•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദേശീയ വിദ്യാഭ്യാസനയം 2020 പ്രതീക്ഷകളും വെല്ലുവിളികളും

രു വ്യക്തി സന്തുഷ്ടനും കര്‍മ്മകുശലനും ധര്‍മ്മശാസ്ത്ര-നീതിബോധപ്രചോദിതനും കാര്യശേഷിയുള്ളവനുമായിത്തീരുന്നത്, അവനു വിദ്യാഭ്യാസത്തിലൂടെ ലഭിച്ച സംസ്‌കാരത്തിന്റെയും തിരിച്ചറിവിന്റെയും മൂല്യങ്ങളുടെയും നൈപുണികളുടെയും അടിസ്ഥാനത്തിലാണ്. ആയതിനാല്‍, വിദ്യാഭ്യാസവും അതിനാധാരമായ നയങ്ങളും തത്ത്വങ്ങളുമെല്ലാം മനുഷ്യന്റെയും സമൂഹത്തിന്റെയും അനുബന്ധഘടകങ്ങളുടെയും സമഗ്രതയില്‍ ഊന്നിയതായിരിക്കണം. കാലഘട്ടത്തിനു യോജിച്ചതും കാലത്തിനു മുന്‍പേ നടക്കാന്‍ പ്രേരിപ്പിക്കുന്നതും സുസ്ഥിരഭാവി ഉറപ്പുവരുത്തുന്നതുമായ തത്ത്വങ്ങളുടെ കാതലായ കരുതല്‍ശേഖരമായിരിക്കണം പുതിയ നയങ്ങളില്‍നിന്നും ഉരുത്തിരിയുന്ന പാഠ്യപദ്ധതികളും പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടുകളും.
1985 ല്‍ ഇന്ത്യാഗവണ്‍മെന്റ് 'വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികള്‍' എന്ന ഒരു സുപ്രധാനരേഖ പ്രസിദ്ധീകരിച്ചു. ഭാവിനയങ്ങളെക്കുറിച്ചു വിവിധ സമ്മേളനങ്ങളിലും സെമിനാറുകളിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ കീഴില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി 1986 ല്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് രൂപപ്പെടുത്തി. 1986 മേയ് ആദ്യവാരം അതു പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. 1986 മേയ് 8 ന് ലോകസഭയും മേയ് 13 ന് രാജ്യസഭയും അന്നത്തെ ദേശീയവിദ്യാഭ്യാസനയം അംഗീകരിച്ചു. ഇതിന്റെ പുനരവലോകനം 1990 ലും 1992 ലും നടത്തി പുതിയ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുകയും പരിഷ്‌കരിച്ച വിദ്യാഭ്യാസനയം പുറത്തിറക്കുകയും ചെയ്തു. പത്തുവര്‍ഷത്തിലൊരിക്കല്‍ വിദ്യാഭ്യാസനയം പരിഷ്‌കരിച്ചു പുറത്തിറക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്.
ഇപ്പോള്‍ നിലവിലുള്ള കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം 'വിദ്യാഭ്യാസമന്ത്രാലയം' എന്നാക്കി മാറ്റും. മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി കൂടുതല്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസദര്‍ശനം തയ്യാറാക്കുന്നതിനും ആളുകളില്‍ എത്തിക്കുന്നതിനും വിലയിരുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കും. ജി ഡി പി യുടെ 6% തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കും. 1968 ലെയും 1986 ലെയും വിദ്യാഭ്യാസനയത്തില്‍ വിദ്യാഭ്യാസത്തിനായി ജി ഡി പി യുടെ 6% മാറ്റിവയ്ക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.
