•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകചതുരംഗക്കളിയിലെ ഇന്ത്യന്‍പ്രതീക്ഷകള്‍

ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ലോക ചെസ് ഒളിമ്പ്യാഡിന് ചെന്നൈയില്‍ ആവേശേജ്ജ്വലമായ തുടക്കം

ചെന്നൈ മുതല്‍ മഹാബലിപുരംവരെ ഏകദേശം അമ്പതു കിലോമീറ്റര്‍. എയര്‍പോര്‍ട്ട് മുതല്‍ മഹാബലിപുരത്തെ ''ഫോര്‍ പോയിന്റ് ഷെറാട്ടണ്‍'' റിസോര്‍ട്ടുവരെയുള്ള റോഡുകളും പാലങ്ങളും നിറയെ ചതുരംഗക്കളങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. അതിലേ ചീറിപ്പായുന്ന വാഹനങ്ങള്‍ കണ്ടാല്‍ ആന, കുതിര, കാലാള്‍, തേരുകളാണെന്നു തോന്നിപ്പോകും. തമിഴ്‌നാട്ടിലെ ഈ ഒരുക്കങ്ങളും ചിട്ടയായ കരുനീക്കങ്ങള്‍തന്നെ. ഇതു വര്‍ഷങ്ങള്‍ നീണ്ട മുന്നൊരുക്കത്തിന്റെ ഫലസമാപ്തിയാണെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. വെറും നാലു മാസംമുമ്പാണ് ലോക ചെസ് ഫെഡറേഷന്‍ ഭൂമുഖത്തെ ഏറ്റവും വലിയ ചെസ് മാമാങ്കമായ 'ചെസ് ഒളിമ്പ്യാഡ്' ഇന്ത്യയ്ക്കു നല്‍കുന്നത്. യുദ്ധവും മറ്റു രാഷ്ട്രീയസാഹചര്യങ്ങളും കാരണം, മോസ്‌കോയില്‍നിന്ന് ഈ മഹാചെസ് മേള ഇന്ത്യയിലെത്തി. നാല്പത്തിനാലു വര്‍ഷത്തെ ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലാദ്യമായി ഭാരതം ഒളിമ്പ്യാഡ് വേദിയാക്കപ്പെട്ടു.
അഖിലേന്ത്യാ ചെസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഭരത് സിങ് ചൗഹാന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കണ്ട് ഈ വിവരം പറഞ്ഞപ്പോള്‍ത്തന്നെ ഇതിന്റെ വേദി തമിഴ്‌നാട് എന്നു തീരുമാനിക്കപ്പെട്ടു. വിശ്വനാഥന്‍ ആനന്ദ് എന്ന ലോകചാമ്പ്യനു ജന്മംകൊടുത്ത തമിഴ്‌നാട് എന്തുകൊണ്ടും ഇതിനു യോജിച്ചതുതന്നെ. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിന്റെ ചെലവിലേക്കായി 94 കോടി രൂപ അനുവദിച്ചു. പിന്നീടത് 104 കോടിയായി ഉയര്‍ത്തി. കൂടാതെ, ഇന്ത്യന്‍ ടീമിനു മാത്രമായി ഒരുകോടി രൂപയുടെ മറ്റൊരു സ്‌പോണ്‍സറിങ്ങും.
ഇദംപ്രഥമമായി ഭാരതത്തില്‍ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന് ഒട്ടേറെ സവിശേഷതകളുണ്ട്. ഇത്രയധികം രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്നത് ഇതാദ്യം. 187 രാജ്യങ്ങള്‍... ഒളിമ്പിക് ടോര്‍ച്ച് റാലിയും ഇതാദ്യം. ഭാരതത്തിലെ പ്രധാന നഗരങ്ങളടക്കം എഴുപത്തെട്ടു കേന്ദ്രങ്ങളില്‍ ദീപശിഖയുമായി ഗ്രാന്‍ഡ്മാസ്റ്റര്‍മാരെത്തി.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂലൈ 28 ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിച്ചതോടെ നാല്പത്തിനാലാം ചെസ് ഒളിമ്പ്യാഡിനു തുടക്കമായി. വനിതാവിഭാഗത്തില്‍ 162 ടീമുകളും ഓപ്പണ്‍ വിഭാഗത്തില്‍ 188 ടീമുകളും മത്സരിക്കുന്നുണ്ട്.
