•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജനസേവകര്‍ യജമാനന്മാരായാല്‍

മയം രാവിലെ പതിനൊന്നര. രണ്ടാഴ്ചമുമ്പു കൊടുത്ത ഒരപേക്ഷയുടെ സ്ഥിതി അറിയാനാണ് ഓഫീസിലേക്കു കയറിച്ചെന്നത്. എട്ടില്‍ ആറു കസേരകളും കാലി. നാലു പുരുഷജീവനക്കാരും ഒരു ജീവനക്കാരിയും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സൊറ പറഞ്ഞു ചിരിക്കുന്നു. അഞ്ചു ട്യൂബുകള്‍ തെളിഞ്ഞുകിടപ്പുണ്ട്. എട്ടു ഫാനുകള്‍ കറങ്ങുന്നു. ഭിത്തിയിലെ ടി.വിയില്‍ വാര്‍ത്തകള്‍ കേള്‍ക്കാം. വന്ന കാര്യത്തെപ്പറ്റി സൂപ്രണ്ടിനോടു ചോദിച്ചു. ക്ലാര്‍ക്ക് ലീവായതിനാല്‍ കിട്ടിയ തപാലൊന്നും വിതരണം ചെയ്തിട്ടില്ലെന്നു മറുപടി. ഓഫീസ്‌മേധാവിയെ നേരില്‍ക്കണ്ടു വിവരം പറയാമെന്നു കരുതി. അന്വേഷിച്ചപ്പോളാണ് അയലത്തെ കൊച്ചിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് അദ്ദേഹം ഒന്നരയ്‌ക്കേ എത്തുകയുള്ളൂ എന്നറിഞ്ഞത്. വിധവയായ മകളുടെ മകന് ഒരു ജോലിക്ക് അപേക്ഷ കൊടുക്കാന്‍ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഒത്തിരി അകലെനിന്ന് വെളുപ്പാന്‍കാലത്ത് ഇറങ്ങിത്തിരിച്ച ഒരപ്പാപ്പന്‍ വളഞ്ഞ കാലന്‍കുട നിലത്തുകുത്തി വരാന്തയിലെ ബഞ്ചില്‍ കാത്തിരിക്കുന്നതു കണ്ടു. ഒന്നരയും രïരയും കഴിഞ്ഞു. മേധാവി വന്നില്ല. വന്നത് സൂപ്രണ്ടിന്റെ അറിയിപ്പാണ്; 'ഇന്നിനി അദ്ദേഹം വരില്ലെ'ന്ന്!                              
ഈ സംസ്ഥാനത്തു നിലവിലുള്ള പതിനായിരക്കണക്കിനു സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗവും ഇങ്ങനെയാണ്. തികഞ്ഞ അരാജകത്വം. നാഥനില്ലാക്കളരി എന്ന വാക്ക് പഠിക്കാനും പഠിപ്പിക്കാനും  മോഡലായി ഇത്തരം ഒരു ഓഫീസ് ചണ്ടിക്കാണിച്ചാല്‍ മതി. ഹാജര്‍ അടയാളപ്പെടുത്തിയശേഷം വട്ടംകൂടിയിരുന്നു വാചകമടിക്കാനും സീറ്റിലിരുന്ന് ഉറങ്ങാനും പുറത്തിറങ്ങി കറങ്ങാനും ബഹുസഹസ്രം ജീവനക്കാര്‍. ഇവറ്റകളെ തീറ്റിപ്പോറ്റാനാണ് സംസ്ഥാനവരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് എന്നു ചിന്തിക്കുമ്പോളാണ് നിലവിലുള്ള ഭരണസംവിധാനങ്ങള്‍  പൊളിച്ചുപണിയേണ്ട കാലം എത്രപണ്ടേ കഴിഞ്ഞുപോയെന്നു ബോധ്യമാകുന്നത്.  
