മലയാളത്തിന്റെ അക്ഷരഭൂമിയില്‍ പടര്‍ന്നുനില്‍ക്കുന്ന ഒരു മഹാവൃക്ഷമാണ് എം.ടി. എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍. എം.ടി. ഇല്ലാത്ത, കാലവും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമൊന്നുമില്ലാത്ത മലയാളസാഹിത്യത്തെക്കുറിച്ച് ഭാവന ചെയ്യുകതന്നെ പ്രയാസം. അധികമൊന്നും എഴുതിയിട്ടില്ല; എം.ടി. അദ്ദേഹത്തിന്റെ ഒരു കഥയോ നോവലോ പുറത്തുവന്നിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നുതാനും. എന്നിട്ടും, കൈരളിയുടെ എഴുത്തുവഴികളില്‍ നിറനിലാവായി എം.ടി. നിറഞ്ഞുനില്‍ക്കുന്നു. ആ അനുഗൃഹീതതൂലിക ഇനിയും നമ്മള്‍ക്കായി കഥകളൊരുക്കും എന്ന പ്രതീക്ഷയോടെ അക്ഷരപ്രേമികളാകെ കാത്തിരിക്കുന്നു.
എന്തുകൊണ്ടാണ് എം.ടിയുടെ രചനകള്‍ക്ക് ഇന്നും ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത്? അദ്ദേഹം തന്റെ എഴുത്തിന്റെ ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യുന്നില്ല എന്നതുതന്നെ കാരണം. എഴുതിയത് എം.ടിയാണെങ്കില്‍ മോശമാവില്ല എന്ന വായനക്കാരന്റെ വിശ്വാസത്തിന് ഒരിക്കലും കോട്ടം വരുത്തിയിട്ടില്ല ആ തൂലിക. കാമ്പുള്ളതേ എം.ടിയെഴുതൂ. അതിലൊരു വാക്കോ വാചകമോ അനാവശ്യമായി കയറിക്കൂടുകയുമില്ല. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഡിറ്ററായിരുന്ന എം.ടി. ഒരുപക്ഷേ, തന്റെ കൃതികളുടെ കാര്യത്തിലായിരിക്കണം ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഏറ്റവും കര്‍ക്കശക്കാരനായിരുന്ന എഡിറ്ററായിരുന്നത്.
"Though deep yet clear
though Gentle, Yet not dull
Strong without range
Without overflowing full''''
എന്ന കാവ്യശകലം എം.ടിയന്‍ രചനകള്‍ക്കു കൃത്യമായിണങ്ങും. അമിതമായ വര്‍ണനകളോ അലങ്കാരങ്ങളോ വികാരങ്ങളുടെ നിലയില്ലാത്ത കുത്തൊഴുക്കോ എം.ടിയുടെ രചനാലോകത്തില്ല. അകംപൊള്ളയായ തത്ത്വചിന്തകളോ വ്യര്‍ത്ഥമായ ഉപദേശസംഭാഷണങ്ങളോ ഇല്ല. പാണ്ഡിത്യത്തിന്റെ ആലഭാരങ്ങളൊട്ടുമില്ല. ഒരേസമയം സുന്ദരവും അക്ലിഷ്ടവുമാണ് എം.ടിയുടെ ഭാഷ. ആ കൃതികള്‍ പണ്ഡിതന്റെയും പാമരന്റെയും ഹൃദയങ്ങളോട് ഒരുപോലെ സംവദിച്ചു. ചിലപ്പോഴൊരു ചെറുമന്ദഹാസം, മറ്റുചിലപ്പോള്‍ അടരാന്‍ മടിക്കുന്ന ഒരു തുള്ളിക്കണ്ണുനീര്‍ അവ വായനക്കാരനു സമ്മാനിച്ചു. ആ വാക്കുകള്‍ ശാന്തഗംഭീരങ്ങളായിരുന്നു, എന്നാല്‍, അവയ്ക്കുള്ളില്‍ കടലാഴങ്ങള്‍ അലയടിച്ചു.