ഓണ്‍ലൈന്‍, ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ വിദ്യാഭ്യാസനയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ഐ.സി.റ്റി. അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്നതിനായി, അധ്യാപകര്‍ക്കുള്ള പരിശീലനവും ഈ വിദ്യാഭ്യാസനയം പറഞ്ഞു വയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠനത്തിനായി NFTF, CIET, NIOS, IGNOU, IITs, NITs എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തി വിപുലമായ ഗവേഷണങ്ങള്‍ നടത്തും. നിലവിലുള്ള ഇ-ലേണിംഗ് സൗകര്യങ്ങളായ സ്വയം, ദിക്ഷ(SWAYAM, DIKSHA) എന്നിവ കൂടുതല്‍ ലളിതവും ക്രമീകൃതവുമാക്കി അധ്യാപകര്‍ക്കുള്ള പരിശീലനത്തോടുകൂടി അവതരിപ്പിക്കും. ഇതുകൂടാതെ സ്വയംപ്രഭ (SWAYAM, DIKSHA) അടക്കമുള്ള സൗകര്യങ്ങളിലൂടെ വെര്‍ച്വല്‍ ലാബുകള്‍കൂടി കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സജ്ജീകരിക്കും. 21-ാം നൂറ്റാണ്ടിലെ നൈപുണികള്‍കൂടി വിലയിരുത്താവുന്ന രീതിയില്‍ PARAKH, NTA,  സ്‌കൂള്‍ ബോര്‍ഡുകള്‍, മറ്റ് അംഗീകൃത ഏജന്‍സികള്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാവും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിനായി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നമ്മുടെ ഗ്രാമീണ-പിന്നാക്കമേഖലകള്‍ അനുഭവിക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ നമുക്കാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നാഷണല്‍ എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഫോറം(NETF)എന്ന പുതിയ സ്വയംഭരണസ്ഥാപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാങ്കേതികവിദ്യാഭ്യാസകാര്യങ്ങളില്‍ ഉപദേശം നല്‍കുമ്പോള്‍ രാഷ്ട്രീയനിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും ഉണ്ടാകാതെ ഗുണനിലവാരവും ധാര്‍മ്മികതയുമുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മയായാല്‍ മാത്രമേ ഉദ്ദേശിച്ച ഗുണം വിദ്യാഭ്യാസമേഖലയിലുണ്ടാവൂ. വിദ്യാഭ്യാസനയത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ  (HECI), നാഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍ (NHERC) അക്രഡിറ്റേഷനായുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (NAC), വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള ധനസഹായത്തിനുള്ള ഹയര്‍ എഡ്യൂക്കേഷന്‍ ഗ്രാന്റ്‌സ് കൗണ്‍സില്‍(HEGC),ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ജനറല്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ (GEC) എന്നിവയിലെല്ലാം മേല്‍സൂചിപ്പിച്ച ഗുണനിലവാരവും ധാര്‍മ്മികതയുമുള്ളവര്‍ നിയമിക്കപ്പെടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയ്‌ക്കെല്ലാം മുകളിലായി പ്രധാനമന്ത്രി അധ്യക്ഷനായ നാഷണല്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍  (NEC)  വിഭാവനം ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസമേഖലയില്‍ അരാജകത്വത്തിന് അതു വഴിതെളിക്കും. വിദ്യാഭ്യാസത്തിനായി ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായവും ഇതരസേവനങ്ങളും രാഷ്ട്രീയവത്കരിക്കപ്പെടാതെ സൂക്ഷിക്കുകയും വേണം.
വിദ്യാഭ്യാസത്തിന്റെ ഘടനയില്‍ അടിമുടി പരിഷ്‌കാരമാണ് പുതിയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ നമ്മുടെ രാജ്യത്ത് 5+3+2+2 എന്ന ഘടനയാണ് പൊതുവായി സ്വീകരിച്ചിരിക്കുന്നത് (കേരളം പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ അത് 4+3+3+2 എന്നതാണ്) ഇതില്‍നിന്നു മാറി 5+3+3+4 എന്ന പുതിയ ഘടനയാണ് ദേശീയവിദ്യാഭ്യാസനയത്തില്‍ പറഞ്ഞിരിക്കുന്നത്. അതു വിവിധ ഘട്ടങ്ങളായി വിശദീകരിക്കട്ടെ.
