ആറുമാസത്തെ യുദ്ധകാല സേവനത്തിനുശേഷം ഇറാക്കില്‍നിന്നു രാജേഷ് ഇന്ത്യയിലേക്കു മടങ്ങി. ഡല്‍ഹിയില്‍നിന്ന് ആ യുവാവ് ബാംഗ്ലൂരിലുള്ള മാതാപിതാക്കളെ ഫോണില്‍ വിളിച്ചു:
''ഡാഡീ, രാവിലത്തെ ഫ്‌ളൈറ്റില്‍ ഞാന്‍ ഡല്‍ഹിയിലെത്തി. ഞാന്‍ വീട്ടിലേക്കു വരുകയാണ്.''
''വളരെവളരെ സന്തോഷം മോനേ. ഞാനും അമ്മയും നിന്നെ കാണാന്‍ കാത്തിരിക്കയാണ്. ഇന്നുതന്നെ പുറപ്പെടുമോ?''
''ഡാഡീ, എനിക്കൊരു കാര്യം അറിയിക്കാനുണ്ട്. എന്റെ കൂടെ ഒരു ഫ്രണ്ടുണ്ട്. അവനെക്കൂടി ഞാന്‍ വീട്ടിലേക്കു കൊണ്ടുവരട്ടെ.''
''ഫ്രണ്ടോ?''
''എനിക്കു വളരെ വേണ്ടപ്പെട്ടവനാ.''
''ശരി, ശരി. കൊണ്ടുപോന്നോളൂ. ഞങ്ങള്‍ക്കും പരിചയപ്പെടാമല്ലോ.''
''മറ്റൊന്നുകൂടി അറിയാനുണ്ട്.''
''എന്താണു മോനേ?''
''ബോംബ് സ്‌ഫോടനത്തില്‍ അവനു സാരമായ പരുക്കേറ്റു. അവന്റെ ഒരു കൈയും ഒരു കാലും നഷ്ടപ്പെട്ടു.''
''അയ്യോ! കേള്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. പക്ഷേ, അങ്ങനെയുള്ള ഒരാളെ നമ്മുടെ വീട്ടിലേക്ക്... അതു വേണ്ട മോനേ.''
''ഡാഡീ, എനിക്ക് ഒരുപാട് ഉപകാരം ചെയ്തിട്ടുള്ളവനാണവന്‍. പലപ്പോഴായി എന്നെ ഏറെ സഹായിച്ചവനാണ്.''
''അതൊക്കെ ശരി. പക്ഷേ...''
''അവനു പോകാന്‍ വേറേ ഇടമില്ല ഡാഡീ. അവന്‍ എന്റെ കൂടെ നമ്മുടെ വീട്ടില്‍ താമസിക്കണമെന്നാണ് എന്റെ ആഗ്രഹം!''
അച്ഛന്‍ മറുപടി പറയാതെ മൂകനായി നിന്നു.
''ഡാഡി എന്താ ആലോചിക്കുന്നത്? ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലല്ലേ നമ്മള്‍ പ്രത്യുപകാരം ചെയ്യേണ്ടത്, സഹാനുഭൂതി കാട്ടേണ്ടത്.''
''രാജേഷ്, നിന്റെ സുഹൃത്തിനെ വേറേ എവിടെയെങ്കിലും താമസിപ്പിക്കാനായി പറ്റിയ സ്ഥലം നമുക്കു ചൂണ്ടിക്കാണിച്ചുകൊടുക്കാം.''
''ഇല്ല ഡാഡീ, അവന്‍ എന്റെ കൂടെത്തന്നെ താമസിക്കണമെന്നാണ് എന്റെ മോഹം. ഡാഡി സമ്മതിക്കണം.''
''മോനേ! നീ ആവശ്യപ്പെടുന്നത് എന്താണെന്നു നിനക്കറിയില്ല. കൈയും കാലുമില്ലാത്ത ഏതോ ഒരാള്‍ നമ്മുടെ വീട്ടില്‍... ഇല്ല. അതു നമുക്കു വല്ലാത്ത ഭാരമാവും. നമ്മുടെ സ്ഥിതിക്കും അന്തസ്സിനും ചേര്‍ന്നതല്ല. നമുക്കു നമ്മുടേതായ ജീവിതമുണ്ട്.''
''ഡാഡീ! ഞാന്‍ പറയുന്നത്...''
''ഇല്ല. അതുവേണ്ട. അങ്ങനെയുള്ള ഒരാളെ ഇവിടെ കൊണ്ടുവന്നു താമസിപ്പിക്കാനും നമ്മുടെ സ്വകാര്യതയില്‍ ഇടപെടാനും... വേണ്ട. അതു നടക്കില്ല.''
ഏതാനും നിമിഷങ്ങളുടെ മൂകതയ്ക്കുശേഷം നീരസത്തോടെ ഡാഡി തുടര്‍ന്നു: ''ഡല്‍ഹിയില്‍ ധാരാളം സേവനസംഘങ്ങളില്ലേ? സന്നദ്ധസുഹൃത്തുക്കളില്ലേ? അനാഥകേന്ദ്രങ്ങളില്ലേ? ഇവരിലാരെങ്കിലും അയാളെ ഏറ്റെടുക്കട്ടെ.'' (നിമിഷങ്ങള്‍ക്കുശേഷം മയത്തില്‍) മോനോട് എനിക്കു പറയാനുള്ളത്, നീ ഏറ്റവും വേഗം നമ്മുടെ വീട്ടിലേക്കു പോരുക. സുഹൃത്തിനെ മറന്നേക്കൂ. അവന്‍ അവന്റേതായ ഒരു വഴി കണ്ടുപിടിക്കും.''
ഇത്രയും കേട്ടപ്പോള്‍ രാജേഷ് ഫോണ്‍ വച്ചു. അന്നോ അടുത്ത ദിവസമോ മാതാപിതാക്കള്‍ക്ക് മകന്റെ വിളിയുമുണ്ടായില്ല.
ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് അവര്‍ക്കു ഡല്‍ഹിയില്‍ സിറ്റി പോലീസിന്റെ ഒരു ഫോണ്‍കാള്‍:
''ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നു നിങ്ങളുടെ മകന്‍ വീണു മരിച്ചു.... മൃതശരീരം വിക്‌ടോറിയ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു...''
പോലീസിന്റെ നിഗമനം അതൊരു ആത്മഹത്യയാണെന്നാണ്.
ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പിറ്റേന്നു ഹോസ്പിറ്റലിലെത്തി. ഹോസ്പിറ്റല്‍ അധികാരികള്‍ മകന്റെ മൃതദേഹം തിരിച്ചറിയാനായി അവരെ മോര്‍ച്ചറിയിലേക്കു നയിച്ചു. പ്രിയ മകനെ അവര്‍ തിരിച്ചറിഞ്ഞു. ഒപ്പം മറ്റൊരു സത്യംകൂടി വെളിപ്പെട്ടു. മകന് ഒരു കൈയും ഒരു കാലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(എന്റെ സുഹൃത്തും തൃശൂര്‍ സ്വദേശിയുമായ ജെ. കവാല്‍ ഇംഗ്ലീഷിലെഴുതിയ കഥയുടെ സ്വതന്ത്രസംഗ്രഹമാണിത്)