ഒരു എഴുത്തുകാരനാവണമെന്ന മോഹം ബാല്യംമുതല്‍ക്കേ എം.ടിയുടെയുള്ളില്‍ ശക്തമായിരുന്നു. വായിക്കാനൊരു പുസ്തകത്തിനായി നാഴികകള്‍ നടന്നിരുന്നതും കഥയും കവിതയും ലേഖനവുമൊക്കെ എഴുതി വിലാസമറിയാവുന്ന പ്രസിദ്ധീകരണങ്ങള്‍ക്കൊക്കെ അയച്ചുകൊടുത്തിരുന്നതും എം.ടി. തന്റെ ഓര്‍മക്കുറിപ്പുകളില്‍ എഴുതുന്നുണ്ട്. 1948 ല്‍ 'കേരളക്ഷേമം' ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ച 'പ്രാചീനഭാരതത്തിലെ വൈരവ്യവസായം' എന്ന ലേഖനമാണ് എം.ടിയുടെ പ്രസിദ്ധീകൃതമായ ആദ്യരചന. ആ വര്‍ഷംതന്നെ മദിരാശിയില്‍നിന്നുള്ള 'ചിത്രകേരള'ത്തില്‍ 'വിഷുവാഘോഷം' എന്ന ആദ്യകഥയും അച്ചടിച്ചുവന്നു. 1952 ല്‍ പുറത്തിറങ്ങിയ 'രക്തം പുരണ്ട മണല്‍ത്തരികള്‍' ആണ് എം.ടിയുടെ ആദ്യകഥാസമാഹാരം. ആദ്യനോവല്‍ 'പാതിരാവും പകല്‍വെളിച്ചവും' 1954-55 കാലത്ത് 'മലയാളി' മാസികയില്‍ പ്രസിദ്ധീകൃതമായി. എന്നാല്‍, പുസ്തകരൂപത്തില്‍ ആദ്യമെത്തിയ നോവല്‍ 'നാലുകെട്ടാ'യിരുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തെ കൂട്ടുകുടുംബവ്യവസ്ഥയുടെയും മരുമക്കത്തായത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുകയാണു നാലുകെട്ടിലൂടെ എം.ടി. ചെയ്തത്. അതില്‍ മാറുന്ന കേരളീയസമൂഹത്തിന്റെ ചിത്രംകൂടിയുണ്ട്.
ജന്മിത്വത്തിന്റെ തകര്‍ച്ച, കമ്യൂണിസത്തിന്റെ വളര്‍ച്ച, കൂട്ടുകുടുംബവ്യവസ്ഥിതിയും മരുമക്കത്തായവും നേരിടുന്ന പ്രതിസന്ധികള്‍, ഭൂപരിഷ്‌കരണനിയമത്തിന്റെ നടപ്പാക്കലും അതു സമൂഹത്തില്‍ സൃഷ്ടിച്ച വലിയ പരിവര്‍ത്തനങ്ങളും, വിവിധ സമുദായങ്ങളിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെതന്നെ സവിശേഷമായൊരു ദശാസന്ധിയിലായിരുന്നു എം.ടിയുടെ എഴുത്തും സജീവമായത്. കാലത്തിന്റെ ആ മാറ്റങ്ങളും ഉള്‍ത്തുടിപ്പുകളും ആ രചനകളിലും നിറഞ്ഞുനിന്നു. 'അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ ഞാനറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം' എന്നു പറഞ്ഞ എം.ടി. തനിക്കു സുപരിചിതമായ ജീവിതപരിസരങ്ങളാണ് അധികവും ആവിഷ്‌കരിച്ചത്. എന്നാല്‍, അതുകൊണ്ടുമാത്രം ആ സര്‍ഗചേതന തൃപ്തിയടഞ്ഞില്ല. അങ്ങനെയാണ് രണ്ടാമൂഴമെന്ന മഹത്തായ നോവല്‍ നമുക്കു ലഭിക്കുന്നത്. ഇതിഹാസപുനഃസൃഷ്ടികളില്‍ ഇത്രയേറെ പ്രസിദ്ധി നേടിയ ഒരു നോവല്‍ അതിനു മുമ്പോ ശേഷമോ മലയാളത്തിലുണ്ടായിട്ടില്ല.
