ആധുനികമിഷനറിമാരില്‍ സുപ്രധാന വ്യക്തിയാണ് ജൂലൈ 16 ന് മണിപ്പൂരില്‍ അന്തരിച്ച മോണ്‍സിഞ്ഞോര്‍ ജോസഫ് കച്ചിറമറ്റം. സ്‌നേഹമസൃണമായ തന്റെ സമീപനം കൊണ്ടും സംഭാഷണരീതികൊണ്ടും ആയിരങ്ങളെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഭാരതത്തിലെ കത്തോലിക്കാസഭ ഒരു മിഷണറിസഭയാണ്. ''നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുവിന്‍'' എന്ന ഈശോയുടെ കല്പന നേരിട്ടു ശ്രവിച്ച വി. തോമസ്, തന്റെ ദൗത്യനിര്‍വഹണത്തിനായി അങ്ങകലെ ഈ ഭാരതനാട്ടിലെത്തി നമ്മുടെ പൂര്‍വികരെ നാഥന്റെ സുവിശേഷമറിയിച്ചു. ക്ലേശകരമായ പ്രേഷിതപ്രവര്‍ത്തനത്തിനൊടുവില്‍ തന്റെ രക്തംചിന്തി അദ്ദേഹം ഈശോയ്ക്കു സാക്ഷ്യം നല്‍കി. തോമാശ്ലീഹാ നമുക്കു കൈമാറിയ വിശ്വാസത്തിന്റെ ദീപശിഖയുമായി ആയിരക്കണക്കിനു മിഷനറിമാര്‍ നമ്മുടെ മുമ്പിലൂടെ കടന്നുപോയിട്ടുണ്ട്. സ്വന്തം മാതാപിതാക്കളും സോദരരും എതിര്‍ത്തിട്ടുപോലും അതൊന്നും ഗണ്യമാക്കാതെ നാടും വീടും ഉപേക്ഷിച്ച് മിഷന്‍പ്രദേശങ്ങളില്‍ പോയി സധൈര്യം ക്രിസ്തുവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ വൈദികരും സമര്‍പ്പിതരും നമ്മുടെ ഇടയില്‍ നിന്നുതന്നെയുണ്ട്! ഭാരതത്തില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ നമ്മുടെ ആളുകള്‍ എത്തിക്കഴിഞ്ഞു.
ആധുനികമിഷനറിമാരില്‍ സുപ്രധാന വ്യക്തിയാണ് ജൂലൈ 16 ന് മണിപ്പൂരില്‍ അന്തരിച്ച മോണ്‍. ജോസഫ് കച്ചിറമറ്റം. 96-ാം വയസ്സില്‍ മണിപ്പൂരിലെ വൈദികമന്ദിരത്തില്‍വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഈ മിഷനറിവൈദികന്‍ സ്വന്തം നാട്ടില്‍ ഒട്ടുംതന്നെ അറിയപ്പെട്ടിരുന്നില്ല. പാലാ രൂപതയില്‍പ്പെട്ട രാമപുരം കച്ചിറമറ്റം കുടുംബത്തില്‍ അബ്രാഹം-മേരി ദമ്പതികളുടെ ഏഴു സന്താനങ്ങളില്‍ നാലാമനായി 1926 മാര്‍ച്ച് 12 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. മരങ്ങാട് മഞ്ചാടിമറ്റം സ്‌കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠനം തുടര്‍ന്നു.
പത്താംക്ലാസ് പൂര്‍ത്തിയായപ്പോള്‍ ഉപരിപഠനത്തിന് കോളജില്‍ പോകണമോ അതോ സെമിനാരിയില്‍ പോകണോ എന്ന് അല്പം സന്ദേഹമുണ്ടായി. മാതാപിതാക്കള്‍ തങ്ങളുടെ പുത്രന്‍ ഒരു വൈദികനാകുന്നതില്‍ സന്തോഷിച്ചു. അതുപോലെതന്നെ, പിതൃസഹോദരനായ വൈദികനും ആ യുവാവിനെ പ്രോത്സാഹിപ്പിച്ചു. ആ വല്യച്ചന്‍ ജോസഫിനെ മദ്രാസിലെ മൈലാപ്പൂര്‍ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ലൂയിസ് മത്തിയാസ് പിതാവിന്റെ പക്കല്‍ കൊണ്ടുപോയി. അദ്ദേഹം അവനെ സസന്തോഷം സെമിനാരിയില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ജോസഫ് കച്ചിറമറ്റം തന്റെ 21-ാം വയസ്സില്‍ ഒരു വൈദികവിദ്യാര്‍ത്ഥിയായി.
