ഉദ്ഭവം മുതല്‍തന്നെ വിലപ്പെട്ട രഹസ്യസ്വഭാവവും സൂക്ഷ്മതയും നിലനിര്‍ത്തിപ്പോന്ന പ്രപഞ്ചശക്തികളുടെ വേരുകള്‍ തേടിയുള്ള മനുഷ്യന്റെ വഴിത്താരയില്‍ ഒരു നുറുങ്ങുവെളിച്ചമായി നാസയുടെ ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (JWST ) മാറിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ നൂതനസാങ്കേതികവിദ്യയുടെ ചാരക്കണ്ണുകള്‍ ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെവരെയും ഒപ്പിയെടുക്കാന്‍ സദാ സജ്ജമായിരിക്കുന്നുവെന്ന വസ്തുത അവിശ്വസനീയവും അദ്ഭുതാവഹവുമാണല്ലോ. ജയിംസ് വെബ് ടെലസ്‌കോപ്പ് പകര്‍ത്തിയ, പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന, 460 കോടി വര്‍ഷംമുമ്പുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ജൂലൈ 12 ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ബഹിരാകാശനേട്ടത്തിനു ലോകം സാക്ഷിയാവുകയായിരുന്നു. ജ്യോതിശാസ്ത്രത്തിന്റെ സൃഷ്ടരഹസ്യങ്ങളെ എത്തിപ്പിടിക്കാനുള്ള അതിസാഹസിക ജൈത്രയാത്രയിലെ തങ്കലിപികളാല്‍ കൊത്തിവയ്ക്കപ്പെടുന്ന സുപ്രധാനമായ നാഴികക്കല്ലാണിത്. ഇന്നും ശാസ്ത്രലോകത്തെ പ്രതിസന്ധിയിലാക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്കാനും മഹത്തായ പ്രപഞ്ചാന്വേഷണത്തിന്റെ തുടര്‍വഴിയാവാനും ഖണടഠ ന്റെ പുതിയ തെളിവുകള്‍ക്കു കഴിഞ്ഞേക്കാം.
ജയിംസ് വെബ് ബഹിരാകാശ ടെലസ്‌കോപ് വിശാലമായ കോടാനുകോടി പ്രപഞ്ചമേഖലകളിലേക്കു കണ്ണുതുറന്നിരിക്കുന്ന അതിമനോഹരവും അത്യാധുനികവുമായ ശാസ്ത്രശ്രമമാണ്. വിഖ്യാതമായ ഹബിള്‍ ദൂര്‍ദര്‍ശനിയുടെ പിന്‍ഗാമിയായി വീക്ഷിക്കപ്പെടുന്ന, ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണശേഷിയുള്ള ജയിംസ് വെബ് തീര്‍ച്ചയായും ഒരു ജ്ഞാനസ്രോതസ്സായി വര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം. മൂന്നു പതിറ്റാണ്ടു നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ രൂപീകൃതമായ, ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഈ ടെലസ്‌കോപ് 2021 ലെ ക്രിസ്മസ് ദിനത്തിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത് എന്നതും ശ്രദ്ധേയമാണ്. ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി അകലെയുളള ഘ2 ഭ്രമണപഥത്തില്‍ സ്ഥിതി ചെയ്യുന്ന, ലോകത്തില്‍ ഇന്നുവരെ നിര്‍മിച്ചതില്‍വച്ച് ഏറ്റവും വലിപ്പമേറിയ വെബ് ടെലസ്‌കോപ്പിന്റെ കാലാവധി 10 വര്‍ഷമായി കണക്കാക്കപ്പെടുന്നു. 1000 കോടി യുഎസ് ഡോളര്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച വെബിലെ സ്വര്‍ണം പൂശിയ 18 കണ്ണാടി സെഗ്മെന്റുകള്‍ ചേര്‍ന്ന പ്രൈമറി മിററിന് 6.5 മീറ്റര്‍ വീതിയുണ്ട്. വിന്യാസത്തെത്തുടര്‍ന്ന് ജയിംസ് വെബ് ഒരു ശാസ്ത്രീയോപകരണമായി ഉപയോഗിക്കാന്‍ ഏഴുമാസത്തോളം ശ്രദ്ധാപൂര്‍വം ക്രമീകരിച്ച കഠിനമായ തെളിവെടുപ്പിന്റെയും പരിശോധനകളുടെയും പാരമ്യത്തെ പുതിയ ദൃശ്യങ്ങള്‍ അടയാളപ്പെടുത്തുന്നു.