യഥാര്‍ത്ഥത്തില്‍, സംസ്ഥാനത്താവശ്യമുള്ള ജീവനക്കാരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിപോലും വരില്ല എന്നതാണു വസ്തുത. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ അഞ്ചരലക്ഷം ജീവനക്കാരുണ്ട്. അതായത്, ഒരു ലക്ഷം പേര്‍ക്ക് 1569 ജീവനക്കാര്‍. ബംഗാളില്‍ ഇത് 310 ഉം ബീഹാറില്‍ 312 ഉം ഉത്തര്‍പ്രദേശില്‍ 357 ഉം മാത്രമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോളാണ് ഇവിടെ സര്‍വീസിലിരിക്കുന്ന ജീവനക്കാരുടെ ആധിക്യം എത്ര ഭീമവും ഭീഷണവുമാണെന്നു മനസ്സിലാകുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ്  ബ്രിട്ടീഷുകാര്‍ ഇട്ടെറിഞ്ഞുപോയ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അത്രയ്ക്ക് ഇത്ര എന്ന മട്ടില്‍ സ്വീപ്പര്‍മുതല്‍ മേധാവിവരെ അനുവദിച്ച ജീവനക്കാരുടെ എണ്ണം (മെിരശേീിലറ േെൃലിഴവേ) ഇന്നും അതേപടി തുടരുന്നു എന്നതാണ് ഏറെ പരിതാപകരം. കമ്പ്യൂട്ടറും ലാപ് ടോപും പെന്‍ഡ്രൈവും ഇന്റര്‍നെറ്റും വൈ-ഫൈയുംപോലുള്ള സംവിധാനങ്ങള്‍ ഏറ്റവും താഴേക്കിടയിലുള്ള ഓഫീസുകളില്‍പ്പോലും ലഭ്യമാണിന്ന്. സന്ദേശമയയ്ക്കാനും മറുപടി വാങ്ങാനും എഴുത്തുകുത്തുകള്‍ വേണ്ടെന്നായി. പണ്ട് തല പുകച്ചുകൊണ്ടിരുന്ന കണക്കുകൂട്ടലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉപകരണങ്ങള്‍ ചെയ്തുതരും. 'ട്രെയ്‌സ് ദ ഫയല്‍; ഓര്‍ ഫെയ്‌സ് ദ ചാര്‍ജ്' എന്ന മട്ടിലുള്ള ഭീഷണികളും നോട്ടും ഡ്രാഫ്റ്റും പുട്ടപ്പും സബ്മിറ്റഡുമൊക്കെ പോയ കാലത്തിന്റെ ശേഷിപ്പുകളായി. ഫിനാന്‍ഷ്യല്‍ കോഡും അക്കൗണ്ട് കോഡും ട്രഷറി കോഡുമൊക്കെ കടിച്ചാല്‍ പൊട്ടാത്ത നെടുനെടുങ്കന്‍ വാചകങ്ങളുമായി അലമാരകളില്‍ ഉറങ്ങുന്നു. 'ഏട്ടിലപ്പടി; പയറ്റിലിപ്പടി' എന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്. ഒരപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ ഇതെങ്ങനെ കൊടുക്കാതെ കഴിക്കാമെന്നാണ് ആദ്യത്തെ ചിന്തയെന്നു കേട്ടിട്ടുണ്ട്. വകുപ്പുകള്‍ വാഴുന്ന കഅട സിംഹങ്ങളുടെ ഒന്നാം പ്രമാണം ആരുടെയും മുഖത്തുനോക്കി ചിരിക്കരുത് എന്നുകൂടി ആകുമ്പോള്‍ സര്‍ക്കാര്‍ ജോലിയും അതു നിര്‍വഹിക്കുന്ന വെള്ളക്കോളര്‍ധാരികളും ഏതോ ബാലികേറാമലയിലെ അവതാരങ്ങളാണെന്നുള്ള മിഥ്യാബോധം സാധാരണക്കാരില്‍ വളര്‍ന്നുവന്നു. അങ്ങനെയാണ് ശിപായിപോലും അവര്‍ക്കു 'സാറാ'യത്. അടിതൊട്ടു മുടിവരെയുള്ള സാറന്മാര്‍ക്ക് കൈക്കൂലി കൊടുത്താലേ കാര്യങ്ങള്‍ നടക്കൂ എന്നൊരു ധാരണയും പടര്‍ന്നുപന്തലിച്ചു. ഫലമോ? സര്‍ക്കാര്‍തലത്തിലുള്ള സകല മേഖലകളിലും കൈക്കൂലിയും അഴിമതിയും എഴുതപ്പെടാത്ത നിയമങ്ങളായി മാറി. സര്‍ക്കാരിന്റെ ഫണ്ടും വാഹനങ്ങളും ആര്‍ക്കും യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന അവസ്ഥയാണിന്ന്. ആരും ചോദിക്കാനില്ല. ചോദിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അതിനേക്കാള്‍ വലിയ അഴിമതിയില്‍ മുങ്ങിക്കുളിച്ചാണു കഴിയുന്നത്.                                                             