പഠനത്തിലും സെമിനാരിയിലെ നിയമങ്ങള്‍ പാലിക്കുന്നതിലും എല്ലാവര്‍ക്കും ഉത്തമമാതൃകയായിരുന്ന ബ്രദര്‍ ജോസഫ് കച്ചിറമറ്റം 1958 ഏപ്രില്‍ 24 ന് പുനമല്ലി സെമിനാരിചാപ്പലില്‍വച്ച്, വെല്ലൂര്‍ ബിഷപ് ഡോ. ഡേവിസ് മരിയനായകത്തില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ വളരെ സ്തുത്യര്‍ഹമായി സേവനം ചെയ്തിരുന്ന ബിഷപ് മരേന്‍ഗോയുടെ ക്ഷണപ്രകാരം മണിപ്പൂര്‍ മിഷനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് നമ്മുടെ കൊച്ചച്ചന്‍ നിശ്ചയിച്ചത്. ഇത്രയും വിദൂരത്തു പോകുന്നതില്‍നിന്ന് അച്ചനെ പിന്തിരിപ്പിക്കാന്‍ മാതാപിതാക്കളും പിതൃസഹോദരനായ ജോസഫ് വല്യച്ചനും ശ്രമിച്ചെങ്കിലും ജോസഫച്ചന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അക്കാലത്ത് നമ്മുടെ നാട്ടില്‍നിന്ന് ആരുംതന്നെ ഇത്രയകലെ പ്രേഷിതവേലയ്ക്കായി പോയിരുന്നില്ല. ബിഷപ് മരേന്‍ഗോതന്നെ കൊച്ചച്ചനെ ആ പ്രേഷിതരംഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇപ്പോഴത്തെ തേസ്പൂര്‍, ഡിബ്രുഗാര്‍, ഇംഫാല്‍, കൊഹിമ എന്നീ രൂപതകളുടെയെല്ലാം പ്രഥമ മെത്രാനായിരുന്ന ഇറ്റാലിയന്‍ മിഷനറിയായിരുന്നു ബിഷപ് മരേന്‍ഗോ. ഇംഫാല്‍ രൂപതയാണ് ഇപ്പോള്‍ മണിപ്പൂര്‍ എന്നറിയപ്പെടുന്നത്. മണിപ്പൂരിലെ പ്രഥമ ഏതദ്ദേശീയ മിഷനറിയായിട്ടാണ് ഫാ. കച്ചിറമറ്റം നിയമിതനായത്.
കേരളത്തില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ആ പ്രദേശം. ഭാഷ, സംസ്‌കാരം, ജീവിതരീതി തുടങ്ങി എല്ലാക്കാര്യങ്ങളിലും ആ ദേശവാസികളോടു ബന്ധപ്പെടേണ്ടിയിരുന്നു. മണിപ്പൂരിഭാഷ പഠിക്കാനായിരുന്നു ജോസഫച്ചന്‍ ആദ്യം ശ്രദ്ധ ചെലുത്തിയത്. ഇംഗ്ലീഷ് ഒട്ടും വശമില്ലാത്ത ആ ജനത്തോട് സംവദിക്കണമെങ്കില്‍ അവരുടെ ഭാഷ അറിയുക അത്യാവശ്യമായിരുന്നു. ഏതാനും മാസങ്ങള്‍കൊണ്ട് ആ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അച്ചനു സാധിച്ചു.
