റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നാലെ തയ്‌വാനില്‍ കടന്നുകയറാന്‍ ചൈനയും തുനിഞ്ഞേക്കും എന്ന രാഷ്ട്രീയനിരീക്ഷകരുടെ പ്രവചനം യാഥാര്‍ത്ഥ്യത്തോടടുക്കുന്നു.യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു പഴിചാരി തയ്‌വാനെ കൈവശപ്പെടുത്താനുള്ള സര്‍വസന്നാഹങ്ങളും ചൈന ഒരുക്കിയതായാണു വാര്‍ത്ത.ഇരയെ പിടിക്കാന്‍ പതുങ്ങിക്കിടക്കുന്ന സിംഹിയെപ്പോലെ അനുകൂലമായ അവസരത്തിനുവേണ്ടി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് കാത്തിരിക്കുകയായിരുന്നു. ബലം പ്രയോഗിക്കേണ്ടി വന്നാല്‍പ്പോലും തയ്‌വാനെ തന്റെ രാജ്യത്തോടു ചേര്‍ക്കുമെന്ന് ആവര്‍ത്തിച്ചുപറഞ്ഞിരുന്ന ഷീ ചിന്‍പിംഗിന് നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനം അനുകൂലസാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു.
രാജ്യസ്‌നേഹം തലയ്ക്കുപിടിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ രാജ്യത്തിന്റെ അഖണ്ഡത നിലനിറുത്തുന്നതിനും അതിര്‍ത്തി സംരക്ഷിക്കുന്നതിനുമാണ് യുക്രെയ്‌നെ ആക്രമിച്ചതെന്ന ന്യായീകരണമാണ് തയ്‌വാന്റെമേല്‍ കൈവയ്ക്കാന്‍ ഷീ ചിന്‍പിംഗിനും ധൈര്യം പകരുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടക്കത്തില്‍ അപലപിക്കാതെ മൗനം ദീക്ഷിച്ച ചൈനീസ് പ്രസിഡന്റ് പിന്നീട് പുടിന്റെ നടപടികളെ ന്യായീകരിക്കുകയും ചെയ്തു. പതിനായിരങ്ങള്‍ മരിക്കുകയും ദശലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരായി പലായനം ചെയ്ത് അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടും ഷീ ചിന്‍പിംഗ് പുടിന്റെ പക്ഷം ചേര്‍ന്നത് ദുഷ്ടലാക്കോടെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. തയ്‌വാനെ കീഴടക്കി തന്റെ രാജ്യത്തോടു ചേര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ശക്തമായ എതിര്‍പ്പുകളെ അതിജീവിക്കാന്‍ റഷ്യയുടെ പിന്തുണ ഉറപ്പിക്കുകയായിരുന്നു ഷീയുടെ ലക്ഷ്യം.
നാന്‍സി പെലോസി ചൈനയുടെ ആജന്മശത്രു
പ്രസിഡന്റും വൈസ്പ്രസിഡന്റും കഴിഞ്ഞാല്‍ അമേരിക്കയുടെ അധികാരശ്രേണിയില്‍ മൂന്നാംസ്ഥാനമുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധിയായ 82 കാരി നാന്‍സി പെലോസിയുടെ തയ്‌വാന്‍സന്ദര്‍ശനം ഷീ ചിന്‍പിംഗിനെ വല്ലാതെ അലോസരപ്പെടുത്തിയത് സ്വാഭാവികം. തങ്ങളുടെ രാജ്യത്തിന്റെ പ്രവിശ്യകളിലൊന്നായി കണക്കാക്കുന്ന തയ്‌വാനില്‍ അനുമതിയില്ലാതെ പ്രവേശിച്ച് പ്രകോപനം സൃഷ്ടിക്കുന്ന പെലോസിയുടെ നടപടിയില്‍ കുപിതനായ ചൈനീസ് പ്രസിഡന്റ്, ജോ ബൈഡനോടു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതിങ്ങനെ: ''തീ കൊണ്ടുള്ള നിങ്ങളുടെ കളി അവസാനിപ്പിക്കണം, തീ കൊണ്ടു കളിക്കുന്നവര്‍ തീകൊണ്ടു തന്നെ നശിക്കും.''
