മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ അട്ടപ്പാടിയിലെ ആദിവാസി കലാകാരി നഞ്ചിയമ്മ പുതിയ ചരിത്രമെഴുതി. ക്യാമറയ്ക്കു മുന്നില്‍ നഞ്ചിയമ്മ ആദ്യമായി പാടുകയും അഭിനയിക്കുകയും ചെയ്ത ആദിവാസി ഭാഷയിലെ ലഘുസിനിമയായ 'അഗ്ഗെദ് നായാഗ'യുടെ സംവിധായിക സിന്ധു സാജന്‍ നഞ്ചിയമ്മയുമായി നടത്തിയ അഭിമുഖം.
* ''അയ്യപ്പനും കോശിയും'' എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ ''കളക്കാത്ത സന്ദനമേറെ'' എന്ന പാട്ടാണല്ലോ നാലു കോടിയിലേറെ ആളുകള്‍ കേട്ടത്. എന്തായിരിക്കും ഈ പാട്ട് ഇത്രയേറെ ജനകീയമാകാന്‍ കാരണം? ഇരുളഭാഷയുടെ അര്‍ത്ഥമറിയാഞ്ഞിട്ടുപോലും കൊച്ചുകുട്ടികളടക്കം ഈ പാട്ട് പാടിയും ആടിയും നെഞ്ചേറ്റിയല്ലോ?
അതാണ് ഞങ്ങളുടെ പാട്ടിന്റെ പ്രത്യേകത. ഞങ്ങളുടെ ഇരുളഭാഷയിലെ പാട്ടാണ് അത്. അതിന്റെ അര്‍ത്ഥം കേള്‍ക്കുമ്പോള്‍ സന്തോഷമല്ലേ? ഞങ്ങളുടെ എല്ലാ പാട്ടുകളും അങ്ങനെയാണ്. പാട്ടിനെക്കാള്‍ അതിന്റെ താളത്തിനാണു പ്രാധാന്യം. ഞങ്ങളുടെ പാട്ടുകള്‍ വെറുതെ പാടി ആസ്വദിക്കാനുള്ളതല്ല; പാട്ടിനൊപ്പം കളിക്കാനുള്ളതാണ്. അതു കേള്‍ക്കുമ്പോ ആരുടെയും ഹൃദയം ഒന്നു തുള്ളിപ്പോകും. വിരലുകള്‍ അറിയാതെ താളം പിടിക്കും. കാലുകള്‍ ചുവടുവയ്ക്കും. അതുകൊണ്ടൊക്കെയാവും എല്ലാവര്‍ക്കും ഇഷ്ടമായത്.
* അട്ടപ്പാടിയുടെ പാട്ടുകള്‍ക്കും സംഗീതത്തിനുമുള്ള മറ്റു പ്രത്യേകതകള്‍ എന്തൊക്കെയാണ്?
അട്ടപ്പാടിയില്‍ മൂന്നുവിഭാഗം ആദിവാസികളുണ്ട്. ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍. മൂന്നു കൂട്ടര്‍ക്കും ഓരോ ഭാഷയുണ്ട്. പക്ഷേ, ഞങ്ങളുടെ ഭാഷയ്ക്ക് എഴുത്തുരൂപം (ലിപി) ഇല്ല. ഞങ്ങള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ പാരമ്പര്യമായി ഞങ്ങളുടെ ചരിത്രവും അറിവുകളും സന്തോഷങ്ങളുമൊക്കെ അടുത്ത തലമുറയ്ക്കു പകര്‍ന്നുനല്‍കിയിരുന്നത് പാട്ടിലൂടെയായിരുന്നു. പാടിപ്പാടി ഓരോ കാര്യവും ഞങ്ങളുടെ മനസ്സിലങ്ങ് ഉറയ്ക്കും. അത് ഞങ്ങള്‍ പാട്ടിലൂടെ ഞങ്ങളുടെ മക്കള്‍ക്കും പകര്‍ന്നുകൊടുക്കും.
