കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' (For the Eternity) എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ അവലോകനം.
1939 മുതല്‍ 1958 വരെ പത്രോസിന്റെ നൗകയെ നയിച്ച ധന്യനായ പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പാ, ദക്ഷിണ ഇറ്റലിയിലെ ''പൂലിയ്യാ'' പ്രവിശ്യയിലെ റീജനല്‍ മേജര്‍ സെമിനാരിയുടെ സുവര്‍ണജൂബിലിയുടെ ഭാഗമായി അവര്‍ക്ക് അനുവദിച്ചിരുന്ന സന്ദര്‍ശനാവസരത്തില്‍ നടത്താനായി തയ്യാറാക്കിയ പ്രഭാഷണത്തില്‍നിന്നുള്ള ഭാഗങ്ങളാണ് ഈ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നത്. 1958 ഒക്‌ടോബര്‍ മാസം 19-ാം തീയതി ഞായറാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍, അതിനു പത്തുദിവസംമുമ്പ് ഒക്‌ടോബര്‍ 9-ാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ ദിവംഗതനായി. പാപ്പാ ഈ പ്രഭാഷണം നടത്തിയില്ലെങ്കിലും വത്തിക്കാന്‍ ഇതു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ പ്രധാനപ്പെട്ട ആശയങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
1. വൈദികപരിശീലനം ഒരു പൗരോഹിത്യഹൃദയത്തിനു രൂപംകൊടുക്കലാണ്
ദൈവത്തിന്റെ പ്രത്യേകമായ സ്‌നേഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുമായി അവിടുന്ന് ഏര്‍പ്പെടുന്ന നിത്യമായ ഉടമ്പടിയാണ് പൗരോഹിത്യം എന്ന കൂദാശ. സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും ഒരു പ്രത്യുത്തരമാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ ദൈവത്തിനു നല്‌കേണ്ടത്. ദൈവതിരുമനസ്സിനു സമ്പൂര്‍ണമായി വിധേയമായിക്കൊണ്ട് നിത്യപുരോഹിതനായ മിശിഹായുടെ ഹൃദയത്തിന് അനുരൂപമായ ഒരു ഹൃദയമാണ് വൈദികവിദ്യാര്‍ത്ഥിയില്‍ രൂപപ്പെടേണ്ടത്. സെമിനാരിപരിശീലനത്തിന്റെ ലക്ഷ്യം ഈ രൂപാന്തരീകരണമാണ്.
2. മിശിഹായുടെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും
''മിശിഹായുടെ ദാസന്മാരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥന്മാരുമായിട്ടാണ് പരിഗണിക്കേണ്ടത് (1 കൊറി. 4:1) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ക്കനുസൃതം വൈദികവിദ്യാര്‍ത്ഥി ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങണം. ''ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ് '' (1 കൊറി. 3:9).
ഋജുവും പരിശുദ്ധവുമായ നിയോഗങ്ങളുടെ മനുഷ്യനായിരിക്കണം ഓരോ പുരോഹിതനും. തന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സ്വാര്‍ത്ഥത കലരാന്‍ അവന്‍ അനുവദിക്കരുത്. വൈദികന്റെ മുഖ്യപ്രവര്‍ത്തനം കണിശമായും പൗരോഹിത്യാത്മകമായിരിക്കണം. അതായത്, ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചുകൊണ്ട് പുതിയ ഉടമ്പടിയുടെ ബലി ദൈവത്തിന് അര്‍പ്പിക്കാനും ദൈവവചനം പ്രഘോഷിക്കാനും കൂദാശകള്‍ പരികര്‍മം ചെയ്യാനും പുരോഹിതന്‍ ശ്രദ്ധാലുവായിരിക്കേണ്ടതാണ്.
