴില്‍തേടി വന്നവര്‍, സ്‌നേഹിതരാല്‍ പറ്റിക്കപ്പെട്ടവര്‍, മനുഷ്യവാണിഭത്തിന്റെ ഇരകളായ അനാഥബാല്യങ്ങള്‍, ഒരിക്കല്‍ കാലിടറിയതിന്റെ പേരില്‍ എന്നും ചൂഷണം ചെയ്യപ്പെടുന്നവര്‍. അവരുടെ പ്രായം മൂന്നു വയസ്സുമുതല്‍ തുടങ്ങുന്നു... അവര്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാനവിടെ മിക്കവാറും ദിവസങ്ങളില്‍ ചെല്ലും. അവരുമായി സംസാരിക്കും. തിരസ്‌കരണത്തിന്റെ അനുഭവമായിരുന്നു... തങ്ങളുടെ ജീവിതത്തിലിനി ഇവിടെനിന്നൊരു മോചനം അവരുടെ ഭാവനകളില്‍പോലുമുണ്ടായിരുന്നില്ല.''
ഒരിക്കല്‍ പത്തു വയസ്സുള്ള, ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു പെണ്‍കുട്ടിയെ അവിടെ കണ്ടു. അനേകരാല്‍ ആക്രമിക്കപ്പെട്ട തന്റെ നേരേ വലിച്ചെറിയപ്പെട്ട ചില്ലിക്കാശ് എന്തിനെന്നുപോലുമറിയാത്ത അവളെ രക്ഷപ്പെടുത്താമെന്നൊരന്തേവാസി തന്നെ അവളോടു പറഞ്ഞു. അങ്ങനെ ബാംഗ്ലൂര്‍ നഗരത്തിലെ ഒരു വേശ്യാലയത്തില്‍നിന്ന് അവിടത്തന്നെയുള്ള രണ്ടു സ്ത്രീകളുടെ സഹായത്താല്‍ അവളെ രക്ഷിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
1996 ല്‍ ബാംഗ്ലൂരില്‍ നടന്ന ലോകസുന്ദരിമത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചപ്പോഴാണ് സുനിത പൊതുരംഗത്തു ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീസൗന്ദര്യത്തെ ശരീരത്തിന്റെ അഴകളവുകളില്‍ തളച്ചിടുന്ന, കൗമാരധാരണകളെ സ്വാധീനിച്ച് അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന കച്ചവടതാത്പര്യത്തോടെ നടത്തുന്ന ഇത്തരം മത്സരങ്ങള്‍ക്ക് സുനിത അന്നുമിന്നും എതിരുതന്നെ.
ഹൈദരബാദിലെ ചുവന്ന തെരുവായ മെഹ്ബുബ് കി മെഹ്ദിയിലെ കുടിയൊഴിപ്പിക്കലിലൂടെ അനേകായിരം സ്ത്രീകളും കുട്ടികളും കൊടിയ ദുരന്തത്തിലായി. അവരുടെ വീടുകള്‍ അഗ്നിക്കിരയായി, പലരും കാരാഗൃഹത്തിലാക്കപ്പെട്ടു... പലരും എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളുടെ അടിമകളായിരുന്നു. അനേകര്‍ മരണപ്പെട്ടു. കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെട്ടു. ഈ ദുരവസ്ഥയില്‍ അവരെ സഹായിക്കാന്‍ സുനിത മുന്നോട്ടു വന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ ബ്രദര്‍ ജോസ് വെട്ടിക്കലിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. അവിടത്തെ സ്ത്രീകളുടെ പിന്തുണയോടെ അവശേഷിച്ച ഒരു കെട്ടിടത്തില്‍ പ്രജ്വല എന്ന സംരംഭത്തിന് അന്നു തുടക്കം കുറിക്കപ്പെട്ടു.
രക്ഷിക്കപ്പെട്ടവരുടെയും സമാനമനസ്‌കരായ സാമൂഹികപ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ പ്രജ്വല ചൂഷണത്തിനെതിരായി വേറിട്ട വഴികളിലൂടെ വളര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശപ്രസ്ഥാനമായി മാറി. ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് പ്രജ്വലയുടെ പ്രവര്‍ത്തനരീതി. ഈ രക്ഷായാത്രയില്‍ത്തന്നെ സുനിതയ്ക്ക് 17 ല്‍ പരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കാരണം ഏതാണ്ട് 500 ബില്യന്‍ ഡോളര്‍ വ്യവസായമാണ് ചുവന്ന തെരുവുകളോടനുബന്ധിച്ചു നടക്കുന്നത്... ലഹരിക്കടത്ത്, ആയുധക്കച്ചവടം എന്നിവ കഴിഞ്ഞാല്‍ അധോലോകസംഘങ്ങളുടെ സഹായത്തോടെ നടക്കുന്ന മൂന്നാമത്തെ സാമൂഹികതിന്മയാണിത്. മൂന്നു വയസ്സുമുതല്‍ 50 വയസ്സിനു മുകളിലുള്ളവര്‍ വരെയടങ്ങുന്ന  7000ത്തിനു മുകളില്‍ സ്ത്രീകളെയും പുരുഷന്മാരെയും 4 അടി 6 ഇഞ്ച് ഉയരമുള്ള ഈ വനിത നയിക്കുന്ന സംഘടനയ്ക്ക് രക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1000 ല്‍പരം വ്യക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു. 