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് പല പാട്ടുകളുടെയും ജീവന്‍. പിന്നെ പക്ഷിമൃഗാദികളെക്കുറിച്ച്, അമ്മയും കുട്ടിയും ചേര്‍ന്ന പാട്ടുകള്‍, കാമുകീകാമുകന്മാരെക്കുറിച്ചുള്ളവ ഒക്കെ ഞങ്ങള്‍ക്കുമുണ്ട്. കൃഷിസമയത്ത് വിത്തിറക്കുന്നതിനും വിളവെടുക്കുന്നതിനുമൊക്കെയായി ഇഷ്ടംപോലെ കൃഷിപ്പാട്ടുകളും ഞങ്ങള്‍ക്കുണ്ട്. പാടത്ത് കാവലിരിക്കുമ്പോള്‍ കിളിയെ ഓടിക്കാനായും പാട്ടുകളുണ്ട്.
മുമ്പൊക്കെ ഞങ്ങടെ മുത്തച്ഛന്മാര്‍ കാവല്‍മാടങ്ങള്‍ കെട്ടി രാത്രിയും കൃഷിക്കു കാവലിരിക്കും. പന്നിയും ആന, കരടി തുടങ്ങിയ കാട്ടുമൃഗങ്ങളും ശല്യം ചെയ്യാതിരിക്കാന്‍ അവര്‍ ഉറക്കെ പാട്ടുപാടും. ഇങ്ങനെ ഓരോരോ സന്ദര്‍ഭത്തിനായി പലപല പാട്ടുകള്‍ ഞങ്ങള്‍ക്കുണ്ട്.
* എന്തൊക്കെ വാദ്യോപകരണങ്ങളാണ് പാട്ടിന് അകമ്പടിയായി ഉപയോഗിക്കാറുള്ളത്?
പ്രധാനമായും നാല് വാദ്യോപകരണങ്ങളാണുള്ളത്. പെറെ, ദെവില്, കൊഗാല്, ജാല്‍റ എന്നിവയാണത്. ഇതില്‍ പെറെയും ദെവിലും കൊട്ടാനുള്ളതാണ്. കൊഗാല് എന്നാല്‍ ഒരു പീപ്പിയാണ്. ഇലത്താളംപോലെ താളം പിടിക്കാനുള്ളതാണ് ജാല്‍റ.
ഞങ്ങളുടെ പാട്ടുകളധികവും എല്ലാവരും ചേര്‍ന്ന് ആട്ടമാടാനുള്ളതാണ്. ആണും പെണ്ണും ഇടവിട്ട് വട്ടത്തില്‍നിന്നാണ് ഞങ്ങളുടെ കളി. അതിന്റെ നടുക്കാണ് കൊട്ടുകാരും പാട്ടുകാരും നില്‍ക്കുക.
കൊഗാല് വായിക്കാനാണ് ഏറ്റവും പ്രയാസം. ശ്വാസനിയന്ത്രണമാണ് കൊഗാലുവായനയുടെ മുഖ്യാകര്‍ഷണം. ചെറുപ്പംമുതല്‍ പ്രത്യേക പരിശീലനം ലഭിച്ചുവന്ന മൂപ്പന്മാരാണ് കൊഗാല് വായിക്കുന്നത്. പുതിയ കുട്ടികള്‍ക്കൊന്നും അതറിയില്ല എന്നത് ഒരു വിഷമമാണ്.
* നഞ്ചിയമ്മയുടെ പ്രകൃതിയോടിണങ്ങിയ ജീവിതത്തെക്കുറിച്ച് ഒന്നു പറയാമോ?
