•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സന്ന്യസ്തരോടെന്തേ ഇത്ര അവഗണന?

''ഞാന്‍ ഒന്നുമല്ല, എനിക്ക് ഒന്നുമില്ല; ഈ ലോകത്തിലുള്ളതൊന്നും എനിക്കു വേണ്ട എന്ന മനോഭാവത്തില്‍ ഒരുവന്‍ എത്തിച്ചേരുമ്പോള്‍ എനിക്കു ദൈവത്തെ വേണം, ദൈവത്തെ മാത്രം മതി എന്ന മനോഭാവത്തിലേക്ക് അയാള്‍ ഉയരും.''
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റേതാണു വാക്കുകള്‍. 
തങ്ങളുടെ ജീവനും ജീവിതവും ദൈവത്തിനും സഭയ്ക്കും സമൂഹത്തിനുമായി പകുത്തുനല്‍കിയ സന്ന്യസ്തരോരോരുത്തരും ഈ മനോഭാവത്തിന്റെ ഔന്നത്യം തിരിച്ചറിഞ്ഞവരാണ്. ലോകത്തിന്റേതായതിനെല്ലാം അപ്പുറത്ത് ദൈവികവും ശാശ്വതവുമായ മഹിതപുണ്യങ്ങള്‍ മനസ്സിലേറ്റി നമുക്കു ചുറ്റും പ്രകാശം പരത്തി ജീവിക്കുന്നവരാണവര്‍. നമ്മളെല്ലാം ആ തിരിവെട്ടങ്ങള്‍ ഇത്തിരിയോളമെങ്കിലും അനുഭവിച്ചവരാണ്. ചില ജീവിതങ്ങള്‍ക്ക് അത് വഴിത്തിരിവിന്റെ ഉജ്ജ്വലശോഭയായതും നാം തിരിച്ചറിഞ്ഞിട്ടുണ്ട്. 
മറച്ചുവച്ചാലും മായില്ല
കേരളത്തിന്റെ ആത്മീയവര്‍ത്തമാനങ്ങള്‍ക്കുപുറമേ, സാമൂഹിക, വിദ്യാഭ്യാസ, ആതുരസേവനരംഗങ്ങളിലെ ചരിത്രം പരിശോധിക്കുമ്പോള്‍, സന്ന്യസ്തരുടെ ക്രിയാത്മക ഇടപെടലുകളോടുള്ള കടപ്പാട് എത്ര മറച്ചുവച്ചാലും മാഞ്ഞുപോകുന്നതല്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, അച്ചടിശാലകള്‍, അഭയകേന്ദ്രങ്ങള്‍.... ഇങ്ങനെ നീളുന്നു ക്രൈസ്തവ സഭയുടെയും സന്ന്യസ്തരുടെയും സാമൂഹിക ഇടപെടലുകളുടെ തലപ്പൊക്കങ്ങള്‍. ഇവയെല്ലാം നിസ്സാരവത്കരിക്കാനും തമസ്‌കരിക്കാനും ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നുവെന്ന സംശയം പരക്കെ ഉയരുന്നുണ്ട്. അത്തരം മറച്ചുപിടിക്കലുകളും അവഗണനകളും ഇന്നാരംഭിച്ചതല്ല; ഇടതു, വലതു, മോദിപ്പാര്‍ട്ടികള്‍ക്കെല്ലാം അവഗണിച്ചതിന്റെ അളവുതൂക്കങ്ങളില്‍ മാത്രമാണു വ്യത്യാസം. ക്രൈസ്തവ സന്ന്യസ്തജീവിതങ്ങള്‍ നമ്മുടെ ഇന്നലെകളില്‍ വെളിച്ചം പരത്തിയതിന്റെ വിശേഷങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്നു മറച്ചുവയ്ക്കപ്പെടുന്നതില്‍വരെ അത്തരം ഔദ്യോഗിക അവഗണനകള്‍ എത്തിയെന്നു മാത്രം. 
