•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

യഥാര്‍ഥ സ്വാതന്ത്ര്യം അകലെയോ?

കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം ആചരണംമാത്രമാണ്. ആഘോഷങ്ങളോ സന്തോഷപ്രകടനങ്ങളോ ഇല്ല. മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും തീപ്പൊരിപ്രസംഗങ്ങളുണ്ടാവുകയില്ല. എല്ലാവരുടെയും മനസില്‍ ഒരേയൊരു ചിന്ത മാത്രം; കൊറോണ വൈറസില്‍നിന്നു സ്വാതന്ത്ര്യം. ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി ശ്രമിച്ചതിനെക്കാള്‍ എത്രയോ മടങ്ങു തീവ്രതയിലാണ് ഒരു രാജ്യം മുഴുവന്‍ കൊവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി ശ്രമിക്കുന്നത്.

കൊറോണ മാറും. രാജ്യം മാറ്റമില്ലാതെ തുടരും. അതുകൊണ്ട് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. ദേശീയ പ്രസ്ഥാനത്തിലെ നേതാക്കന്മാരെക്കുറിച്ച് അനുസ്മരിക്കുന്നത് അവരോട് ആദരവു പ്രകടിപ്പിക്കാനും അവരില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യസ്‌നേഹത്തില്‍ വളരാനും സഹായിക്കും. അതുകൊണെ്ടാന്നും രാജ്യത്തിന്റെ ക്ഷേമം ഉറപ്പാക്കാനാവുകയില്ല.
ധൃതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് നമ്മുടെ രാജ്യമെന്ന് ഭരണാധികാരികളും ധനമന്ത്രിമാരും ആവര്‍ത്തിച്ചു പറയുന്നുണെ്ടങ്കിലും ഭയപ്പെടുത്തുന്ന വിധത്തില്‍ നിരാശാജനകമാണ് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി. ഉദ്യോഗസ്ഥരും പ്രവാസികളുമില്ലാത്ത കുടുംബങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ പെരുകിവരുന്നു. സാമ്പത്തികകുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. തൊഴിലോ പണമോ ഇല്ലാത്ത ലക്ഷക്കണക്കിനു പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുന്നു. കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിഞ്ഞിരിക്കുന്നു. ഇടത്തരം ചെറുകിട വ്യാപാരമേഖല കിതച്ചു ശ്വാസം മുട്ടുന്നു. ഇന്ധനവില അനിയന്ത്രിതമായി ഉയരുന്നു. രാജ്യത്തിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്തി മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കു വില്‍ക്കുന്നു. എല്ലാ മേഖലകളും കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം മേയാന്‍ വിട്ടുകൊടുത്ത് ഭരണകൂടം പാവപ്പെട്ടവരുടെ മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ചൈന ലോകമാര്‍ക്കറ്റു പിടിച്ചു. ഇന്ത്യ ചൈനയുടെ മാര്‍ക്കറ്റായി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' മുദ്രാവാക്യം മാത്രമായി അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. അതു തൊഴിലായി മാറിയില്ല. വരുമാനമായിത്തീര്‍ന്നില്ല. ശുചിമുറിക്കുവേണ്ടി ആയിരക്കണക്കിനു കോടികള്‍ ചെലവഴിച്ചുവെന്നു പറയുന്നു. അതിനെ വികസനമായി കാണാനാകുമോ? പാവപ്പെട്ടവര്‍ക്കു ശുചിമുറിയല്ല, സ്വന്തമായി ശുചിമുറിയും വീടും നിര്‍മിക്കുന്നതിനുള്ള വരുമാനം കണെ്ടത്താന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണു വേണ്ടത്.
സ്വാതന്ത്ര്യദിനം രാജ്യത്തെയും ഭരണാധികാരികളെയുംകുറിച്ചു ചിന്തിക്കാനുള്ള സമയം മാത്രമല്ല, പൗരന്മാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു പരിശോധിക്കാനുള്ള അവസരംകൂടിയാണ്. അവകാശബോധവും അവകാശവാദവും ഏറെയുള്ള നാടാണ് നമ്മുടേത്. ഉത്തവാദിത്വബോധവും രാജ്യത്തോടുള്ള കടമയും നമുക്കു കുറവാണെന്ന ആക്ഷേപമുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന നമുക്ക് പൊതുനിരത്തുകളും പുഴകളും വൃത്തിയായി സൂക്ഷിക്കാനുള്ള സാക്ഷരതയില്ല. തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചും തൊഴിലാളിക്ഷാമത്തെക്കുറിച്ചും സംസാരിക്കുന്നവര്‍ സ്വയംതൊഴില്‍ ചെയ്യാന്‍ തയ്യാറാകുന്നില്ല.
കത്തോലിക്കാവിശ്വാസികള്‍ക്ക് ഓഗസ്റ്റ് 15 പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍കൂടിയാണ്. മനുഷ്യജീവിതത്തിന്റെ ഭൗതികപരിമിതിയില്‍ ആയിരുന്നുകൊണ്ടുതന്നെ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ തക്കവിധം സൃഷ്ടവസ്തുക്കളുടെ കെട്ടുപാടുകളില്‍നിന്ന് കന്യകാമറിയം സ്വതന്ത്രയായിരുന്നു. യഥാര്‍ഥ സ്വാതന്ത്ര്യം ഭൗതികസ്വാതന്ത്ര്യമല്ല, ആത്മീയസ്വാതന്ത്ര്യമാണെന്ന സന്ദേശമാണ് സ്വര്‍ഗാരോപണം നല്‍കുന്നത്. ആളകലം കല്പിച്ച കൊവിഡിനു മനുഷ്യനെ ദൈവത്തില്‍നിന്നകറ്റാനാവുകയില്ലെന്നു തിരിച്ചറിയുന്നതിലാണ് വിശ്വാസത്തിന്റെ പൊരുള്‍.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)