ഞങ്ങള്‍ ആദിവാസികളാണ്. കൃഷിയാണ് ഞങ്ങളുടെ തൊഴിലും ജീവിതവും എല്ലാം. അട്ടപ്പാടി തമിഴ്‌നാട് അതിര്‍ത്തിയിലെ ആലാങ്കണ്ടി പുതൂരിലാണ് എന്റെ വീട്. ചെറുപ്പത്തില്‍ എന്റച്ഛനും കൂട്ടുകാരുമൊക്കെ ആട്ടംപാട്ടു നടത്തുമ്പോള്‍ ഞാനും പോയി കണ്ടുനിന്നു കേട്ടുകേട്ടു പഠിച്ചതാണ് ഈ പാട്ടുകളൊക്കെ. പിന്നീട് അഗളിയില്‍ നക്കുപ്പതി ഊരിലെ നഞ്ചപ്പനെ കല്യാണം കഴിച്ചാണ് അട്ടപ്പാടിയില്‍ എത്തുന്നത്.
ആദിവാസി ആചാരപ്രകാരം കല്യാണം കഴിഞ്ഞ് കുടുംബമാകുന്നവര്‍ക്ക് കാരണവന്മാര്‍ ആടുകളെ സമ്മാനിക്കും. ഞങ്ങളുടെ സമ്പാദ്യമാണ് ആടുകള്‍. അങ്ങനെ ഞങ്ങള്‍ക്കും അന്ന് കുറെ ആടുകളെ കിട്ടി. ഞാനും നഞ്ചപ്പനും രാവിലെ ആടുകളെ മേയ്ക്കാന്‍ പോകും. നഞ്ചപ്പന്‍ പറമ്പില്‍ കൃഷിപ്പണി ചെയ്യുമ്പോള്‍ ഞാന്‍ ആടുകളെ മേയ്ക്കും. ഇതായിരുന്നു വര്‍ഷങ്ങളോളം ഞങ്ങളുടെ ജീവിതം.
നഞ്ചപ്പന്‍ നല്ല കൊട്ടുകാരന്‍കൂടിയായിരുന്നു. പാട്ടുകള്‍ വലിയ ഇഷ്ടവുമാണ്. കൃഷിപ്പണി ചെയ്തു മടുക്കുമ്പോള്‍ കുന്നിന്‍പുറത്തിരുന്ന് ഞാന്‍ പാടും. നഞ്ചപ്പന്‍ താളംകൊട്ടും. ഇതായിരുന്നു ഞങ്ങളുടെ രസം. നഞ്ചപ്പന് ആദിവാസി കലാകാരനുള്ള ഗവണ്‍മെന്റ് അവാര്‍ഡ് കിട്ടിയിട്ടുണ്ട്, 2009 ല്‍ ആണെന്നു തോന്നുന്നു. ഏഴു വര്‍ഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. പാട്ടിന്റെ വഴിയില്‍ ഞാന്‍ തനിച്ചായി.
* നഞ്ചപ്പനുവേണ്ടി മാത്രം പാടിയിരുന്ന നഞ്ചിയമ്മയുടെ പാട്ടുകള്‍ എപ്പോള്‍ മുതലാണ് ആളുകള്‍ കേട്ടുതുടങ്ങിയത്?
ഊരിലെ കമ്മ്യൂണിറ്റി സെന്ററിന്റെ ഒരു പരിപാടിക്ക് എല്ലാവരും ചേര്‍ന്ന് എന്നെ പാടാന്‍ നിര്‍ബന്ധിച്ചു. പുറത്തു പാടാനൊക്കെ എനിക്കു വളരെ പേടിയായിരുന്നു. മൈക്ക് കിട്ടിയാലേ ഞാന്‍ വെറയ്ക്കും. അങ്ങനെ ഞാനവിടെ പാടി. അന്ന് എല്ലാവര്‍ക്കും പാട്ട് നന്നായി പിടിച്ചു.
എന്റെ അമ്മായിയച്ഛന്‍ സ്‌നേഹമുള്ള മനുഷ്യനായിരുന്നു. പാട്ടുകേട്ടിട്ട് 'ആഹാ എന്റെ മരുമകള് നന്നായി പാടുന്നുണ്ടല്ലോ' എന്നൊക്കെ ആള് പറഞ്ഞ്.
