വിശ്വപ്രസിദ്ധ ചിത്രകാരനായ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച അതിപ്രശസ്തചിത്രമാണ് ''യേശുവിന്റെ ഒടുവിലത്തെ അത്താഴം''. മിലാനിലെ ഭരണാധികാരിയായ ഡൂക്ക് ലുഡൊവിക്കോ 1495 ല്‍ ഡാവിഞ്ചിയോട് സുപ്രധാനമായ ഒരാവശ്യം ഉന്നയിച്ചു. ശിഷ്യരോടൊത്തുള്ള യേശുവിന്റെ അവസാനത്തെ അത്താഴവേളയിലെ ഏറ്റവും മികച്ച നാടകീയമുഹൂര്‍ത്തം ചിത്രീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
രംഗം എങ്ങനെ ഏതു രീതിയില്‍ വേണം എന്നത് ഡാവിഞ്ചിയുടെ ഭാവനയ്ക്കു വിട്ടുകൊടുത്തു. അദ്ദേഹം ആ ദൗത്യം സസന്തോഷം ഏറ്റെടുത്തു. ഏതാണ് ആ നാടകീയമുഹൂര്‍ത്തം? ഡാവിഞ്ചി ചിന്തിക്കാന്‍ തുടങ്ങി. ക്രമേണ, ഡാവിഞ്ചിയുടെ മനസ്സില്‍ മികച്ചൊരു മുഹൂര്‍ത്തം തെളിഞ്ഞുവന്നു. ബൈബിളില്‍ അത്താഴസമയത്ത് യേശു ശിഷ്യരോടായി പറയുന്ന ഒരു വാക്യമുണ്ട്: ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.'' സ്‌ഫോടനാത്മകമായ വാക്യം. അതു ശിഷ്യരില്‍ ഉണ്ടാക്കിയ നടുക്കം, പരിഭ്രാന്തി, ഉത്കണ്ഠ, വിവിധ ഭാവങ്ങള്‍, ആംഗ്യങ്ങള്‍! ഇതിലും നല്ല മുഹൂര്‍ത്തം വേറേ എന്ത്? ഇതുതന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.
അന്നു ഡാവിഞ്ചിക്ക് നാല്പത്തിമൂന്നു വയസ്സ്. മിലാനിലെ സാന്താമരിയ മൊണാസ്ട്രിയിലെ ഡൈനിങ് ഹാളിന്റെ വലിയ ചുമരിലാണ് ചിത്രം വരയ്‌ക്കേണ്ടത്. യൂദാസടക്കമുള്ള പന്ത്രണ്ടു ശിഷ്യന്മാരെ മൂന്നുപേര്‍ വീതമുള്ള നാലു ഗ്രൂപ്പുകളാക്കി ഡാവിഞ്ചി തിരിച്ചു. ഓരോ വശത്തും ആറുപേര്‍ വീതം. നടുവില്‍ യേശുവിന്റെ രൂപം. മേശപ്പുറത്തുള്ള അത്താഴവിഭവങ്ങള്‍ക്കൊപ്പം യേശുവിന്റെ വലതുകരത്തില്‍ വീഞ്ഞുനിറച്ച ഒരു സ്ഫടികക്കപ്പ്. പന്ത്രണ്ടു ശിഷ്യന്മാരുടെയും യേശുവിന്റെയും വ്യത്യസ്തഭാവങ്ങളിലുള്ള ചിത്രം വളരെ സാവധാനത്തിലും ഏറെ സൂക്ഷ്മതയോടും എല്ലാ വിശദാംശങ്ങളോടുംകൂടി ഡാവിഞ്ചി വരച്ചു പൂര്‍ത്തിയാക്കി. മൂന്നു വര്‍ഷമെടുത്തു ചിത്രം വരച്ചുതീര്‍ക്കാന്‍.