കച്ചിറമറ്റം അച്ചന്‍ ഗ്രാമങ്ങള്‍തോറും സന്ദര്‍ശനം നടത്തുമായിരുന്നു. സ്‌നേഹമസൃണമായ തന്റെ സമീപനം കൊണ്ടും സംഭാഷണരീതികൊണ്ടും ആ ജനതയെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു മതത്തിലും അംഗങ്ങളല്ലാത്ത അവര്‍ ആദ്യമായിട്ടാണ് ക്രിസ്തുമതത്തെയും ക്രൈസ്തവവിശ്വാസത്തെയുംപറ്റി കേള്‍ക്കുന്നത്. മോട്ടോര്‍ബൈക്കിലായിരുന്നു യാത്ര. അത്യാവശ്യസാധനങ്ങളെല്ലാം ബൈക്കിന്റെ പിറകില്‍ കെട്ടിവച്ചുകൊണ്ട് എത്ര അകലെവരെ പോകുന്നതിനും അച്ചനു മടിയില്ലായിരുന്നു. മണിപ്പൂരില്‍ പല മിഷന്‍ സെന്ററുകളും ആരംഭിക്കുന്നതിനും നേരത്തേ ഉണ്ടായിരുന്നവ ഇടവകകളായി ഉയര്‍ത്തുന്നതിനും കച്ചിറമറ്റത്തച്ചനു സാധിച്ചു.
അടുത്തകാലത്തു നിര്യാതനായ മണിപ്പൂര്‍ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് മിറ്റത്താനിയുടെ സഹപ്രവര്‍ത്തകനായും കച്ചിറമറ്റം സേവനം ചെയ്തു. അതിരൂപതയുടെ വികാര്‍ ജനറാള്‍, ജുഡീഷ്യല്‍ വികാര്‍, കത്തീഡ്രല്‍ പള്ളി വികാരി തുടങ്ങി ഉത്തരവാദിത്വപ്പെട്ട പല ജോലികളും അദ്ദേഹം കാര്യക്ഷമമായി നിര്‍വ്വഹിച്ചു.
നരച്ച താടിയുള്ള, സദാ പുഞ്ചിരിക്കുന്ന ആ മുഖം ഒരിക്കല്‍ കണ്ടാല്‍ പിന്നീടു മറക്കുമായിരുന്നില്ല. 1981 ലെ ഒരു മിഷന്‍പര്യടനവേളയിലാണ് ബഹു. കച്ചിറമറ്റത്തിലച്ചനെ പരിചയപ്പെടാനും സംസാരിക്കാനും എനിക്കു ഭാഗ്യം ലഭിച്ചത്.
തന്നെ ഏല്പിച്ചതും താന്‍ സ്വയം ഏറ്റെടുത്തതുമായ ജോലികളെല്ലാം പൂര്‍ത്തിയാക്കി 2008 ല്‍ കച്ചിറമറ്റത്തച്ചന്‍ റിട്ടയര്‍ ചെയ്തു. വൈദികമന്ദിരത്തിലായിരുന്നു തുടര്‍ന്നുള്ള വിശ്രമജീവിതം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളൊന്നുമില്ലായിരുന്നു. തന്റെ നാഥന്റെ പക്കലേക്കു യാത്രയാകാനുള്ള തയ്യാറെടുപ്പില്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു. വൈദികരും സന്ന്യസ്തരുമുള്‍പ്പെടെ ധാരാളം പേര്‍ ആധ്യാത്മികോപദേശം തേടിയും പാപസങ്കീര്‍ത്തനത്തിനായും അച്ചനെ സമീപിച്ചിരുന്നു.
2022 ജൂലൈ 16 ന് 96-ാം വയസ്സില്‍ മണിപ്പൂരിലെ ആ മഹാമിഷനറി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ജൂലൈ 20 ന് മണിപ്പൂര്‍ കത്തീഡ്രലില്‍ ആ പൂജ്യശരീരം സംസ്‌കരിക്കപ്പെട്ടു. അറുപതു വര്‍ഷത്തിലേറെ മണിപ്പൂരില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ ബഹു. കച്ചിറമറ്റത്തിലച്ചന്‍ തലമുറയ്ക്ക് ഒരു മാര്‍ഗദീപവും വഴികാട്ടിയുമായിരിക്കട്ടെ.