പിന്നെയാണ് പഴനിസ്വാമിയും കുറച്ചുപേരും ചേര്‍ന്ന് ആഹാഡ്‌സില്‍ (അഒഅഉട) 'ആസാദ് കലാസംഘം' എന്ന പേരില്‍ ഒരു ആട്ടം - പാട്ട് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നെ അതില്‍ പാടാന്‍ അവര്‍ എന്നെ വിളിച്ചു. അങ്ങനെ ഞാന്‍ ഒരു പാട്ടുകാരിയായി.
* പിന്നീടെപ്പോഴാണ് പാട്ടുമായി നഞ്ചിയമ്മ അട്ടപ്പാടിക്കു പുറത്തേക്കു പോയിത്തുടങ്ങിയത്?
അഹാഡ്‌സില്‍ ഉണ്ടായിരുന്ന വി.എച്ച്. ദിരാര്‍ സര്‍ ആണ് ഞങ്ങളുടെ ആസാദ് കലാസംഘം എന്ന ഗ്രൂപ്പിന് പല പരിപാടികളും ഏല്പിച്ചുതന്നത്. കേരളത്തിന്റെ എല്ലാ ജില്ലയിലും ആദിവാസി നാടന്‍ കലാമേളകളിലും കീര്‍ത്താഡ്‌സ്, കില തുടങ്ങിയ പരിശീലനകേന്ദ്രങ്ങളുടെ വിവിധ പരിപാടികളിലും ഞങ്ങള്‍ ആട്ടം - പാട്ട് അവതരിപ്പിക്കാന്‍ പോകും. ആണും പെണ്ണുമൊക്കെയായി പത്തുപതിനാറു പേരുണ്ടാകും ഗ്രൂപ്പില്‍.
* ഇത്തരം യാത്രാനുഭവങ്ങള്‍ ഒരു പങ്കുവയ്ക്കാമോ?
ഞങ്ങളില്‍ പലര്‍ക്കും അക്കാലത്ത് ബസിലും ട്രെയിനിലും കേറിയും ഹോട്ടലീന്നു ഭക്ഷണം കഴിച്ചും പതിവില്ലായിരുന്നു. പലപ്പോഴും അത്തരം ഭക്ഷണമൊന്നും ഞങ്ങള്‍ക്കു പിടിക്കില്ല. ഹോട്ടല്‍മുറികളിലെ സായിപ്പിന്റെ കക്കൂസായിരുന്നു വേറേ ഒരു പ്രശ്‌നം. പിന്നെപ്പിന്നെ അതൊക്കെ ഞങ്ങളും ശീലിച്ചു. ആദ്യകാലത്ത് ട്രെയിനിലൊക്കെയുള്ള ദീര്‍ഘദൂര പരിപാടികള്‍ക്കു ഞങ്ങളെയുംകൊണ്ടു പോകുന്നതിന് പഴനിസ്വാമി കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും യാതൊരു മടുപ്പും പ്രയാസവുമില്ലാതെ കിട്ടാവുന്ന പരിപാടികളൊക്കെ പഴനിസ്വാമി ഏറ്റെടുത്തു.
കേരളത്തിനു പുറത്തുള്ള ആദ്യയാത്ര മുംബൈയിലെ 'പാട്ടോളം' പരിപാടിയായിരുന്നു. ശ്രീ. ഞെരളത്ത് ഹരിഗോവിന്ദന്‍വഴിയാണ് ഞങ്ങള്‍ പാട്ടോളത്തിനെത്തിയത്. ട്രെയിനില്‍ രണ്ടുദിവസത്തെ യാത്രയായിരുന്നു. പരിചയമില്ലാത്ത ഞങ്ങളെല്ലാം നന്നേ ബുദ്ധിമുട്ടി. എന്നാല്‍, എത്ര കഷ്ടപ്പെട്ടാണെങ്കിലും പരിപാടി കഴിഞ്ഞു മടങ്ങുമ്പോഴും പഴനിസ്വാമി ഞങ്ങളോടു പറയും: നമ്മള്‍ മടുക്കരുത്. നമുക്ക് ഒരു നല്ല കാലം വരും. നമ്മുടെ നാടും ഭാഷയും ആട്ടവും പാട്ടുമെല്ലാം ലോകം അംഗീകരിക്കും. അങ്ങനെ ഞങ്ങള്‍ പതിനാറു വര്‍ഷം ഈ പരിപാടി കൊണ്ടുനടന്നു.