പെയിന്റിങ് പൂര്‍ത്തിയായപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനവും സംതൃപ്തിയും തോന്നി. കുറേനേരം അതിന്റെ ഭംഗിയാസ്വദിച്ചുനിന്നു. ചിത്രത്തെക്കുറിച്ചു മറ്റൊരാളുടെ അഭിപ്രായമറിയാനുള്ള വ്യഗ്രതയോടെ ഡാവിഞ്ചി തന്റെ ഏറ്റവുമടുത്ത സുഹൃത്തിനെ വിളിച്ചുവരുത്തി ചിത്രം കാണിച്ചിട്ടു പറഞ്ഞു: ''നീ നിന്റെ സത്യസന്ധമായ അഭിപ്രായം പറയണം.''
അല്പനേരം ചിത്രത്തില്‍ നോക്കിനിന്നശേഷം സുഹൃത്തു പറഞ്ഞു:''അദ്ഭുതകരമായിരിക്കുന്നു. ഇത്ര മനോഹരമായൊരു ചിത്രം എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. നല്ല മിഴിവുള്ള, ജീവന്‍ തുടിക്കുന്ന ചിത്രം. ഹോ! യേശുവിന്റെ കൈയിലെ ആ വൈന്‍കപ്പ് ശരിക്കും വീഞ്ഞുനിറച്ച യഥാര്‍ത്ഥ സ്ഫടികക്കപ്പുതന്നെ. അതില്‍നിന്നു കണ്ണെടുക്കാന്‍ തോന്നുന്നില്ല. അത്രയ്ക്കും സജീവമായിരിക്കുന്നു.''
ഡാവിഞ്ചി അതുകേട്ടു സന്തോഷിക്കുകയല്ല ചെയ്തത്. മ്ലാനമുഖനായിത്തീര്‍ന്ന അദ്ദേഹം ഉടനെ തന്റെ ബ്രഷ് ചായത്തില്‍ മുക്കി ആ വൈന്‍കപ്പ് അപ്പാടെ മായ്ച്ചുകളഞ്ഞു. സുഹൃത്തു ഞെട്ടിപ്പോയി. ഡാവിഞ്ചി സുഹൃത്തിനോടു പറഞ്ഞു: ''നിന്നെ അത് അത്രമാത്രം ആകര്‍ഷിക്കുന്നെങ്കില്‍ അതവിടെ ഉണ്ടാകാന്‍ പാടില്ല. യേശുവില്‍നിന്നു ശ്രദ്ധ തെറ്റിക്കുന്ന യാതൊന്നും ഇതിലുണ്ടാവരുത്.''
ഇതുതന്നെയാണ് നാടകത്തിന്റെയും സ്ഥിതി. മൊത്തം നാടകത്തില്‍നിന്നു ശ്രദ്ധ തെറ്റിക്കുന്ന ഏതെങ്കിലും പ്രത്യേക ഘടകത്തിന് ഊന്നലോ മുന്‍തൂക്കമോ ലഭിക്കുന്ന യാതൊന്നും നാടകത്തിലുണ്ടാകരുത്. No part is more important than the whole. ഈ വസ്തുത ഞാന്‍ രചിച്ച 'നാടകരചന എന്ത്, എങ്ങനെ?' എന്ന പഠനഗ്രന്ഥത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഒരു കാര്യംകൂടി: ഡാവിഞ്ചിയുടെ 'മൊണാലിസ' പോലെതന്നെ ഒരു മാസ്റ്റര്‍പീസായ 'ഒടുവിലത്തെ അത്താഴം' എന്ന അനശ്വരചിത്രത്തില്‍ സൂക്ഷിച്ചുനോക്കിയാല്‍ യേശുവിന്റെ വലതുകരത്തിലെ വിരലുകള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കുന്നതു കാണാം. അതിനിടയിലുണ്ടായിരുന്ന വൈന്‍കപ്പ് മാത്രം അപ്രത്യക്ഷമായി.