നികുതിദായകരായ പൊതുജനങ്ങള്‍ക്കു നീതി ലഭിക്കാന്‍ ഈ അവസ്ഥ മാറിയേ മതിയാവൂ. ഒരു ഓഫീസില്‍ കിട്ടുന്ന കടലാസ് നമ്പരിട്ട് ബന്ധപ്പെട്ട സെക്ഷനിലെത്തിക്കാന്‍ ലീവില്‍ പോയ ക്ലാര്‍ക്ക് മടങ്ങിവരുന്നതുവരെ കാത്തിരിക്കുന്നത് ക്ഷന്തവ്യമല്ല. താരതമ്യേന ജോലിഭാരം കുറവുള്ള ഒരാളെക്കൊണ്ട് സൂപ്രണ്ടിന് ആ ജോലി ചെയ്യിക്കാവുന്നതേയുള്ളൂ. അതുപോലെതന്നെ സ്ഥലംമാറ്റമോ പ്രൊമോഷനോ റിട്ടയര്‍മെന്റോ ഒക്കെവഴി ഉണ്ടായേക്കാവുന്ന ഒഴിവിലേക്ക് പകരം ആള്‍ വരുന്നതുവരെ കാത്തിരിക്കുന്നതും അവിവേകമാണ്. സെക്ഷനുകളില്‍ ഒരു അഴിച്ചുപണി നടത്തി പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം പാടേ നിര്‍ത്തലാക്കണം. ഉള്ള ജീവനക്കാരെക്കൊണ്ട് ഉള്ള ജോലി ചെയ്യിക്കുന്ന രീതി നടപ്പിലാക്കുകയാണ് വേണ്ടത്. ഈ രീതി കുറേക്കാലം തുടര്‍ന്നാല്‍ ജീവനക്കാരുടെ  എണ്ണം കുറയും. ഓരോരുത്തര്‍ക്കും ചെയ്യാന്‍ ജോലിയുണ്ടാകും. അപ്പോള്‍ സൊറ പറച്ചിലും കറങ്ങിനടപ്പും ഇല്ലെന്നാകും. ഏതെങ്കിലും ഓഫീസില്‍ ജോലിഭാരം കൂടുതലും ജീവനക്കാര്‍ കുറവുമായാല്‍ മറിച്ചുള്ള അവസ്ഥ നിലനില്ക്കുന്ന ഓഫീസില്‍നിന്നോ വകുപ്പുകളില്‍നിന്നോ പുനര്‍വിന്യാസംവഴി ഈ പ്രതിസന്ധി  പരിഹരിക്കാവുന്നതേയുള്ളു. അങ്ങനെ ജോലിഭാരവും ജീവനക്കാരുടെ എണ്ണവും തമ്മില്‍ ഇന്ന്  നിലവിലുള്ള ഭീമവും ഭീകരവുമായ അനുപാതമില്ലായ്മ ഇല്ലാതാക്കാന്‍ കഴിയും.                                                                  
പണം കൊടുത്താല്‍ എന്തും നടത്തിയെടുക്കാവുന്ന അവസ്ഥയാണിവിടെ. ഇല്ലാത്ത കെട്ടിടത്തിന് നമ്പര്‍ കിട്ടും. ഇല്ലാത്ത ഭൂമിക്ക് ആധാരം കിട്ടും. ജനിച്ചിട്ടില്ലാത്ത കുഞ്ഞിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ് ലഭിക്കും. ഏതുതരം സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍  ഉണ്ടാക്കി ഒപ്പിട്ട് സീലു വച്ചുതരും. സര്‍ക്കാരിന്റെ പണം സ്വന്തം അക്കൗണ്ടില്‍ കിടന്നു പലിശ നേടും. സംഘങ്ങളിലെ നീക്കിയിരിപ്പ് പോക്കറ്റിലാക്കിയിട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു മണ്‍മറഞ്ഞവന്റെപേരില്‍ വായ്പ കാണിക്കും. ഒടുവില്‍ കിട്ടാക്കടമെന്നു മുദ്രകുത്തി എഴുതിത്തള്ളും. മാസപ്പടിയില്‍ വീണുപോകാത്ത ഉന്നതന്മാര്‍ സര്‍വീസില്‍ നന്നേ വിരളമായിരിക്കുന്നു. അവരുടെ തണലില്‍ മാഫിയകളും ഗുണ്ടകളും കള്ളക്കടത്തുകാരും മയക്കുമരുന്നുകാരും നാട്ടില്‍ അഴിഞ്ഞാടുന്നു. ഉച്ചയൂണു കഴിഞ്ഞ് ഓഫീസര്‍ക്ക് സുഗന്ധമുറുക്കാന്‍ വാങ്ങിക്കാന്‍ 24 കിലോമീറ്റര്‍ സര്ക്കാര്‍ വാഹനമോടിയ നാടാണിത്. സമര്‍ത്ഥനായ ഡ്രൈവര്‍ അതിനും യാത്രപ്പടി എഴുതിവാങ്ങിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിയമനം ലഭിച്ചിട്ടും അംഗീകാരമില്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഇടവേളകളില്‍ കൂലിപ്പണിക്കു പോകുന്ന അധ്യാപകരും ഈ നാട്ടിലുണ്ട്.                                                       
കാട്ടാനയും കാട്ടുപന്നിയും മനുഷ്യനെ കൊല്ലുന്നു. പേപ്പട്ടികളും തെരുവുനായ്ക്കളും നാടുവാഴുന്നു. വോട്ടവകാശമുള്ള പൗരന്മാര്‍ പേടിച്ചു വിറച്ച് കൂരയ്ക്കുള്ളില്‍ ശ്വാസമടക്കി കിടക്കുന്നു. ഇങ്ങനെ ഭരണതലത്തിലെ സമസ്തമേഖലകളും ഈജിയന്‍ തൊഴുത്തുപോലെ മലീമസമാണിന്ന്. അവ വൃത്തിയാക്കുവാന്‍ മറ്റൊരു ഹെര്‍ക്കുലീസിന്റെ ബുദ്ധിവൈഭവം അനിവാര്യമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)