* പിന്നീടെങ്ങനെയാണ് നഞ്ചിയമ്മ സിനിമയിലേക്ക് എത്തിയത്?
എനിക്ക് സിനിമ എന്താണെന്നോ, സിനിമാക്കാര്‍ ആരെല്ലാമാണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. ഇവിടെ ഗൂളിക്കടവില്‍ ഒരു സിനിമാ ടാക്കീസ് ഉണ്ട്. തമിഴ് സിനിമകളാണ് കൂടുതല്‍ വരിക. വല്ലപ്പോഴുമൊക്കെ സിനിമയ്ക്കു പോകാറുണ്ട്. എന്നാലും ഞാന്‍ നേരത്തേ ഒന്നുരണ്ടു സിനിമകളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് കേട്ടോ.
ആദ്യമായി അഭിനയിച്ചതും പാടിയതും ഞങ്ങളുടെ സിന്ധുറ്റീച്ചറിന്റെ പടത്തിലാണ്. ആദ്യമായി തിയേറ്ററില്‍ വലിയ സ്‌ക്രീനില്‍ എന്നെ കണ്ടിട്ട് അന്ന് എനിക്ക് വലിയ അദ്ഭുതവും സന്തോഷവും തോന്നി. ഞങ്ങടെ ഗൂളിക്കടവ് തീയേറ്ററില്‍ ആ സിനിമ കാണിച്ചിരുന്നു.
അഗളി സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്നു ചെയ്ത സിനിമയാണത്. 'അഗ്ഗെദ് നായാഗ' എന്നാണു പേര്. അതിന്റെ അര്‍ത്ഥം ഞങ്ങടെ ഭാഷയില്‍ അമ്മയുടെ മൊഴി എന്നാണ്. അത് ഞങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയായിരുന്നു. ഞാനും കാടമൂപ്പത്തിയും ഊരിലെ ആളുകളുമെല്ലാം അതില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കുന്നപോലെ പേടി ഒന്നും തോന്നിയില്ല. ആ സിനിമയ്ക്ക് അക്കൊല്ലം ഗവണ്‍മെന്റിന്റെ അവാര്‍ഡ് കിട്ടിയെന്നു ടീച്ചര്‍ പറഞ്ഞപ്പോ ഞങ്ങള്‍ക്കു വലിയ സന്തോഷമായിരുന്നു.
പിന്നെ റാസിമുഹമ്മദ് സാറിന്റെ 'വെളുത്ത രാത്രികള്‍' എന്ന സിനിമയ്ക്കുവേണ്ടി അഞ്ചു പാട്ടുകള്‍ പാടി. യൂട്യൂബിലൊക്കെ ഉണ്ട് ആ പാട്ടുകള്‍. അതിലെ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍വേണ്ടി ഞങ്ങള്‍ തിരുവനന്തപുരത്തു പോയി. റാസി സാറിന്റെ വീട്ടിലാണ് താമസിച്ചത്. ആ സിനിമയ്ക്കും അക്കൊല്ലം അവാര്‍ഡ് കിട്ടിയിരുന്നു.
* സച്ചിസാറിന്റെ സിനിമയില്‍ വരുന്നത് എപ്പോഴാണ്? സച്ചിസാറുമായുള്ള സൗഹൃദം, ആ സിനിമയിലെ അനുഭവം ഒക്കെ വിശദീകരിക്കാമോ? സിനിമയുടെ ടീസറില്‍ പൃഥ്വിരാജിനെയും ബിജുമേനോനെയും അറിയില്ല എന്ന് നഞ്ചിയമ്മ പറയുന്ന വീഡിയോ വൈറലായിരുന്നുവല്ലോ? അപ്പോള്‍ എന്തു തോന്നി?