'ഞങ്ങളുടെ ഈ നശിച്ച ജീവിതത്തില്‍നിന്നു ഞങ്ങളുടെ മക്കളെ രക്ഷിക്കൂ' എന്ന ഈ സ്ത്രീകളുടെ രോദനമാണ് അവരുടെ മക്കള്‍ക്കുവേണ്ടി (എച്ച്.ഐ.വി. ബാധിതരും അല്ലാത്തവരും) സ്‌കൂളുകളും പുനരധിവാസകേന്ദ്രങ്ങളും ആരംഭിക്കാന്‍ പ്രേരണയായത്. ഇത്തരത്തിലുള്ള 17 കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. കൂട്ടബലാത്സംഗത്തിനിരയായവരും എയ്ഡ്‌സ് ബാധിതരുമൊക്കെ ഇത്തരം കേന്ദ്രങ്ങളില്‍ ശാന്തജീവിതം നയിക്കുന്നു. 
ചുവന്ന തെരുവില്‍നിന്നു മോചിതരാക്കപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ ഭൂതകാലം മറന്ന് തൊഴിലിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും സജീവമായി അഭിമാനത്തോടെ ജീവിക്കുന്നു. ആത്മാഭിമാനം നശിച്ച് ലഹരിക്കും രോഗങ്ങള്‍ക്കും അടിമകളായ ഇത്തരം സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥാന്തരപ്രവര്‍ത്തനത്തില്‍  പോലീസും ഭരണകൂടവും സുനിതയെ പിന്തുണയ്ക്കുന്നു. ഇപ്പോള്‍ ആന്ധ്രാ വനിതാ കമ്മീഷന്‍ അംഗമാണ് സുനിത. 2011 ല്‍ കേരളത്തിലും വനിതാ കമ്മീഷന്‍ ഉപദേശികയായിരുന്നു.
ഏഴുവര്‍ഷംമുമ്പ് സുനിത നടത്തിയ ഒരു പോരാട്ടം ടവമാല വേല ൃമുശേെ രമാുമശഴി വളരെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ആക്രമിച്ച് അതിന്റെ വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവണതയ്‌ക്കെതിരായിരുന്നു അത്. വര്‍ഷങ്ങളോളം ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സുനിത പെണ്‍കുട്ടിയുടെ സ്വത്വം വെളിപ്പെടാത്ത രീതിയില്‍ അവ അപ്‌ലോഡ് ചെയ്ത് പ്രതികളെ തിരിച്ചറിയുകയും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ചെയ്യണമെന്ന അഭ്യര്‍ത്ഥന സമൂഹമനഃസാക്ഷിക്കു മുമ്പില്‍ വച്ചു. ഇത്തരം 150 ല്‍ പരം വീഡിയോകള്‍ കണ്ടെടുക്കപ്പെട്ടു. പല പ്രതികളും ശിക്ഷിക്കപ്പെട്ടു. പക്ഷേ, ഈ പ്രവൃത്തിയുടെ പേരില്‍ ധാരാളം ആക്രമണങ്ങള്‍ (സൈബര്‍, ശാരീരികം) സുനിതയ്ക്കു നേരിടേണ്ടിവന്നു.
സുനിതയുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ അവര്‍ക്കു പിന്തുണ നല്‍കുന്ന മലയാളികളില്‍ ഒരാള്‍ ശ്രീ. രാജേഷ് ടച്ച് റിവറാണ് (കി വേല ിമാല ീള ആൗറവമ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ ഫിലിം). സുനിതയുടെ അനുഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ആധാരമാക്കി ഡോക്യുമെന്ററികളും സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു. അവരുടെ സംയുക്ത സംരംഭമായ 'എന്റെ' എന്ന മലയാളം സിനിമ സുനിതയുടെ അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ്. 
പീഡനത്തിനിരയാക്കപ്പെടുന്ന ഓരോ വ്യക്തിയും രക്ഷിക്കപ്പെടുമ്പോള്‍ ഞാനാണ് രക്ഷിക്കപ്പെടുന്നത്, അവര്‍ക്കു നീതി കിട്ടുമ്പോള്‍ എനിക്കാണു നീതി കിട്ടുന്നത് എന്നുറച്ചു വിശ്വസിക്കുന്ന സുനിതയെപ്പോലെ പ്രതിസന്ധികളെ സമൂഹനന്മയ്ക്കുള്ള ഉത്തരങ്ങളായി മാറ്റാന്‍ നമ്മില്‍ എത്രപേര്‍ക്കാവും?
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)