3. ദൈവതൃക്കരങ്ങളിലെ ഉപകരണങ്ങള്‍
തന്റെ രക്ഷാകരവേലയില്‍ സഹായികളായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ വലിയ ഗുണകാംക്ഷിയാണ് ദൈവം. സ്വന്തം നിലയിലല്ല, പിന്നെയോ, ദൈവത്തിന്റെ ഉപകരണങ്ങളായാണ് വൈദികര്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യവും വ്യക്തിത്വവും നഷ്ടമാകാത്ത ഉത്തരവാദിത്വമുള്ള ശുശ്രൂഷികളാണവര്‍. മനുഷ്യഹൃദയങ്ങളില്‍ ദൈവത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്താന്‍ മിശിഹായുടെ കരങ്ങളിലെ ഉപകരണമാണ് പുരോഹിതന്‍. സെമിനാരിപരിശീലനത്തിന്റെ ലക്ഷ്യം കര്‍ത്താവിനുവേണ്ടി നല്ലവരും അനുസരണയുള്ളവരുമായ ഉപകരണങ്ങളായി വര്‍ത്തിക്കുന്നവര്‍ക്കുള്ള ആത്മീയപരിശീലനം നല്കുകയാണെന്ന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.
4. മിശിഹായോടും സഭയോടും വിശ്വസ്തന്‍
തിയോളജി പഠനം മിശിഹായോടും അവിടുത്തെ സഭയോടും വിശ്വസ്തത പുലര്‍ത്താന്‍ സെമിനാരിക്കാരെ അഭ്യസിപ്പിക്കുന്നു. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കല്ല സഭയുടെ പ്രബോധനങ്ങള്‍ക്കാണ് വൈദികന്‍ പ്രാധാന്യം നല്‌കേണ്ടത്.
5. അചഞ്ചലവിശ്വാസം
നവവൈദികന്‍ ശുഭാപ്തിവിശ്വാസത്തോടെ ആരംഭിക്കുന്ന ശുശ്രൂഷാജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തളരരുതെന്ന് പരിശുദ്ധപിതാവ് ഓര്‍മിപ്പിക്കുന്നു. ഒരാധ്യാത്മികനിയന്താവിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഏറെ വിലപ്പെട്ടതാണ്. മുതിര്‍ന്നവരായ വൈദികര്‍ യുവവൈദികരെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ ഓര്‍മിപ്പിക്കുന്നു.
അറുപത്തിനാലു വര്‍ഷംമുമ്പ് ഭാഗ്യസ്മരണാര്‍ഹനായ ധന്യന്‍ പന്ത്രണ്ടാം പീയൂസ് പാപ്പാ തയ്യാറാക്കിയ പ്രഭാഷണത്തിന്റെ കാലികപ്രസക്തി കര്‍ദിനാള്‍ റോബര്‍ട്ട് സറാ താഴെ കുറിക്കുംപ്രകാരമാണ് ചര്‍ച്ച ചെയ്യുന്നത്:
ഒന്നാമതായി, വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനം ഓരോ രൂപതാധ്യക്ഷന്റെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്. ഓരോ മെത്രാനും പരമ്പരാഗതരീതിയിലുള്ള സെമിനാരി ആരംഭിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം -പലയിടങ്ങളിലും തിയോളജിയുടെ യൂണിവേഴ്‌സിറ്റിപഠനംകൊണ്ട് തൃപ്തിപ്പെടുകയാണ്. അതുപോരാ എന്നു കര്‍ദിനാള്‍ സറാ തീര്‍ത്തുപറയുന്നു. സെമിനാരിക്കാരന്‍ ഒരു വിദ്യാര്‍ത്ഥി മാത്രമല്ല. പ്രഫസറാകാനല്ല, മിശിഹായുടെ ശുശ്രൂഷകനാകനാണ് വൈദികവിദ്യാര്‍ത്ഥികള്‍ പരിശീലിപ്പിക്കപ്പെടേണ്ടത്. പൗരോഹിത്യജീവിതത്തിനാവശ്യമായ വ്യക്തിഗതവും പൊതുവുമായ പ്രാര്‍ത്ഥനാനുഭവത്തില്‍ വൈദികവിദ്യാര്‍ത്ഥി വളരണം. ലോകത്തോടും അതിന്റെ മാധ്യമകോലാഹലങ്ങളോടും അകലം പാലിക്കേണ്ടത് ഈ പരിശീലനകാലത്ത് അനിവാര്യമാണ്. മെത്രാനോടോ അദ്ദേഹത്തിന്റെ പ്രതിനിധിയോടോ ഉള്ള വിധേയത്വവും, സ്‌നേഹത്തിലും സാഹോദര്യത്തിലുമുള്ള സമൂഹജീവിതവും വൈദികപരിശീലനത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.