അയ്യോ ശരിയാണ്. അത് അങ്ങനെയൊക്കെ പറഞ്ഞുപോയി. സത്യമായും എനിക്കവരെ അറിയില്ലായിരുന്നു. സച്ചിസാറിന്റെ സിനിമയ്ക്ക് ഒരു പാട്ട് കൊടുക്കണമെന്നുപറഞ്ഞ് പഴനിസ്വാമിയാണ് ഞങ്ങളെ എറണാകുളത്തു കൊണ്ടുപോയത്. അവിടെ ഒരു പാട്ട് പാടിക്കൊടുത്തു.
ആ പാട്ട് ഞാന്‍ പാടുന്നതു കേട്ടപ്പോഴേ അവര്‍ക്കൊക്കെ വലിയ സന്തോഷമായി. അതുപിന്നെ സച്ചിസാറിനെ കേള്‍പ്പിച്ചപ്പോഴാണ് അത് സിനിമയിലെ പ്രധാനപാട്ടായിട്ട് എടുക്കാന്‍ പൃഥ്വിരാജ് സാറും സച്ചിസാറും ബിജുമേനോന്‍ സാറുമൊക്കെ തീരുമാനിച്ചത്.
സിനിമയില്‍ ബിജുസാറിന്റെ അമ്മായിയമ്മ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്. എല്ലാവര്‍ക്കും എന്നെ വലിയ സ്‌നേഹമായിരുന്നു. സച്ചിസാറിന് കൂടുതല്‍ ഇഷ്ടം.
* സച്ചിസാറിന്റെ മരണം നഞ്ചിയമ്മയ്ക്കു വലിയ ആഘാതമായി എന്നത് അന്നത്തെ വാര്‍ത്തകളില്‍ വന്നിരുന്നു. പത്രങ്ങളുടെയൊക്കെ ഒന്നാം പേജില്‍ നഞ്ചിയമ്മയുടെ കരയുന്ന മുഖം അച്ചടിച്ചുവന്നതാണ് ഇപ്പോഴോര്‍മ്മ വരുന്നത്. എങ്ങനെയാണ് ആ ദിനം അതിജീവിച്ചത്?
സച്ചിസാറിന്റെ മരണമാണ് ഞങ്ങളെ ശരിക്കും സങ്കടപ്പെടുത്തിയത്. എത്ര കഴിവുള്ള മനുഷ്യന്‍. എത്ര ചെറുപ്പം. മറ്റൊരാളുടെ മരണത്തിലും ഞാന്‍ ഇത്ര വിഷമിച്ചിട്ടില്ല. ഏഴുവര്‍ഷം മുമ്പ് നഞ്ചപ്പന്റെ മരണശേഷം എന്നെ ഇത്രയേറെ സങ്കടപ്പെടുത്തിയത് സച്ചിസാറിന്റെ മരണമാണ്. സച്ചിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പുതിയ സിനിമ എടുത്തുകാണുമായിരുന്നു. ഞങ്ങള്‍ പിന്നെയും പുതിയ സിനിമയില്‍ പാടുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.
* സച്ചിസാറിന്റെ സിനിമയിലൂടെയാണല്ലോ നഞ്ചിയമ്മ വൈറലാകുന്നത്? ഇപ്പോള്‍ എന്തു തോന്നുന്നു?
അതേ. ഞാനും എന്റെ പാട്ടും വൈറലാകുന്നു എന്നത് ഞങ്ങടെ ആസാദ് കലാസംഘത്തിലെ എല്ലാര്‍ക്കുമുള്ള സന്തോഷമാണല്ലോ. അത് ഞങ്ങടെ അട്ടപ്പാടിക്കും, ഇവിടെ ആര്‍ക്കും വേണ്ടാതായിപ്പോയ ഞങ്ങടെ ഇരുളഭാഷയ്ക്കുമുള്ള അംഗീകാരമായാണ് ഞാന്‍ കരുതുന്നത്.