ആതിഥേയരാജ്യമെന്ന നിലയില്‍ ഇന്ത്യ മൂന്നു ടീമുകളെ വീതം ഇരുവിഭാഗങ്ങളിലും ഇറക്കിയിട്ടുണ്ട്. 11 റൗണ്ട് മത്സരങ്ങളാണ് ഒളിമ്പ്യാഡിനുള്ളത്. ഒരു ടീമില്‍ അഞ്ചുപേര്‍ വീതം. അതില്‍ നാലുപേരാണ് ഓരോ റൗണ്ടിലും കളിക്കേണ്ടത്. ശേഷിക്കുന്നയാള്‍ റിസര്‍വ് കളിക്കാരനായി പുറത്തിരിക്കും. ഓരോ ടീമിലും ഒരു ക്യാപ്റ്റന്‍ ഉണ്ടായിരിക്കണം. ക്യാപ്റ്റന്‍ കളിക്കാരനായിരിക്കണം എന്നില്ല. 'നോണ്‍  പ്ലെയിങ് ക്യാപ്റ്റനും' അനുവദനീയമാണ്. ആദ്യറൗണ്ട് മത്സരങ്ങള്‍ തുടങ്ങിയ ജൂലൈ 29 ന് രാവിലെ പത്തു മണിക്ക് ഓരോ ബോര്‍ഡിലും കളിക്കേണ്ട കളിക്കാര്‍ ആരൊക്കെയെന്ന് ഓരോ രാജ്യവും തീരുമാനിച്ച് അതിന്റെ ലിസ്റ്റ് ചീഫ് ആര്‍ബിറ്ററെ (റഫറി) ഏല്പിച്ചുകഴിഞ്ഞു. ഒന്നുമുതല്‍ അഞ്ചുവരെ അഞ്ചു കളിക്കാരെ ലിസ്റ്റു ചെയ്തുകഴിഞ്ഞാല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതുവരെ ഇതിന്റെ 'ഓര്‍ഡര്‍' മാറ്റാനാവില്ല. ഉദാഹരണത്തിന് ഇന്ത്യന്‍ എ ടീം 1. പി. ഹരികൃഷ്ണ 2. വിദ്യുത് ഗുജറാത്തി 3. അര്‍ജുന്‍ എരിഗാസി 4. എസ്.എല്‍. നാരായണന്‍ 5. കെ. ശശികിരണ്‍ എന്നിങ്ങനെയാണ് 'ബോര്‍ഡ് ഓര്‍ഡര്‍.' ഇതില്‍ ഒന്നാം ബോര്‍ഡില്‍ കളിക്കുന്ന ഹരികൃഷ്ണയ്ക്ക് ഒന്നാം ബോര്‍ഡില്‍ മാത്രമേ കളിക്കാനാവൂ. അദ്ദേഹം ഒന്നാം ബോര്‍ഡില്‍നിന്നു മാറിയാല്‍ രണ്ടാം ബോര്‍ഡിലെ ഗുജറാത്തി ഒന്നാം ബോര്‍ഡിലും, മൂന്നാം ബോര്‍ഡിലെ അര്‍ജുന്‍ രണ്ടാം ബോര്‍ഡിലും, നാലാം ബോര്‍ഡിലെ നാരായണന്‍ മൂന്നാം ബോര്‍ഡിലും, അഞ്ചാം ബോര്‍ഡിലെ ശശികിരണ്‍ നാലാം ബോര്‍ഡിലും കളിക്കണം. അടുത്ത റൗണ്ടില്‍ വീണ്ടും ആദ്യത്തെ ജനറല്‍ ബോര്‍ഡ് ഓര്‍ഡര്‍ പ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ. അതില്‍നിന്ന് ഒരാള്‍ക്ക് റിസര്‍വാകാം. അപ്പോഴും