(i) ഫൗണേ്ടഷണല്‍ സ്റ്റേജ് 
പ്രീ പ്രൈമറി, അങ്കണവാടി ഉള്‍പ്പെടെ ഒന്ന്, രണ്ട് ക്ലാസുകള്‍കൂടി ഉള്‍പ്പെടുത്തി (3+2) മൂന്നുവയസ്സില്‍ ആരംഭിച്ച് എട്ടു വയസ്സുവരെയുള്ള (3-6, 6-8) ഫൗണേ്ടഷണല്‍ സ്റ്റേജില്‍ കളികളിലൂടെയുള്ള പഠനം, സഹകരണം, നല്ല പെരുമാറ്റം, മൂല്യങ്ങള്‍, വ്യക്തിശുചിത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്റ് എഡ്യൂക്കേഷന്‍(ECCE)നമ്മുടെ രാജ്യത്ത് കോടിക്കണക്കിനു കുട്ടികള്‍ക്ക് ഇന്നും അപ്രാപ്യമാണ്. കുട്ടികളെ സംബന്ധിച്ച് ആറു വയസ്സിനുമുന്‍പ് അവര്‍ക്കു ലഭിക്കുന്ന പരിശീലനം, മാതൃകകള്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 45-ാം വകുപ്പ് (2002 ലെ 86-ാം ഭരണഘടനാ ഭേദഗതി) മേല്‍പ്പറഞ്ഞ ഋഇഇഋ ഊന്നിപ്പറയുന്നുണ്ട്. 8 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അധ്യാപന-പാഠ്യപദ്ധതി ചട്ടക്കൂട് ചഇഋഞഠ രൂപപ്പെടുത്തും. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അങ്കണവാടികള്‍ ഉള്‍പ്പെടെ നിലവിലുള്ള കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും! 3-6 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം 2025 ല്‍ പൂര്‍ത്തീകരിക്കുമെന്നു പറയുന്നു.
(ii) പ്രിപ്പറേറ്ററി സ്റ്റേജ്
മൂന്നു മുതല്‍ അഞ്ചുവരെക്ലാസുകളുള്‍പ്പെടുന്ന (8-11 വരെ) ഘട്ടത്തില്‍ കുട്ടികള്‍ കളികളില്‍നിന്നു മാറി പഠനത്തിലേക്കു കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. പുസ്തകപരിചയം, വിവിധ വിഷയങ്ങള്‍ പരിചയപ്പെടുത്തല്‍, വായന, എഴുത്ത്, സംസാരം, ഭാഷ, കല, ശാസ്ത്രം, കണക്ക്, കായികം എന്നിവയിലെല്ലാം പരിശീലനം ആരംഭിക്കുന്നു. എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള കഴിവ്, ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് ഉള്‍പ്പെടെ ഫൗണേ്ടഷണല്‍ ലിറ്ററസി ആന്റ് ന്യൂമറസി 2025 ഓടുകൂടി എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്താന്‍ ഉദ്ദേശിക്കുന്നു. ഇതിനായി വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലായി നാഷണല്‍ മിഷന്‍ ഓണ്‍ ഫൗണേ്ടഷണല്‍ ലിറ്ററസി ആന്റ് ന്യൂമറോളജി സ്ഥാപിക്കും. സമയബന്ധിതമായി അധ്യാപക തസ്തികകളില്‍ നിയമനം നടത്തണമെന്നും വിദ്യാഭ്യാസനയം വ്യക്തമാക്കുന്നു. പോഷകാഹാരം, ആരോഗ്യം, മാനസികാരോഗ്യം എന്നിവയ്ക്കു നല്‍കേണ്ട ഊന്നല്‍ കാലികപ്രസക്തമാണ്.
(iii) മിഡില്‍ സ്റ്റേജ്
ആറാംക്ലാസ് മുതല്‍ എട്ടാംക്ലാസ് വരെ (11-14 വയസ്)യുള്ള ഘട്ടത്തില്‍ ഓരോ വിഷയത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി അതതു വിഷയങ്ങളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ പഠിപ്പിക്കുന്നു. വിഷയത്തില്‍ കൂടുതല്‍ അവഗാഹം, ഭാഷാപഠനം (മാതൃഭാഷയും, ഇംഗ്ലീഷ്, ഹിന്ദി/ മറ്റ് ഇന്ത്യന്‍ ഭാഷകള്‍) തൊഴിലധിഷ്ഠിതവിദ്യാഭ്യാസം എന്നിവയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. സയന്‍സ്, കണക്ക്, സാമൂഹ്യശാസ്ത്രം, കല, മാനവികവിഷയങ്ങള്‍ എന്നിവ അനുഭവങ്ങളിലൂടെയുള്ള പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി വിഷയവിദഗ്ധരായ അധ്യാപകര്‍ കൈകാര്യം ചെയ്യുന്നു.