ഒരെഴുത്തുകാരന്‍ എന്നതുപോലെതന്നെ തിളക്കമാര്‍ന്നതാണ് ഒരു വായനക്കാരന്‍ എന്ന നിലയിലും എം.ടിയുടെ വ്യക്തിത്വം. 'മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരന്‍ എം.ടിയാണോ എന്നെനിക്കറിയില്ല. എന്നാല്‍, ഏറ്റവും മികച്ച വായനക്കാരന്‍ അദ്ദേഹമാണെന്നതില്‍ എനിക്കു സംശയമൊന്നുമില്ല.' പ്രശസ്ത നിരൂപകനായ ഡോ. പി.കെ. രാജശേഖരന്റേതാണ് ഈ വാക്കുകള്‍. അത്രയേറെ വിശാലവും വിപുലവുമാണ് എം.ടിയുടെ വായനലോകം.
യസുനാരി കവാബാത്തയും യുക്കിയോ മിഷിമയും സോള്‍സെനിറ്റ്‌സിനും ഫ്‌ളോബറും ഗോതിയേറും അഗുതഗാവയുമൊക്കെ മലയാളിക്കു പരിചിതരായത് എം.ടിയുടെ സാഹിത്യലേഖനങ്ങളിലൂടെയായിരുന്നു. സര്‍ഗാത്മകസൃഷ്ടികളിലെന്നതുപോലെതന്നെ ലേഖനങ്ങളിലും പഠനങ്ങളിലും, എന്തിന്, ഓര്‍മക്കുറിപ്പുകളില്‍പ്പോലും അദ്ദേഹം എം.ടിയന്‍ ക്വാളിറ്റി കാത്തുസൂക്ഷിച്ചു. നമുക്കൊക്കെയും ചിരപരിചിതമായ വാക്കുകള്‍ എം.ടിയുടെ തൂലികയിലൂടെ പുറത്തുവന്നപ്പോള്‍ അതിന് അനന്യസാധാരണമായ സൗന്ദര്യമുണ്ടായി.
'തൊട്ടതെല്ലാം പൊന്നാക്കുക' എന്ന ചൊല്ല് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍നായര്‍. കഥയും നോവലും മാത്രമല്ല, അദ്ദേഹമെഴുതിയ യാത്രാവിവരണവും നാടകവും തിരക്കഥകളും ചലച്ചിത്രസ്മരണകളും ഓര്‍മക്കുറിപ്പുകളും ബാലസാഹിത്യവും സാഹിത്യലേഖനങ്ങളും പ്രസംഗസമാഹാരവുംവരെ (വാക്കുകളുടെ വിസ്മയം) വായനക്കാര്‍ ആവേശത്തോടെ ഏറ്റെടുത്തു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ചലച്ചിത്രമേഖലയില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍, വിവിധ സര്‍വകലാശാലകളുടെ ഓണററി ബിരുദങ്ങള്‍, പത്മഭൂഷണ്‍, ജ്ഞാനപീഠം എന്നിങ്ങനെ ഇനി അദ്ദേഹത്തിനു ലഭിക്കാന്‍ അംഗീകാരങ്ങളൊന്നും ബാക്കിയില്ല. എം.ടിക്ക് ഇക്കഴിഞ്ഞ ജൂലൈ 15 ന് 89 വയസ് പൂര്‍ത്തിയായി. നവതിയിലേക്കു പ്രവേശിക്കുന്ന മലയാളത്തിന്റെ ഈ അക്ഷരപുണ്യത്തിന് എല്ലാ സ്‌നേഹാദരങ്ങളും. ഇനിയും ആ തൂലിക നമുക്കായി അദ്ഭുതങ്ങള്‍ രചിക്കട്ടെ.