ഈ ദൂരദര്‍ശിനി നിര്‍ണായകമായി ലക്ഷ്യമിടുന്നത് ആദിമ പ്രപഞ്ചഘടന, തമോഗര്‍ത്തങ്ങള്‍, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവന്റെ സാന്നിധ്യം, യുറാനസ് - നെപ്റ്റിയൂണ്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുടങ്ങിയ ദൗത്യങ്ങളിലാണ്. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി, മറ്റ് 29 യു.എസ്. സംസ്ഥാനങ്ങളിലും 14 രാജ്യങ്ങളിലുമുള്ള 300 ല്‍പരം സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സംയുക്തസംരംഭമായ ഖണടഠ ശ്രദ്ധേയമായ ഒരു അന്തര്‍ദേശീയതയുടെ പ്രതിഫലനമാണ്. പ്രപഞ്ചത്തിന്റെ അതിവിശാലതയിലേക്ക് ഒരു പുതിയ ജാലകം തുറന്ന ഉപകരണത്തിന് 2022 ല്‍ ജയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പ് എന്നു പേരിട്ടു. അറുപതുകളിലെ നാസ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് വെബ് രാജ്യങ്ങള്‍ തമ്മിലുള്ള ശീതയുദ്ധത്തിനും മത്സരങ്ങള്‍ക്കുമിടയില്‍ ശാസ്ത്രമഹിമ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച വ്യക്തിയായിരുന്നു. JWST യില്‍നിന്നു നാസ പുറത്തുവിട്ട, നമ്മെ കാലത്തിലേക്കു തിരിച്ചു കൊണ്ടുപോകുന്ന, പുരാതന പ്രപഞ്ചത്തിലെ നേര്‍ക്കാഴ്ചകളുടെ പുതിയ ബാച്ച് ചിത്രങ്ങള്‍ക്കു നന്ദി. ഓര്‍ക്കുക, പ്രപഞ്ചത്തില്‍ അകലേക്കു നോക്കുക എന്നു പറഞ്ഞാല്‍ കാലത്തിലൂടെ പിന്നോടു സഞ്ചരിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഇവിടെ ഭൂതം, വര്‍ത്തമാനം എല്ലാം കുഴഞ്ഞുമറിയുന്നു. 500 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തില്‍നിന്നു പ്രകാശം ഭൂമിയിലെത്താന്‍ 500 കോടി വര്‍ഷമെടുക്കും. എന്നുവച്ചാല്‍, നമ്മള്‍ കാണുന്നത് 500 കോടി വര്‍ഷംമുമ്പ് നക്ഷത്രങ്ങളില്‍നിന്നു പുറപ്പെട്ട കിരണങ്ങളാണ്. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് മഹാവിസ്‌ഫോടനംവഴി 1380 കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് പ്രപഞ്ചം രൂപപ്പെട്ടത്. നാസയുടെ അഭിപ്രായത്തില്‍ വെബ് ടെലസ്‌കോപ് പകര്‍ത്തിയ ചിത്രങ്ങളില്‍ പ്രപഞ്ചത്തിന് 100 കോടി വര്‍ഷത്തില്‍ താഴെ പ്രായമുണ്ടായിരുന്നപ്പോഴത്തെ ഗാലക്‌സികള്‍വരെ ദൃശ്യമാണ്. എന്നുവച്ചാല്‍ അത്തരം ഗാലക്‌സികളുടെ ബാല്യമാണ് നമുക്കുമുന്നില്‍ വെബ് അനാവരണം ചെയ്യുന്നത്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആദ്യചിത്രങ്ങളിലൂടെത്തന്നെ ശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും എഞ്ചിനീയറിങ്ങിന്റെയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള അതിശയിപ്പിക്കുന്ന ശക്തി ലോകം തിരിച്ചറിയുന്നു. ഉത്പത്തിമുതല്‍ നാളിതുവരെയുള്ള ആഴമേറിയതും സൂക്ഷ്മവും വ്യക്തവുമായ ഇന്‍ഫ്രാറെഡ് കാഴ്ച പുറപ്പെടുവിക്കുന്നതിനാല്‍ ഹബിള്‍ ടെലസ്‌കോപ് ആഴ്ചകളോളം ആകാശത്തേക്ക് കണ്ണുംനട്ടിരുന്നപ്പോള്‍ വെറും 12.5 മണിക്കൂര്‍ മാത്രമാണ് ജയിംസ് വെബിനു വേണ്ടിവന്നത്. പതിറ്റാണ്ടുകളുടെ സ്ഥായിയായ വികസനത്തിലൂടെ നിരവധി പരീക്ഷണങ്ങളും നിരാശകളും താണ്ടിയെത്തിയ വെബ് ജ്യോതിശാസ്ത്രത്തിലെ ഒരു പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നു പ്രതീക്ഷിക്കാം. നാസ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അഞ്ചു ചിത്രങ്ങളില്‍ ആദ്യത്തേത് ഒരു മണല്‍ത്തരിയോളം മാത്രം വിസ്താരമുള്ള ആകാശഭാഗത്തുകൂടി വെബ് പ്രപഞ്ചത്തിലേക്കു നോക്കിയപ്പോള്‍ കണ്ട ഏറ്റവും അതിശയകരമായ കാഴ്ചയാണ്. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തില്‍, ഭൂമിയില്‍നിന്ന് 1150 പ്രകാശവര്‍ഷം അകലെ, ഒരു അന്യഗ്രഹത്തില്‍ ജലത്തിന്റെ രാസമുദ്ര കണ്ടെത്തിയ ദൃശ്യമാണു മറ്റൊന്ന്. മേഘക്കൂട്ടങ്ങളും ധൂളീപടലവും കഠിനചൂടിനാല്‍ ഗ്രഹത്തിലെ അന്തരീക്ഷത്തില്‍ വാതകം വമിക്കുന്നതും ഇതില്‍ വ്യക്തമാണ്. 2500 പ്രകാശവര്‍ഷം അകലെയുള്ള സതേണ്‍റിങ് നെബുലയിലെ മരിക്കുന്ന നക്ഷത്രത്തിലെ അവസാനനൃത്തം (മധ്യഭാഗത്തെ മങ്ങിയ നക്ഷത്രം എല്ലാ ദിശയിലേക്കും വാതകത്തിന്റെയും പൊടിയുടെയും വളയങ്ങള്‍ പ്രസരിപ്പിക്കുന്ന പ്രതിഭാസം) മുഖാമുഖം ദര്‍ശിക്കുന്നതു തികച്ചും കണ്ണഞ്ചിപ്പിക്കുന്നതാണെന്നു പറയേണ്ടിയിരിക്കുന്നു. സ്റ്റീഫന്‍സ് ക്വിന്‍ടെറ്റ എന്നറിയപ്പെടുന്ന അഞ്ചു ഗാലകസികളുടെ കൂട്ടം, ആകാശത്തിലെ ഏറ്റവും തിളക്കമേറിയത#േും വലുതുമായ കരിന നെബുലയിലെ പുതിയ നക്ഷത്രജനനം നടക്കുന്ന വാതകധൂളീമേഖലയുടെ അദ്ഭുതദൃശ്യം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
''അനന്തമജ്ഞാതം അവര്‍ണ നീയം,
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം,
അതിങ്കലെങ്ങാണ്ടൊരിടത്തി രുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു'' എന്നു കുറിച്ച് ഈ ചെറുഭൂമിയിലെ മനുഷ്യന്റെ നിസ്സാരതയെ തുറന്നുകാണിച്ച നാലപ്പാട്ടു നാരായണമേനോന്റെ വരികള്‍ ഈ അവസരത്തില്‍ അദ്ദേഹംപോലുമറിയാതെ കൂടുതല്‍ അന്വര്‍ത്ഥമാവുന്നതായി ത്തോന്നുന്നു. ജയിംസ് വെബ് ഒപ്പിയെടുക്കുന്ന അനന്തപ്രപഞ്ചത്തിന്റെ അപാരകാഴ്ചകള്‍ കാലത്തോടു ചേര്‍ത്തുവയ്ക്കുമ്പോള്‍, മനുഷ്യജന്മങ്ങളുടെ നശ്വരത പിന്നെയും വെളിവാക്കപ്പെടുകയാണ്. നമ്മുടെയൊക്കെ തികച്ചും അപരിഷ്‌കൃതമായ ആശയങ്ങളും കാഴ്ചപ്പാടുകളും പരസ്പരമനോഭാവങ്ങളും എത്രയോ ശൂന്യവും നിരര്‍ത്ഥകവുമാണെന്ന് പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്നുള്ള ഈ ചിത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നു. അനന്തവും അപരിമേയവുമായ പ്രപഞ്ചരഹസ്യങ്ങളുടെ കൂടുതല്‍ ഉള്ളറകള്‍ തുറക്കുന്നതിനായി ജയിംസ് വെബിനും ശാസ്ത്രലോകത്തിനുമൊപ്പം നമുക്കും കാത്തിരിക്കാം.