നിഷേധിക്കപ്പെടുന്ന നീതി 
ഭൗതികവസ്തുക്കളില്‍നിന്നും സൗകര്യങ്ങളില്‍നിന്നും സന്ന്യസ്തജീവിതങ്ങള്‍ നിശ്ചിത അകലം പാലിക്കുമ്പോഴും, പൗരന്മാരെന്ന നിലയില്‍ ഈ സമൂഹവും രാജ്യവും ഉറപ്പുനല്‍കുന്ന പരിഗണനയും അവകാശങ്ങളും, അധികാരസോപാനങ്ങളിലിരിക്കുന്നവര്‍ അവര്‍ക്കു കൊടുക്കണ്ടേ? അവരും ഈ രാജ്യത്തെ പൗരന്മാര്‍തന്നെയെന്നു സര്‍ക്കാരുകള്‍ മനസ്സിലാക്കാത്തതെന്ത്? ക്രൈസ്തവ സന്ന്യസ്തര്‍ എന്നതുകൊണ്ടു നിഷേധിക്കപ്പെടുന്ന നീതി, ഭരണഘടനയോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയാണ്. 
അടുത്ത നാളുകളില്‍ സന്ന്യസ്തര്‍ക്കു കേരളത്തിന്റെ ബ്യൂറോക്രസി 'സമ്മാനിച്ച' ചില നീതിനിഷേധത്തിന്റെ വര്‍ത്തമാനങ്ങള്‍ നാം അറിയണം. 
റേഷന്‍ മുടക്കുന്നവര്‍
സംസ്ഥാനത്തു പൊതുവിതരണ വകുപ്പ്, അഞ്ചു വിഭാഗം റേഷന്‍ കാര്‍ഡുകാണു വിതരണം ചെയ്തിട്ടുള്ളത്. 
1. അന്ത്യോദയ അന്നയോജന (എഎവൈ - മഞ്ഞനിറത്തിലുള്ള കാര്‍ഡ്)
2. പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പിഎച്ച്എച്ച് - പിങ്ക്) 
(ഈ രണ്ടു വിഭാഗങ്ങളും മുന്‍ഗണനാപ്പട്ടികയിലുള്ളതാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെന്ന നിലയില്‍ റേഷന്‍കടകള്‍ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പായും അധികമായും ലഭിക്കുന്ന വിഭാഗങ്ങളാണിത്. ഇവര്‍ക്കു റേഷന്‍സാധനങ്ങള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാരുകള്‍ എല്ലാക്കാലത്തും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്.)
3. നോണ്‍ പ്രയോരിറ്റി സബ്‌സിഡി (എന്‍പിഎസ് - നീല)
4. നോണ്‍ പ്രയോരിറ്റി നോണ്‍ സബ്‌സിഡി (എന്‍പിഎന്‍എസ് - വെള്ള)
5. നോണ്‍ പ്രയോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (എന്‍പിഐ - ബ്രൗണ്‍) 
ഇതില്‍ അഞ്ചാമത്തെ വിഭാഗമായ എന്‍പിഐയിലാണു സന്ന്യസ്തര്‍, വൈദികര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുവിതരണവകുപ്പ് കുടുംബങ്ങള്‍ക്കു നല്‍കുന്ന റേഷന്‍കാര്‍ഡുകളുടെ നിര്‍വചനത്തിലും, ഏതെങ്കിലും മുന്‍ഗണനാ പട്ടികയിലും ഉള്‍പ്പെടാത്തവര്‍ക്കാണ് എന്‍പിഐ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.
കോണ്‍വെന്റുകള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും റേഷന്‍സാധനങ്ങള്‍ ലഭിക്കുന്നതിന് 2016 വരെ പ്രത്യേക പെര്‍മിറ്റ് നിലവിലുണ്ടായിരുന്നു. ആ വര്‍ഷം അതു നിറുത്തിലാക്കി. സന്ന്യസ്തരുടെയുള്‍പ്പെടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ചാണ് 2021 മാര്‍ച്ചില്‍ ഇവര്‍ക്കു നോണ്‍ പ്രയോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡും റേഷന്‍വിഹിതവും അനുവദിച്ചത്. 