ഇരുപത്തിയഞ്ചുവര്‍ഷംമുമ്പ് 1997 ല്‍ അന്നത്തെ യുഎസ് ജനപ്രതിനിധിസഭാസ്പീക്കര്‍ ന്യൂട്ട് ഗിംഗ്‌റിച്ചിന്റെ സന്ദര്‍ശനത്തിനുശേഷം ആദ്യമായാണ് നാന്‍സി പെലോസിയെപ്പോലെ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാള്‍ തയ്‌വാന്‍ സന്ദര്‍ശിക്കുന്നത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാപരിപാടിയില്‍ തയ്‌വാനെക്കൂടി ഉള്‍പ്പെടുത്താനുള്ള നാന്‍സി പെലോസിയുടെയും സംഘത്തിന്റെയും തീരുമാനം അനുചിതമാണെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വീകരിച്ചത്. എന്നാല്‍, അടുത്തകാലത്ത് അന്താരാഷ്ട്രതലത്തില്‍ യുഎസിനുണ്ടായ പരാജയങ്ങളില്‍നിന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയെയും ബൈഡനെയും രക്ഷിക്കാനുള്ള തന്ത്രമായിരുന്നു പെലോസിയുടെ സന്ദര്‍ശന ലക്ഷ്യമെന്നു വിലയിരുത്തുന്നവരുണ്ട്.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചനാള്‍മുതല്‍ ചൈനയുടെ കടുത്ത വിമര്‍ശകയായ നാന്‍സി പെലോസി 2011 ലും 2019 ലും ജനപ്രതിനിധിസഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1981 മുതല്‍ മൂന്നു വര്‍ഷക്കാലം കാലിഫോര്‍ണിയ സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ജനപ്രതിനിധിസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്ന പെലോസി, 1959 ലെ ടിബറ്റന്‍ അധിനിവേശത്തിനും 1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്കുമെതിരേ ചൈനയെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ്. സമാധാനപ്രിയരും നിരായുധരുമായ ബുദ്ധസന്ന്യാസികളുള്‍പ്പെടെയുള്ള ഒരു ലക്ഷം ടിബറ്റന്‍ വംശജരെങ്കിലും 63 വര്‍ഷം നീണ്ട ചൈനയുടെ ടിബറ്റധിനിവേശകാലത്ത് മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഏകദേശകണക്ക്. ടിബറ്റു പിടിച്ചടക്കുന്നതിനു കുതിച്ചെത്തിയ 35,000 പേരടങ്ങുന്ന ചൈനീസ് പടയെ ഭയന്ന്, അനുയായികളായ 80 ബുദ്ധസന്ന്യാസികളുമായി ഹിമാലയം താണ്ടി ഇന്ത്യയില്‍ അഭയം തേടിയ 14-ാമത് ദലൈലാമ ഇപ്പോഴും അഭയാര്‍ത്ഥിയായി കുളു താഴ്‌വരയില്‍ കഴിയുന്നു. അഴിമതിക്കും വിലക്കയറ്റത്തിനും അസ്വാതന്ത്ര്യത്തിനും ഏകാധിപത്യത്തിനുമെതിരേ ചൈനയുടെ വിവിധ നഗരങ്ങളില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികളടങ്ങിയ പത്തുലക്ഷത്തോളം വരുന്ന ജനക്കൂട്ടത്തെ അടിച്ചമര്‍ത്തിയ നടപടിയെയും പെലോസി അപലപിച്ച ചരിത്രമുണ്ട്. തലസ്ഥാനമായ ബെയ്ജിംഗിന്റെ നഗരമധ്യത്തിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരുടെമേല്‍ പട്ടാളടാങ്കുകള്‍ കയറ്റിയിറക്കി 10,000 ത്തോളം പേരെ കൊന്നൊടുക്കിയ 1989 ജൂണ്‍ നാലിലെ കൂട്ടക്കൊല ചൈനയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്. ടിയാനന്‍മെന്‍ കൂട്ടക്കൊലയ്ക്കു രണ്ടു വര്‍ഷത്തിനുശേഷം 1991 ല്‍ ബെയ്ജിംഗിലെത്തിയ നാന്‍സി പെലോസി 'ജനാധിപത്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍' എന്നു രേഖപ്പെടുത്തിയ ബാനറുമേന്തിയാണ് അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിച്ചത്. ബ്രിട്ടനില്‍നിന്നു വിട്ടുനല്‍കിയ ഹോങ്കോംഗ്, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാംഗ് എന്നിവിടങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളും പെലോസി വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ഷിന്‍ജിയാംഗിലെ മുസ്ലീം ന്യൂനപക്ഷവിഭാഗമായ ഉയഗൂര്‍ വംശത്തിനെതിരേ ചൈനയില്‍നിന്നുണ്ടാകുന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, നിര്‍ബന്ധിത വന്ധ്യംകരണം, അബോര്‍ഷന്‍, വംശഹത്യ, മതാനുഷ്ഠാനങ്ങളിന്മേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ അന്താരാഷ്ട്രസമൂഹത്തോടൊപ്പം പ്രതികരിക്കാന്‍ പെലോസിയും മുന്‍പിലുണ്ട്. തയ്‌വാന്‍ തലസ്ഥാനമായ തായ്‌പെയിലെത്തിയ പെലോസി, ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യമാണ് തായ്‌വാനിലേതെന്നു വിശേഷിപ്പിക്കുകയുണ്ടായി. ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്നു തീരുമാനിക്കാനുള്ള സുവര്‍ണാവസരമാണ് തയ്‌വാനിലെ ജനങ്ങള്‍ക്കു മുമ്പിലുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
ക്വലാലമ്പൂരില്‍നിന്ന് തായ്‌പെയിലെത്തിയ നാന്‍സി പെലോസിക്ക് വന്‍സ്വീകരണമൊരുക്കിയ തയ്‌വാന്‍ പ്രസിഡന്റ് ഷായ് ഇന്‍വെന്‍ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്കി പെലോസിയെ ആദരിക്കുകയും ചെയ്തു. ലോകമെമ്പാടും ജനാധിപത്യം സംരക്ഷിക്കാനുള്ള അമേരിക്കയുടെ ദൃഢനിശ്ചയം അരക്കിട്ടുറപ്പിക്കുകയാണ് തന്റെ സന്ദര്‍ശനലക്ഷ്യമെന്നാണു പെലോസി അഭിപ്രായപ്പെട്ടത്.
സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ സൗഹൃദരാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനിടയില്‍ തയ്‌വാനില്‍ ഒരു ദിവസം മാത്രം തങ്ങിയ പെലോസി മടങ്ങിയതിനുപിന്നാലെ ചൈനയില്‍നിന്നു തൊടുത്തുവിട്ട 11 മിസൈലുകളാണ് തയ്‌വാന്റെ സമുദ്രാതിര്‍ത്തിയിലെത്തിയത്. തയ്‌വാന്‍ തീരത്തുനിന്ന് 19 കിലോമീറ്റര്‍ അകലെയാണ് 'ഡോംഗ്‌ഫെംഗ്' മിസൈലുകളിലൊന്നു പതിച്ചത്. ചൈനാവന്‍കരയില്‍നിന്നു തയ്‌വാന്‍ കടലിടുക്കിനപ്പുറം 160 കിലോമീറ്റര്‍ അകലെ ദക്ഷിണചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന തയ്‌വാന്‍ ദ്വീപിനെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നാലുചുറ്റുംനിന്നു വളഞ്ഞത് ലോകം ആശങ്കയോടെയാണു കണ്ടത്. വിമാനവാഹിനിക്കപ്പലുകളില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനങ്ങള്‍ തയ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് പല തവണ പ്രകോപനം സൃഷ്ടിച്ചെങ്കിലും പ്രത്യാക്രമണം നടത്താതെ തയ്‌വാന്‍ സ്വയം നിയന്ത്രിച്ചതും സംഘര്‍ഷം ലഘൂകരിച്ചു.
ഒരു പരമാധികാരറിപ്പബ്ലിക് അല്ലെങ്കിലും സമ്പൂര്‍ണജനാധിപത്യരാജ്യവും ലോകത്തെ പതിനൊന്നാമത്തെ ശക്തിയുമാണ് തയ്‌വാന്‍ എന്ന ചെറുദ്വീപുരാഷ്ട്രം. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണത്തില്‍ ഒന്നാംസ്ഥാനം തയ്‌വാനാണ്. മൊബൈല്‍, കാര്‍, യുദ്ധവിമാനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിനുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ക്കുള്ള ചിപ്പുകളുടെ 90 ശതമാനവും തയ്‌വാനിലാണ് ഉത്പാദിപ്പിക്കുന്നത്. വന്‍ശക്തിയായി ഉയര്‍ന്ന് 'ലോകത്തിന്റെ ഫാക്ടറി' എന്ന ഖ്യാതി നേടിയ ചൈന പോലും ഇക്കാര്യത്തില്‍ തയ്‌വാന്റെ പിന്നിലായതിനാല്‍ അവര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ചിപ്പു വ്യവസായത്തെ തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ല. ചിപ്പ് ഇറക്കുമതി നിരോധിച്ചാല്‍ ചൈനയിലെ ഇലക്‌ട്രോണിക്/വാഹനവ്യവസായങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം. ഏതാനും ദിവസത്തേക്കുള്ള യുദ്ധമാണെങ്കില്‍പ്പോലും ലോകമെമ്പാടുമുള്ള വാഹനഫാക്ടറികള്‍ക്കും പൂട്ടിടേണ്ടിവരുമെന്നാണ് വാര്‍ത്ത.
