ജീവിതാവസ്ഥകളില്‍ ഏറ്റവും നിന്ദ്യവും ആത്മനിന്ദയുളവാക്കുന്നതുമാണ് അടിമത്തം. വ്യക്തിജീവിതത്തിലും സാമൂഹികബന്ധങ്ങളിലും ഒക്കെത്തന്നെ അടിമത്തം വിധിയാകുമ്പോള്‍ ആത്മാഭിമാനം തകര്‍ന്നുവീഴുന്നു; ജീവിതത്തിന്റെ അധോതലങ്ങളിലേക്കു ചവിട്ടിത്താഴ്ത്തപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും സാമൂഹികമായ ഉച്ചനീചത്വങ്ങളുടെയുമൊക്കെപ്പേരില്‍ അടിമത്തം തങ്ങളുടെ വിധിയാണെന്നു കരുതിപ്പോന്ന എത്രയോ പാവങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ട്!
ജാതീയമായ അടിമത്തമാണ് ഒരുപക്ഷേ, ഏറ്റവും ക്രൂരമായി അനുഭവപ്പെടുന്നത്. ചില സമുദായങ്ങളില്‍ ജനിച്ചുപോയി എന്നതുകൊണ്ട് അവര്‍ അടിമവേല ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന വര്‍ഗക്കാരുടെ അനുശാസനങ്ങള്‍ക്കു വിധേയരാകാന്‍ ബാധ്യതപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ കരുതുന്നു. തങ്ങളുടെ കര്‍മഫലമാണ് ഇതൊക്കെ എന്നുപോലും കരുതിപ്പോന്ന സാധുക്കളായ മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ, അടിമകളെ സൃഷ്ടിച്ച് അടിമത്തം വിധിയാണെന്നു വിശദീകരിച്ച ആ പൂര്‍വകാലത്തിന്റെ ഓര്‍മകളെ വലിച്ചെറിയാന്‍ പില്‍ക്കാലത്ത് രാഷ്ട്രതന്ത്രജ്ഞരും സാമൂ
ഹികപരിഷ്‌കര്‍ത്താക്കളുമൊക്കെ പ്രത്യേകമായി ശ്രദ്ധിച്ചിട്ടുണ്ട്.
സംഘടിച്ചു ശക്തരാവുകയും അടിമത്തത്തിന്റെ നുകത്തില്‍നിന്നു മോചനം നേടുകയും വേണമെന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു വര്‍ത്തമാനകാലത്തും ശ്രദ്ധേയനാണ്. അതുപോലെ, മഹാത്മാ അയ്യന്‍കാളി ഒരു ജനതയുടെ അടിച്ചേല്പിക്കപ്പെട്ട അടിമത്തത്തെ തകര്‍ക്കാന്‍ ശ്രമിച്ച ജനനേതാവാണ്. ജാതിഭേദവും മതദ്വേഷവും മനുഷ്യരല്ലാതാക്കിയ ഒരു വിഭാഗം ജനങ്ങളെ വിദ്യകൊണ്ടു പ്രബുദ്ധരാക്കാന്‍ ശ്രമിച്ച മഹാത്മാക്കളെ നമുക്കറിയാം. ഓരോ പള്ളിയോടൊപ്പവും പള്ളിക്കൂടം വേണമെന്നു നിര്‍ബന്ധം പിടിച്ച ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വിദ്യകൊണ്ടു പ്രബുദ്ധരാകാനുപദേശിച്ച ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ അവരില്‍ പ്രമുഖരാണ്. വാസ്തവത്തില്‍, ചരിത്രം കൊണ്ടാടേണ്ട മഹാപുരുഷന്മാര്‍ എന്ന് നമുക്ക് ഇവരെക്കുറിച്ചു പറയാന്‍ കഴിയും.