പ്രതിമാസം 10. 90 രൂപ നിരക്കില്‍ രണ്ടു കിലോ അരിയും 17 രൂപയ്ക്ക് ഒരു കിലോ ആട്ടയുമാണ് എന്‍പിഐ കാര്‍ഡുടമകളായ സന്ന്യസ്തര്‍ക്കു ലഭിച്ചിരുന്നത്. ഇതില്‍ സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. പ്രതിമാസം രണ്ടു കിലോ അരിക്കൊപ്പം നല്‍കിയിരുന്ന ആട്ട ഇനി ഇവര്‍ക്കു കിട്ടില്ല. ജൂലൈ മാസംമുതല്‍ തീരുമാനം നടപ്പാക്കാന്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷന്‍കടയുടമകള്‍ക്കും നല്‍കി.  
പഞ്ചസാര, മണ്ണെണ്ണ, ഉത്സവസീസണുകളിലെ ഭക്ഷ്യക്കിറ്റുകള്‍ എന്നിവയൊന്നും ഇവര്‍ക്കു നാളിതുവരെ നല്‍കിയിട്ടില്ല. ഇനി ആകെയുള്ള രണ്ടു കിലോ അരിയും വൈകാതെ നിലച്ചേക്കുമെന്നു സൂചനയുണ്ട്. 
കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് സന്ന്യസ്തര്‍ക്കുള്ള റേഷന്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം. അതേസമയം, മറ്റു കാറ്റഗറികളില്‍ മിച്ചം വരുന്നതും നീക്കിവയ്ക്കുന്നതുമായ റേഷന്‍വിഹിതം എന്‍പിഐ വിഭാഗത്തിലുള്ളവര്‍ക്കു വിതരണം നടത്തിയിരുന്നു. ഇനി അതും വേണ്ടതില്ലെന്നാണ് ഉത്തരവ്. എന്‍പിഐ വിഭാഗത്തിനു പ്രത്യേകം അനുവദിക്കുന്ന റേഷന്‍ വിഹിതം മാത്രമേ ഇനി കിട്ടൂ എന്നര്‍ത്ഥം. 
മരിച്ചവരോടും വിവേചനം!
ജീവിച്ചിരിക്കുന്ന സന്ന്യസ്തരോടു മാത്രമല്ല, മരിച്ചവരോടുമുണ്ട് സര്‍ക്കാരുകളുടെ വിവേചനവും അവഗണനയും. കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയെങ്കില്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാരമില്ലെന്ന വിചിത്രവിശേഷവും അധികാരകേന്ദ്രങ്ങളില്‍നിന്നു നാം കേട്ടതും അടുത്തിടെയാണ്. 
മരിച്ച സന്ന്യാസിനിമാരുടെ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍മാര്‍ അപേക്ഷ നല്‍കി പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും മാസങ്ങളോളം കാത്തിരുന്നിട്ടും സാങ്കേതികകാരണങ്ങള്‍ നിരത്തി നഷ്ടപരിഹാരം നിഷേധിക്കുകയാണ്.
കോവിഡില്‍ മരിച്ച സന്ന്യാസിനിമാര്‍ക്കായി നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷ നല്‍കുന്നത്, അവരുടെ രക്ഷാകര്‍ത്താവ് എന്ന നിലയില്‍ ബന്ധപ്പെട്ട സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയറാണ്. ആരോഗ്യ, റവന്യു, പഞ്ചായത്തു വകുപ്പുകളിലെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങി സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള രേഖകളെല്ലാം സമാഹരിച്ച് അപേക്ഷ നല്‍കിയിട്ടും നഷ്ടപരിഹാരത്തുക കിട്ടാത്ത നിരവധി മഠങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
മരണസര്‍ട്ടിഫിക്കറ്റ്, ആശുപത്രിയില്‍നിന്നുള്ള ഡെത്ത് സമ്മറി, മരിച്ചയാളുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷികയുടെ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയറുടെ ഓഥറൈസേഷന്‍ ലെറ്റര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി അക്ഷയകേന്ദ്രങ്ങള്‍വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്.