ചരിത്രത്തിന്റെ നാള്‍വഴികള്‍
എ ഡി 239 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ ബന്ധമുള്ളതായി ചരിത്രരേഖകള്‍ സാക്ഷിക്കുന്നുണ്ട്. ഫൊര്‍മോസ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന തയ്‌വാനും സമീപപ്രദേശങ്ങളിലുള്ള ദ്വീപസമൂഹങ്ങളും എ ഡി 1624 ല്‍ കോളനിയാക്കിയ ഡച്ചുകാരെ കീഴടക്കിയ ക്വിംഗ് രാജവംശം 1682 മുതല്‍ 1875 വരെ തയ്‌വാന്‍ ഭരിച്ചു. അതിമനോഹരമായ ആ ദ്വീപസമൂഹങ്ങളെ സ്വന്തമാക്കാന്‍ മോഹിച്ച ചൈനയും ജപ്പാനും ഏറ്റുമുട്ടിയ യുദ്ധത്തില്‍ ജപ്പാന്‍ വിജയിക്കുകയും 1895 മുതല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയമടയുന്നതുവരെ ഭരിക്കുകയും ചെയ്തു. 1945 നുശേഷം തയ്‌വാന്റെ അധികാരം ജപ്പാന്‍ ചൈനയ്ക്കു കൈമാറിയതും ചരിത്രം. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും യുഎസ് പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റും ചൈനീസ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതനേതാവും റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റുമായിരുന്ന ചിയാംഗ് കൈഷെക്കുമായി 1943 ല്‍ ഒപ്പുവച്ച കെയ്‌റോ ഉടമ്പടിപ്രകാരമായിരുന്നു ഈ കൈമാറ്റം. മാവോ സേ തുംഗിന്റെ കമ്യൂണിസ്റ്റു സേനയോട് 1949 ലെ ആഭ്യന്തരയുദ്ധത്തില്‍ പരാജയപ്പെട്ടു പലായനം ചെയ്ത് തയ്‌വാനില്‍ അഭയം തേടിയ ചിയാംഗ് കൈഷെക് രൂപവത്കരിച്ച കൂമിന്റാംഗ് കക്ഷി നേതൃത്വം കൊടുത്ത റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി 1975 ല്‍ അദ്ദേഹത്തിന്റെ മരണംവരെ ഭരണം തുടരുകയും ചെയ്തു. ചൈനാവന്‍കരയില്‍നിന്നു രക്ഷപ്പെട്ടോടിയ കൂമിന്റാംഗുകാരുടെ പിന്‍തലമുറക്കാരാണ് തയ്‌വാനിലെ ഭൂരിപക്ഷം ജനങ്ങളും.
കേരളത്തോളംപോലും വലിപ്പമില്ലാത്ത തയ്‌വാനിലെ ആകെ ജനസംഖ്യ 2.40 കോടിയാണ്. തലസ്ഥാനമായ തയ്‌പെയില്‍ 27 ലക്ഷം പേര്‍ വസിക്കുന്നു. 2016 ല്‍ പ്രസിഡന്റായി സ്ഥാനമേറ്റ ത്‌സായ് ഇംഗ്‌വെന്‍ 2020 ല്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
യഥാര്‍ത്ഥത്തില്‍, ലോകപോലീസുകാരന്‍ ആരായിരിക്കണമെന്ന മത്സരമാണിപ്പോള്‍ നടക്കുന്നതെന്നു കാണാനാകും. റഷ്യയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് ചൈനയുടെ മുന്നോട്ടുള്ള കുതിപ്പ്. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും റഷ്യ സാമ്പത്തികമായും സൈനികമായും ഒന്നുകൂടി തളരുമെന്നും യു.എസ്. കണക്കുകൂട്ടുന്നുണ്ട്. 1979 ല്‍ ബെയ്ജിംഗുമായി നയതന്ത്രബന്ധം സ്ഥാപിക്കുമ്പോഴും, ഒരു ചൈന മാത്രമേയുള്ളൂവെന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോഴും, ചൈന ഇത്രത്തോളം വളരുമെന്ന് അമേരിക്ക സ്വപ്‌നേപി കരുതിയിട്ടുണ്ടാകില്ല. അധികം വൈകാതെ അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ യുഎസ് ഭരണകൂടം മറ്റൊരു നിയമംകൂടി പാസ്സാക്കി തയ്‌വാന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നു വരുത്തി ആയുധം നല്കുകയായിരുന്നു.
ഒരു രാജ്യവും രണ്ടു ഭരണക്രമവും എന്ന ഹോങ്കോംഗ് മാതൃക നടപ്പാക്കിയാല്‍ ഒരുപക്ഷേ, സമാധാനത്തിന്റെ ഒരു പുതിയ അധ്യായം തുറക്കാന്‍ കഴിയുമെന്നു നിരീക്ഷിക്കുന്നവരുണ്ട്. അത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പക്വതയും രാജ്യതന്ത്രജ്ഞതയും അമേരിക്കയും ചൈനയും പ്രകടമാക്കിയാല്‍ യുദ്ധത്തിലേക്കു വഴുതിവീഴാതെ സമാധാനത്തിലേക്കുള്ള വഴിതെളിക്കാനാകും.