പ്രാദേശികതലത്തിലും സാമുദായികതലത്തിലുമൊക്കെ നടന്ന ഈ നവോത്ഥാനശ്രമങ്ങള്‍ ദേശീയ സ്വാതന്ത്ര്യബോധത്തിന്റെ അന്തര്‍ധാരകളായിരുന്നുവെന്നത് മറ്റൊരു കാര്യം. ഒരു യാത്രാസംഘത്തിന്റെ ഗതിവേഗം നിര്‍ണയിക്കുന്നത് ഏറ്റവും പിറകില്‍ സഞ്ചരിക്കുന്ന ഒട്ടകങ്ങളുടെ വേഗത്തെ ആശ്രയിച്ചാണെന്നു പറയാറുണ്ട്. ഭാരം വഹിച്ചു വലയുന്നവയാണ് ഈ പാവം മൃഗങ്ങള്‍. ഇതുപോലെ, സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ നില്ക്കുന്ന ആളുകളുടെ ഉയര്‍ച്ചയിലൂടെ മാത്രമേ നമ്മുടെ സമൂഹത്തിനു ശാശ്വതമായ മോചനം നല്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഒട്ടേറെ ആളുകള്‍, പല തലങ്ങളില്‍ പല കാലങ്ങളില്‍ വ്യാപരിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്.
നൂറ്റാണ്ടുകളോളം അടിമത്തത്തിന്റെ മഹാഭാരം ചുമക്കപ്പെടാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടെ ജനത. വിദേശികളുടെ ആധിപത്യം പലഘട്ടങ്ങളില്‍ നമുക്കു ദുര്‍വഹമായിട്ടുണ്ട്. നമ്മെ അടിമകളാക്കി എന്നുമാത്രമല്ല; നമ്മുടെ സമ്പത്ത്, നമ്മുടെ അധ്വാനത്തിന്റെ ഫലം ക്രൂരമായി കൊള്ളയടിക്കുകകൂടി ചെയ്തിട്ടുണ്ട് ആ വിദേശമേധാവിത്വം. ഇങ്ങനെ ആത്മാഭിമാനത്തിനു ക്ഷതമേറ്റ ജനതയുടെ മോചനത്തിനുവേണ്ടിയുള്ള ആത്മരോദനം പല കാലങ്ങളില്‍ നമ്മുടെ നാടിന്റെ പല ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ, അവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശശക്തികള്‍ക്കെതിരായി ഒരു സമരത്തിന്റെ മുന്നേറ്റം സൃഷ്ടിക്കുന്നതിനു പലപ്പോഴും സാധിച്ചില്ല. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്നു പ്രഖ്യാപിച്ച ലോകമാന്യബാലഗംഗാധരതിലകനെപ്പോലെയുള്ള ആളുകള്‍ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവിസ്മരണീയമായ സംഭാവനകള്‍ നല്കിയിട്ടുള്ള പ്രകാശനക്ഷത്രങ്ങളാണ്. എന്നാല്‍, ജനതയുടെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന്, അവരുടെ പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് അവരെ അണിനിരത്തി വിദേശാധിപത്യത്തിനെതിരായ അന്തിമമായ ഒരു പോരാട്ടത്തിലേക്കു നയിക്കാന്‍ ഒരു മോഹന്‍ദാസ് കരംചന്ദ്ഗാന്ധി - പില്‍ക്കാലത്ത് അദ്ദേഹം മഹാത്മാഗാന്ധി എന്ന് അറിയപ്പെട്ടു - വളര്‍ന്നുവരേണ്ടി വന്നു.