(iv) സെക്കണ്ടറി സ്റ്റേജ്
9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ (14-18 വയസ്സ്) വിവിധ വിഷയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠനവിധേയമാക്കുന്നു. ജീവിതലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുതകുന്നതും വിദ്യാര്‍ത്ഥികള്‍ക്കു വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ അയവുള്ളതുമായ പാഠ്യപദ്ധതിയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പത്താംക്ലാസിനുശേഷം തൊഴിലധിഷ്ഠിതകോഴ്‌സിനോ കൂടുതല്‍ വൈദഗ്ധ്യം വേണ്ട കോഴ്‌സിനോ ചേരാന്‍ അവസരമുണ്ട്. അല്ലാത്തവര്‍ 12 ക്ലാസുവരെ തുടരുന്ന രീതിയാണ് ആവിഷ്‌കരിക്കുന്നത്. അങ്ങനെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കാന്‍ ലക്ഷ്യംവയ്ക്കുന്നു. ഇപ്പോള്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് (8-ാം ക്ലാസ് വരെ) നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ളത്. (വിദ്യാഭ്യാസ അവകാശനിയമം 2009 അനുസരിച്ച്) ഇപ്പോള്‍ നിലവിലുള്ള പ്ലസ് ടൂ/ ഹയര്‍സെക്കണ്ടറി സംവിധാനം ഇല്ലാതാകും. 9-ാം ക്ലാസുമുതല്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാസ്റ്റര്‍ ബിരുദവും അധ്യാപകപരിശീലനഡിഗ്രിയും നിര്‍ബന്ധമാകും. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും പ്ലസ് ടു നിര്‍ത്തലാക്കി 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റ സ്റ്റേജായി പരിഗണിക്കുന്ന കാര്യം എടുത്തുപറഞ്ഞിരുന്നു. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായതാണ്.ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് പുതിയ വിദ്യാഭ്യാസനയം മുന്നോട്ടു വയ്ക്കുന്നത്. സര്‍വ്വകലാശാലകളുടെയും കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഗുണനിലവാരത്തെ സംബന്ധിക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ വിവിധ കമ്മിറ്റികളും ഏജന്‍സികളും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഏവരിലും വളരുന്ന തരത്തില്‍ 21-ാം നൂറ്റാണ്ടിലെ നൈപുണികളും ആര്‍ജ്ജിക്കുന്ന ഒരു ഉന്നതവിദ്യാഭ്യാസസമ്പ്രദായമാണ് നമുക്കു വേണ്ടത്. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാഷ, മാനവികവിഷയങ്ങള്‍, കല, പ്രൊഫഷണല്‍ വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളെല്ലാം കൂടിച്ചേര്‍ന്ന ഉന്നതവിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ചു മാറേണ്ടതും ആവശ്യമാണ്. കൂടുതല്‍ ധാര്‍മ്മിക-സാമൂഹിക-ബൗദ്ധിക-ശാസ്ത്രീയമൂല്യങ്ങളുള്ള ഒരു തലമുറ ഉന്നതവിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെടണം. അതിലൂടെ തൊഴിലില്ലായ്മ അടക്കമുള്ള നമ്മുടെ സാമൂഹികപ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനും കഴിയണം.
പുതിയ വിദ്യാഭ്യാസനയത്തില്‍ മൂന്നുതരത്തിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്.
(i) റിസര്‍ച്ച് ഇന്റന്‍സീവ് യൂണിവേഴ്‌സിറ്റികള്‍ 
അധ്യാപനത്തിനു പുറമേ ഗവേഷണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഗുണനിലവാരമുള്ള സര്‍വ്വകലാശാലകളാണ് ഈ വിഭാഗത്തിലുള്ളത്. 5000 നും 25000 നും അല്ലെങ്കില്‍ അതിനു മുകളിലും വിദ്യാര്‍ത്ഥികള്‍ ചേരുന്ന സര്‍വകലാശാലകളുടെ ഗണത്തിലേക്ക് 150-300 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ വരുന്ന രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സൃഷ്ടിക്കുക എന്ന ഉദ്യമം വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്നു. പിഎച്ച്.ഡി, മാസ്റ്റേഴ്‌സ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ കൂടാതെ യു.ജി. കോഴ്‌സുകളും നല്‍കാന്‍ ഇത്തരം യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ടായിരിക്കും.