കര്‍ദിനാള്‍ സറാ എഴുതുന്നു:
''ഒരു സെമിനാരി പൗരോഹിത്യജീവിതത്തിന്റെ പൂര്‍ണത കരസ്ഥമാക്കാനുള്ള കളരിയായിരിക്കണം. അതിരു കടന്ന പ്രവര്‍ത്തനനിരതയും മാനസികപിരിമുറുക്കവുമല്ല പൗരോഹിത്യജീവിതത്തിന്റെ മുഖമുദ്ര. പൗരോഹിത്യജീവിതം മുഖ്യമായും നിത്യപുരോഹിതനായ മിശിഹായോടൊപ്പമുള്ള മധ്യസ്ഥപ്രാര്‍ത്ഥനയാണ്. സത്യസന്ധത, വിശ്വസ്തത, ധൈര്യം, ഔദാര്യം, ആത്മാര്‍ത്ഥത, നിസ്വാര്‍ത്ഥത തുടങ്ങിയ പുണ്യങ്ങള്‍ പുരോഹിതനില്‍ പ്രശോഭിക്കണം. കാപട്യം പുരോഹിതന് തീര്‍ത്തും അന്യമായിരിക്കണം.''
മാനുഷികബന്ധങ്ങളിലെ വൈകാരികപക്വതയും മനസ്സിന്റെ സമതുലനാവസ്ഥയും കൈവിടാതെ ജീവിക്കാന്‍ ഓരോ വൈദികനും പരിശീലിപ്പിക്കപ്പെടണം. രൂപതാധ്യക്ഷന്റെ നേര്‍ക്ക് തുറന്ന മനഃസ്ഥിതിയും അനുസരണവും പാലിക്കാന്‍ അനായാസം അവനു കഴിയേണ്ടതാണ്. സെമിനാരിക്കാരോടും വൈദികരോടും പിതൃസഹജമായ വാത്സല്യവും സ്‌നേഹവും പുലര്‍ത്താന്‍ മെത്രാന്മാര്‍ക്കു കഴിയണം. അതൊരു ഭംഗിവാക്കായാല്‍പ്പോരായെന്നും പിതൃസഹജമായ പെരുമാറ്റം യഥാര്‍ത്ഥ്യമായി അവര്‍ക്ക് അനുഭവപ്പെടണമെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
ഈശോ ചുമതല ഏല്പിക്കുന്നത് ഒരു സ്ഥാപനത്തെയല്ല; ഒരു വ്യക്തിയെയാണ്. സഭയുടെ അടിസ്ഥാനം മെത്രാന്‍സമിതിയോ രൂപതാഭരണസംവിധാനങ്ങളോ അല്ല; അതു മെത്രാന്‍ എന്ന വ്യക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
പുരോഹിതര്‍ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണെന്ന കാര്യം അവര്‍ നിരന്തരം ഓര്‍ക്കണമെന്ന, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായുടെ ആഹ്വാനം എടുത്തുപറഞ്ഞുകൊണ്ടാണ്, കര്‍ദിനാള്‍ സറാ തന്റെ പരിചിന്തനങ്ങള്‍ സമാപിപ്പിക്കുന്നത്.