ബോര്‍ഡ് ഓര്‍ഡര്‍ തെറ്റാതെ ബാക്കി കളിക്കാര്‍ ഇരിക്കേണ്ടതാണ്. ഇപ്രകാരം 'ജനറല്‍ ബോര്‍ഡ് ഓര്‍ഡറും' ഓരോ റൗണ്ടിനും 'റൗണ്ട് ബോര്‍ഡ് ഓര്‍ഡറും' ഉണ്ടായിരിക്കണം. റൗണ്ട് ബോര്‍ഡ് ഓര്‍ഡര്‍ തന്നിട്ടില്ലെങ്കില്‍ ആ ടീം ജനറല്‍  ബോര്‍ഡ് ഓര്‍ഡറിലായിരിക്കും, അതായത്, അഞ്ചാമന്‍ റിസര്‍വ്.
ഒരാള്‍ ഒരു കളി ജയിച്ചാല്‍ ഒരു പോയിന്റും സമനിലയായാല്‍ അര പോയിന്റും തോറ്റാല്‍ പൂജ്യം പോയിന്റും നേടും. അങ്ങനെ നാലുപേരും വിജയിച്ചാല്‍ ആ ടീമിന് ഗയിം പോയിന്റ് നാല്. മാച്ച് ജയിച്ചതിനാല്‍ മാച്ച് പോയിന്റ് 2 എന്നിങ്ങനെ പോയിന്റുകള്‍ കിട്ടുന്നു. ഒരു ടീമിലെ നാലു പേര്‍ മറ്റേ ടീമിലെ നാലു പേരോട് നാലു വ്യത്യസ്ത ബോര്‍ഡിലാണ് ഏറ്റുമുട്ടുന്നത്. അവര്‍ക്കു പരസ്പരം യാതൊരു വിധത്തിലുള്ള ആശയവിനിമയവും പാടില്ല. കളിക്കുന്നതും ജയിക്കുന്നതും ഒറ്റയ്ക്കുതന്നെ. എന്നാല്‍, പോയിന്റു കൂട്ടുന്നത് ടീമിനു മൊത്തമായിട്ടായിരിക്കും.
ഒരു ടീം ആ റൗണ്ട് മാച്ച് ജയിക്കാന്‍ നാലില്‍ രണ്ടര പോയിന്റ് മതി. രണ്ടര, മൂന്ന്, മൂന്നര, നാല് ഇവയില്‍ ഏതു പോയിന്റ് ടീം നേടിയാലും മാച്ച് പോയിന്റ് 2 കിട്ടുന്നു. ഒരു ടീം സമനിലയിലായാല്‍ (2-2 സ്‌കോര്‍)  രണ്ടു ടീമിനും മാച്ച് പോയിന്റ് ഒന്നു വീതം കിട്ടും. ആകെയുള്ള പതിനൊന്ന് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ മാച്ച് പോയിന്റ് കിട്ടുന്ന ടീമാണ് വിജയിക്കുക. മാച്ച് പോയിന്റ് തുല്യമായാല്‍ 'ഗെയിം പോയിന്റ്' (ഓരോ കളിക്കാരനും വ്യക്തിപരമായി നേടിയ ആകെ പോയിന്റുകള്‍)നോക്കും. അതും തുല്യമായാല്‍ മറ്റ് ടൈ ബ്രേക്ക് സ്‌കോറുകള്‍ നോക്കി വിജയിയെ നിശ്ചയിക്കും.