കോവിഡില്‍ മരിച്ചയാളുടെ നിയമപരമായ അനന്തരാവകാശിക്കാണ് നഷ്ടപരിഹാരത്തുക നല്‍കുന്നതെന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ വാദം.
സന്ന്യാസിമാരെ സംബന്ധിച്ച് അവരുടെ പൂര്‍ണചുമതല അവര്‍ അംഗമായ കോണ്‍ഗ്രിഗേഷനാണ്. സന്ന്യസ്തരുടെ ഉപരിപഠനത്തിനും മറ്റ് ഔദ്യോഗികാവശ്യങ്ങള്‍ക്കും കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍മാരാണ് രക്ഷാകര്‍ത്താവ് എന്ന നിലയില്‍ രേഖകളില്‍ ഒപ്പുവയ്ക്കുന്നത്. മരിച്ച സന്ന്യസ്തരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും കൈപ്പറ്റുന്നതും സുപ്പീരിയര്‍മാരാണ്. അതെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങള്‍ അംഗീകരിക്കുമ്പോഴാണ്, കോവിഡില്‍ മരിച്ച സന്ന്യസ്തരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലുള്ള അവഗണന.
 രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയും കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ബിപിഎല്‍ വിഭാഗത്തിലെ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുകയ്ക്കു പുറമേ മൂന്നു വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം പെന്‍ഷനും ലഭിക്കും.
കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരം സമയം പാഴാക്കാതെ നല്‍കണമെന്നു വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്കു സുപ്രീംകോടതി അടുത്തിടെ നല്‍കിയ നിര്‍ദേശത്തിനും ഇവിടെ പുല്ലുവില!. 
ഇതൊന്നുമില്ലെങ്കിലും 
ഏതൊരു പൗരനും അര്‍ഹതപ്പെട്ട റേഷനും നഷ്ടപരിഹാരങ്ങളും സന്ന്യസ്തര്‍ക്കു നിഷേധിക്കപ്പെടുന്നുവെന്നതിന്റെ പേരില്‍ വല്ലാത്ത പ്രതിഷേധത്തിനും പ്രകടനത്തിനും പ്രസ്താവനകള്‍ക്കുമൊന്നും അധികമാരും മുന്നോട്ടുവന്നെന്നുവരില്ല. ഇത്തരം ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചല്ല സന്ന്യസ്തര്‍ തങ്ങളുടെ സമര്‍പ്പിതജീവിതം തുടങ്ങിയതും മുന്നോട്ടുപോകുന്നതും. തികഞ്ഞ ദൈവാശ്രയബോധത്തോടെ, നിറഞ്ഞ സന്തോഷത്തോടെ സന്ന്യസ്തര്‍ തങ്ങളുടെ വിളിക്കനുസരിച്ചുള്ള വിശുദ്ധജീവിതം നയിച്ചുകൊണ്ടേയിരിക്കും. നിസ്വാര്‍ത്ഥമായി, നിശ്ശബ്ദമായി... 
എങ്കിലും തങ്ങള്‍ക്കുവേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സന്ന്യസ്തജീവിതങ്ങളോടു രാജ്യത്തെ ഔദ്യോഗികസംവിധാനങ്ങള്‍ പുലര്‍ത്തുന്ന അവഗണനകളുടെ ഭാഷ സമൂഹം തിരിച്ചറിയുകതന്നെ വേണം. സന്ന്യസ്തര്‍ക്കും സഭാസംവിധാനങ്ങള്‍ക്കും നേരേ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ചെറുതും വലുതുമായ ഇത്തരം അവഗണനകളുടെയും നീതിനിഷേധങ്ങളുടെയും പിന്നിലെ രാഷ്ട്രീയംകൂടി മനസ്സിലാക്കേണ്ടതുണ്ട്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)