ആ സിനിമയ്ക്കുശേഷം ഞങ്ങള്‍ക്കു നിറയെ സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളും പിന്നെ ഇന്ത്യയ്ക്കു പുറത്ത് പല പരിപാടികളുമൊക്കെ കിട്ടിയിരുന്നു. ആദ്യവിമാനയാത്രയ്ക്കുള്ള ആവേശത്തിലിരിക്കുമ്പോഴാണ് എല്ലാത്തിനും മീതെ ലോക്ഡൗണ്‍ വീണത്.
എന്റെ വയസ്സുകാലത്ത് എനിക്കു കിട്ടിയ ഈ അംഗീകാരത്തില്‍ എല്ലാവരും സന്തോഷിച്ചു. പക്ഷേ, കൊറോണ മഹാമാരി ഞങ്ങളുടെയൊക്കെ സ്വപ്നങ്ങള്‍ ശരിക്കും തകര്‍ത്തു.
* നഞ്ചിയമ്മയുടെ ഫേസ് ബുക്ക്, യൂട്യൂബ് ചാനല്‍ വിശേഷങ്ങളൊക്കെ പറയാമോ? ഇതിലൂടെ നഞ്ചമ്മയും ന്യൂജന്‍ ആയതില്‍ സന്തോഷമുണ്ടോ?
ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങി മൂന്നുനാലു ദിവസംകൊണ്ട് 5000 ഫ്രണ്ട്‌സ് തികഞ്ഞു. പിന്നെ പേജ് തുടങ്ങി. അതും ആളുകള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. കൊറോണ ഒന്ന് ഒതുങ്ങിക്കഴിഞ്ഞപ്പോ പിന്നെ ചാനല്‍ പരിപാടികള്‍ക്ക് വീണ്ടും ക്ഷണം തുടങ്ങിയിട്ടുണ്ട്.
* ഈ ആട്ടവും പാട്ടുമല്ലാതെ അട്ടപ്പാടിക്ക് മറ്റെന്തൊക്കെ പ്രത്യേകതകളാണുള്ളത്?
ഈ കുന്നും കാടും പുഴയുമൊക്കെ അട്ടപ്പാടിയുടെ ഭംഗിയല്ലേ? അതു കാണാന്‍ നിറയെ ആളുകള്‍ വരാറുണ്ട്. അട്ടപ്പാടിക്കു സ്വന്തമായി ചില അടുക്കളരുചികളുമുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ പരമ്പരാഗതമായി ലളിതഭക്ഷണം ശീലിച്ചവരാണ്. തേനും കാട്ടുകിഴങ്ങുകളും, പറമ്പില്‍ കാണുന്ന നൂറിലധികം ഇലക്കറികളും ഞങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അരിയാഹാരം വളരെ കുറവ് ഉപയോഗിച്ചിരുന്ന ഞങ്ങള്‍ ചോളം, റാഗി, തിന, വരഗ്, കമ്പ്, ചാമ തുടങ്ങി വിവിധയിനം ചെറുധാന്യങ്ങളാണ് കൃഷി ചെയ്തിരുന്നത്. പോഷകസമ്പുഷ്ടമായിരുന്നു ഇതെല്ലാം. ചാക്കുകണക്കിനു ധാന്യങ്ങള്‍ ഓരോ ആദിവാസി വീട്ടിലും സൂക്ഷിച്ചിരുന്നു. മുളയരികൊണ്ടുള്ള വിഭവങ്ങള്‍ പ്രധാനമായിരുന്നു. ഇളംമുളങ്കമ്പുകൊണ്ടുള്ള കറി ആദിവാസികള്‍ക്കു വിശിഷ്ടവിഭവമായിരുന്നു. 'മൂങ്കെസാറ' എന്നാണ് ഞങ്ങള്‍ പറയുക.
റാഗി വലിയ മണ്‍കലത്തിലിട്ട് മുളയുടെ തവികൊണ്ട് ചെറുതീയിലിളക്കി വേവിച്ചുണ്ടാക്കുന്ന 'റായിപട്ടും' കൂടെ ഇലക്കറിയുമാണ് ഞങ്ങളുടെ പ്രധാന ആഹാരം.
