കൊവിഡ് മഹാമാരിയെ ഒരു പരിധിവരെ തടഞ്ഞുനിറുത്തിയെന്ന് ആശ്വസിക്കുമ്പോഴാണ് പുതിയ വെല്ലുവിളി ലോകത്തിനു മുമ്പില്‍ എത്തിയിരിക്കുന്നത് - മങ്കിപോക്‌സ് അഥവാ കുരങ്ങുവസൂരി. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന ഒരു വൈറസ്‌രോഗമാണ് മങ്കിപോക്‌സ്. മുന്‍കാലങ്ങളില്‍ വസൂരിരോഗികളില്‍ കണ്ടതിനു സമാനമായ ലക്ഷണങ്ങള്‍തന്നെയാണ് ഈ രോഗികളിലും കാണുന്നത്. മങ്കിപോക്‌സ് വൈറസിന് ഇരയാകാന്‍ സാധ്യതയുള്ളത് കുരങ്ങ്, അണ്ണാന്‍, എലി വര്‍ഗങ്ങളില്‍പ്പെട്ട ജീവികളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതലായും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
1970 ല്‍ ആഫ്രിക്കന്‍രാജ്യമായ കോംഗോയിലാണ് ആദ്യമായി മനുഷ്യനില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ആഫ്രിക്കന്‍ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലും ഈ രോഗം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മേയിലാണ് ഫിലിപ്പീന്‍സില്‍ മങ്കിപോക്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനകം കാനഡയും അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 72 രാജ്യങ്ങളിലായി 21,000 ത്തിലധികം ആളുകള്‍ക്കു രോഗം ബാധിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പതു പേരില്‍ മൂന്നു പേര്‍ കേരളത്തില്‍നിന്നുള്ളവരാണ് (ഓഗസ്റ്റു 4 ലെ റിപ്പോര്‍ട്ടുപ്രകാരം).
പനി, തലവേദന, നടുവേദന, പേശിവേദന, കഴലവീക്കം എന്നിവയാണു ലക്ഷണങ്ങള്‍. ശരീരത്തു ദ്രാവകം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടും. ആറു മുതല്‍ 13 വരെ ദിവസമാണ് കുരങ്ങുപനിയുടെ ഇന്‍കുബേഷന്‍ (അണുബാധമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയം) കാലയളവ്. ലക്ഷണങ്ങള്‍ 14 മുതല്‍ 21 വരെ ദിവസം നീണ്ടുനില്‍ക്കാം. രോഗബാധിതനായ മനുഷ്യരില്‍നിന്നു മറ്റു മനുഷ്യരിലേക്കു രോഗം പകരും. ചുമയ്ക്കുകയോ മൂക്കുചീറ്റുകയോ ചെയ്യുമ്പോള്‍ വായുവിലൂടെ രോഗം മറ്റുള്ളവരിലേക്കു പകരുന്നു.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരദ്രവങ്ങള്‍ എന്നിവയില്‍നിന്നാണു രോഗം മനുഷ്യരിലേക്കു പകരുന്നത്. രോഗികളായ മനുഷ്യരില്‍നിന്നു സമ്പര്‍ക്കംവഴി മറ്റു മനുഷ്യരിലേക്കും. രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതും മൃഗങ്ങളുടെ കൊഴുപ്പോ മറ്റു ശരീരഭാഗങ്ങളോ ഉപയോഗിച്ചു തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും രോഗപ്പകര്‍ച്ചയ്ക്കു കാരണമാകും. വനമേഖലയിലോ സമീപപ്രദേശങ്ങളിലോ താമസിക്കുന്ന ആളുകള്‍ക്കു രോഗബാധിതമായ മൃഗങ്ങളുമായി പരോക്ഷമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എങ്ങനെ പ്രതിരോധിക്കാം?
കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക, മൃഗങ്ങളുടെ കടിയോ മറ്റോ ഏറ്റാലും അവയെ സ്പര്‍ശിച്ചാലും സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, അസുഖമുള്ള ആളുകളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.
വസൂരിക്കെതിരായ വാക്‌സിനേഷന്‍ കുരങ്ങുപനി തടയുന്നതില്‍ 85 ശതമാനം ഫലപ്രദമാണെന്നു പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, നിലവില്‍ വസൂരി വാക്‌സിന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമല്ല. 2019 ല്‍ മങ്കിപോക്‌സ് തടയുന്നതിനായി പരീക്ഷിച്ച വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെയും ലഭ്യത പരിമിതമാണ്.
രോഗബാധിതരുടെ മരണനിരക്ക് 3-6% ആണെന്നു സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആശങ്കാജനകമായ ഒരു സാഹചര്യം നിലവിലില്ല എന്നത് ആശ്വാസകരമാണ്.