യഥാര്‍ത്ഥത്തില്‍, ഗാന്ധിജി ചെയ്തത് ഇന്ത്യയ്ക്കു രാഷ്ട്രീയസ്വാതന്ത്ര്യം വേണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുകയല്ല; അല്ലെങ്കില്‍ ഒരു പ്രമേയം പാസ്സാക്കി അതിന്റെ അടിയില്‍ ഒപ്പുവയ്ക്കുകയായിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം ഗാന്ധിജിയായിരുന്നു എന്നു പറയുന്നതെന്തുകൊണ്ട് എന്നു നാം ചിന്തിക്കണം. എന്തുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ അജയ്യനായ നേതാവായത്? ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത വലിയ പോരാട്ടത്തില്‍ സമശീര്‍ഷരായി ആരുമില്ലാതെ ഒറ്റയ്ക്കുയര്‍ന്നുനിന്ന ഒരു വലിയ ഗോപുരമായിരുന്നു അദ്ദേഹം.
ഗാന്ധിജിക്കുമുമ്പേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത സമുന്നതരായ പല ആളുകളുമുണ്ടായിരുന്നു. അവരില്‍നിന്നൊക്കെ ഗാന്ധിജിയെ വ്യത്യസ്തനാക്കിയത്, അദ്ദേഹം കൃഷിക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പക്ഷത്തായിരുന്നു എന്നതാണ്. ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരെയും അദ്ദേഹം ചേര്‍ത്തുനിറുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു ജനങ്ങളെ ഉണര്‍ത്തി. ഇന്ത്യ ഒരു വലിയ രാജ്യമാണ്. പല ഭാഷകള്‍ സംസാരിക്കുന്നവര്‍, പല ആചാരങ്ങളുള്ളവര്‍, പല ജാതികളിലും ഉപജാതികളിലും പെട്ടവര്‍. വൈവിധ്യമാര്‍ന്ന ഈ ജനതയെ ഒരുമിപ്പിക്കാന്‍, അവരില്‍ ഒരു ദിശാബോധം സൃഷ്ടിക്കാന്‍ ഗാന്ധിജിക്കാണ് ആദ്യം കഴിഞ്ഞത് എന്നു സത്യസന്ധമായി പറയാന്‍ കഴിയും.
ഇന്ത്യയിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സുപ്രധാനസംഭവമായിരുന്നു ബീഹാറിലെ നീലംകൃഷിക്കാരുടെ സമരം. തങ്ങള്‍ക്കാവശ്യമുള്ള അസംസ്‌കൃതവസ്തുക്കളും മറ്റ് ഉത്പന്നങ്ങളും വ്യവസായപുരോഗതിക്കാവശ്യമായ സാധനങ്ങളും ഉത്പാദിപ്പിക്കാനുള്ള കര്‍ഷകന്റെ അവകാശത്തെ നിഷേധിച്ച ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ഗാന്ധിജി നീലംകൃഷിക്കാരെ സംഘടിപ്പിച്ചു. അതിനു സമാനമായിരുന്നു ഉപ്പുസത്യാഗ്രഹവും.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ തെക്കേയറ്റത്തു ജനിച്ചുവളര്‍ന്ന ഞാന്‍ അദ്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്, എന്തിനായിരുന്നു ഈ ഉപ്പുസത്യാഗ്രഹം? എന്തായിരുന്നു അതിന്റെ പ്രസക്തി? ഇന്ത്യയൊട്ടൊകെ സഞ്ചരിക്കാനും ഇന്ത്യയിലെ സാധാരണജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കാണാനും അവസരമുണ്ടായപ്പോഴാണ്, തീക്കനലില്‍ ചുട്ടെടുത്ത റൊട്ടിയും ഒരുനുള്ള് ഉപ്പും ചേര്‍ത്തു ഭക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ദരിദ്രകോടികള്‍ എന്നു ഞാന്‍ അറിഞ്ഞത്. അങ്ങനെയാണ് ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ, ദണ്ഡിയാത്രയുടെ മഹത്ത്വം മനസ്സിലാക്കാന്‍ കഴിഞ്ഞത്. കരയിലും കടലിലുമുള്ള എല്ലാ വസ്തുക്കള്‍ക്കും അവയില്‍നിന്നുണ്ടാകുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്ന വൈദേശികാധിപത്യത്തിനെതിരേ സാധാരണജനങ്ങളെ ഉണര്‍ത്തുകയായിരുന്നു ഗാന്ധിജി ആദ്യമായി ചെയ്തത്.