പുഴയുടെ തീരത്ത് ധാരാളമായി കാണുന്ന പന്നല്‍വര്‍ഗത്തില്‍പ്പെട്ട 'ചുരുളി'യാണ് ഇലകളില്‍ ഏറ്റവും രുചിയുള്ളതായി തോന്നിയിട്ടുള്ളത്. ഈ ഇലക്കറികളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ഞങ്ങള്‍ക്കു പാട്ടുകളുമുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് ചാനലുകാരും യുട്യൂബുകാരും എന്നെക്കൂടി നിര്‍ത്തി ഇത്തരം പാചകപംക്തികള്‍ ഒക്കെ ചെയ്തിരുന്നു.
* ഇപ്പോള്‍ നഞ്ചിയമ്മയുടെ ജീവചരിത്രപുസ്തകംകൂടി പ്രസിദ്ധീകൃതമായല്ലോ. എന്തു തോന്നുന്നു? ഈ ജീവിതത്തെക്കുറിച്ച്, ഇത്ര പെട്ടെന്ന് എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരാളായതിനെക്കുറിച്ച്?
നേരത്തേമുതലേ ഞങ്ങളുടെ വളര്‍ച്ചയോടൊപ്പമുള്ള ദിരാര്‍ സാര്‍ ആണ് 'നഞ്ചമ്മ എന്ന പാട്ടമ്മ' എന്ന പേരില്‍ എന്റെ ജീവിതം പുസ്തകമാക്കിയത്. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. അത് വായിച്ച് നിങ്ങളല്ലേ അഭിപ്രായം പറയേണ്ടത്? ഞാന്‍ അത്ര പെട്ടെന്ന് ആളായതല്ല എന്നെനിക്കുറപ്പുണ്ട്. നേരത്തേ പറഞ്ഞില്ലേ? 16 വര്‍ഷമായി ഞങ്ങള്‍ ഈ ആട്ടവും പാട്ടുംകൊണ്ട് ഊരുചുറ്റുന്നു. ആ കഷ്ടപ്പാടിനു വൈകിയെങ്കിലും കിട്ടിയ അംഗീകാരമായാണ് ഞാന്‍ ഇതിനെയൊക്കെ കാണുന്നത്. പലരും കരുതുന്നതുപോലെ ഞാന്‍ പൊട്ടിമുളച്ചതൊന്നുമല്ല. 70 വയസ്സാകാറായി. എന്റെ ജീവിതം രണ്ടുമൂന്നു തലമുറ കണ്ടു. ആളുകള്‍ക്കു വന്ന മാറ്റങ്ങള്‍ അറിഞ്ഞു.
ഏറ്റവും സന്തോഷം ആര്‍ക്കും വേണ്ടാതിരുന്ന ഞങ്ങളുടെ ഭാഷയും പാട്ടുകളും എല്ലാ ആളുകളും അറിഞ്ഞുതുടങ്ങിയതും ഏറ്റുപാടാന്‍തുടങ്ങിയതുമാണ്.
പുതിയ തലമുറയ്ക്ക് ഇതൊന്നും വേണ്ട. അവര്‍ നമ്മുടെ ഭാഷതന്നെ ഉപേക്ഷിച്ച മട്ടാണ്. ഈ കഥകളും പാട്ടുകളുമൊക്കെ ഇവിടെ നിലനില്ക്കണം. ഇപ്പൊ സിനിമയിലൊക്കെ വന്നതുകൊണ്ട് പുതിയ കുട്ടികളും ആട്ടം പാട്ട് പഠിക്കാന്‍ ഉത്സാഹം കാണിക്കുന്നുണ്ട്. അത് വലിയ സന്തോഷം തരുന്നുണ്ട്. അങ്ങനെ ഈ ആദിവാസിവിഭാഗവും ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ഇതിലെ പാട്ടുകളും ഈ ഭൂമി അവശേഷിക്കുന്നത്രയും കാലം നിലനില്‍ക്കണം. അതാണ് ആഗ്രഹം. അതു സാധിക്കട്ടെ.