ഓപ്പണ്‍വിഭാഗത്തില്‍ ആകെ 937 കളിക്കാര്‍. വനിതാവിഭാഗത്തില്‍ 800 കളിക്കാര്‍. ഇവരെ നിയന്ത്രിക്കാന്‍ ഇരുനൂറോളം ആര്‍ബിറ്റര്‍മാര്‍, നാനൂറ് വോളണ്ടിയേഴ്‌സ്, 84 ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍, നാനൂറു പോലീസുകാര്‍ വേന്യൂവില്‍ മാത്രം. ഇത്രയുംപേര്‍ക്ക് വിവിധങ്ങളായ ഭക്ഷണം പാകം ചെയ്യാന്‍ നിരവധി പാചകവിദഗ്ധര്‍. ഇത്രയും സന്നാഹങ്ങള്‍ മഹാബലിപുരത്തുമാത്രം ഒരുക്കിയിരിക്കുന്നു. കേന്ദ്രസംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യവും അവിടെയുണ്ട്.
ഓപ്പണ്‍ വിഭാഗത്തില്‍ ഒന്നാം സീഡ് അമേരിക്കയാണ്. വ്യക്തിഗത റേറ്റിങ് നോക്കിയാല്‍ 2, 3, 4, 7, 10 സ്ഥാനങ്ങള്‍ വരുന്നത് അമേരിക്കക്കാരാണ്. ഒന്നാം സ്ഥാനത്ത് വ്യക്തിഗത റേറ്റിങ് ഉള്ള ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണ് പക്ഷേ, സഹകളിക്കാരുടെ അധികപിന്തുണ ലഭിക്കാതെ വരുന്നു. അതുകൊണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്കുതന്നെയാണ് വിജയസാധ്യത. നക്കാമുറ, വെസ്‌ലിസോ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഉജ്ജ്വലടീമാണ് അമേരിക്ക.
ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടാം സീഡ് 'ഇന്ത്യ എ' ആണ്. അതിനാല്‍, ഇന്ത്യന്‍ ടീമിനും മെഡല്‍ പ്രതീക്ഷയുണ്ട്. 
വനിതാവിഭാഗത്തില്‍ ഒന്നാം സീഡ്  ഇന്ത്യയാണ്. വ്യക്തിഗത റേറ്റിങ് ഏറ്റവും കൂടുതലുള്ള ഗ്രാന്‍ഡ് മാസ്റ്റര്‍ കൊണേരു ഹമ്പിതന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ തുറുപ്പുചീട്ട്. വനിതാവിഭാഗത്തിലും ഇന്ത്യ മെഡല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.
എന്നാല്‍, ചെസ് പ്രവചനാതീതമാണ്. കളിയില്‍ എന്തും സംഭവിക്കാം. ഇന്ത്യയുടെ അദ്ഭുതബാലന്‍  മലയാളിയായ നിഹാല്‍ സരിന്‍, പ്രഗ്‌നാനന്ദ എന്നിവര്‍ 'ഇന്ത്യ ബി' ടീമില്‍ ഇറങ്ങുന്നുണ്ട്. ശൂന്യതയില്‍നിന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഇവര്‍ ചെസ് ബോര്‍ഡില്‍ എന്തും ചെയ്യും. മലയാളിയായ എസ്.എല്‍. നാരായണന്‍ 'ഇന്ത്യ എ' ടീമിലുമുണ്ട്. ഓഗസ്റ്റ് 9 ന് അറിയാം ഏതു ടീം ട്രോഫിയില്‍ മുത്തമിടുമെന്ന്. 'ഹാമില്‍ട്ടണ്‍ റസ്സല്‍' ട്രോഫി ഓപ്പണ്‍ വിഭാഗത്തിലും 'വേരാ മെഞ്ചിക്' ട്രോഫി വനിതാവിഭാഗത്തിലും ആരു നേടും എന്നും അന്നറിയാം.

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററും, പ്ലെയറും കേരള ആര്‍ബിറ്റര്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)