ആരാധനാലയങ്ങളില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടിരുന്ന നാടായിരുന്നു കേരളം. ക്ഷേത്രപരിസരങ്ങളിലെ വഴികളില്‍ക്കൂടിപ്പോലും സഞ്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന ജനങ്ങള്‍ക്കുവേണ്ടി ഗുരുവായൂരും വൈക്കത്തും നടന്ന സമരങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുത്തു നേതൃത്വം കൊടുത്തു എന്നതും ചരിത്രം. ഇന്ത്യയുടെ തെക്കേയറ്റത്തൊരു കോണില്‍ നടക്കുന്ന വളരെ ഒറ്റപ്പെട്ട, നിസ്സാരമായ ഒരു സംഭവമെന്നു കണക്കാക്കി തള്ളിക്കളയാവുന്ന ഒരു കാര്യമായിരുന്നു ഇത്. എന്നാല്‍, ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നത് ഇവിടെ ജീവിക്കുന്ന ഓരോ പൗരന്റെയും സ്വാതന്ത്ര്യമാണെന്ന് ഗാന്ധിജി അതിലൂടെ അടിവരയിട്ടു തെളിയിച്ചു. രാഷ്ട്രീയവും സാമ്പത്തികവും ജാതീയവും മതപരവുമായ എല്ലാത്തരം സ്വാതന്ത്ര്യവും ഇതില്‍ ഉള്‍പ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനബോധത്തിന്റെ ഉണര്‍ച്ചയാണ് ഇന്ത്യയുടെ സമ്പൂര്‍ണസ്വാതന്ത്ര്യമെന്ന് ഗാന്ധിജി പഠിപ്പിച്ചു.
ഇതുപോലുള്ള ഒറ്റപ്പെട്ട സമരവേദികള്‍ തുറന്ന്, അതിനു നേതൃത്വം കൊടുത്ത് ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ഇന്ത്യയൊട്ടാകെ അനുഭവപ്പെട്ടിരുന്ന, അടിമത്തത്തിന്റെ, അസ്വാതന്ത്ര്യത്തിന്റെ വേരുകള്‍ പിഴുതുകളയുന്നതിന്, ജനതയെ അഭിമാനബോധം ഉള്ളവരാക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവരുടെ ആരാധനാസ്വാതന്ത്ര്യചിന്തകളെയും അധ്വാനത്തിന്റെ ഫലം അനുഭവിക്കാനുള്ള അവകാശബോധത്തെയും ഉണര്‍ത്തിയപ്പോഴാണ് അഭിമാനബോധത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്; ദേശീയബോധത്തിന്റെ വിത്ത് മുളപൊട്ടി വളര്‍ന്ന് ഒരു വന്മരമായിത്തീര്‍ന്നത്.
ഇന്ത്യയുടെ ഓരോ കോണിലും ഓരോ കാലത്ത് ഉദിച്ചുയര്‍ന്ന സ്വാതന്ത്ര്യസമരനക്ഷത്രങ്ങളെയെല്ലാം നമുക്ക് ഓര്‍മിക്കാം. അവര്‍ കൊളുത്തിയ ചെറിയ കൈത്തിരിനാളങ്ങളെല്ലാം ഒരുമിച്ചുചേര്‍ന്നു വലിയൊരു അഗ്നിസ്തംഭമായി, സ്വതന്ത്രേന്ത്യയായി ഉയര്‍ന്നുനില്ക്കുന്നു. ഇന്ത്യക്കാരനെന്നാല്‍ നിസ്സാരനായ ഒരു മനുഷ്യനല്ലെന്നും ധീരമായ അഭിമാനബോധത്തിന്റെ ഉടമയാണെന്നും മനസ്സിലാക്കണം. ഇതുപോലൊരു സ്വാതന്ത്ര്യസമരം ലോകത്ത് മറ്റൊരിടത്തും നടന്നിട്ടില്ല. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയില്‍ ദേശീയതയുടെ പതാകയുയര്‍ന്നു. സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വിജയകരമായ ഒരു പൂര്‍ത്തീകരണം.
പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നമുക്കു നേരിടേണ്ടിവന്നിട്ടുണ്ട്. ആഭ്യന്തരമായ വെല്ലുവിളികളെയും വിദേശശക്തികളുടെ ആക്രമണങ്ങളെയും നാം ധീരമായി അഭിമുഖീകരിച്ചു. അവയെല്ലാം മറികടന്നു മഹത്തായ വിജയപഥത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞ രാഷ്ട്രനേതാക്കളെ ആദരപൂര്‍വം സ്മരിക്കുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും അസ്വാതന്ത്ര്യത്തിലേക്കും അതിന്റെ അന്ധകാരത്തിലേക്കും കൂപ്പുകുത്തിവീണപ്പോള്‍ ഇന്ത്യയുടെ പതാക സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തില്‍ പറന്നുയരുകയാണു ചെയ്യുന്നത്; നമ്മുടെ ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഉയര്‍ന്നുതന്നെ നില്ക്കുന്നു. വ്യക്തമായ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നമ്മുടെ രാജ്യം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നതില്‍ നാം നമ്മുടെ രാഷ്ട്രശില്പികളോടു കടപ്പെട്ടിരിക്കുന്നു.
നമ്മുടെ ഇന്ത്യയെ, അമ്മഭാരതം എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, മാതൃത്വത്തിന് ഏറ്റവുമധികം പ്രാധാന്യം കല്പിക്കുന്ന ഒരു നാടാണ് നമ്മുടേത്. മാതൃദേവോഭവഃ എന്ന് ഈ രാജ്യം ലോകത്തോടു പറഞ്ഞു. അമ്മയെ സ്‌നേഹിക്കുന്ന, ആരാധിക്കുന്ന, ആ മഹത്ത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യദിനം ലോകമാകെ ദൈവമാതാവിന്റെ സ്വര്‍ഗാരോപണം ആഘോഷമായി കൊണ്ടാടുന്ന സന്ദര്‍ഭംകൂടിയാണെന്നുള്ളത് യാദൃച്ഛികമാകാം. എങ്കിലും അതൊരു ദൈവികനിയോഗമാണെന്നു ഞാന്‍ കരുതുന്നു. മാതൃഭക്തിയുടെ മനോഹരമായ ഓര്‍മകള്‍ തിങ്ങിനിറഞ്ഞു നില്ക്കുന്ന സന്ദര്‍ഭമാണിത്.
മാതൃരാജ്യം, മാതൃഭാഷ... മാതൃത്വത്തിനു കൊടുക്കുന്ന മൂല്യവത്തായ ഒരു അടിസ്ഥാനം നമ്മുടെ രാജ്യത്തിനുണ്ട്, നമ്മുടെ സംസ്‌കാരത്തിനുണ്ട് എന്നതു എടുത്തുപറയേണ്ട ഒരു വസ്തുതതന്നെയാണ്. നമ്മുടെ മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനെ അങ്ങനെ ബന്ധിപ്പിച്ചു കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഏതെങ്കിലുമൊരു മതവിശ്വാസത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല, എല്ലാ മനുഷ്യരുടെയും അമ്മ, ഈ ഭൂമിയുടെ മാതാവ്, അല്ലെങ്കില്‍ സംസ്‌കാരത്തിന്റെ സുവര്‍ണകിരീടം ചൂടി നില്ക്കുന്ന സ്വര്‍ഗകന്യക എന്നുള്ള നിലയ്ക്കു പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തോടു കൂട്ടിച്ചേര്‍ത്താഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുവെന്നത് അഭിമാനകരമാണ്.