(ii) ടീച്ചിങ് യൂണിവേഴ്‌സിറ്റികള്‍
വിവിധ വിഷയങ്ങളിലുള്ള അധ്യാപനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഇത്തരം സര്‍വ്വകലാശാലകള്‍ യു.ജി. കോഴ്‌സുകള്‍, മാസ്റ്റേഴ്‌സ്, ഡോക്ടറല്‍, പ്രൊഫഷണല്‍, വൊക്കേഷണല്‍, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയും നല്‍കാന്‍ അനുവാദമുള്ള സര്‍വ്വകലാശാലകള്‍ ആയിരിക്കും. 2035 ഓടെ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കോളജുകള്‍ ഉണ്ടായിരിക്കില്ല. യൂണിവേഴ്‌സിറ്റികള്‍ തന്നെ അവരുടെ കാമ്പസുകളില്‍ കോഴ്‌സുകള്‍ നടത്തണം.
(iii) ഓട്ടോണമസ് ഡിഗ്രി ഗ്രാന്‍ഡിങ് കോളജുകള്‍
ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നവയാണ് ഇത്തരം സ്ഥാപനങ്ങള്‍. പ്രൊഫഷണല്‍ കോഴ്‌സുകളും തൊഴിലധിഷ്ഠിതപരിശീലനക്കോഴ്‌സുകളും ഇത്തരം സ്ഥാപനങ്ങള്‍ക്കു നടത്താം. 2025 ഓടെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളുടെ എണ്ണം 300 ല്‍ കവിയാന്‍ പാടില്ല. അതായത്, ഘട്ടംഘട്ടമായി അഫിലിയേറ്റഡ് കോളജ് സംവിധാനം നിര്‍ത്തലാവുകയും 2035 ഓടെ ഈ സ്ഥാപനങ്ങളെല്ലാം സ്വയംഭരണ ഡിഗ്രി ഗ്രാന്‍ഡിങ് കോളജുകളാവുകയും ചെയ്യും. 2040 ഓടെ മുഴുവന്‍ സ്ഥാപനങ്ങളും ബഹുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാകും.
നിലവിലുള്ള കല്പിത സര്‍വ്വകലാശാലകള്‍, അഫിലിയേറ്റിംഗ് യൂണിവേഴ്‌സിറ്റികള്‍ എന്നിവയെല്ലാം 'യൂണിവേഴ്‌സിറ്റികള്‍' എന്ന പേരിലാകും. ടീച്ചിങ് യൂണിവേഴ്‌സിറ്റികള്‍, റിസേര്‍ച്ച് ഇന്റന്‍സീവ് യൂണിവേഴ്‌സിറ്റികളാകാനും, ഓട്ടോണമസ് ഡിഗ്രി ഗ്രാന്‍ഡിങ് കോളജുകള്‍ കാലക്രമേണ ടീച്ചിങ് യൂണിവേഴ്‌സിറ്റികള്‍ ആകാനും റിസര്‍ച്ച് ഇന്റന്‍സീവ് യൂണിവേഴ്‌സിറ്റികളാകാനും ശ്രമിക്കണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകള്‍ക്കും മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനമെങ്കിലുമുണ്ടായിരിക്കണം. ഉന്നതവിദ്യാഭ്യാസമേഖലയിലെ എന്റോള്‍മെന്റ് റേഷ്യോ 50% ഉയര്‍ത്തണം. ഓപ്പണ്‍ ലേണിംഗ്, വിദൂരവിദ്യാഭ്യാസം എന്നിവയുടെ പ്രാധാന്യം ഈ വിദ്യാഭ്യാസനയം എടുത്തുപറയുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ലിബെറല്‍ ആര്‍ട്‌സ്, ബഹുവിഷയ കോഴ്‌സുകള്‍, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കുന്നു. ഗവേഷണകാര്യങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന സ്വയംഭരണസംവിധാനമായ നാഷണല്‍ റിസര്‍ച്ച് ഫൗണേ്ടഷന്‍ (എന്‍.ആര്‍.എഫ്.)രൂപീകരിക്കാനും ശാസ്ത്രം, സാങ്കേതികം, സാമൂഹ്യശാസ്ത്രം, കല, മാനവികവിഷയങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് എന്‍എഎഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഗവേഷണസാമ്പത്തികസഹായം നല്‍കാനും പദ്ധതി രൂപീകരിക്കും.
അധ്യാപകവിദ്യാഭ്യാസരംഗത്ത് വളരെയധികം മാറ്റങ്ങളാണ് ഇന്ന് ഉദ്ദേശിക്കുന്നത്. 2030 ഓടെ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്. കോളജ് അധ്യാപകനിയമനത്തിനുള്ള യോഗ്യതയായിത്തീരും. നിലവില്‍ പ്രത്യേക വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് രണ്ടുവര്‍ഷ ബി.എഡ്. കോഴ്‌സിന് അര്‍ഹതയുണ്ട്. നാലുവര്‍ഷത്തെ മള്‍ട്ടിഡിസിപ്ലിനറി ബിരുദമുള്ളവര്‍ക്കും ബിരുദാനന്തരബിരുദമുള്ളവര്‍ക്കും ഒരു വര്‍ഷ ബി.എഡ്. കോഴ്‌സ് പഠിക്കാം. ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന അധ്യാപകര്‍, താഴ്ന്ന സ്റ്റേജില്‍നിന്ന് ഉയര്‍ന്ന സ്റ്റേജിലേക്കു മാറുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് ഹ്രസ്വകാല അധ്യാപകപരിശീലനകോഴ്‌സ് ചെയ്യാം. 
നിലവിലുള്ള രണ്ടുവര്‍ഷ ബി.എഡ്. കോഴ്‌സ് 2030 ഓടെ അവസാനിക്കും. അധ്യാപകര്‍ ഓരോ വര്‍ഷവും 50 മണിക്കൂറെങ്കിലും പരിശീലനപരിപാടികളില്‍ പങ്കെടുക്കണം. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന അധ്യാപകര്‍ക്ക് കൂടുതല്‍ ശമ്പളം എന്ന ആശയം പുതിയ നയത്തിലുണ്ട്. സ്ഥാനക്കയറ്റവും ശമ്പളഘടനയും മികവിന്റെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലാക്കും. താത്കാലിക അധ്യാപകരുടെ നിയമനം കുറയ്ക്കും. സംസ്ഥാനസര്‍ക്കാരുകള്‍ അധ്യാപകരുടെ മികവിന്റെ മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യണം.
ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡോ. കെ. കസ്തൂരിരംഗന്‍ മുന്നോട്ടുവച്ച അഭിഗമ്യത(access),, സമത(equity), തുല്യത(equality),,പ്രാപ്തി(affordability), ഉത്തരവാദിത്വം(responsibility)  എന്നിവ നിറവേറ്റാന്‍, പ്രത്യേകിച്ചു ബഹുസംസ്‌കാരശൈലിയുള്ള നമ്മുടെ രാജ്യത്ത് ഏറെ വെല്ലുവിളികളുണ്ട്. സാമ്പത്തികമായ ഒരുക്കം പുതിയ വിദ്യാഭ്യാസപദ്ധതിക്കായി മാറ്റിവയ്‌ക്കേണ്ടതുണ്ട്. എയ്ഡഡ് അടക്കമുള്ള വിദ്യാഭ്യാസമേഖലയുടെ ഭാവി ചര്‍ച്ച ചെയ്യുകയും അനുഭാവപൂര്‍വ്വം പ്രശ്‌നപരിഹാരം നടത്തുകയും വേണം. രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ക്കതീതമായി കെട്ടുറപ്പുള്ള, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന ഏജന്‍സികളുടെ അഭിപ്രായങ്ങളും ആശയങ്ങളും ഗൗരവത്തോടെ കണക്കിലെടുക്കണം. കൂടുതല്‍ സ്വകാര്യവത്കരണം കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രാപ്തിക്ക് അപ്പുറമാവരുത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണം. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും അവയുടെ നടത്തിപ്പിലുള്ള ഭരണകൂടത്തിന്റെ അമിത ഇടപെടലുകളും സ്വകാര്യപങ്കാളിത്തത്തോടെ കൂടുതല്‍ സ്വകാര്യവത്കരണപ്രവണതകളും വരുത്തുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും പ്രശ്‌നപരിഹാരം കാണുകയും വേണം. 
വളരെ വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിഷയമാവേണ്ടതാണ് പുതിയ വിദ്യാഭ്യാസനയം. ആശങ്കകളും ആകുലതകളും പരിഹരിക്കുന്നതോടൊപ്പം നല്ല നാളേക്കായി ഏവരും കൈപിടിച്ചു മുന്നേറുകയും വേണം. എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ (ഇ എഫ് എ)എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നല്ല ആരോഗ്യം, പരിഗണന, മൂല്യാധിഷ്ഠിത വളര്‍ച്ച, ദേശീയത, മാനവികത, ആത്മീയത എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്ന് ശുഭമായ ഭാവി ഉണ്ടാകാന്‍ ഭരണകൂടമടക്കം ഏവരും ശ്രമിക്കേണ്ടതാണ്. 
 
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)